ആത്മഹത്യ എന്ന സ്വാർത്ഥത
ആത്മഹത്യ എന്ന സ്വാർത്ഥത.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഒരു മനുഷ്യന് എത്രമാത്രം സ്വാർത്ഥനാകാനാകും എന്ന് ചിന്തിച്ചിട്ടുണ്ടോ... ഒരുപക്ഷേ സ്വയം ജീവനൊടുക്കുംവരെ. ആത്മഹത്യയാണ് ഏറ്റവും വലിയ സ്വാർത്ഥത. ഒരുവൻ തന്റെ കെട്ടുപാടുകളിലും സൗകര്യങ്ങളിലുമുണ്ടാകുന്ന വിഘാതങ്ങളെ മുൻനിർത്തി സ്വജീവിതം അവസാനിപ്പിക്കുന്നു. എന്തുതന്നെയായാലും സ്വന്തം ഇമേജും സ്വന്തം കഴിവുകേടും ഒക്കെയാണ് അപ്പോഴുള്ള അവന്റെ ചിന്തകളുടെ മുഖ്യകാരണം. അങ്ങനെ ആത്മഹത്യ ചെയ്യുമ്പോൾ അത് സ്വാർത്ഥത അല്ലാതെ പിന്നെന്താണ്. മരിച്ചാലും താൻ തോറ്റില്ല എന്ന് സ്വയം സമാധാനിക്കുന്ന ഒരുതരം മാനസികരോഗത്തിന്റെ പരിസമാപ്തിമാത്രമാണ് ഓരോ ആത്മഹത്യയും.
ഒരാൾ സ്വയം ജീവിതം അവസാനിപ്പിക്കുന്നതിനാണ് ആത്മഹത്യ എന്ന് ശാസ്ത്രപരമായി പറയുന്നത്. സാധാരണഗതിയിൽ വിഷാദരോഗം, ബൈപോളാർ ഡിസോർഡർ, സ്കീസോഫ്രീനി, മദ്യപാനം, മയക്കുമരുന്നിനടിമ, തുടങ്ങിയ മാനസിക രോഗങ്ങൾ കാരണമുണ്ടാകുന്ന നിരാശയാണ് ആത്മഹത്യയിലേയ്ക്ക് നയിക്കുന്നത്. ഇവിടെ സ്വയം നശിച്ചുപോയെന്ന ചിന്തയും ഇനി ഈ സമൂഹത്തിനുമുന്നിൽ എങ്ങനെ ജീവിക്കും എന്നും തോന്നലുളവാകയും അതിൽനിന്ന് ഒളിച്ചോടാനും ഞാനെന്ന സ്വാർത്ഥതയെ കാക്കാനുമുള്ള ദുരഭിമാനമാണ് ആത്മഹത്യയിലെത്തിക്കുന്നത്. സാമ്പത്തികപ്രശ്നങ്ങൾ, മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിലെ പാകപ്പിഴകൾ, കുറ്റബോധം, രോഗം, പ്രണയനൈരാശ്യം, ലൈംഗികപീഡനം പോലുള്ള മാനസ്സികാഘാതങ്ങൾ, പരീക്ഷയിലെ പരാജയം തുടങ്ങിയവ മൂലമുണ്ടാകുന്ന സംഘർഷങ്ങൾ തുടങ്ങി പല കാരണങ്ങളും ആത്മഹത്യകൾക്കു പിന്നിലുണ്ടെന്ന് പറയുമ്പോഴും ഞാൻ ആദ്യമേ സൂചിപ്പിച്ച സംഗതി ഇവയിലെല്ലാം ഒളിഞ്ഞിരിപ്പുണ്ടെന്ന് ചിന്തിച്ചാൽ വ്യക്തമാകുന്നു.
ആത്മഹത്യാചിന്ത അനുഭവപ്പെടുന്ന ആളുകള്‍ യഥാര്‍ത്ഥത്തില്‍ തങ്ങളുടെ മാനസികപിരിമുറുക്കത്തില്‍ നിന്നും ആശ്വാസം ആഗ്രഹിക്കുകയാണ് ചെയ്യുന്നതെന്ന് പറയുന്നു. എന്നാൽ ആ പിരിമുറുക്കം ഞാനെന്ന ഭാവത്തിനുണ്ടായ തകർച്ചയിൽ നിന്നുണ്ടായതാണ്. ആ ഭാവംതന്നെയാണ് സ്വാർത്ഥതയും. ഇവിടെ ഞാൻ ഒരു സമൂഹജീവിയാണ് എന്ന ചിന്തയിലെ ചില പ്രശ്നങ്ങളാണ്. നാം സമൂഹജീവി എന്ന് പരാമർശിക്കുമ്പോഴും ആ "സമൂഹ" എന്ന പദം മനുഷ്യരെമാത്രമേ ഉൾക്കൊള്ളുന്നുള്ളൂ... ഭൂമിയിൽ മനുഷ്യനല്ലാതെ ഏതെങ്കിലും ജന്തുവർഗ്ഗം ആത്മഹത്യ ചെയ്യുന്നുണ്ടോ..?. ഇവിടെ മനുഷ്യന്റെ വിവേചനശേഷിയും ചിന്താശേഷിയുമാണ് കാരണം എന്നു കാണാം. അപ്പോൾ ആ ചിന്താശേഷിയിൽനിന്നുണ്ടായ ഒരു മിഥ്യാഥാരണയാണ് സ്വാർത്ഥത എന്ന വികാരമെന്നതും മനുഷ്യൻ മനസ്സിലാക്കണം. ആ ചിന്താശക്തിയിലൂടെ നാം പൊതുസമൂഹത്തിൽ മാന്യത, അഭിമാനം... ഇങ്ങനെ ഒരുപാട് ചമയങ്ങൾ സ്വയം എടുത്തണിയുകയോ മറ്റുള്ളവർ ചാർത്തിക്കൊടുക്കയോ ചെയ്തിരിക്കുന്നു. ആ ചമയങ്ങൾക്ക് മങ്ങലേറ്റെന്നു തോന്നുമ്പോഴോ, മങ്ങുമെന്ന് കരുതുമ്പോഴോ മനുഷ്യൻ സ്വയം പൊത്തിപ്പിടിക്കാൻ ശ്രമിക്കുന്നു. മിഥ്യാഭിമാനത്താൽ മറ്റുള്ളവരോട് ഷെയർ ചെയ്യാനുള്ള ക്ഷമയോ വിവേകമോ ഉണ്ടാകുന്നില്ല ഞാൻ എന്ന സ്വാർത്ഥഭാവം മുഴച്ചുനിൽക്കുന്നു... ആ വിചാരവികാരങ്ങളുടെ പരിസമാപ്തി, തന്നെ സ്വയം മറച്ചുവയ്ക്കാൻ വെമ്പുന്നു... അതാണ് സ്വാർത്ഥതയ്ക്ക് ആകെ ചെയ്യാനാകുന്നകാര്യം. മറച്ചുവയ്ക്കാൻ ഇനിയുമാകില്ല എന്ന് തോന്നിയാൽ പിന്നെ ആത്മഹത്യമാത്രമാണ് പോംവഴിയെന്ന് മനുഷ്യന്റെ ഉപബോധമനസ്സിൽ ആദികാലംമുതൽതന്നെ ഒരു അലിഘിതനിയമം. രൂഢമൂലമായിട്ടുണ്ടല്ലോ.. അതുതന്നെയാണ് സ്വാർത്ഥത.
#വാൽ- ആത്മഹത്യപ്രവണത എന്ന മാനസികരോഗത്തെ ഈ കുറിപ്പുമായി കൂട്ടിവായിക്കേണ്ടതല്ല.
(കൊടുങ്കാറ്റ്കടന്നുപോകാന്‍ കാത്തിരിക്കരുത്, മഴയത്ത് നൃത്തം ചെയ്യാന്‍ പഠിക്കുക"- ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് വിവിയന്‍ ഗ്രീന്‍*)
*Vivian Green- ബ്രിട്ടനിലെ ഒരു പ്രശസ്ത എഴുത്തുകാരി(1904-2003, പ്രശസ്ത നോവലിസ്റ്റ് Abraham Green ന്റെ വിധവ).
Comments