മയങ്ങാതെ കാണുന്ന കിനാക്കൾ


#മയങ്ങാതെകാണുന്ന_കിനാക്കൾ

മുനിഞ്ഞുകത്തുന്ന മണ്ണെണ്ണവിളക്കുതിർക്കുന്നൊരു ഗന്ധമുണ്ട്... 
മുഷിഞ്ഞ ദാരിദ്ര്യം
കുടിലിലമരുന്നൊരു ഗന്ധവും,
ഇണചേരുമവ നിറസന്ധ്യയിൽ.!

മനംമടുപ്പിക്കുന്ന 
ഗന്ധങ്ങളെയുപേക്ഷിച്ച്
രാത്രിയിലേക്കിറങ്ങണം..
വെറും മണ്ണിൽ 
ആകാശം നോക്കി കിടക്കണം..

നറുമുല്ലമണവുമായൊരു
കുളിർകാറ്റണയുമപ്പോൾ..
വെൺനുരയുതിരുന്നൊരാകാശം
പൗർണ്ണമിയെ പരിലാളിക്കവേ
മനമാകെ കുളിരണിയുമടിമുടിയുടലും.

""പ്രിയ പൌർണ്ണമീ..
നീയെനിക്കെന്നുമൊരു
ചാരായലഹരിയാണ്....
മൂവന്തിവാറ്റിയെടുത്ത്
പാതിരാവിന്റെ ചഷകത്തിൽ
നിറച്ചുവച്ച സോമരസ ലഹരി.""

ഇരുളലിയുന്നനേരം
വെറുതെ മോഹിക്കാറുണ്ട്..
എന്നും പൗർണ്ണമിയായിരുന്നെങ്കിൽ..
നീലാകാശത്തിന്റെ 
മട്ടുപ്പാവിലെങ്ങാൻ
നക്ഷത്രശോഭയുടെ 
ഭംഗി കൈകൊണ്ട്,
മധുരസ്വപ്നം 
മെടഞ്ഞുറങ്ങുന്നൊരുവളെ
കണ്ടെത്താനായേക്കുമായിരുന്നു.
തെങ്ങോലത്തുമ്പിലൂടൂർന്നുവീഴുന്ന
മഞ്ഞുതുളളികളിണചേർന്നൊഴുകുന്ന
കുഞ്ഞരുവിക്കുളിരിൽ 
മനംചേർക്കാമായിരുന്നു.
------------------#ശ്രീ

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം