പൂതപ്പാട്ട് ഒരു പുനർവായന


പൂതപ്പാട്ട് ഒരു വായനകൂടി

" വെയില്‍ മങ്ങി മഞ്ഞക്കതിരു പൊങ്ങി
വിതയങ്കണത്തിലെ കാര്‍കള്‍ പൊങ്ങി
എഴുതുവാന്‍ പോയകിടാവു വന്നീ-
ലെവിടെപ്പോയ് നങ്ങേലി നിന്നുതേങ്ങി"...

ഓർമ്മയില്ലേ നമ്മുടെ #പൂതപ്പാട്ട്...
മലയാള കവിതകളിൽ ഇത്രയധികം ആവിഷ്കാരങ്ങൾക്ക് നിദാനമായൊരുകൃതി വേറെ ഉണ്ടാവില്ല. സാധ്യമായ കലാരൂപങ്ങളിലെല്ലാം പൂതപ്പാട്ട് ആവിഷ്കരിക്കപ്പെട്ടുകഴിഞ്ഞു....

"യാത്ഥാർത്ഥ്യ ബോധത്തോടെ മണ്ണാനകൊണ്ടും മറ്റും കളിക്കുന്ന കുട്ടികളുടെ ഉന്മാദമോ, കേവലം കഥാകഥന കൌതുകമോ മാത്രമല്ല ഈ കവിതയുടെ പ്രേരണ. അവ നാടോടിക്കഥയിൽ നിന്ന് മനുഷ്യഭാവങ്ങളിലേക്ക് കീറിയ ചാലുകളാണെന്ന് "ഡോക്ടർ എം ആർ #രാഘവവാരിയർ" നിരൂപിക്കുന്നു."

"ആറ്റിന്‍കരകളിലങ്ങിങ്ങോളം
അവനെ വിളിച്ചു നടന്നാളമ്മ.
നീറ്റില്‍ക്കളിക്കും പരല്‍മീനെല്ലാം
നീളവേ നിശ്ചലം നിന്നുപോയി.
ആളില്ലാപ്പാടത്തിലങ്ങുമിങ്ങും
അവനെ വിളിച്ചു നടന്നാളമ്മ.
പൂട്ടിമറിച്ചിട്ട മണ്ണടരില്‍
പുതിയ നെടുവീര്‍പ്പുയര്‍ന്നുപോയീ.
കുന്നിന്‍ചെരിവിലെക്കൂര്‍ത്തകല്ലില്‍
ക്കുഞ്ഞിനെത്തേടി വലഞ്ഞാളമ്മ" 

ഇവിടെയും വൈലോപ്പിള്ളിയുടെ മാമ്പഴത്തിലെന്നപോലെ ഒരമ്മയുടെ വേദനയിലൂടെയും ആകുലതയിലൂടെയുമാണ് പൂതപ്പാട്ട് എന്ന #ഇടശ്ശേരിക്കവിത വികസിക്കുന്നത്..  
"എഴുതുവാൻ പോയ കിടാവു വന്നീലെവിടെപ്പോയ് നങ്ങേലി തേങ്ങിനിന്നു"  എന്ന വരികൾ ഏതൊരമ്മയാണ് ഉള്ളുകായാതെ വായിക്കുക. 

വള്ളുവനാട് പ്രദേശങ്ങളിൽ കണ്ടുവരുന്ന #പൂതൻ എന്ന നാടോടി കലാരൂപവും അതിന്റെ ഐതീഹ്യവുമാണ് കവിതക്ക് ആധാരം.
പലവിധമായ സാങ്കൽപിക കഥകളുടെ 'പൊട്ടിപ്പിരിഞ്ഞും കെട്ടിപ്പിണഞ്ഞും' ഉണ്ടായ ഒരു ദേവതാ സങ്കൽപമാണ് ഈ കവിതയിലെ പൂതമെന്ന് #ഇടശ്ശേരിതന്നെ വ്യക്തമാക്കിയിട്ടുണ്ട്..

ഈ പൂതത്തിന്‌ നമ്മള്‌ നെല്ലും മുണ്ടും കൊടുക്കുന്നത്‌ എന്തിനാ എന്ന് കഥകേൾക്കുന്ന കുഞ്ഞുങ്ങൾ ചോദിക്കും.. 
കവിതതന്നെ മറുപടിയും പറയുന്നു... 

 കൊടുക്കാഞ്ഞാല്‍ പാപമാണ്‌. ഇതെല്ലാം പൂതം പണ്ടുചെയ്തതാണ്‌. ഇപ്പോള്‍, അത്‌ ആരെയും കൊല്ലില്ല. പൂതത്തിന്ന്‌ എപ്പോഴും വ്യസനമാണ്...?

 കവിതയിൽ മാമ്പഴത്തിലെ പോലെ ദുരന്താവസാനമല്ല ശുഭപര്യവസാനമാണ് മാതൃതത്തിന്റെ മുന്നിൽ തോറ്റുപോയ പൂതം ഉണ്ണിയെ അമ്മയ്ക്ക് നൽകുന്നു പകരം അമ്മയും ഒരു വാഗ്ദാനം നൽകി..

"മകരക്കൊയ്ത്തു കഴിഞ്ഞിട്ടെങ്ങടെ
കണ്ടമുണങ്ങിപ്പൂട്ടുങ്കാലം
കളമക്കതിര്‍മണി കളമതിലൂക്കന്‍
പൊന്നിന്‍കുന്നുകള്‍ തീര്‍ക്കുംകാലം
വന്നുമടങ്ങണമാണ്ടുകള്‍തോറും
പൊന്നുണ്ണിക്കൊരു കുതുകം ചേര്‍ക്കാന്‍,
ഞങ്ങടെ വീട്ടിനു മംഗളമേകാന്‍
ഞങ്ങള്‍ക്കഞ്ചിതസൗഖ്യമുദിക്കാന്‍.'

 പക്ഷെ തങ്ങളുടെ വീടേതെന്ന് മാത്രം അമ്മ പറഞ്ഞില്ല...
"നങ്ങേലിക്കു മറന്നതുകൊണ്ടോ,
കണ്ടാല്‍ ഒരുപക്ഷേ തന്റെ കിടാവിനെ വീണ്ടും
കൊണ്ടോടിപ്പോമെന്നു ഭയന്നോ"
 - എന്ന് കവിവര്യൻ പറഞ്ഞു നിർത്തുമ്പോൾ അമ്മമനസ്സിലെ ആകുലത വിട്ടൊഴിഞ്ഞില്ല എന്ന് അനുവാചകനുതന്നെ മനസ്സിലാക്കാം.. 
എന്നാൽ പൂതമോ... 
"കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍
ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍
അയ്യയ്യാ വരവമ്പിളിപ്പൂങ്കുല
മെയ്യിലണിഞ്ഞ കരിമ്പൂതം..."

എല്ലാ ആണ്ടും പൂതം പൊന്നുണ്ണിയെക്കാണാൻ വീടുവീടാന്തരം കയറിയിറങ്ങി വിവശനാകുന്നു... പൊന്നുണ്ണികളെ മറച്ചുപിടിക്കാൻ അമ്മമാർ പൂതത്തിന് കാഴ്ചകൾ നൽകി മടക്കുന്നു... പാവം പൂതം അല്ലേ...
നോക്കൂ ഇടശ്ശേരിക്കവിതയിലെ മാസ്മരികഭാവം ശത്രുവും മിത്രമായി ഭവിക്കുന്ന കാവ്യരചനാവൈഭവം. അതിന്റെ വശ്യഭംഗിയാണ് കാവ്യത്തെ കാലാകാലം തേച്ചുമിനുക്കിയപോലെ വിളക്കുന്നത്...
 ഇനി ഈ കവിതയിൽ ഒളിഞ്ഞിരിക്കുന്ന സന്ദേശം ഒരുപക്ഷേ നിരൂപകർ അധികം ശ്രദ്ധിക്കാതെപോയൊരു കാര്യം കൂടി നോക്കാം കവിതന്നെ പറയുന്നത് കേൾക്കാം...

"പൊന്നുണ്ണീ, പൂങ്കരളേ,
പോന്നണയും പൊന്‍കതിരേ,
ഓലയെഴുത്താണികളെ
ക്കാട്ടിലെറിഞ്ഞിങ്ങണയൂ.

'കാട്ടിലെറിഞ്ഞണയുകിലോ
കലഹിക്കും ഗുരുനാഥൻ "

   എഴുത്താണി ഉപേക്ഷിച്ചാലേ പൂതത്തിന് ഉണ്ണിയെ പിടിക്കാനാകൂ... ഇവിടെ ഭൂതങ്ങൾക്ക് ഇരുമ്പ് നിഷിദ്ധമാണ് എഴുത്താണി ഇരുമ്പിലുള്ളതും.. ഇരുമ്പ് ഉപേക്ഷിച്ചാൽ ഉണ്ണിയെപിടിക്കാമെന്ന കേവല തത്വമാണ് ആദ്യവായനയിലെങ്കിലും കൂടുതൽ വായന ആ വരികളിൽ  ഒളിഞ്ഞിരിക്കുന്നുണ്ട്
എഴുത്താണി ഒരു ബിംബവത്ക്കരണമാണ്... വിദ്യ എന്ന മഹാ പ്രതിരോധം കൈമുതലായവന് ഒരു ദുഷ്ടശക്തികളെയും ഭയക്കേണ്ടതില്ല എന്ന ബിംബകൽപ്പന..! വിദ്യാഭ്യാസം ഉപേക്ഷിച്ചാൽ മാത്രമേ ഒരുവനെ  ആർക്കും പിടിച്ചടയ്ക്കാനാകൂ എന്നും വിദ്യയുപേക്ഷിച്ചവനെ ആർക്കും പരാജയപ്പെടുത്താമെന്ന സന്ദേശംകൂടി കവി പറയാതെപറയുന്നു... മാതൃത്തത്തിന്റെ മഹത്വം നിരൂപണം ചെയ്തകൂട്ടത്തിൽ ഒരുപക്ഷേ നിരൂപകർ എഴുത്താണി എന്ന ബിംബം കാണാതെപോകുകയോ അവഗണിക്കുകയോ ചെയ്തു...
പ്രിയരേ.., എന്റെ പരിമിതമായ വായനയാണ് കൂടുതൽ ചർച്ചകൾ/നിർദ്ദേശങ്ങൾ പങ്കുവയ്ക്കാൻ അഭ്യർത്ഥിക്കുന്നു. 
#ശ്രീ 4/3/20.
*ഒരിക്കൽ #ചിതറാൽ നിന്നും പകർത്തിയ ഈ ചിത്രമാണ് പൂതപ്പാട്ട് പുനർവായനയ്ക്ക് നിദാനമായത്

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്