ശീർഷകമില്ലാതെ
#ശീർഷകമില്ലാതെ...
അതൊരു വൃശ്ചിക മാസത്തിലെ കാർത്തികദിനമായിരുന്നു. അയന്തിച്ചിറതൊടിയിൽ ഒരാണ്ടുമുമ്പ് വിത്തിട്ട് പടർത്തിയ "കാച്ചിലും" "നനകിഴങ്ങും" ചേമ്പുമൊക്കെ വെട്ടി മണ്ണുകളഞ്ഞ് ഉച്ചയ്ക്കുമുമ്പ് തന്നെ അടുക്കളവരാന്തയിലെത്തിയിരുന്നു. ഉച്ചയൂണിനുമുമ്പ് അപ്പുനാടാർ തെക്കേതൊടിയിലെ ഗൗളിഗാത്ര തെങ്ങിൽനിന്ന് ഇളയത് നോക്കി രണ്ടുകുല കരിക്കും കുരുത്തോലയും വെട്ടിയിറക്കി. ഊണ്കഴിഞ്ഞ് ഗോപിയും അപ്പുനാടാരും ചേർന്ന് വലിയൊരു കപ്പവാഴത്തട വൃത്തിയാക്കി നടുമുറ്റത്ത് ഉറപ്പിച്ച കവുങ്ങിന്റെ കുറ്റിയിൽ ഉറപ്പിച്ചു. പിന്നെ കുരുത്തോല വെട്ടിയും പിന്നിയും അതിനെയൊരു രസികൻ വിളക്കാക്കിത്തുടങ്ങി കാഴ്ചക്കാരനായിനിന്നു മൂത്തപുത്രൻ മണി. ഏറ്റവും ഇളയവനായ ഉണ്ണി ചീന്തിയിട്ട കുരുത്തോലയിൽ ചെറുകിളിയെ ചമയ്ക്കുന്നതുകണ്ടുരസിച്ചു. ഉച്ചമയക്കത്തിലാണ്ട അമ്മയ്ക്ക് സമിപം കിടന്ന പൂർണ്ണഗർഭിണിയായ "സാവു"വെന്ന സാവിത്രിക്കും വിളക്കൊരുക്കുന്നതു കാണണമെന്നുണ്ടായിരുന്നെങ്കിലും നടുമുറ്റത്തേയ്ക്ക് നടക്കുവാൻ ആയാസമുണ്ടായതുകൊണ്ട് വേണ്ടാന്ന് വച്ചു. വീട്ടിലെ പെൺകുട്ടികൾ അവരുടെ കളിക്കൂട്ടുകാരികളുമായി പതിവുള്ള പെൺകൂട്ടകളികളുമായി വടക്കേപ്പുറത്തുകൂടി.. .
തൃസന്ധ്യയ്ക്ക് ശർക്കരയും മാവും മറ്റുമൊക്കെ കൂട്ടിക്കുഴച്ച വിഭവം മുറത്തിൽ വച്ച് അതിലൊരു ചെരാതു കത്തിച്ചുവച്ച് അമ്മ വീടിനുചുറ്റും വലംവച്ചു.. ഫലവൃക്ഷങ്ങളെയും കന്നുകാലികളെയുമൊക്കെ അമ്മ ദീപം കാണിച്ചു. എണ്ണത്തുണി ചുറ്റിയെടുത്ത നാലഞ്ച് കൊതുമ്പ് കീറുകളിൽ നടുമുറ്റത്തെ കാർത്തികവിളക്കിൽ നിന്ന് ദീപം പകർന്ന് ഗോപി പാടം ലക്ഷ്യമാക്കി നടന്നു. ഒപ്പം വിട്ടിലെ "വീര"നെന്ന് ഓമനപ്പേരുള്ള ശ്വാനനും ഗോപിക്കു തുണപോയി. പാടത്തിന് പലയിടത്തായി കുത്തിവച്ചിരുന്ന ഓലമടലിൽ കൊതുമ്പുപന്തങ്ങൾ ഉറപ്പിച്ചുവച്ചു. പാലുറവക്കതിരെല്ലാം നീരുറഞ്ഞ് കതിരാവാൻ പ്രാർത്ഥിച്ചുമടങ്ങി.
കാച്ചിൽ പുഴുങ്ങിയെടുത്ത് കാന്താരിമുളകും ഉള്ളിയുമുപ്പും തല്ലിയുടച്ചു എണ്ണചേർത്ത് ഏവരും കഴിച്ചു. മേമ്പൊടിയായി ഗൗളിഗാത്രയുടെ കരിക്കിൻപൂളും.. ഉറങ്ങാൻ കിടക്കുമ്പോൾ നിറവയറുകാരിക്കോ അവളുടെ വയറിനുള്ളിലെ പുതുനാമ്പിനോ വേണ്ടിയോ അമ്മ പതിവുപോലെ അന്നുമൊരു കഥപറഞ്ഞു.
" ദേവാസുരയുദ്ധത്തില്‍ മഹിഷാസുരനെ വധിക്കാന്‍ ഉപായം കാണാതെ ദേവകള്‍ എല്ലാരും ദു:ഖിതരായി ബ്രഹ്മാവിന്റെ അടുത്ത് ചെന്നു. ബ്രഹ്മാവ് വിചാരിച്ചിട്ട് കാര്യം നടക്കാതെവന്നതിനാൽ എല്ലാവരുംകൂടി മഹാവിഷ്ണുവിനെയും പരമശിവനെയും കാണാന്‍ ചെന്നു. വിവരങ്ങള്‍ എല്ലാമറിഞ്ഞു കുപിതരായ പരമേശ്വരനും പത്മനാഭനും മഹിഷാസുരനെ വധിക്കാനായി ഒരു നാരി രൂപത്തെ സൃഷ്ടിച്ചു. ഓരോ ദേവന്മാരുടെയും യശസ്സ് ദേവിയുടെ ഓരോ അവയവം ആയി തീര്‍ന്നു. ബ്രഹ്മാവിന്റെ മുഖത്തുനിന്നും ഒരു തേജസ് പുറപ്പെട്ടു. പരമശിവനില്‍ നിന്നും ഘോരക്രിതി പൂണ്ട ശക്തി ജനിച്ചു, വിഷ്ണുവില്‍ നിന്നും നീല നിറത്തില്‍ ഒരു തേജസ് വന്നു. ആ തേജസ് എല്ലാം കൂടിചേർന്ന് പതിനെട്ടു കരങ്ങളോട് കൂടിയ 'ജഗത് മോഹിനി' രൂപം കൊണ്ടു. ആ രൂപം കണ്ടു ദേവകള്‍ സന്തുഷ്ടരായി തീര്‍ന്നു. ദേവലോകത്തെ മഹിഷന്റെ അടിമത്തത്തില്‍ നിന്നും മോചിപ്പിക്കാനായി രൂപമെടുത്ത മഹാമായയെ അവര്‍ വാഴ്ത്തി.
മഹിഷാസുര നിഗ്രഹം കഴിഞ്ഞു വന്ന ദേവിയെ സ്തുതിച്ചാണ് കേരളത്തില്‍ തൃക്കാര്‍ത്തിക ആഘോഷിക്കുന്നത്...
അമ്മയുടെ കഥകേട്ട് മകളുറങ്ങിയെങ്കിലും "സാവു"വിന്റെ ഉദരത്തിലെ കുഞ്ഞുതുടിപ്പ് ഉറങ്ങാൻ കൂട്ടാക്കിയില്ല. അതിന്റെ പ്രതിഷേധപ്രകടനം കൂടിക്കൂടി വന്നു.. അടിവയറ്റിലെ അലോസരങ്ങളുടെ ഏറ്റക്കുറച്ചിലനുസരിച്ച് "സാവു"വിൽ നിന്ന് അപസ്വരങ്ങളും ഞരക്കങ്ങളുമുണ്ടായി.
"പുഴുങ്ങിയ കാച്ചിൽ വായുകോപമുണ്ടാക്കും"- അമ്മ കായപ്പൊടി ചേർത്ത ആയൂർവ്വേദക്കൂട്ട് നൽകിയെങ്കിലും "സാവു"വിന്റെ വേദന കൂടിക്കൂടിവന്നു. പിന്നെ അടിവയറിൽ കൈകൊടുത്ത് നിലവിളിക്കാൻ തുടങ്ങി.
നിലാവ് അസ്തമിച്ചുതുടങ്ങിയിരുന്നു. കാർത്തികദീപവും. കാർത്തികയവസാനിച്ച് തിഥിയും നക്ഷത്രവുമെല്ലാം മാറി.. അക്ഷാംശ രേഖാംശങ്ങളും മുഹൂർത്തങ്ങളുമൊക്കെ ആരോ കുറിച്ചുവച്ച കവടിപ്പലകയിലെ മുക്കിലും മൂലയിലെയും കണക്കുകൾക്ക് പാകമായെന്ന് ബോധ്യമായപ്പോൾ ഒരലറിക്കരച്ചിലിന്റെ മൂർദ്ധന്യതയിൽ രോഹിണിയെന്ന ജന്മനക്ഷത്രവും പേറി "സാവു" ഒരാൺകുഞ്ഞിനു ജന്മം നൽകി.
തിരിവിളക്കിന്റെ ചെറുവെട്ടത്തിൽ സാവു വലതുവശത്തു ചേർന്നുകിടന്നു വായ്പിളർത്തിയ കുഞ്ഞിനെ ചേർത്തുവച്ചു തന്റെ ഹൃദയത്തോടൊപ്പമെന്നപോൽ...
ജന്മകർമ്മങ്ങളവസാനിപ്പിച്ചു മടങ്ങിയ അമ്മയെയും അച്ഛനെയും സ്മരിക്കാൻ ആ സ്മരണയ്ക്കുമുന്നിൽ കൈകൂപ്പാൻ.. ആ നന്മയുടെ ചൂട് ശരീരമാകെ നിറയുന്ന ഈ ദിനമല്ലാതെ മറ്റേതുണ്ട്.....
ഈ ഭൂമിയിലേക്ക് ജന്മാനുമതി തന്ന ആ പുണ്യാത്മാക്കൾക്ക് ഈ ജന്മം എക്കാലവും കടപ്പെട്ടിരിക്കുന്നു.
(ശീർഷകമില്ലാതെ അമ്മപറഞ്ഞ കഥകൾ)
#കോമളൻ.
Comments