Poem- Malayalam
സമയമായിപോൽ
^^^^^^^^^^^^^^^^^^^
കണ്ടുമുട്ടേണമെന്നെ വീണ്ടും
കണ്ണിൽ, വർണ്ണമൊറ്റുന്ന
കാലത്തിലെങ്കിലും..
ചിന്തമുട്ടുന്നനേരത്ത് ഞാനൊരു-
ചില്ലുകൂട്ടിലെ ചിത്രമാകുംമുമ്പേ.
കേട്ടിരിക്കണമെന്നെയൊരിക്കലീ
കണ്ഠനാളം പുഴുക്കുത്തുവീണതിൻ-
തന്ത്രിപൊട്ടി നിശ്ശബ്ദമാകും മുമ്പ്
തരളമോഹന ഗാനങ്ങളൊക്കെയും.
കാത്തിരിക്കേണമെന്നെയൊരാർദ്രമാം
നേർത്തസന്ധ്യയകന്നു പോകുംമുമ്പേ
കൂർത്തകൺമിഴിക്കോണിലായെപ്പൊഴും
ചേർത്തൊരാകുലഭാവം കലരണം.
കാതരമായ്മൊഴിയണം നീയെന്റെ
കാതിലെപ്പൊഴുമാമൃദുഭാഷണം
പഞ്ചമംപോൽ വഴിയുന്നനിൻസ്വനം
കേട്ടിരിക്കെ ഞാനല്പമായ്ത്തീരണം
വാതിലില്ലാത്ത ഗേഹമെനിക്കിതാ,
ആരൊരാൾ പണിഞ്ഞീടുന്നു ചുറ്റിലും.!
മേലെമാറാപ്പുപോലെമൂടീടുവാൻ
കാലമായെന്നൊരാളോർമ്മ വയ്ക്കുന്നു,
കാലമായീ..... കണക്കെടുപ്പായിപോൽ.
ഏകജാലകം പോലുമില്ലാത്തൊരു
വീടെനിക്കാറടിയിൽ പണിഞ്ഞവൻ
കൈപിടിക്കയാണീയിടനെഞ്ചിലൊരി-
ഞ്ചുവേദന മെല്ലെവളരുന്നു.
ഒന്നുറക്കെവിളിക്കണമല്ലെങ്കി-
ലൊന്നു നുളളിനോവിച്ചീടുകെന്നെനീ,
കണ്ടതെല്ലാമൊരുകിനാവായിടാ-
മല്ലയെങ്കിലീ സ്വപ്നം വിഴുങ്ങിടും.
ശ്രീകുമാർശ്രീ.
Comments