Poem - ONAM

പ്രിയരെ....
ഇന്ന് ഓണം ആഘോഷിക്കുന്ന മുതിർന്നവർക്കെല്ലാം ദീപ്തമധുരമായ  ഓണസ്മരണകളുണ്ട്. നന്മയുടെയും സ്നേഹത്തിന്റെയും  ഒത്തൊരുമയുടെയും സമ്മേളനമായിരുന്നു ആ ഓണക്കാലം.
ആ മധുരസ്മരണകളയവിറക്കുന്നവർക്കായി എന്റെ ഓണപ്പാട്ട് സമർപ്പിക്കുന്നു.

മലയാളനാടെന്റെയോണം.
°°°°°°°°°°°°°°°°°°°°°°°°°°°
ഹൃദയതന്ത്രികൾ മീട്ടിയണഞ്ഞിതാ
പ്രിയദിനങ്ങളാം പൊന്നോണനാളുകൾ
ഹരിതകേരളം കാത്തുകാത്തെപ്പൊഴും
സുകൃതമായ് തന്ന നന്മയാണെന്നോണം.
ഇനിയൊരുത്സവമാണെന്റെ പുലരികൾ
ഇനിയൊരാനന്ദമാണ് പത്തോണവും.

അരിയപൊന്നോണശീലുകൾ പാടുന്ന
അരുമയാംകിളിപ്പെണ്ണിന്റെ പാട്ടുകൾ
ചൊടിയിലേറ്റു കളംവച്ചെഴുതണം
പലനിറംചേർത്ത പൂക്കളവിസ്മയം.

പകലുവാടാത്തപൂക്കളെ തേടണം
വളകിലുക്കിയാ പൂവിളിപാടണം
തൊടിയിലാകെപുതുവെന്മയേകുന്ന
അരിയതുമ്പയെ പ്രിയമോടെകരുതണം.

നാട്ടുമാവിൽ ചമച്ചപൊന്നൂഞ്ഞാലിൽ
നറുനിലാവുമേറ്റായത്തിലാടണം.
ആറ്റിറമ്പിലെ വെൺമണൽത്തിട്ടയിലേ-
റ്റുപാടണം മാവേലിപ്പാട്ടുകൾ.

ചെണ്ടവാദ്യമകമ്പടിതീർത്തുകൊണ്ടി-
മ്പമോടെമുറ്റത്തവന്നെത്തുമാ,
കുമ്പയാട്ടിതെങ്ങോലയിളക്കുന്ന
തമ്പുരാനോണപ്പൊട്ടനെ കാണണം.

തുമ്പിതുളളിക്കളിക്കണം മേളമായ്
ചെമ്പഴുക്ക മറുകരമൊറ്റണം
ചെങ്കതിർമുഖം നുളളിനോവിക്കുവാ-
നുളളിൽമോഹമുദിക്കും സതീർഥ്യനു-
പൊൻകടാക്ഷമിടയ്ക്കിടെയേകണം.

പൊൻകസവിനാലച്ഛനേകും പട്ടു
കുഞ്ഞുപാവാടമെല്ലപ്പിടിച്ചുകൊ-
ണ്ടൊന്നുചാടികളംതീണ്ടിയാടണം
വാശിയേറ്റും കളിക്കുമുന്നേറണം.

പത്തുനാളിലൂടുത്സവം തീർന്നെന്നാൽ
പട്ടുടുപ്പിന്റെ പുത്തൻ മണംമാറു-
മെത്രനാളിനിക്കാത്തിരിക്കേണമോ
മറ്റൊരോണക്കളംവരച്ചാടുവാൻ...

ഓർമ്മവച്ചനാളല്ല, എന്നോർമ്മക-
ളോണമില്ലാതെയുണ്ടില്ലുറങ്ങിയില്ലാ-
മധുരസ്മരണകൾ നൽകിയ
മാമലയാളനാടുതന്നെന്നോണം.

Sreekumarsree 7.8.16
MY MOOD AND MAD - 100

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്