Poem- Malayalam
അമ്മഭാഷ
••••••••••••
ആദ്യക്ഷരം മുതൽ പാലിക്കപൈതൃകം,
കാക്കനീ മലയാളമാതാവിനമൃതമായ്...
ആ, അമ്മയെന്ന് പഠിക്കുന്നഭാഷയീ-
മാമലയാളത്തിൽ മാത്രമെന്നോർക്കനീ..
മാതാപിതാക്കളുമാചാര്യനും പിന്നെ
ഈലോകപാലകനും നിന്നെമേൽക്കുമേൽ
അന്പോടനുഗ്രഹമേകിനിൽക്കെ നല്ല
ചന്തം തുളുമ്പുമീ ഭാഷ ഭുജിക്കനീ..
തുഞ്ചന്റെ കൊഞ്ചുംകിളിമൊഴിപോലെയാ-
കുഞ്ചന്റെ വാഗ്മയവൈഭവംപോലെയും
തഞ്ചത്തിൽ കൊഞ്ചുന്ന നിൻനാവിനെ ദിനം
ചന്തം വരുത്തേണമീയമ്മഭാഷയാൽ
ആദിസ്വരങ്ങളും വ്യഞ്ജനം, മുദ്രയു-
മാവോളമിന്ന് ഹൃദിസ്ഥിതമാക്കുകിൽ
ആകാം നിനക്കുമലയാളമങ്കതൻ
മാനമുയർത്തുമഭിമാന നക്ഷത്രം.
അമ്മയുമമ്മതൻ ഭാഷയുമൊന്നുപോൽ
പുണ്യമാണെന്നതറിഞ്ഞു പഠിക്കനീ
നന്മ നിറഞ്ഞ നിൻ ഭാഷ മറക്കാതെ
തന്മയമായ്ത്തന്നെ ഭാഷിക്ക നിത്യവും.
Sreekumarsree 30/06/2016
Comments