Review- KAPPY

    #കാപ്പിയെ വായിക്കുമ്പോൾ

മഞ്ഞുമന്ദാരങ്ങൾ മണ്ണിലും വിണ്ണിലും പൂത്തിറങ്ങി.. അവയെന്നെ പതിയെ എടുത്തുയർത്തി. മലർശയ്യയിലെന്നപോലെ ഞാനൊരു സുഖം അനുഭവിക്കുന്നു. ഓർമ്മകളുടെ വേരുകളിൽപടർന്നുപൂത്ത കാപ്പിപ്പൂക്കൾ കെട്ടഴിച്ചിട്ട മദഗന്ധത്തിൽ മഹാവനം നിശ്ചലമായി നിന്നു. ആൽമരച്ചില്ലയിലെങ്ങുനിന്നോ പാറിവന്നൊരു പച്ചക്കുതിര കൈവെള്ളയിൽനിന്നും വീണ്ടും വീണ്ടും ചോദിക്കുന്നു..
"ഇത്രയധികം കഥകൾ പറഞ്ഞുതന്നിട്ടും നീ എന്നെ മറന്നതെന്തേ?"

ഒരുകപ്പു കാപ്പികുടിച്ച്  മാവും കവുങ്ങും പേരയും പാഴ്ചെടികളും പാമ്പും പഴുതാരയുമുള്ള പറമ്പിലേക്കിറങ്ങി കതിരും പതിരും ചികയുന്നൊരു കർഷകന്റെ മാനസ്സികവ്യാപാരങ്ങൾ പോലെ മനസ്സിനെ ഒരു മഹാതീരത്തേയ്ക്ക് കൊണ്ടുപോകുകയാണ് ശ്രീ. Dharmaraj madappally, തന്റെ "കാപ്പി" എന്ന നോവൽ  അവസാനിപ്പിക്കുമ്പോൾ.. ഗൗതമബുദ്ധനെപ്പോലെ ആത്മബോധമുണരുന്നത്, ഒരു നാമമില്ലാത്ത കഥാനായകനിലല്ല വായനക്കാരനിൽ തന്നെയാണ്..  എവിടെയോ എപ്പോഴെക്കെയോ വഴുതിയകന്ന എന്തെക്കെയോ തിരയുവാൻ വായനക്കാരനെ പാകപ്പെടുത്തി രചന അവസാനിപ്പിക്കുമ്പോൾ ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന തോന്നലുളവാക്കപ്പെടുന്നു.
രചയിതാവിന്റെ മാനസികസംഘർഷത്തെയും ഉന്മാദത്തെയുമെല്ലാം അതേയളവിൽ വായനക്കാരനിൽ സന്നിവേശിപ്പിക്കുന്നുണ്ട് കാപ്പിയിൽ. ബിംബകല്പനകൾ ഉത്തുംഗമായി നിലനിർത്താൻ രചയിതാവിന് അനായാസം കഴിയുന്നതിനൊപ്പം അതിന്റെ ഭാവസാരാർത്ഥങ്ങൾ ലളിതമായിത്തന്നെ ഒരു ശരാശരി വായനക്കാരനുകൂടി മനസ്സിലാക്കപ്പെടുന്നുണ്ട്.. ഒപ്പം കരിന്തണ്ടൻ മുതൽ റൈറ്ററും നാച്ചിയും നാഗമ്മയും മരപ്പെട്ടിയും ബോധീയെന്ന നായയും  വെള്ളപ്പനെന്ന മഹാത്ഭുതവും  എന്നുവേണ്ട വയനാടൻ ജീവിതത്തിന്റെ നേർക്കാഴ്ചതന്നെ ഒരു ചലച്ചിത്രം കണ്ടതുപോലെ നമ്മിലവശേഷിപ്പിക്കുന്നു കാപ്പിയിൽ.. കഥാപാത്രവിന്യാസത്തിന്റെ സൂഷ്മതയും കണിശതയും അത്ര കൃത്യതപാലിക്കുന്നുണ്ടിതിൽ.

"നെറുകമുതൽ വേരുകൾ വരെ കുളിർത്തിറങ്ങിയ കാപ്പിചെടികൾ നമ്രശിരസ്കരായി ഭൂമിയെ വന്ദിച്ചു. അതുവഴി വന്ന കുളിർതെന്നൽ ഇലകളിൽ തങ്ങിനിന്ന അവസാനമഴമണികളത്രയും ഭൂമിയിൽ വീഴുന്ന ജലതരംഗമുണർത്തി. അതാണ് മഴയുടെ അവസാന സംഗീതം. പിന്നെയുമേറെനേരം മഴപെയ്യും മഴ കണ്ടവന്റെ മനസ്സിൽ.  പിന്നെയും ഏറെനേരം കുളിരുപെയ്യും; മഴ ഉണ്ടവന്റെ മനസ്സിൽ. -
പ്രകൃതിയെ മനുഷ്യനൊപ്പം സമരസപ്പെടുത്തുന്ന മറ്റേതൊരു കൃതിയുണ്ട്...
കാപ്പി വായിക്കുകയല്ല സംഭവിക്കുന്നത് കാപ്പി നുണയുകതന്നെയാണ്. അവസാനതുള്ളിക്കുശേഷവും അതിന്റെ സ്വാദ് മാറാതെയവശേഷിക്കുന്നു. വായനക്കാരന്റെ മനസ്സിലും.
രചയിതാവിന്  ഒരു സാധാരണക്കാരനിൽ സാധാരണക്കാരനായ ഈയുള്ളവന്റെ ആശംസകൾ.. അഭിനന്ദനങ്ങൾ.

പുസ്തകം- കാപ്പി
രചന - Sri. Dharmaraj Madappally
പ്രസാധകർ- Logos Books
       #ശ്രീ.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്