Article Malayalam
#സുനാമിചിന്തകൾ
കടൽതീരത്ത് ചെറിയ മറപ്പുരകൾകെട്ടി തിങ്ങിപ്പാർക്കുന്ന ജനവിഭാഗമുണ്ട്. അവർക്കില്ലാത്ത ഭയമാണ് കുന്നിനുമുകളിൽ താമസിക്കുന്നവന്,
സുനാമി വരുന്നുണ്ടത്രേ..
വരുമായിരിക്കും വരാതെയുമിരിക്കാം.. പ്രകൃതിദുരന്തങ്ങൾ നമ്മൾകൂടി ക്ഷണിച്ചുവരുത്തിയവയാണ്.
ഈ വിശ്വപ്രകൃതി ഒന്നാഞ്ഞുതുമ്മിയാൽ തെറിച്ചുപോകുന്ന മൂക്കുമാത്രമാണ് നമ്മൾ.
മനുഷ്യൻ ഇന്നുവരെ കണ്ടുപിടിച്ചിട്ടുള്ള ഒരു യന്ത്രസാമഗ്രിയും ഇടയുന്ന പ്രകൃതിയെ അനുനയിപ്പിക്കാനുതകില്ല.
ദുരന്തങ്ങൾ വന്നാൽ നേരിടാനും അവയുടെ ആഘാതശക്തി കുറയ്ക്കാനുമുള്ള മാർഗ്ഗങ്ങൾ നോക്കുകയാണാവശ്യം അല്ലാതെ നവ സോഷ്യൽമീഡിയവഴി യാതൊരു തത്വദീക്ഷയുമില്ലാതെ അപൂർണ്ണമായ വിവരങ്ങൾ പങ്കുവച്ചും അവയ്ക്ക് അപക്വമായ മറുപടിയെഴുതിയും കോമാളിചമയുകയാണ് കുറേനാളായി മലയാളി. സുനാമിയോ അതിനെക്കാൾ ഭീകരമായ പ്രകൃതിദുരന്തങ്ങളോ എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെന്നത് വാസ്തവമാണ് . അതിന് ചിറകെട്ടാനുമാവില്ല. എന്നാൽ ഭയപ്പെടുത്തുന്ന ഈ പ്രവണതയിൽനിന്ന് മാറിനിൽക്കണം ഇനിയെങ്കിലും. പകരം അടിയന്തിരസാഹചര്യമുണ്ടായാൽ ഉണർന്നുപ്രവർത്തിക്കേണ്ട ആവശ്യത്തിനുള്ള ബോധവത്കരണവും ആത്മധൈര്യവുമാണ് നാം പരസ്പരം ഷെയർ ചെയ്യേണ്ടത്. ഒപ്പം ഇനിയുമിനിയും തുടരുന്ന പാരിസ്ഥിതികചൂഷണങ്ങൾ അവസാനിപ്പിക്കാനും ശ്രമിക്കാം.
#വാലറ്റം-
ഒരായിരം സുനാമികളെ വെല്ലാൻ കെല്പുള്ള മഹാശക്തിയുൾക്കെണ്ട ആയുധങ്ങൾ കക്ഷത്തിടുക്കിപ്പിടിച്ചുനിന്നാണ് മനുഷ്യൻ പ്രകൃതിയെ കുറ്റപ്പെടുത്തുന്നതെന്ന വിരോധാഭാസംകൂടി ഈ സമയം നാം ചേർത്ത് വായിക്കണം.
#ശ്രീകുമാർശ്രീ.01/12/2017 1:49 pm
Comments