Poem - Malayalam
ഋതുഭേദങ്ങളിലെ ഞങ്ങൾ
*തുലാസന്ധ്യയിലെ മഴ*
നിറസന്ധ്യകളിൽ നിനക്കല്പം തോർന്നുകൂടെ..?
ഈറൻ മുടിക്കെട്ടുമായി ചെരാതിലെ ദീപം, തുളസ്സിത്തറയിലേക്ക് പകരുന്നവളോടൊപ്പം
ഞാനൊന്ന് പ്രാർത്ഥിച്ചോട്ടെ...
*എരിവേനലിലെ കാറ്റ്*
തീച്ചൂടിൽ നിനക്കല്പം കുളിർ പകർന്നൂടെ..?
പുഞ്ചപ്പാടത്തെ കരിമുഖിയുടെ
പിൻകഴുത്തിൽ
ഞാറ്റുവേലയുടെ ഇടനേരത്ത്,
ഞാനൊന്ന് ചുംബിച്ചോട്ടെ.
*ആതിര രാവിന്റെ തണുപ്പ്*
ഈറൻ മാറിയിട്ടും പാതിരാവിൽ
നീയിത്ര തണുപ്പിക്കുന്നതെന്തിനാണ്.. ?
ആതിരപ്പാട്ടിന്റെ താളം മുറിയാതെ-
ആടിക്കുഴഞ്ഞവൾക്ക്,
ഞാനൽപം ചൂട് പകരട്ടെ.
ഞാൻ
മുഖപുസ്തകങ്ങളിലൂടെ
ബ്ലോഗെഴുത്തുകളിലൂടെ
ഇരവുപകലുകളിലെ,
ഒഴിവുസമയങ്ങളുടെ
ഓട്ടയടച്ചു..
അവൾ
അടുക്കളയൊഴിവിൽ,
സീരിയൽ നായികയുടെ
ഒരിക്കലും നിലയ്ക്കാത്ത
പുളിച്ച കണ്ണീരൊപ്പി..
ഇരുവർക്കുമിടയിലെവിടെയോ
നിറസന്ധ്യകൾ,
വേനൽത്തുമ്പികൾ,
ആതിരക്കുളിരുകൾ,
വന്നും പോയുമിരുന്നു.
ഇടനേരത്തെ പരസ്യ-
സംപ്രേഷണം പോലെ.
Sreekumar sree.24/03/2016.
Comments