Posts

Showing posts from April, 2020

വലിയ ഇഷ്ടങ്ങൾ

Image
    വലിയ ഇഷ്ടങ്ങൾ ചിലമഴകൾ പാതി നനയുന്നതാണെനിക്കിഷ്ടം മറുപാതി നീയെപ്പോഴെങ്കിലും നനയുമെങ്കിൽ... ചിലപാട്ടുകൾ പല്ലവി മുളലാണെന്റെയിഷ്ടം അനുപല്ലവി നീയെന്നെങ്കിലും പാടുമെങ്കിൽ... ചിലനേരം പനിക്കിടക്കയാണെന്റെയിഷ്ടം ചുക്കുകാപ്പിയ്ക്കപ്പോൾ നിന്റെ മണമുണ്ടാകുമെങ്കിൽ. ഇടനേരം നീയാരെന്നോർക്കലാണെന്റെയിഷ്ടം അന്തമില്ലാത്തൊരു ചിന്തയിൽ  എന്നെങ്കിലുമൊരിക്കൽ നിന്നെ കണ്ടെത്തുമെങ്കിലോ. #ശ്രീ... 26/4/20.

പെരുക്കങ്ങളില്ലാത്തവൻ

Image
പെരുക്കങ്ങളില്ലാത്തവൻ ഓർമ്മകൾ പടിയിറങ്ങിപ്പോയൊരു സന്ധ്യയാണെന്റെ അവസാനത്തെ ഓർമ്മ. നിദ്രയിലടവച്ച സ്വപ്നങ്ങളിൽ വിരിഞ്ഞത്, ഇച്ഛാഭംഗത്തിന്റെ കുഞ്ഞുങ്ങൾ. പകൽവെട്ടത്തിലൊളിപ്പിച്ചുവച്ചു ഞാനവയെ, വിരൽചൂണ്ടി നീ പരിഹസിക്കാതിരിക്കാൻ.. ഉത്തരങ്ങളില്ലാത്ത ഉയരത്തിലാണ് നീയെങ്കിലും ഒരു വിളിയടയാളം അതുണ്ടാകുമെന്നതാണ് പ്രത്യാശ. സ്വപ്നങ്ങളുടെ ചിറകാകാൻ മനസ്സിനായില്ലയിതുവരെ വീശിപ്പറത്തിപ്പറക്കുവാൻ ഭാവനയുടെ ചിറകില്ലാത്തതൊരു നിരാശ. #ശ്രീ

ചിത്രകാരൻ

Image
#ചിത്രകാരൻ  ‍‍‌‌ പിടിച്ചുവാങ്ങിയനിറങ്ങൾ വിരലുകൾക്കിടയിലൂടെ ഒലിച്ചുപോകുന്നു.... അടിച്ചേൽപിച്ച ചിന്തകൾ  തിണർത്തുകിടക്കുന്നു... മനസ്സിൽ ഉണങ്ങാനിട്ട  വരകളിൽ  വഴുക്കൻ  പായലുകൾ പടരുന്നു....   മനക്കണക്കുകളുടെ ശിഷ്ടം പൂജ്യംമാത്രമാകുന്ന ദിനങ്ങൾ.  അടച്ചുപൂട്ടുള്ള മനസ്സിന്റെ ചാവി ഉന്മാദിയുടെ ചൂണ്ടുവിരലിൽ..! കാലത്തിന്റെ നെടുംചുമരിൽ അവശേഷിപ്പിക്കാനൊരു ചിത്രം,  വര തീരാത്തൊരാ ചിത്രത്തിനുമുന്നിൽ  മഷിയുണങ്ങിയ  തൂലികയുമായൊരാൾ...!          #ശ്രീ.

മോഹം

Image
മോഹം ഒരുകാറ്റിലലിയുവാൻ മോഹം കുഞ്ഞുമഴയായ് പൊഴിയുവാൻ ദാഹം ഒരുമഞ്ഞുകണമായലിയുവാൻ മോഹം അതിലേറെമോഹമാ മടിയിലൊന്നുണരുവാൻ.... ഒരുകാറ്റിലലിയുവാൻ മോഹം. ഒരുകാലമണയുവാൻ മോഹം നാട്ടുവഴിയിലെ ചെറുജല മലർപൊയ്ക പൂത്തൊന്നു കാണാൻ മോഹം അവിടനുരാഗമൂറുന്ന നിറസന്ധ്യപൂക്കവേ,... മകരന്ദസൂനങ്ങൾ നറുഗന്ധം നൽകിയ ചെറുകാറ്റിലലിയുവാനെന്തുമോഹം നറുചന്ദ്രികക്കുളിരേൽക്കാൻ മോഹം... ഒരുകാറ്റിലലിയുവാനെന്തുമോഹം ഒരുചാരുബെഞ്ചിന്റെ അരികത്തൊരിടം ചേർത്ത്  ഒരുപാട് കാത്തിരിക്കാനെന്തുമോഹം ഒടുവിലായണയുന്ന പ്രിയമാം പ്രിയങ്ങളെ അരികത്തുചേർത്തൊന്നിരിക്കാൻ മോഹം... അരുതാത്ത നേരത്തെന്നകതാരിൽ നിറയുന്ന അരുമയാം മോഹങ്ങളൊന്നൊന്നായി പ്രിയമായ് തലോടിയീ നെടിയസായന്തന  കുളിരേറ്റിരിക്കുവാനെന്തുമോഹം  ഒരുകാറ്റായലയുവാനുണ്ടു മോഹം.  Sree.15/12/18 ചിത്രം മകളുടെ വര

വല്മീകചിന്തകൾ

Image
#വല്മീകചിന്തകൾ  മഴമുടക്കിയ കളി,.. മധ്യവേനലിന്റെ  അവസാനങ്ങളിലായിരുന്നു. പുഴ ദാനം തന്നെ കുളിര്, കളിയവസാനിച്ച  നേരങ്ങളിലാണറിഞ്ഞത്.. മരമൊരുക്കിയ തണൽ,.. മനമാഗ്രഹിച്ചയിടങ്ങളിലായിരുന്നില്ല..  തപസ്സായിരുന്നില്ല ലക്ഷ്യം; ഇടനേരത്തെ വിശ്രമംമാത്രം. തണലിലിരുന്നപ്പോഴറിഞ്ഞില്ല മിഴിയിണകളടഞ്ഞത്... മനമൊട്ടുമറിഞ്ഞില്ല പകലിരവുകൾ പാഞ്ഞത്.. മിഴിതുറന്നതിരുട്ടിലെക്കെപ്പോഴും ഉടലാകെയൊരു വാല്മീകത്തിലെന്നറിഞ്ഞില്ല..! സ്വയമുണരുവാനറിയില്ല വലിയവാത്മീകിയായിട്ടും.. ഒരു തപോവനകന്യ വന്നെത്തിടും, യുഗയുഗാന്തര ശാപം വഹിക്കുവോൾ... കറുകനാമ്പൊന്നവൾ  കരുതേണമെങ്കിലീ തിമിരനേത്രത്തിലാഞ്ഞു തറയ്ക്കണം. ഉണരണം, കലിയുഗജന്മമെടുക്കണം  നവയിതിഹാസം ചമയ്ക്കണം മുക്തിയിൽ.. #ശ്രീ

അഗ്നിഹോത്രം

Image
അഗ്നിഹോത്രം   ```````````` ഓം സേദഗ്നിര്യോ വനുഷ്യതോ നിപാതി സമോദ്ധാരമംഹസ ഉരുഷ്യാത്. സുജാതാസ: പരി ചരന്തി വീരാ:        ഋഗ്വേദം. 7.17.15  അഗ്നിഹോത്രത്തെക്കുറിച്ചുള്ള ഒരു ഋഗ്വേദമന്ത്രമാണിത്.. "അഗ്നിയെ പ്രദീപ്തമാക്കുന്നവരെ ആ അഗ്നി രോഗാദികളിൽ നിന്നും വലിയപാപങ്ങളിൽനിന്നും സംരക്ഷിക്കുന്നു " എന്ന് സാരാംശം. ഗുൽഗുലു, ജടാമഞ്ചി, ചിറ്റാമൃത്, ജാതിപത്രി മുതലായ ഔഷധക്കൂട്ടുകൾ അഗ്നിയിൽ അർപ്പിക്കുന്നു.. അഗ്നിയിൽ അർപ്പിക്കുന്ന നെയ്യ്, ഈ ഔഷധങ്ങളുടെ സത്ത് സൂക്ഷ്മരൂപേണ നാലുപാടും വ്യാപിപ്പിക്കുകയാണ് അഗ്നിഹോത്രത്തിൽ സംഭവിക്കുന്നത്.  അത് ശ്വസനത്തിലൂടെയും ത്വക്കിലൂടെയും ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുകയും രോഗമുക്തിയുണ്ടാവുകയും അതിന്റെ സുഗന്ധം നിമിത്തം അന്തരീക്ഷം സുഖകരമാകുകയും മന്ത്രാർപ്പണവും ഈ നല്ല അന്തരീക്ഷവും ചേർന്ന് മനസ്സിനെ മലിനമുക്തമാക്കുകയും ചെയ്യുന്നു. അതിനാലാകണം ഏവരും അഗ്നിഹോത്രം ചെയ്യണമെന്ന് വേദങ്ങൾ നിഷ്കർഷിക്കുന്നത്.  ഇങ്ങനെ  യജ്ഞചികിത്സ പ്രാചീനഭാരതത്തിൽ സർവ്വത്രമായിരുന്നു. രാജയക്ഷംപോലെയുള്ള മഹാരോഗങ്ങൾക്ക് യജ്ഞചികിത്സയായിരുന്നു പ്രതിവിധി. അതിനാലാവണം  ആരോഗ്യം ആഗ്രഹിക്കുന്നവർ യജ്ഞ കർമ്മങ്ങളാൽ അവ നേടണ

ആത്മഹത്യ എന്ന സ്വാർത്ഥത

Image
ആത്മഹത്യ എന്ന സ്വാർത്ഥത.  °°°°°°°°°°°°°°°°°°°°°°°°°°°°°°°°°° ഒരു മനുഷ്യന് എത്രമാത്രം സ്വാർത്ഥനാകാനാകും എന്ന് ചിന്തിച്ചിട്ടുണ്ടോ... ഒരുപക്ഷേ സ്വയം ജീവനൊടുക്കുംവരെ. ആത്മഹത്യയാണ് ഏറ്റവും വലിയ സ്വാർത്ഥത. ഒരുവൻ തന്റെ കെട്ടുപാടുകളിലും  സൗകര്യങ്ങളിലുമുണ്ടാകുന്ന വിഘാതങ്ങളെ മുൻനിർത്തി സ്വജീവിതം അവസാനിപ്പിക്കുന്നു. എന്തുതന്നെയായാലും സ്വന്തം ഇമേജും സ്വന്തം കഴിവുകേടും ഒക്കെയാണ് അപ്പോഴുള്ള അവന്റെ ചിന്തകളുടെ മുഖ്യകാരണം.  അങ്ങനെ ആത്മഹത്യ ചെയ്യുമ്പോൾ അത് സ്വാർത്ഥത അല്ലാതെ പിന്നെന്താണ്. മരിച്ചാലും താൻ തോറ്റില്ല എന്ന് സ്വയം സമാധാനിക്കുന്ന ഒരുതരം മാനസികരോഗത്തിന്റെ പരിസമാപ്തിമാത്രമാണ് ഓരോ ആത്മഹത്യയും.  ഒരാൾ സ്വയം ജീവിതം അവസാനിപ്പിക്കുന്നതിനാണ് ആത്മഹത്യ എന്ന്  ശാസ്ത്രപരമായി പറയുന്നത്. സാധാരണഗതിയിൽ വിഷാദരോഗം, ബൈപോളാർ ഡിസോർഡർ, സ്കീസോഫ്രീനി, മദ്യപാനം, മയക്കുമരുന്നിനടിമ, തുടങ്ങിയ മാനസിക രോഗങ്ങൾ കാരണമുണ്ടാകുന്ന നിരാശയാണ് ആത്മഹത്യയിലേയ്ക്ക് നയിക്കുന്നത്. ഇവിടെ സ്വയം നശിച്ചുപോയെന്ന ചിന്തയും ഇനി ഈ സമൂഹത്തിനുമുന്നിൽ എങ്ങനെ ജീവിക്കും എന്നും തോന്നലുളവാകയും അതിൽനിന്ന് ഒളിച്ചോടാനും ഞാനെന്ന സ്വാർത്ഥതയെ കാക്കാനുമുള്ള ദുര

മൃത്യുഞ്ജയമന്ത്രം

Image
" ത്രയംബകം യജാമഹേ   സുഗന്ധിം പുഷ്ടി വർദ്ധനം   ഉർവ്വാരുമിക ബന്ധനാത്   മൃത്യോർമുക്ഷിയാമൃതാമൃത് " അല്ലയോ ത്രിലോചനാ, സുഗന്ധത്തെയും പുഷ്ടിയേയും വർധിപ്പിക്കുന്ന അങ്ങ്, വെള്ളരിക്കയെ അതിന്റെ തണ്ടിൽനിന്നും വേർപെടുത്തുന്നതുപോലെ മരണത്തിൽനിന്നു ഞങ്ങളെ മോചിപ്പിച്ചാലും...  ഇവിടെ മരണത്തിൽ നിന്നും എന്നാൽ അകാലമൃത്യു ആണ് വിവക്ഷിക്കുന്നത് എന്ന് ആചാര്യന്മാർ പറയുന്നു.   അകാരണമായ മൃത്യുഭയം പിന്തുടരുന്നവരിൽ മനക്കരുത്തും ജീവരക്ഷയും പ്രദാനം ചെറിയുന്ന മന്ത്രമാണ് ഇതെന്നാണ് ഐതിഹ്യം.   #ഋഗ്വേദത്തിലാണ് ഈ മന്ത്രം പ്രതിപാദിച്ചിട്ടുള്ളത്. ഇതിൽ ഭഗവാൻ  ശിവനെയാണ് സ്തുതിക്കുന്നത്. മൃത്യുഞ്ജയ മന്ത്രം ജപിച്ചാൽ മൃത്യുവിൽനിന്നു മോചനം ലഭിക്കും എന്നാണ് വിശ്വാസം.  ഈമന്ത്രം #യജുർവേദത്തിലും  വിവരിക്കുന്നുണ്ട്. രുദ്രമന്ത്രം, ത്രയംബകം മന്ത്രം എന്നീ നാമങ്ങളി ലും ഈ മന്ത്രം അറിയപ്പെടുന്നു.. പരമ രഹസ്യമായിരുന്നത്രെ ഐതീഹ്യപ്രകാരം മഹാ മൃത്യുഞ്ജയ മന്ത്രം ൠഷി മാർക്കണ്ഡേയൻ മുഖാന്തരമാണ്  ഈ മന്ത്രം ലോകമറിഞ്ഞത്. ഭൂമിയിൽ  മൃത്യുഞ്ജയ മന്ത്രം അറിഞ്ഞിരുന്ന ഒരേ ഒരു വ്യക്തിയായിരുന്നു ഋഷി മാർക്കണ്ഡേയൻ (അദ്ദേഹം എങ്ങനെ പഠിച്ചെന്നത് ഈയുള്ളവന് അറ

ജലം അഥർവവേദത്തിൽ

Image
#ജലം_അഥർവവേദം ഓം ശം ന ആപോ ധന്വന്യാ: ശമു സന്ത്വനൂപ്യാ: ശം ന: ഖനിത്രിമാ ആപ: ശമു യാ: കുംഭ ആഭൃതാ: ശിവാ ന: സന്തു വാർഷികീ:.     (അഥർവവേദം.. 1.6.4).   ഭൂമിയിൽ വിവിധ ജലസ്ത്രോതസുകളെക്കുറിച്ചാണ് അഥർവവേദം ഇവിടെ പറയുന്നത്..  മരുഭൂവിലെ പൊള്ളുന്ന ചൂടിലും അവിടവിടെ കിട്ടുന്ന ജലമാണ്(oasis water)ആദ്യം പരാമർശിക്കുന്നത്, ദൗർലഭ്യം മൂലം കരുതലോടെ ഉപയോഗിക്കേണ്ടത്.. രണ്ടാമത്തെ ജലം ചതുപ്പു നിലങ്ങളിലെ ജലമാണ്.. (സംരക്ഷിച്ച് സംസ്കരിക്കുന്നതിനുപകരം നാമവയെ മണ്ണിട്ടുമൂടുന്നു). മൂന്നാമത്തെ പരാമർശം ഭൂഗർഭജലമാണ്, (അമിതചൂഷണത്താൽ അതിന്റെ  ജലനിരപ്പ് താഴ്ന്നു താഴ്ന്നു പോകുന്നു). കുംഭത്തിൽ സംഭരിക്കുന്ന ജലമാണ് മൂന്നാമത്തെ പരാമർശം.  ഇവിടെ കുംഭം എന്നത് ജലം സംഭരിക്കപ്പെടുന്ന തടാകം, അണക്കെട്ട്, കുളങ്ങൾ, തടയണകൾ വരെ അർഥം " കും ഭൂമിം ഉംഭതി ജലേന" എന്ന് വ്യുത്പത്തി. അവസാനമായി മന്ത്രത്തിൽ വിവരിക്കുന്നത് മഴയിലൂടെ വന്നെത്തു വെള്ളം മംഗളമേകട്ടെ എന്നതാണ്. ഭൂമിയിലെ എല്ലാഭാഗത്തും മിക്കവാറും ഒരേപോലെ വന്നെത്തുന്ന ജലമാണ് വൃഷ്ടിജലം.. മറ്റുള്ള എല്ലാ ജലസ്ത്രോതസുകളുടെയും പോഷകകാരിണിയായ മഴ.. അതുകൊണ്ടുതന്നെ വൃഷ്ടിജലം ഇവയിൽ വച്ച് ഏറ്റവും ശ്രേഷ്

കാളകൾ ഒരു പഠനം

Image
കാളകൾ വായിക്കുമ്പോൽ   "മറ്റൊരു വണ്ടിക്കാള മാനുഷാകാരം പൂണ്ടി ട്ടറ്റത്തു വണ്ടിക്കയ്യി ലിരിപ്പൂ കൂനിക്കൂടി...." നിസ്സഹായനായി അടിമത്തംപോലെ ജീവിതം തള്ളിനീക്കുന്ന മനുഷ്യന്റെ ദയനീയചിത്രം ഇതിനുമപ്പുറം വരച്ചിടുവതെങ്ങനെ..? അതും പാട്ടിന്റെ പാലാഴികൊണ്ട് മലയാളിയുടെ മനസ്സിന്റെ ലോലതന്ത്രികളിൽ കിന്നരഗാനംപാടിയൊരു ഭാവഗായകന്റെ തൂലികയിൽ നിന്നാണെന്നതാണ് ഏറെ അത്ഭുതം..  അതേ പറഞ്ഞുവരുന്നത് ശ്രീ. പി #ഭാസ്കരൻമാഷിന്റെ #കാളകൾ എന്ന കവിതയെയാണ്. ചെറിയക്ലാസ്സുകളിൽ നമ്മൾ ചൊല്ലിപ്പടിച്ചതാണാ കവിത.  "തോളത്തു ഘനം തൂങ്ങും വണ്ടിതന്‍ തണ്ടും പേറി ക്കാളകള്‍ മന്ദം മന്ദ മിഴഞ്ഞു നീങ്ങീടുമ്പോള്‍..."  എന്നുതുടങ്ങുന്ന കവിത തുടർന്ന് നുകം വലിക്കുന്ന കാളകളെക്കാൾ ദൈന്യമാണ് അധ്വാനിച്ചു ജീവിക്കുന്നവന്റെ അവസ്ഥയെന്ന് അടിവരയിട്ടു പറയുന്നു....    "തോളുകള്‍ കുനിഞ്ഞിട്ടു-- ണ്ടവന്നും, സ്വജീവിത-- നാളുകള്‍ തല്‍കണ്ഠത്തി-- ലേറ്റിയ നുകം പേറി. കാലുകള്‍ തേഞ്ഞിട്ടുണ്ടി-- ന്നവന്നും നെടുനാള-- ക്കാലത്തിന്‍ കരാളമാം പാതകള്‍ താണ്ടിത്താണ്ടി."... ജീവനത്തിനായുള്ള മനുഷ്യന്റെ തത്രപ്പാടുകളുടെയും നിരന്തരമായി തുടരുന്ന മനുഷ്യാധ്വാനത്തിന്റ

പൂതപ്പാട്ട് ഒരു പുനർവായന

Image
പൂതപ്പാട്ട് ഒരു വായനകൂടി " വെയില്‍ മങ്ങി മഞ്ഞക്കതിരു പൊങ്ങി വിതയങ്കണത്തിലെ കാര്‍കള്‍ പൊങ്ങി എഴുതുവാന്‍ പോയകിടാവു വന്നീ- ലെവിടെപ്പോയ് നങ്ങേലി നിന്നുതേങ്ങി"... ഓർമ്മയില്ലേ നമ്മുടെ #പൂതപ്പാട്ട്... മലയാള കവിതകളിൽ ഇത്രയധികം ആവിഷ്കാരങ്ങൾക്ക് നിദാനമായൊരുകൃതി വേറെ ഉണ്ടാവില്ല. സാധ്യമായ കലാരൂപങ്ങളിലെല്ലാം പൂതപ്പാട്ട് ആവിഷ്കരിക്കപ്പെട്ടുകഴിഞ്ഞു.... "യാത്ഥാർത്ഥ്യ ബോധത്തോടെ മണ്ണാനകൊണ്ടും മറ്റും കളിക്കുന്ന കുട്ടികളുടെ ഉന്മാദമോ, കേവലം കഥാകഥന കൌതുകമോ മാത്രമല്ല ഈ കവിതയുടെ പ്രേരണ. അവ നാടോടിക്കഥയിൽ നിന്ന് മനുഷ്യഭാവങ്ങളിലേക്ക് കീറിയ ചാലുകളാണെന്ന് "ഡോക്ടർ എം ആർ #രാഘവവാരിയർ" നിരൂപിക്കുന്നു." "ആറ്റിന്‍കരകളിലങ്ങിങ്ങോളം അവനെ വിളിച്ചു നടന്നാളമ്മ. നീറ്റില്‍ക്കളിക്കും പരല്‍മീനെല്ലാം നീളവേ നിശ്ചലം നിന്നുപോയി. ആളില്ലാപ്പാടത്തിലങ്ങുമിങ്ങും അവനെ വിളിച്ചു നടന്നാളമ്മ. പൂട്ടിമറിച്ചിട്ട മണ്ണടരില്‍ പുതിയ നെടുവീര്‍പ്പുയര്‍ന്നുപോയീ. കുന്നിന്‍ചെരിവിലെക്കൂര്‍ത്തകല്ലില്‍ ക്കുഞ്ഞിനെത്തേടി വലഞ്ഞാളമ്മ"  ഇവിടെയും വൈലോപ്പിള്ളിയുടെ മാമ്പഴത്തിലെന്നപോലെ ഒരമ്മയുടെ വേദനയിലൂടെയും ആകുലതയിലൂടെയുമാണ്

പ്രശ്നവശാൽ കൊറോണ പ്രശ്നം

Image
പ്രശ്നവശാൽ കൊറോണ ഭീകരമാണ്കാ രണം. വിഷയതീവ്രതയും  ഗൗരവവും കണ്ട്  സമസ്യാപൂരണം  മനുഷ്യനെ ഏൽപിച്ച്  ദൈവങ്ങൾ  വിശ്രമിക്കുന്നു....  ഭൂമിയിലെ  ആൾദൈവങ്ങൾ  ഒളിവിലാണ്.. എന്നിരുന്നാലും  ഭൂമിയിൽ   ദൈവത്തിന്റെ   മൊത്തക്കച്ചവടക്കാരും  ദല്ലാൾമാരുമാണ്  പ്രശ്നം... #sree.

മയങ്ങാതെ കാണുന്ന കിനാക്കൾ

Image
#മയങ്ങാതെകാണുന്ന_കിനാക്കൾ മുനിഞ്ഞുകത്തുന്ന മണ്ണെണ്ണവിളക്കുതിർക്കുന്നൊരു ഗന്ധമുണ്ട്...  മുഷിഞ്ഞ ദാരിദ്ര്യം കുടിലിലമരുന്നൊരു ഗന്ധവും, ഇണചേരുമവ നിറസന്ധ്യയിൽ.! മനംമടുപ്പിക്കുന്ന  ഗന്ധങ്ങളെയുപേക്ഷിച്ച് രാത്രിയിലേക്കിറങ്ങണം.. വെറും മണ്ണിൽ  ആകാശം നോക്കി കിടക്കണം.. നറുമുല്ലമണവുമായൊരു കുളിർകാറ്റണയുമപ്പോൾ.. വെൺനുരയുതിരുന്നൊരാകാശം പൗർണ്ണമിയെ പരിലാളിക്കവേ മനമാകെ കുളിരണിയുമടിമുടിയുടലും. ""പ്രിയ പൌർണ്ണമീ.. നീയെനിക്കെന്നുമൊരു ചാരായലഹരിയാണ്.... മൂവന്തിവാറ്റിയെടുത്ത് പാതിരാവിന്റെ ചഷകത്തിൽ നിറച്ചുവച്ച സോമരസ ലഹരി."" ഇരുളലിയുന്നനേരം വെറുതെ മോഹിക്കാറുണ്ട്.. എന്നും പൗർണ്ണമിയായിരുന്നെങ്കിൽ.. നീലാകാശത്തിന്റെ  മട്ടുപ്പാവിലെങ്ങാൻ നക്ഷത്രശോഭയുടെ  ഭംഗി കൈകൊണ്ട്, മധുരസ്വപ്നം  മെടഞ്ഞുറങ്ങുന്നൊരുവളെ കണ്ടെത്താനായേക്കുമായിരുന്നു. തെങ്ങോലത്തുമ്പിലൂടൂർന്നുവീഴുന്ന മഞ്ഞുതുളളികളിണചേർന്നൊഴുകുന്ന കുഞ്ഞരുവിക്കുളിരിൽ  മനംചേർക്കാമായിരുന്നു. ------------------#ശ്രീ