അഗ്നിഹോത്രം
````````````
ഓം സേദഗ്നിര്യോ വനുഷ്യതോ നിപാതി
സുജാതാസ: പരി ചരന്തി വീരാ:
ഋഗ്വേദം. 7.17.15
അഗ്നിഹോത്രത്തെക്കുറിച്ചുള്ള ഒരു ഋഗ്വേദമന്ത്രമാണിത്.. "അഗ്നിയെ പ്രദീപ്തമാക്കുന്നവരെ ആ അഗ്നി രോഗാദികളിൽ നിന്നും വലിയപാപങ്ങളിൽനിന്നും സംരക്ഷിക്കുന്നു " എന്ന് സാരാംശം.
ഗുൽഗുലു, ജടാമഞ്ചി, ചിറ്റാമൃത്, ജാതിപത്രി മുതലായ ഔഷധക്കൂട്ടുകൾ അഗ്നിയിൽ അർപ്പിക്കുന്നു.. അഗ്നിയിൽ അർപ്പിക്കുന്ന നെയ്യ്, ഈ ഔഷധങ്ങളുടെ സത്ത് സൂക്ഷ്മരൂപേണ നാലുപാടും വ്യാപിപ്പിക്കുകയാണ് അഗ്നിഹോത്രത്തിൽ സംഭവിക്കുന്നത്. അത് ശ്വസനത്തിലൂടെയും ത്വക്കിലൂടെയും ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുകയും രോഗമുക്തിയുണ്ടാവുകയും അതിന്റെ സുഗന്ധം നിമിത്തം അന്തരീക്ഷം സുഖകരമാകുകയും മന്ത്രാർപ്പണവും ഈ നല്ല അന്തരീക്ഷവും ചേർന്ന് മനസ്സിനെ മലിനമുക്തമാക്കുകയും ചെയ്യുന്നു. അതിനാലാകണം ഏവരും അഗ്നിഹോത്രം ചെയ്യണമെന്ന് വേദങ്ങൾ നിഷ്കർഷിക്കുന്നത്.
ഇങ്ങനെ യജ്ഞചികിത്സ പ്രാചീനഭാരതത്തിൽ സർവ്വത്രമായിരുന്നു. രാജയക്ഷംപോലെയുള്ള മഹാരോഗങ്ങൾക്ക് യജ്ഞചികിത്സയായിരുന്നു പ്രതിവിധി. അതിനാലാവണം ആരോഗ്യം ആഗ്രഹിക്കുന്നവർ യജ്ഞ കർമ്മങ്ങളാൽ അവ നേടണമെന്ന് ആയൂർവേദഗ്രന്ഥമായ #ചരകസംഹിതയിൽ (ചരകസംഹിത ചികിത്സാസ്ഥാനം 8.122) വിവരിക്കുന്നത്. അഥർവവേദത്തിൽ യാതുധാനൻ, ക്രവ്യാവ്, പിശാച്, രക്ഷസ് എന്നിങ്ങനെയാണ് രോഗാണുക്കളെ വിളിക്കുന്നത്. ഇവ ശരീരത്തെ ഹിംസിക്കുന്ന രാക്ഷസന്മാരായി വിവരിക്കുന്നു.
"പുഴയിലെ ഒഴുക്ക് അതിന്റെ പതയെ എങ്ങനെയാണോ ഒഴുക്കിക്കളയുന്നത് അതുപോലെ അഗ്നിഹോത്രത്തിലർപ്പിക്കുന്ന ഹവിസ്സ് രോഗാണുക്കളെ നിവാരണം ചെയ്യുന്നു" എന്ന് അഥർവവേദം (1.8.1) വിവരിക്കുന്നു.
നല്ല സന്താനങ്ങൾ ലഭ്യമാകാൻ ആഹൂതി അർപ്പിക്കുവാൻ അഗ്നിഹോത്രമന്ത്രങ്ങളിൽ പറയുന്നുണ്ട്. അങ്ങനെ ഒരു യജ്ഞീയ അന്തരീക്ഷത്തിൽ പിറന്നുവീഴുന്ന കുഞ്ഞുങ്ങൾക്ക് മാനസികവും ശാരീരികവും സാമൂഹികവുമായും നന്മയുണ്ടാകുന്നു. അവർ വീരന്മാരും ബുദ്ധിശേഷിയുള്ളവരും മുതിർന്നവരെയും മാതാപിതാക്കളെയും ആദരിക്കുന്നവരാകുമെന്നും വേദങ്ങൾ പരാമർശിക്കുന്നു.
അഗ്നിഹോത്രത്തിലൂടെ ജ്ഞാനം വർദ്ധിപ്പിക്കുന്നു എന്ന് #ബാദരായണവ്യാസൻ പറയുന്നു(ബ്രഹ്മസൂത്രം 4.1.16).
പ്രാചീനഭാരതത്തിൽ ഒരു ശുദ്ധവും സുസംഘടിതവുമായ സംസ്കാരം പടുത്തുയർത്തിയതിൽ അഗ്നിഹോത്രം വഹിച്ച പങ്ക് ചെറുതല്ല. അക്കാലത്ത് എല്ലാഭവനങ്ങളിലും പ്രതിദിനം അഗ്നിഹോത്രം നടന്നിരുന്നു.
"എന്റെ രാജ്യത്ത് കള്ളന്മാരില്ല, പിശുക്കരില്ല, മദ്യപാനിയോ വിടനോ ഇല്ല, വ്യഭിചാരിയോ വ്യഭിചാരിണിയോ ഇല്ല അഗ്നിഹോത്രം ചെയ്യാത്തവരുമില്ല" എന്ന് ആഹ്വാനം ചെയ്യുന്ന #അശ്വപതി രാജാവിനെ #ഛാന്ദോഗ്യോപനിഷത്തിൽ(5.11.5) വിവരിക്കുന്നു.
അഗ്നിഹോത്രം ചെയ്യാത്തവർ അയോധ്യാരാജ്യത്ത് ഇല്ലായിരുന്നു എന്ന് വാല്മീകീരാമായണവും(ബാലകാണ്ഡം 6.12) ഉറപ്പിച്ചു പറയുന്നു.
കേവലം അന്തരീക്ഷശുദ്ധി, മാത്രമല്ല അഗ്നിഹോത്രം നൽകുന്നത് മനശ്ശുദ്ധിയും ശരീരശുദ്ധിയും നൽകുന്നു അവയിലൂടെ സമൂഹ ശുദ്ധിയും രാഷ്ട്രശുദ്ധിയും തുടർന്ന് പ്രപഞ്ചശുദ്ധിയും നേടാനുതകുന്നതാണ് അഗ്നിഹോത്രം എന്നുതന്നെയാണ് സാരം. ചുരുക്കത്തിൽ അഗ്നിഹോത്രം എന്നത് ബ്രാഹ്മണർമാത്രം അനുഷ്ഠിക്കുന്ന ഒരാചാരമല്ലെന്നും അതു സമസ്തജനങ്ങൾക്കും അനുവർത്തിക്കേണ്ട ഒരു ഉത്കൃഷ്ടമായ അനുഷ്ഠാനമാണെന്നും മനസ്സിലാക്കേണ്ടതുണ്ട്.
#ശ്രീ.
കടപ്പാട്-വായന.
Comments