Poem- Malayalam
അമ്മഭാഷ •••••••••••• ആദ്യക്ഷരം മുതൽ പാലിക്കപൈതൃകം, കാക്കനീ മലയാളമാതാവിനമൃതമായ്... ആ, അമ്മയെന്ന് പഠിക്കുന്നഭാഷയീ- മാമലയാളത്തിൽ മാത്രമെന്നോർക്കനീ.. മാതാപിതാക്കളുമാചാര്യനും പിന്നെ ഈലോകപാലകനും നിന്നെമേൽക്കുമേൽ അന്പോടനുഗ്രഹമേകിനിൽക്കെ നല്ല ചന്തം തുളുമ്പുമീ ഭാഷ ഭുജിക്കനീ.. തുഞ്ചന്റെ കൊഞ്ചുംകിളിമൊഴിപോലെയാ- കുഞ്ചന്റെ വാഗ്മയവൈഭവംപോലെയും തഞ്ചത്തിൽ കൊഞ്ചുന്ന നിൻനാവിനെ ദിനം ചന്തം വരുത്തേണമീയമ്മഭാഷയാൽ ആദിസ്വരങ്ങളും വ്യഞ്ജനം, മുദ്രയു- മാവോളമിന്ന് ഹൃദിസ്ഥിതമാക്കുകിൽ ആകാം നിനക്കുമലയാളമങ്കതൻ മാനമുയർത്തുമഭിമാന നക്ഷത്രം. അമ്മയുമമ്മതൻ ഭാഷയുമൊന്നുപോൽ പുണ്യമാണെന്നതറിഞ്ഞു പഠിക്കനീ നന്മ നിറഞ്ഞ നിൻ ഭാഷ മറക്കാതെ തന്മയമായ്ത്തന്നെ ഭാഷിക്ക നിത്യവും. Sreekumarsree 30/06/2016