കാളകൾ ഒരു പഠനം


കാളകൾ വായിക്കുമ്പോൽ
 

"മറ്റൊരു വണ്ടിക്കാള
മാനുഷാകാരം പൂണ്ടി
ട്ടറ്റത്തു വണ്ടിക്കയ്യി
ലിരിപ്പൂ കൂനിക്കൂടി...."

നിസ്സഹായനായി അടിമത്തംപോലെ ജീവിതം തള്ളിനീക്കുന്ന മനുഷ്യന്റെ ദയനീയചിത്രം ഇതിനുമപ്പുറം വരച്ചിടുവതെങ്ങനെ..? അതും പാട്ടിന്റെ പാലാഴികൊണ്ട് മലയാളിയുടെ മനസ്സിന്റെ ലോലതന്ത്രികളിൽ കിന്നരഗാനംപാടിയൊരു ഭാവഗായകന്റെ തൂലികയിൽ നിന്നാണെന്നതാണ് ഏറെ അത്ഭുതം.. 
അതേ പറഞ്ഞുവരുന്നത് ശ്രീ. പി #ഭാസ്കരൻമാഷിന്റെ #കാളകൾ എന്ന കവിതയെയാണ്. ചെറിയക്ലാസ്സുകളിൽ നമ്മൾ ചൊല്ലിപ്പടിച്ചതാണാ കവിത. 

"തോളത്തു ഘനം തൂങ്ങും
വണ്ടിതന്‍ തണ്ടും പേറി
ക്കാളകള്‍ മന്ദം മന്ദ
മിഴഞ്ഞു നീങ്ങീടുമ്പോള്‍..."

 എന്നുതുടങ്ങുന്ന കവിത തുടർന്ന് നുകം വലിക്കുന്ന കാളകളെക്കാൾ ദൈന്യമാണ് അധ്വാനിച്ചു ജീവിക്കുന്നവന്റെ അവസ്ഥയെന്ന് അടിവരയിട്ടു പറയുന്നു....
  
"തോളുകള്‍ കുനിഞ്ഞിട്ടു--
ണ്ടവന്നും, സ്വജീവിത--
നാളുകള്‍ തല്‍കണ്ഠത്തി--
ലേറ്റിയ നുകം പേറി.
കാലുകള്‍ തേഞ്ഞിട്ടുണ്ടി--
ന്നവന്നും നെടുനാള--
ക്കാലത്തിന്‍ കരാളമാം
പാതകള്‍ താണ്ടിത്താണ്ടി."...

ജീവനത്തിനായുള്ള മനുഷ്യന്റെ തത്രപ്പാടുകളുടെയും നിരന്തരമായി തുടരുന്ന മനുഷ്യാധ്വാനത്തിന്റെയും ചരിതമാണ് കാളകളിലൂടെ കവി ദൃശ്യവത്കരിക്കുന്നത്.. വണ്ടി വലിക്കുന്ന കാളകളെപ്പോലെ അല്ലെങ്കിൽ അതിലും കൂടുതലായി ജീവിതഭാരം വലിച്ച് ആ മനുഷ്യനും തോളുകൾ തേഞ്ഞു കൂനിപ്പോയിരിക്കുന്നു. മനുഷ്യസ്നേഹിയായ കവി ദുർബലനായ മനുഷ്യന്റെ അവസ്ഥ കാളകളിലൂടെ ബിംബവല്ക്കരിക്കുന്നു. 

"ഒട്ടേറെക്കാലം മുമ്പി--
ലച്ചെറുപഞ്ഞക്കുടില്‍-
ത്തൊട്ടിലില്‍ കൈക്കുഞ്ഞായി--
പ്പിറന്ന കാലം മുതല്‍..." 

ഇന്നും എന്നും  തുടരുന്നു ഈ ദുരിതങ്ങൾ എന്ന് കവി ഓർമ്മിപ്പിക്കുന്നു. 
മരണമെന്ന സത്യം ആ വണ്ടിക്കാരനെ ചുമക്കുമ്പോൾ ഒരിക്കൽ പോലും മുതുകു നിവർത്താനാകാത്ത അധ്വനിക്കുന്നവന്റെ മരണം ഒരു വിഷയമല്ലാതെയിരിക്കുമ്പോൾ ആ ശവവണ്ടിക്ക് കവി തന്റെ തൂലികയാൽ ഒരു വിലാപയാത്രയൊരുക്കുകയാണ് കാളവണ്ടി എന്ന കവിതയിൽ. വിവരണാഖ്യാന മികവിൽ ആ അന്ത്യയാത്ര ഒരു ഗദ്ഗദമായി വായനക്കാരുടെ മനസ്സില്‍ പ്രതിധ്വനിച്ചുകൊണ്ടേയിരിക്കുന്നു.. 

"ജീവിതം കയറ്റിയോ--
രുല്‍ക്കടബ്ഭാരം തിങ്ങു--
മാവണ്ടി വലിക്കയാ--
ണിന്നും നാളില്‍ നാളില്‍..."

വായന അവസാനിക്കുമ്പോൾ  നമ്മുടെയെല്ലാം മുതുകിൽ ആ വണ്ടിയുടെ നുകമുണ്ടെന്ന് തിരിച്ചറിവിലൂടെ വണ്ടിക്കാരൻ നാമോരോരുത്തരാണെന്ന് ബോധ്യമാകുന്നു. 

മലയാള കവിതാസാഹിത്യത്തിന് ലാളിത്യത്തിന്റെ കൈയൊപ്പ് ചാർത്തിയ പ്രതിഭയാണ് പി.ഭാസ്കരൻ. പുല്ലൂട്ടുപാടത്ത് ഭാസ്കരൻ എന്നാണ് കവിയുടെ മുഴുവൻ പേര്. സിനിമാ നിർമാതാവ്, സംവിധായകൻ, അഭിനേതാവ്, ഗാനരചയിതാവ് എന്നീനിലകളിലെല്ലാം തനതായ  വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം നിരവധി ഫീച്ചർ ഫിലിമുകളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. നീലക്കുയിൽ, കള്ളിച്ചെല്ലമ്മ , പരീക്ഷ, ഇരുട്ടിന്റെ ആത്മാവ് , മൂലധനം തുടങ്ങിയ സിനിമകൾ എടുത്തു പറയേണ്ടവയാണ്. ഒട്ടനേകം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.  'മലയാളഗാനങ്ങളുടെ പിതാവ്' എന്നാണ് പാട്ടിന്റെ പാലാഴിതീർത്ത പി. ഭാസ്കരൻ മാഷിനെ.. യൂസഫലി കേച്ചേരി വിശേഷിപ്പിച്ചത്... മലയാളിയെ ലളിതസാഹിത്യം നിറഞ്ഞ പാട്ടുകളിലൂടെ ആനന്ദിപ്പിച്ച കവിയുടെ ദാർശനികചിന്താശക്തിയുടെ ഉത്തമോദാഹരണമാണ് കാളകൾ. 
#ശ്രീ 6/7/20 

Comments

Popular posts from this blog

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്