സരസമ്മയുടെ മകൾ
#കഥയമമ... യിൽ പ്രസിദ്ധീകരിച്ച എന്റെ ചെറുകഥ.
#സരസമ്മയുടെ_മകൾ
"പിന്നൊരു വിശേഷം. മോനേ..., പറയാൻ വിട്ടുപോയീ.. നമ്മുടെ തെക്കേപ്പുറത്തെ സരസമ്മ മരിച്ചു, കഴിഞ്ഞമാസം.. നിനക്കോർമ്മയുണ്ടാവുമല്ലോ.. ആ ചെക്കൻ നാടുവിട്ടുപോയിട്ട് ഏതാണ്ട് അഞ്ചുകൊല്ലമാവും... ഇനീപ്പോ ആ പെണ്ണിനൊരു കൂട്ടിനാരുമില്ലാണ്ടായി... കഷ്ടം. " അമ്മ അവസാനമെഴുതിയ കത്ത്. പെട്ടന്ന് നാട്ടിലേക്ക് തിരിക്കുമ്പോൾ എന്തിനോ അറിയാതെ പെട്ടിയിലേക്കത് എത്തിപ്പെടുകയായിരുന്നു.. യാത്രയുടെ വിരസതയിൽ അമ്മയിലേക്കൊരഭയത്തിന് വീണ്ടുമെടുത്തു വായിച്ചുനോക്കി.. കത്തിനിടയിലെ കുറച്ചു വാചകങ്ങൾ... അവയിലൂടെ മനസ്സ് വീണ്ടുമോടിപ്പാഞ്ഞ് ബാല്യത്തിന്റെ കൈവരമ്പിലേക്കണഞ്ഞു... തെക്കേപ്പുറത്തെ സരസമ്മയും മക്കളും.. ഓർമ്മകൾ പ്രായംമറന്നോടാൻ തുടങ്ങുന്നു.. തീവണ്ടിയുടെ അപസ്വരം ചെവികളിൽനിന്നൊഴിയുന്നു കണ്ണുകൾപൂട്ടി തല പിന്നിലേയ്ക്ക് ചായ്ച്ചിരുന്നു.. തീവണ്ടി ഒരു ആട്ടുതൊട്ടിൽ പോലെ ആടിക്കുതിച്ചുകൊണ്ടിരുന്നു.. മനസ്സ് അതേവേഗത്തിൽ പിന്നിലേക്കും..
*******************
അഗസ്ത്യപർവ്വതത്തിന്റെ പാർശ്വനിരകളെ തലോടിയൊഴുകുന്നൊരു കാറ്റ് അശ്വഗന്ധംപേറി മനസ്സിലേക്കോടിയെത്തി.. ചെമ്മുഞ്ഞിമേടിൽ ഒരു കൈതോടായുത്ഭവിച്ചരുവിയായി വളരുന്ന എന്റെ പുഴ.. മണൽപ്പരപ്പിനിരുപാർശ്വങ്ങളിലും കിലുകിലാരവം പൊഴിച്ച് നിറക്കാഴ്ച സമ്മാനിച്ച കതിർഭാരങ്ങളുമായി വയലോലകൾ, നടവരമ്പുകൾ ചെറുവീടുകളിലഭയം തേടുന്നൊരു കൊച്ചുഗ്രാമം. ചെറുതോടുകളെല്ലാം പുഴയെ പുഷ്ടിപ്പെടുത്തുന്ന ഗ്രാമം. തൃസന്ധ്യകളിൽ രാമനാമജപമുയരുന്ന കുടിലുകൾ. മണ്ണെണ്ണവിളക്കുകൾ ഗൃഹനായകനെകാത്ത് ഉമ്മറങ്ങളിൽ അമ്മമാർക്ക് കൂട്ടിരിക്കുമ്പോൾ മുറ്റത്തെ അരിമുല്ലയും പിച്ചകവും നന്ദ്യാർവട്ടവും നറുമണം ചുരത്തുന്ന ഗ്രാമം. നാവുകുഴഞ്ഞുലയുന്ന ശബ്ദത്തിൽ നടവരമ്പിലൂടാടിവരുന്ന നാടൻപാട്ടിന് വാറ്റുചാരായത്തിന്റെ ഗന്ധം.. മിന്നാമിനുങ്ങളുടെ സ്വർണ്ണവെട്ടത്തിനൊപ്പം പാടവരമ്പുകളിൽ ബീഡിക്കുറ്റികളുടെ തിരിവെട്ടങ്ങൾ.. പകലോനണഞ്ഞതികമാകുംമുമ്പ് രാവുവിരിക്കുന്ന കമ്പളത്തിലേക്കൂളിയിട്ടുറങ്ങുന്ന എന്റെ ഗ്രാമം.
"ടീ കോഫീ.. ബജീ.. പാനീ.. മീഠാ..." ലഘുഭക്ഷണവില്പനക്കാരന്റെ നിലവിളിയിൽ ചിന്തകൾ തൂവിപ്പോയി... മുന്നിലിരുന്നയാൾ എന്തോ ഓർഡർ ചെയ്തു.. അലുമിനിയം കടലാസിൽ പൊതിഞ്ഞ ഭക്ഷണം അയാൾ പതിയെ നിവർത്തി.. കടുകെണ്ണയുടെയും മസാലയുടെയുമൊരു സമ്മിശ്രഗന്ധം മനംമടുപ്പിക്കാൻ തുടങ്ങി.. തല പിന്നിലേക്ക് ചായ്ചുവച്ച് കണ്ണുകളടച്ചിരുന്നു.. വീണ്ടുമോർമ്മകളിലേക്കൂളിയിടാൻ... മനസ്സ്ചികഞ്ഞെടുത്തുവിളമ്പിയത് ഒരിലച്ചോറായിരുന്നു.. ഡസ്കിനുമുകളിൽ വച്ച് ഇലച്ചോറഴിക്കേ,മൂക്കിലേക്കിരച്ചുകയറുമായിരുന്നൊരു ഗന്ധമുണ്ട്.. പുന്നെല്ലരിയുടെ മണം... കണ്ണിമാങ്ങ അച്ചാറും കാന്താരിമുളകരച്ച ചമ്മന്തിയും തീർക്കുന്നഗന്ധം... ചോറിനുമുകളിൽ കമഴ്ത്തിപൊതിഞ്ഞ മുട്ടപൊരിച്ചത് ഇലത്തുമ്പിലേക്കൊതുക്കവേ... വയറുനിറയും മുമ്പ് മനസ്സുനിറയുന്ന മണം.. അതിന് അമ്മയുടെ ഗന്ധമായിരുന്നു.... അമ്മയുടെ വാത്സല്യത്തിന്റെ ഗന്ധം.... എല്ലാ ഗന്ധങ്ങളും അമ്മയിലേക്കാണണയുന്നത് അല്ലെങ്കിൽ എല്ലാഗന്ധങ്ങളുടെയും ഉറവ അമ്മയാണ്.
ആ ഗന്ധങ്ങൾ ഒരു പഴയ അലുമിനിയം വട്ടപ്പാത്രത്തിലൂടെ പങ്കുവയ്ക്കപ്പെടുന്നത് എന്നാണറിഞ്ഞത്..?. അടുത്ത പറമ്പിലെ ഒൻപത് വയസ്സുകാരി ഉരക്കളത്തിന്റെ പുറകിലിരുന്നത് ആർത്തിയോടെ വാരിക്കഴിക്കുന്നതിപ്പോഴും ഓർമ്മയുണ്ട്...
"പാവമാടാ.. അച്ഛനില്ലാത്ത പിള്ളാരാ.. നീയിതച്ഛനോട് പറയാൻ നിക്കണ്ട കേട്ടോ... " ചെറിയൊരു താക്കീതോടെ അമ്മ ന്യായീകരിച്ചു.
ആ സ്നേഹം പങ്കുവച്ചതിന് പരിഭവമൊന്നും തോന്നിയില്ല.. എത്ര പകർന്നാലും തീരാത്ത സ്നേഹത്തിന്റെ അക്ഷയപാത്രമാണമ്മയെന്ന് ആർക്കാണറിയാത്തത്. അച്ഛനില്ലാത്തവൾ... അമ്മ അങ്ങനെയാണ് വിശേഷിപ്പിച്ചത്.
"അറുവാണിയുടെ മകൾ തള്ള വേലിചാടിയവളാ നാളെയിതൊക്കെ നാടിനെ പിഴപ്പിക്കും" അച്ഛന്റെ പതിവുവിശേഷണം.. കൂട്ടുകൂടരുത് പോക്കണംകെട്ട ജാതിയോട് അച്ഛന്റെ ആജ്ഞ... കൂട്ടുകൂടി എന്നിട്ടും ഒളിഞ്ഞും മറഞ്ഞും അമ്മ നൽകിയ സ്നേഹം കഴിച്ച് പ്രത്യുപകാരമായി ഉരക്കളത്തിണ്ണയിലിരുന്നു അനുജത്തിയുമായവൾ കൊത്തംകല്ലാടി.. ഞങ്ങൾ സാറ്റുകളിച്ചു.. കളിവീടുകെട്ടി.. ബാല്യത്തിന്റെ സഹജസ്നേഹങ്ങളെ എത്രകാലം ഉഗ്രശാസനങ്ങളിൽ തളച്ചിടും.?.
ചില രാവുകനക്കുമ്പോൾ ചെറിയ ആ വീട്ടിലെ തർക്കങ്ങൾ കശപിശകൾ... എന്നും ഉറക്കംഞെട്ടിയുണരുന്ന അനിതയുടെ നിലവിളികളിലാണവസാനിക്കുക.. മിണ്ടാതുറങ്ങ് മണ്ണെണ്ണവിളക്കുകെടുത്തി "അവർ".... അജ്ഞാപിക്കും... അവളുടെ കരച്ചിലവസാനിപ്പിക്കും..
"അവർ"...! മുതിർന്നു വലിയകുട്ടിയാകും വരെ എനിക്കവരുടെ പേരതായിരുന്നു. അച്ഛനെന്നും കുലംകെട്ടവളെന്നും അർവ്വാണിയെന്നും പല്ലിറുമ്മും അമ്മ ആ പട്ടിണിക്കോലത്തെ ദയവോടെ നോക്കാറുള്ളത് ഇന്നും ഓർക്കുന്നു...
വണ്ടി ചിലസമയങ്ങളിൽ ഭീകരമായ വേഗമെടുത്തും പലപ്പോഴും ഇഴഞ്ഞും ഉത്തരേന്ത്യൻ ഗ്രാമങ്ങളെ കടന്ന് കിതച്ചുമിരച്ചും തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെത്തി. പതിവിനു വിപരീതമായി കാർ കാത്തുകിടപ്പുണ്ട് ഏകമകന്റെ വരവുകാത്ത് ചേതനയകന്നൊരു ശരീരം അവിടെ മൊബൈൽ മോർച്ചറിയിൽ കാത്തിരിപ്പുണ്ട്... അമ്മ.. ഇനിയൊരിക്കലും എനിക്കു കത്തെഴുതിയയ്ക്കാൻ ഭൂമിയിൽ ആരുമില്ല.. കാത്തിരിക്കാനും.
അസ്ഥി നമസ്കരിച്ച് മൂടികെട്ടി നിമഞ്ജനം ചെയ്യാനായി ശിരസ്സിലേറ്റി സജലങ്ങളായ കണ്ണുകളോടെ അതിലേറെ കലങ്ങിയ മനസ്സുമായെണീറ്റതാണ്.. കണ്ണുകൾ അറിയാതെ വേലിപ്പുറം കടന്നുപോയി രാമച്ചം വളർന്നുനിറഞ്ഞിടത്ത് മറഞ്ഞുനിന്നവൾ എത്തിനോക്കുന്നു നിറകണ്ണുകളോടെ അനിത... എന്താണവളുടെ മനസ്സിൽ.. ഒരുപാട്പ്രാവശ്യം അന്നംതന്നെ മാതൃസമാനമായ ആ ആത്മാവിന് കണ്ണുനീർപ്പൂക്കളർപ്പിക്കയാവും അച്ഛന്റെ ദേഹവിയോഗത്തിനുശേഷം ഏറെ സ്വാതന്ത്ര്യം അവൾക്കിവിടെ ലഭ്യമായിരുന്നു അതാണ് നഷ്ടമായിരിക്കുന്നത്.. ഇനി ഈ പറമ്പുമവൾക്കന്യമായിരിക്കുന്നു. ചടങ്ങുകൾ കഴിഞ്ഞു.. എല്ലാവരും പിരിഞ്ഞുപോയി..
"വർഷാവസാനമാണ് ചേട്ടന് ലീവ് തീരെയില്ല.. കുട്ടികളുടെ പഠനവും മുടങ്ങുന്നു.. അവരെ അങ്ങുവിടാമെന്ന് വച്ചാൽ ആരവർക്ക് വല്ലതും വച്ചുവിളമ്പും.."
നീയെന്നാണ് അവധിതീർത്തുപോകുന്നത്, എനിക്ക് മടങ്ങിപ്പോകണം എന്നുതന്നെയാണ് സഹോദരിയുടെ ആ പറച്ചിലിന്റെ പൊരുൾ.. അവരെ കുറ്റംപറഞ്ഞിട്ടുകാര്യമില്ല ഓരോ അവധിക്കും നൂറുകണക്കിനു ആലോചനകളുമായി അവളെത്തിയിരുന്നു. എന്തുകൊണ്ടാണ് സമ്മതം മൂളാനാകാത്തത്.. അറിയില്ല.. ഒരു വെടിയുണ്ടയുടെ ദയയ്ക്ക്.. ഒരു ഗ്രാനേഡ്ചീളിന്റെ മൂർച്ചയിലെരിയേണ്ടൊരു പട്ടാളക്കാരനാണ് ഞാൻ. മതി അതുതന്നെയകട്ടെ ജീവിതം.
"അവൾ ആ തെക്കേപ്പുറത്തെ അനിത അവരിപ്പോഴുമുണ്ടോ അവിടെ... ? " ചോദ്യം സഹോദരിയുടെ ദേഷ്യം ഇരട്ടിപ്പിച്ചു..
"ആതള്ള ചത്തുതൊലഞ്ഞു.. കുറച്ചുകാലേ ആയുള്ളൂ.. താലൂക്കാശൂത്രീൽകെടന്നാ.. പഞ്ചായത്താണ് ശവമടക്ക് നടത്തീത് . ഒരു ചെക്കനുള്ളത് നീ മിലിട്ടറീ പോയകാലത്ത്തന്നെയാണ് നാടുവിട്ടത്.. തള്ള ചത്തപ്പോഴും എത്തീല്ല.. ആർക്കറിയാം ജീവിച്ചിരിപ്പുണ്ടോന്ന്... അല്ലേൽ വല്ല ജയിലിലുമായിരിക്കും എനജാതികളല്ലേ.. ആ പെണ്ണൊണ്ട്... അമ്മച്ചി വല്ലതുമൊക്കെ കൊടുക്ക്വാരുന്ന്.. കാഷ്യൂ കമ്പനീൽ പോണൊണ്ടത്.. അമ്മേടെ മോളല്ലേ അമ്മ വേലിചാടിയാൽ മോളു മതിലുചാടും.." അപ്പറഞ്ഞതിൽ സഹോദരി അച്ഛന്റെ വാക്കുകളും ഭാവവും പകർന്നെടുത്തിരിക്കുന്നു.
ഞാൻ രണ്ടുമൂന്ന് ദിവസംകൂടി ഇവിടുണ്ട് നീ കുട്ടികളുമായി നാളെത്തന്നെ മടങ്ങിക്കോളൂ.. ഞാൻ പൊയ്ക്കോളാം...
"അതുവരെ നിനക്കേതാണ്ട് കഴിക്കാനോ കുടിക്കാനോ ആരുതരും... ഒന്നിനെ കൊണ്ടുവരാൻ എത്രവട്ടം പറഞ്ഞു കേട്ടില്ല.. ഇനീപ്പോ നീയൊന്നു മനസ്സുവയ്ക്ക് അടുത്ത വരവിനെങ്കിലും...." പതിവു പരാതിയിലേക്കവൾ കടന്നിരിക്കുന്നു..
വച്ചുകുടിക്കാനറിയാത്ത പട്ടാളക്കാരനില്ല അതറിയോ നിനക്ക്... ഒന്നും സാരമില്ല നീ പൊയ്ക്കോ ഞാൻ പോകാൻദിനം വിളിച്ചേക്കാം..
"ന്നാപ്പിന്നെ ഞങ്ങൾ പൊലർച്ചേ പോകാം നെനക്ക് പെണ്ണുകെട്ടാൻ വയ്യാച്ചാ വേണ്ട ഈ പറമ്പൊന്ന് വേലികെട്ടീട്ട് പോ.. ഇനീപ്പോ ആരും നോക്കാനില്ലാണ്ട്... "
നോക്കട്ടെ ആളെ ഏർപ്പാടാക്കാം.. അതുപറഞ്ഞ് സംഭാഷണമവസാനിപ്പിച്ചു.
രാവ് അമ്മയുടെ ഗന്ധവുമായി ഓടിയെത്തി.. മുറ്റത്തെ നന്ത്യാർവട്ടം പൂത്തുലയുന്നു ഓർമ്മകൾക്കൂർജ്ജമേകി ആ സുഗന്ധം മുറിയാതെ തങ്ങിനിന്നു.
രണ്ടുദിനംകൂടിയുണ്ട് ലീവ് അമ്മയില്ലാത്ത തിരിച്ചുപോക്കാണ് ഉപ്പേരിയും കായ്നുറുക്കുമില്ലാതെ ഉണ്ണിയപ്പവും കണ്ണിമാങ്ങ അച്ചാറും അവലോസുപൊടിയുമില്ലാതെയൊരു തിരിച്ചുപോക്കിന്..പാദംതൊട്ടുനമസ്കരിച്ചുയരുമ്പോൾ നിറകൺചിരികാണാനാകാതെ.. ഒരു തിരിച്ചുപോക്കിന്.. അടുത്ത ദിനം രാത്രി അലസമായിരിക്കുമ്പോഴാണ് അമ്മയുടെ കാൽപ്പെട്ടി തുറന്നുനോക്കിയത്.. രാമച്ചത്തിന്റെ സുഗന്ധം.. കസവുമുണ്ടുകളും നേര്യതും ഏറ്റവും മുകളിൽ അഡ്രസ്സ് എഴുതാതെ വച്ചൊരു ഇന്ലെന്റ്...!!
അമ്മ ഈ യുഗത്തിലും കത്തെഴുതുമായിരുന്നു എനിക്കുമാത്രം.. മലയാളത്തിൽ അഡ്രസ്സ് എഴുതിയാലത് എനിക്ക് കിട്ടില്ലെന്നറിയാം അതിനാൽ കത്തെഴുതി ഒട്ടിച്ചശേഷം അടുത്തുള്ള പോസ്റ്റ്മാസ്റ്ററെകൊണ്ടാണ് ഇംഗ്ലീഷിൽ അഡ്രസ്സെഴുതിക്കാറുള്ളത്.. ഇത് അമ്മ അവസാനമെഴുതിയ കത്ത് പോസ്റ്റ് ചെയ്യാനവസരംകിട്ടാതെ... ഉത്ക്കണ്ഠയോടെയാണത് പൊട്ടിച്ചത്.. അമ്മയുടെ പഴയലിപിയിലെ മലയാളഅക്ഷരങ്ങൾ....
പതിവുവിശേഷങ്ങൾ പതിവിനു വിപരീതമായി ചുരുക്കിയിരിക്കുന്നു.. "മോനേ..." രണ്ടാമത്തെ ഖണ്ഡിക ആരംഭിച്ചപ്പോൾതന്നെ നേരിൽ വന്ന് നെറുക തഴുകുന്നപോലെ തോന്നി... " ഇനി ഞാൻ എഴുതുന്നത് നീ ശ്രദ്ധിക്കണം.. നമ്മുടെ സരസമ്മ മരിച്ചത് ഞാൻ അറിയിച്ചല്ലോ.. ആ കുട്ടിയുടെ കാര്യം മഹാ കഷ്ടമാണ്... എത്രകാലമാണ് അവൾ പിടിച്ചു നിൽക്കുക.. നമ്മുടെ നാട് ഒരുപെണ്ണിനെ നശിപ്പിക്കാൻ കച്ചകെട്ടിനിൽക്കുകയാണ്.. എനിക്കറിയാമവളെ.. പാവമാണ് വഴിപിഴച്ചില്ല.. നിനക്കറിയോ ഒരു രഹസ്യം... എന്നും രാത്രി അവൾ എന്റെ ഒപ്പമാണ് ഇപ്പോൾ ഉറങ്ങുന്നത്.. അതിവിടെ ആർക്കും അറിയില്ല.. ആ കൊച്ചുകൂരയിൽ ഒരുപെണ്ണ് എങ്ങിനെ ഒറ്റയ്ക്കു അന്തിയുറങ്ങും.. അതുകൊണ്ട് മോനേ... അവളെ ഇവിടുന്ന് നിനക്കൊന്നു കൊണ്ടുപോകാനാകുമോ.. അവിടെ എവിടേലും വല്ല വീട്ടുവേലയും ചെയ്ത് പാവം കഴിഞ്ഞോളും... ഏതെങ്കിലും കേണൽ സാറുമ്മാരുടെ വീട്ടിലോ മറ്റോ നീ വിചാരിച്ചാൽ അവൾക്കൊരു ജോലി വാങ്ങിക്കൊടുക്കാനാവില്ലേ... പിന്നെ അവൾ പ്രീഡിഗ്രിയും പഠിച്ചു അതു നെനക്കറിവുണ്ടല്ലോ.. "
സ്വന്തം സഹോദരിയുടെ ആവശ്യം പോലും പറയാത്ത അമ്മ... അച്ഛന്റെ ഭാഷയിൽ ഒരു തേവിടിശ്ശിപ്പെണ്ണിനായി... പാവം അമ്മ സ്നേഹത്തിന്റെ അക്ഷയപാത്രമായിരുന്നു...
പുറത്തിറങ്ങി വയൽക്കരയിൽനിന്നൊരു തണുത്തകാറ്റ് ശരീരത്തിനും മനസ്സിനും കുളിരേകി.. അറിയാതെ തെക്കേപ്പുറത്തേയ്ക്കുനോക്കി.. ചെറുകൂരയുടെ മുന്നിൽ കമ്പിക്കാലിൽ കൊളുത്തിട്ടുതൂക്കിയ മണ്ണെണ്ണവിളക്കെരിയുന്നു.. അനിതയ്ക്കൊരുജോലി അതു തന്നെക്കൊണ്ടാവും തീർച്ചയായും.. അതെങ്കിലുമാകട്ട അമ്മയ്ക്കുവേണ്ടി... വീടിനുള്ളിലേക്കുകയറവേ മനസ്സിലുറപ്പിച്ചു... അപ്പോഴേക്കും പിന്നാലെവന്നൊരു ചെറുകാറ്റ് അവളുടെ കൂരയിലെ മണ്ണെണ്ണവിളക്കൂതിക്കെടുത്തി.. നിശ അന്നുമവൾക്കു കൂട്ടിരുന്നു.
കേരനിരകളുടെ, വയലോലകളുടെ സുഖശീതളഛായവിട്ട് തീവണ്ടി കുതിച്ചുപാഞ്ഞു... പതിമൂന്നാംനമ്പർ കമ്പാർട്ട്മെന്റിലെ സീറ്റിലിരുന്ന് മൊബൈൽ ഫോണിലൂടെ സുഹൃത്തിന് ഒരു മെസ്സേജ് ടൈപ്പുചെയ്തു...
“ दीराज, मैं आ रहा हूं और मेरी दुल्हन നമ്മുടെ റെജിമെന്റ് ക്യാമ്പസിലെ ദേവീക്ഷേത്രത്തിൽ വച്ച് എനിക്കിവളുടെ കഴുത്തിൽ ഒരു താലികെട്ടണം.. ശേഷം ഒരു ടീ പാർട്ടി.. വേണ്ട ഒരുക്കങ്ങൾ ചെയ്യണം..".
ടൈപ്പ് ചെയ്തതുനോക്കി അടുത്തിരുന്ന അനിത മുഖമുയർത്തിനോക്കി ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നു... ഉത്തരേന്ത്യൻ കേണലിന്റെ വീട്ടുജോലിയെന്ന സ്വപ്നവുമായി ഒപ്പമിറങ്ങിവന്നവൾ തികട്ടിവരുന്നൊരു വിതുമ്പലടക്കാൻ പണിപ്പെട്ടു...
ഇടംകൈയാലവളെ ചേർത്തുപിടിച്ചു.. ഒരു തേങ്ങലോടെ അവൾ നെഞ്ചിലേക്കു മുഖമമർത്തി കണ്ണീർകൊണ്ട് ഇടംനെഞ്ചിലാകെ ധാരചെയ്യാൻതുടങ്ങി.. ആ ജലധാരയിൽ ഷർട്ടിന്റെ പോക്കറ്റിലുറങ്ങിയ, അമ്മ പോസ്റ്റ് ചെയ്യാത്ത അവസാനത്തെ കത്തിലെ അക്ഷരങ്ങൾ നനഞ്ഞുമാഞ്ഞുപോയി.. വധൂവരന്മാർക്ക് മംഗളമോതി തീവണ്ടി ചൂളംവിളിച്ച് അതിവേഗമോടിക്കൊണ്ടിരുന്നു..
#ശ്രീ 13/02/2019 12:10 am
Comments