കഥയമമ വായിക്കുമ്പോൽ
#കഥയമമവായിക്കുമ്പോൾ..
1.
സ്കൂൾ അവധി മിക്ക ഇടത്തട്ടുകാരായ ഗൃഹനാഥന്മാർക്കുമൊരു പേടിസ്വപ്നമാണ്.. കുട്ടികളെ കൂട്ടുപിടിച്ച് കുട്ടികളുടെ അമ്മ അച്ഛനെതിരെ നടത്തുന്ന ചില ആഭിചാരപ്രക്രിയയുടെ ഫലംകൂടിയാണ് അപ്പോൾ ഉണ്ടാകുന്ന ടൂർ പ്രോഗ്രാം... "കുളു മനാലിയിൽ" തുടങ്ങുന്ന ചർച്ച ഒടുവിൽ സ്കൂൾ തുറക്കുംമുമ്പ് നഗരത്തിലെ മ്യൂസിയത്തിൽ എങ്കിലും പോയാൽ കുട്ടികളുടെ ഭാഗ്യമായി എന്നതാണ് സത്യം. അങ്ങനെ ഓരോ സ്കൂളവധിയും തള്ളിമാറ്റുന്ന ഗൃഹനാഥന്റെ ബുദ്ധിമുട്ട് അറിയാൻ... "കഥയമമയിലെ" ആദ്യകഥ തന്നെ ആ ഇമ്മിണി-ബല്യ-ചെറിയ-കാര്യം സരസമായി പറയുന്നു... ഒടുവിൽ മലപ്പുറം കാരുടെ ഭാഷയിലെ എനിക്കുവേണ്ട "അനക്കോണ്ടാ" ആയി കഥ പര്യവസാനിക്കുമ്പോൾ വിദ്വേഷങ്ങളെ വിഷമതകളോ ഇല്ലാത്ത ഒരു ചെറുകഥ വായിച്ചവസാനിപ്പിക്കാൻ അനുവാചകനാവുന്നു. ഒരു ചെറിയ കഥയില്ലായ്മയെ കഥയാക്കിയ "ആനകോണ്ടയും അശരീരീകളുടെയും" രചയിതാവ് ശ്രീ. #jojo_thomas ന് അഭിനന്ദനങ്ങൾ.
2.
സമകാലിക രോഗങ്ങളിൽ ഏറ്റവും പ്രയാസകരമാണിപ്പോഴും ക്യാൻസർ. പണ്ടുമുതലേ ഈ രോഗം ഉണ്ടായിരുന്നു എന്നോർമ്മിപ്പിക്കുന്നുണ്ട് രണ്ടാമത്തെ കഥ ശ്രീമതി. #Aswathy K G യുടെ അമ്മിണിയമ്മയുടെ മുറുക്കാൻപെട്ടി.. ഒരു ചെറിയ സ്മരണയെ എങ്ങനെ നല്ലൊരു കഥാതന്തുവാക്കാമെന്ന് കഥാകാരി കാട്ടിത്തരുന്നത് അഭിനന്ദനമർഹിക്കുന്നുണ്ട് എന്നാലും സദാ ചുണ്ടുചുവപ്പിക്കുന്ന സൂത്രം കൊണ്ടുനടന്ന അമ്മിണിയമ്മയുടെ ഇടത്തേമാറ് എന്നതിനുപകരം വായ (oral cancer പണ്ടുകാലത്ത് കവിളുവാർപ്പ് എന്ന് പേര്) എന്നായിരുന്നെങ്കിൽ കുറച്ചുകൂടി സ്വാഭാവികമായേനെ എന്ന് തോന്നി. എന്നിരുന്നാലും കഥ കൈയടക്കത്തോടെ അവതരിപ്പിച്ചതിന് കഥാകാരിയ്ക്ക് അഭിനന്ദനങ്ങൾ.
3.
ഒരു പഴയ ദിലീപ് ചിത്രത്തിലെ ഫ്ലാഷ്ബാക്കായിപ്പോയി ശ്രീ #ജനാർദ്ധനൻ മൂക്കുതലയുടെ അയാൾ എന്ന കഥ. ആഖ്യാനം പോലെ കഥ വിവരിക്കുന്നരീതി വായനയെ പ്രയാസപ്പെടുത്തുന്നുണ്ട്. പുതുമയില്ലാത്ത പ്രമേയമാണ് തെരെഞ്ഞെടുത്തത്.. ഒടുവിൽ കഥാനായകൻ മരിക്കുന്നതൊഴിച്ചാൽ അനുജനുവേണ്ടി/അമ്മയ്ക്കുവേണ്ടി/പാവങ്ങൾക്കുവേണ്ടി മോഷണം തൊഴിലാക്കി പകൽമാന്യനായി ജീവിക്കുന്ന കഥാപാത്രങ്ങൾ തമിഴ് മലയാളം സിനിമകളുടെ ഒരുകാലത്തെ സ്ഥിരം കഥാപാത്രമായിരുന്നു. കഥ നന്നായി പറയാനറിവുള്ള കഥാകൃത്തുതന്നെ പെട്ടെന്ന് തട്ടിക്കൂട്ടിയപോലെ തോന്നി അയാൾ എന്ന കഥ. പുതുമയില്ലാത്ത പ്രമേയമായിരുന്നെങ്കിലും ശൈലിയിൽ പുതുമചേർക്കാമായിരുന്നു എന്നാണ് ഒറ്റവായനയിൽ തോന്നിയത്. കഥാകൃത്തിന്റെ തൂലികയിൽ നിന്നും പുതുകഥകൾ ഇനിയും പിറക്കട്ടെയെന്ന് ആശംസിക്കുന്നു.
4.
ഒരു പുരുഷായുസ്സുമുഴുവൻ കുടുംബത്തിനുവേണ്ടി ഓടിത്തളർന്നവന്റെ ശിഷ്ടകാലചിന്തകൾ വളരെ കൃത്യതയോടെ സൂഷ്മനിരീക്ഷണം നടത്തുന്നുണ്ട് ശ്രീ. ഉജൽനാഥ് രാമകൃപയുടെ #അയാളും_ഞാനുമെന്ന രചന. ജീവിതാരംഭംമുതൽ ഈ അയാൾ (മരണം)നമ്മുടെ കൂടെയുണ്ടെന്ന കാര്യം നാം വിസ്മരിക്കയാണ്. ഒടുവിലൊരു അവശിഷ്ടമാകുമ്പോഴാണ് വൃദ്ധമനസ്സിലേക്ക് അയാൾ (മരണം) കടന്നുവരുന്നത് പിന്നെ ഊണിലും ഉറക്കത്തിലും ആ അയാൾ ഒപ്പമുണ്ടെന്ന തോന്നലാണ് ഒരുവനെ തളർത്തുന്നത്. എന്നാൽ മറ്റുള്ളവർക്ക് താനൊരു ഭാരമാണെന്ന തിരിച്ചറിവിൽ വിവേകിയായ മനുഷ്യൻ അയാളുടെ(മരണത്തിന്റെ) കരം ഗ്രഹിക്കാനാണ് ആഗ്രഹിക്കുക. ഒരു ജീവിതസത്യം കൈയടക്കത്തോടെ പറഞ്ഞ കഥാകൃത്തിനും ആശംസകൾ.
5.
ശ്രീ #രാജൻമയൂരയുടെ "ആത്മാവിലേക്കൊരു നിഴൽ രൂപം" വായനക്കാരന്റെ മുൻധാരണകളെ പാടെ തകിടം മറിക്കുന്നു... ഒന്നുമല്ലാത്തവരുടെ എന്നാലെന്തെല്ലാമായോ മനസ്സിൽ മറ്റൊരാളെ കരുതുന്ന ദേവകികോവിലമ്മ ഒരു അനുഭവമാകുന്നു കഥയിൽ. ഒരു ചെറുകഥ എന്നതിലുപരി ഒരു വലിയകഥയുടെ പരിഛേദമായാണ് കഥയെ വായനയിൽ അനുഭവപ്പെടുക. ശ്രീ രാജൻ മയൂരയ്ക്കും ഭാവുകങ്ങൾ.....
6.
ആത്മഹത്യാവാർത്തകൾ പതിവായതിനാൽ നാമവ വായിച്ച്/അറിഞ്ഞ് കളയുകയാണ് പതിവ്. കഥയമമയിലെ ആറാമത്തെ കഥ രാംകുമാറിന്റെ "ആത്മഹത്യയുടെ ബാക്കിപത്രം" പേരിനെ അന്വർത്ഥമാക്കിയില്ല എന്ന പോരായ്മയുണ്ട്... ഒരു ആത്മഹത്യാ പോയിന്റിൽ ഒരു ദിവസം ജോലിരാഹിത്യത്തിന്റെ പ്രയാസത്തിൽ തന്റെ ഭർത്താവും ജീവനൊടുക്കി എന്നതിൽ കഥയവസാനിക്കുന്നതാണ് കഥയിലെ പോരായ്മയായി അനുഭവപ്പെട്ടത്. ശീർഷകം പോലെ ഒരാത്മഹത്യയുടെ ബാക്കിപത്രമായി കഥ വികസിച്ചിരുന്നെങ്കിൽ കുറച്ചുകൂടി മികവായേനെ എന്ന് ഈയുള്ളവന്റെ തോന്നലാകാം. കഥാസന്ദർഭം ഉണ്ടാക്കിയെടുക്കുന്നതിനെക്കാൾ ഒരു സന്ദർഭത്തിൽ നിന്ന് കഥ മെനയുകയാണ്/കണ്ടെത്തുകയാണ് കഥാകൃത്ത് ചെയ്യേണ്ടിയിരുന്നത്. കഥാകൃത്തിന് ആശംസകൾ.
7.
"എന്റെ നിലപാടുകൾ എത്രപേർ കണ്ടു എന്നതിലല്ല നീയെപ്പോൾ കണ്ടു എന്നതിലാണ് കാര്യം " എന്ന് ഒരിക്കൽ ഞാൻ സ്റ്റാറ്റസ് ഇട്ടിരുന്നത് ഓർമ്മവന്നു ശ്രീ സ്റ്റാൻലി അടൂരിന്റെ #ആദരാഞ്ജലി വായിച്ചപ്പോൾ. ഈ കാലഘട്ടത്തിൽ പരസ്പരം രഹസ്യമായും പരസ്യമായും നിലപാടുകൾ അറിയിക്കുന്നുണ്ട് ഫേസ്ബുക്ക്/വാട്സാപ്പ് മുതലായ സംഗതികളിലൂടെ. നഷ്ടപ്രണയത്തിന്റെ ബാക്കിപത്രം മനസ്സിലൊരു നൊമ്പരമായി കൊണ്ടുനടന്ന് തന്റെ ദിനങ്ങൾ സ്റ്റാറ്റസ്സിലൂടെ പഴയ പ്രണയിയെ അറിയിക്കാൻ വെമ്പിയ നിസ്സഹായയായ ഒരു വീട്ടമ്മയെ ജന്മദിനപാർട്ടിയുടെ വിശേഷങ്ങൾക്കിടയിലൂടെ കഥാകൃത്ത് പറഞ്ഞുവരുന്നത് നന്നായിട്ടുണ്ട്... ഗോപ്യമായാണെങ്കിലും ഒരാൾക്കുവേണ്ടിമാത്രം ഫേസ്ബുക്ക് അപ്ഡേറ്റ് ചെയ്തിരുന്നതിൽനിന്ന് കഥാപാത്രം പഴയ സ്നേഹിതനെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നും ഇനി അപ്ഡേറ്റുകൾ വേണ്ട എന്ന തീരുമാനത്തിൽ നിന്നും അയാളുടെ മരണത്തിൽ മൂകമായിപ്പോലും ദുഃഖിക്കാനാവത്ത അവസ്ഥയും കഥാകൃത്ത് സൂചിപ്പിക്കുന്നു... കഥാകൃത്തിന് ആശംസകൾ.
8.
വൈവാഹികേതര ബന്ധങ്ങളുടെ നിലനില്പ് അതെത്ര തീഷ്ണമായാലും ക്ഷണികമാണെന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന രചനയാണ് ശ്രീ. ജിസാ പ്രമോദിന്റെ ആവർത്തനങ്ങൾ എന്ന രചന. ഒരു പുരുഷനും സ്ത്രീയും പരസ്പരം ഇഷ്ടപ്പെടുമ്പോഴും പങ്കുവയ്ക്കുമ്പോഴും അവനിൽ/അവളിൽ പങ്കുവയ്ക്കപ്പെടാനോ ഭാഗം കൈപറ്റാനോ മറ്റൊരവകാശികൂടി ഉണ്ടെങ്കിൽ തീർച്ചയായും ആ ബന്ധം ശാശ്വതമാകില്ല എന്ന സത്യം ബോധ്യപ്പെടുത്താൻ രചയിതാവ് കൂടുതൽ വാക്കുകൾ ഉപയോഗിച്ചോ എന്ന സന്ദേഹം നിലനിൽക്കുന്നുവെങ്കിലും കഥ സമൂഹത്തിന് ഒരു ചൂണ്ടാണിവിരലായി നിൽക്കുന്നു കഥാകൃത്തിന് ആശംസകൾ.
9.
എസ് എം മണിക്കുട്ടൻ നല്ലൊരു രചയിതാവാണെന്ന് പലപ്പോഴും അദ്ദേഹത്തിന്റെ രചനകൾ വായിച്ചിട്ടുള്ളതിൽ വച്ച് നിസ്സംശയം എനിക്കു പറയാനാകും എന്നാൽ കഥയമമ എന്ന കഥാസമാഹാരത്തെ അതിന്റെ അർത്ഥത്തിൽ അദ്ദേഹം സമീപിച്ചോ എന്ന സന്ദേഹം ബാക്കി... ഇടുക്കി ഗോൾഡ് എന്ന ഹാസ്യരസപ്രധാനമായൊരു ആഖ്യാനം കൊണ്ടുമാത്രം അദ്ദേഹം സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നു ഇവിടെ.
10.
അലസത കൈമുതലായൊരു പുതു തലമുറയുടെ പ്രതീകത്തെ ഏനാശുവിലൂടെ ശക്തമായി നമ്മുടെ മുന്നിലേക്കിട്ടുതരികയാണ് ശ്രീ. പ്രദീപ് എൻ. വി പട്ടാമ്പി... സ്വപ്നദർശനത്തിലായാലും എനിക്കൊന്നും വേണ്ട എന്ന് പരമദരിദ്രനായ യുവാവ് ദൈവത്തോട് പറയുമ്പോൾ ആശയപരമായും ജീവനപരമായും ആ തലമുറയുടെ പാപ്പരത്വമാണ് മുഴച്ചുനിൽക്കുന്നത് ഒരുവൾ അവന്റെ ജനനേന്ദ്രിയവൈകല്യംപോലും ബോധ്യപ്പെടുത്തുമ്പോൾ തീർത്തും നിസ്സംഗമാകുകയാണവൻ.. പിന്നെ സ്വപ്നത്തിലല്ല ദൈവം നേരിട്ട് വന്നാൽപോലും അവനെന്തുചോദിക്കാൻ?. ഒന്നും വേണ്ട എന്നയിടത്ത് പെങ്ങൻമാരെയും അമ്മയെയും അവനെയുംമറന്ന് അവനുറങ്ങാൻ കഴിയുന്നു. ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിക്കുന്ന കഥാപാത്രം ഈനാശുവിന്റെ സൃഷ്ടാവിനും ആശംസകൾ.
11.
ശ്രീ രാജൻ പടുതോൾ... അദ്ദേഹത്തിന്റെ രചനകളെ നിരൂപണം ചെയ്യാനുള്ള ശേഷിയൊന്നും ഈയുള്ളവനില്ല എന്ന ബോധമുണ്ട് എന്നാലും കഥയമമ വായിക്കുമ്പോൾ ഒരാസ്വാദനക്കുറിപ്പ് എഴുതാതെവയ്യ... ഗൃഹാതുരത്വമേറിയ ഓർമ്മകൾ പേറുന്ന ശൈശവമുണ്ടായിരുന്നവർ യുവത്വത്തിന്റെ വീര്യം മുഴുവൻ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് കടംകൊടുത്തവർ അവ നടപ്പിലാക്കാൻ നക്സലിസത്തിന്റെ തീവ്രതയിൽ ലയിച്ചവർ... ഒടുവിലോ എങ്ങുമെത്താതെ ആത്മീയതയിൽ അഭയംതേടിയവർ അവിടെയും അശാന്തിയാണ് ഫലം. എന്നാൽ ഒരു സ്ത്രീയായും പുരുഷനായും ജീവിക്കാൻ മറന്നുപോയവരുടെ കഥയാണ് പടുതോൾ മാഷിന്റെ #ഉത്തരായനം.
(പല നക്സൽ പ്രവർത്തകരും പിന്നീട് ആത്മിയതയിലോ പൊതുകാര്യസ്ഥനായോ മാറിയ ചരിത്രമുണ്ട് കേരളത്തിൽ ഒരു നക്സൽ നേതാവായിരുന്ന ശ്രീ ഫിലിപ്പ് എം പ്രസാദ് ഇന്ന് ഒരു അഡ്വക്കേറ്റായി തിരുവനന്തപുരം ബാറിൽ പ്രാക്ടീസ് ചെയ്യുന്നു.. അദ്ദേഹം ഇപ്പോൾ സത്യസായി ആശ്രമവിശ്വാസിയാണെന്നാണ് അറിഞ്ഞത്- കഥാവായന പെട്ടെന്ന് അദ്ദേഹത്തെ ഓർമ്മിപ്പിച്ചു) ഉത്തരായനത്തിലെത്തുമ്പോൾ ചെയ്തതൊന്നുമല്ല സത്യമെന്ന തിരിച്ചറിവ്... വളരെ തത്വചിന്താധിഷ്ടിതമായ സത്യങ്ങളെ അവതരിപ്പിച്ച് ഈ പുസ്തകത്തെ മികവുറ്റതാക്കി കേവലം രണ്ടു പേജുകളിൽ ശ്രീ. രാജൻ പടുതോൾ.
12.
വീണുടഞ്ഞുപോയൊരു ദാമ്പത്യം അതിന്റെ വിവരണത്തിലും കഥാഗതിയിലുമാകെ ഒരു ഉത്ക്കണ്ഠ കഥാമദ്ധ്യേ ഉത്ക്കണ്ഠ ശമിക്കുമ്പോൾ ഇനിയെന്താണ് ക്ലൈമാക്സ് എന്ന ഒരുതരം ആകാംക്ഷയോടെ വായിച്ചുപോകുന്ന കഥനരീതിയാണ് സുഷമാസഹദേവന്റെ ഉന്മാദം എന്ന രചന. നിവൃത്തികേടിനാൽ കഥയിൽ നായകനെ കൊല്ലുന്നതായി ചിത്രീകരിക്കുന്നുണ്ടെങ്കിലും ആ ഉന്മാദം തന്നിലേക്ക് ചേരുന്നതിലൂടെ അയാളെ തന്നിലേക്ക് ആവാഹിക്കുന്നതായി കഥ അവസാനിപ്പിക്കുന്നു, കഥയിൽ ആർക്കായിരുന്നു ഉന്മാദം എന്ന തോന്നൽ അവശേഷിചമപ്പിച്ചുകൊണ്ട്. രചയിതാവിന് അഭിനന്ദനങ്ങൾ.
13.
കുറേ കഥാപാത്രങ്ങളെ വളച്ചുകൂട്ടുകയും അവരെ അവരുടെ പാട്ടിനുതന്നെ വിട്ട് ഒരു വലിയ കഥ അല്ലെങ്കിൽ കഥയില്ലായ്മയായ ഒരാഖ്യനാമായാണ് വൈ ആർ വടക്കുംതലയുടെ ഒരു തോരാനാഗൽ ഡയറിക്കുറിപ്പ്. ആരംഭത്തിൽ കഥാപാത്രങ്ങളുടെ ബാഹുല്യം കാണുമ്പോൾ കഥ അതുപോലെ വളർച്ചപ്രാപിക്കുമെന്ന വായനക്കാരന്റെ ചിന്തയെ നിരാശപ്പെടുത്തി കഥയൊരു ചെറിയബിന്ദുവിൽ അവസാനിപ്പിക്കുന്നു. ഡയറിക്കുറിപ്പ് എന്നാണ് പറയുന്നതെങ്കിലും ഒരു ആഖ്യാനമായാണ് വായനയിൽ വേദ്യമായത്. കഥാകൃത്തിന് ആശംസകൾ.
14.
കഥാന്ത്യം ആദ്യമേ വായനക്കാരനു മനസ്സിലാക്കാനാകുമെന്ന പോരായ്മ ശ്രീ നരൻ കടപ്രത്തിന്റെ ഒരു മന്ത്രവാദപുരാണം എന്ന ചെറുകഥയ്ക്കുണ്ടെങ്കിലും ആൾദൈവങ്ങളുടെ പുറകേപായുന്ന അന്ധവിശ്വാസി സമൂഹത്തിനെ ശക്തമായി ഹാസ്യരസത്തോടെ കളിയാക്കുന്നുണ്ട്. അത്ഭുതങ്ങളെ ആകാംക്ഷയോടെയും ജിഞ്ജാസയോടെയും നോക്കികാണുന്നതിനുപകരം അവയെ ആരാധിക്കയും അന്ധമായി അതിന്റെ ബാഹ്യവത്കരണത്തിൽ വിശ്വസിക്കയും ചെയ്യുന്ന ഒരു സമൂഹത്തിലാണ് നമ്മളെന്ന് രചന ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. infertility എന്ന ഓമനപ്പേരിൽ ആൾദൈവങ്ങൾ മാത്രമല്ല വൻകിട ആശുപത്രികളും തട്ടിപ്പുകൾ നടത്തുന്നുണ്ടെന്ന വസ്തുതയും സത്യമെന്നിരിക്കെ വിശ്വാസം മാത്രമല്ല ശാസ്ത്രീയ പിൻബലത്തിലും മനുഷ്യൻ കബളിപ്പിക്കപ്പെടുകയാണ്. ഹാസ്യത്തിന്റെ മേമ്പൊടി ഒളിച്ചുചേർത്തെഴുതിയ മന്തരവാദകഥയുടെ സൃഷ്ടാവിനും അഭിനന്ദനങ്ങൾ
15.
മക്കളെ ഏറെ സ്നേഹിക്കുന്നവർ നേരിടുന്നൊരു വെല്ലുവിളിയാണ് അവരുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാനാകാതെ വരുന്ന അവസ്ഥ. അപ്രാപ്യമായ ആഗ്രഹങ്ങളാണ് അവയെന്ന് കുട്ടികൾ തിരിച്ചറിയുന്ന പ്രായംവരെയും അതൊരു കീറാമുട്ടിയായി അവശേഷിക്കുന്നു. ഈ വിഷയം വളരെ ചുരുങ്ങിയ വരികളിൽ നല്ല ലാളിത്യത്തോടെ വരച്ചിട്ടു ശ്രീ സി. കെ. ശിവദാസ് #ഓർമ്മക്കുറിപ്പിലൂടെ. സങ്കീർണ്ണതകളില്ലാത്തൊരു സത്യമായ വിഷയം കൈയടക്കത്തോടെ അവതരിപ്പിച്ച കഥാകൃത്തിന്അഭിനന്ദനങ്ങൾ.
16.
ഒരു ചെറുകഥ എന്ന രൂപത്തിൽ വായിക്കാനായില്ല ശ്രീമതി ആയിഷാ കാദറിന്റെ കണ്ണീർപ്രണാമം. ഒരു സംഭവത്തിന്റെ തനത് വിവരണം മാത്രമായിപ്പോയത്. സംഭവത്തിന്റെ ആവിഷ്കാരമായാലേ അതൊരു കഥയുടെ കെട്ടുംമട്ടും ആകുകയുള്ളൂ എന്ന് ഈയുള്ള വായനക്കാരൻ കരുതുന്നു. എന്നാലും കഥ(യഥാർത്ഥ സംഭവമാണെന്ന് കരുതുന്നു)യിൽ നന്മ രാജ്യതാല്പര്യം ദേശസ്നേഹം ദൃഢസൗഹൃദം മാതാപിതാക്കളുടെ വേദന എല്ലാം സന്നിവേശിപ്പിച്ചു. രചയിതാവിന് അഭിനന്ദനങ്ങൾ.
17.
പതിവുകഥകളിൽ നിന്നും വ്യത്യസ്തമായി ശ്രീ സജിത് മതിലകത്തിന്റെ #കനൽ. കുടുംബത്തിന് വേണ്ടിയോ/സാഹചര്യം കൊണ്ടോ ജയിലിലാകുന്ന സ്ത്രീകഥാപാത്രത്തിന്റെ ഓർമ്മകൾ ആരംഭിച്ച് ജയിലിലവസാനിക്കുന്ന കഥകൾ നാമൊരുപാട് വായിച്ചിട്ടുണ്ട്. എന്നാൽ ജയിൽജീവിതത്തിനു ശേഷമുള്ള സ്ത്രീജീവിതം പോസിറ്റിവായി ചിത്രീകരിച്ചത് നന്നായിട്ടുണ്ട്... സ്ത്രീശാക്തീകരണം, അതും ഒരു ജയിൽപുള്ളിയുടേത് അതു സാധ്യമാകുമെന്ന് ചൂണ്ടുന്ന കഥയാണിത്. ശിഷ്ടഭാഗങ്ങൾ(ജയിൽ സൂപ്രണ്ടിനെ വിവാഹം കഴിക്കുന്നതും മറ്റും) അതിശയോക്തി കുറച്ചെങ്കിലും ചേരുന്നുണ്ട്.. കാരണം നമ്മുടെ സംവിധാനങ്ങൾ ഒരാൾ ജയിൽ സൂപ്രണ്ട് ആകാനെടുക്കുന്ന പ്രായദൈർഘ്യവുമൊക്കെ നോക്കുമ്പോൾ വേണമെങ്കിൽ കഥാഗതിയെ വെറുതെ പോസ്റ്റ്മോർട്ടം ചെയ്യാം. എന്നാൽ ഭദ്രമായൊരു പരിസമാപ്തി നായികയ്ക്ക് കഥാകൃത്ത് ആഗ്രഹിക്കുന്നു എന്ന് ചിന്തിക്കാം. അതു കഥാകൃത്തിന് സ്വന്തം കഥാപാത്രത്തോട് തോന്നുന്ന ഒരുതരം വാത്സല്യവും അനുകമ്പയുമാണ്. കഥാകൃത്തിന് ആശംസകൾ.
18.
മനസ്സ് ഒരു നെരിപ്പോടുകത്തിച്ചു തീയൂതി ശാലിനി മുരളിയുടെ #കുക്കുരുതത്ത. ഒരു കുടുംബത്തിൽ അമ്മ വീണുപോയാൽ ഉണ്ടാകാവുന്ന സകല ബാധ്യതകളും വളരെ കണിശവും കൃത്യതയോടെയും മറ്റുകഥാപാത്രങ്ങളിലൂടെ കഥാകാരി നന്നായി അവതരിപ്പിച്ചു. വാത്സല്യവും സ്നേഹവും പേറി നടക്കേണ്ട പ്രായത്തിൽ ഒരു പെൺകുട്ടിയ്ക്ക് ഗൃഹനാഥയുടെ സ്ഥാനവും ഒപ്പം തന്റെ വേഷവും ആടേണ്ടിവരുന്ന അവസ്ഥയിൽ നിന്നുള്ള ചിന്തയീലൂടെ ആ കഥാപാത്രത്തിലൂടെ കഥ മുഴുവൻ അവതരിപ്പിച്ചത് വിജയിച്ചു എന്നതും കഥയുടെ പ്രത്യേകതയാണ്. കഥാകാരിക്ക് പ്രത്യേക അഭിനന്ദനങ്ങൾ.
19.
നിലാവുചുരന്ന നീലയാകാശം... പകൽ ധൃതികൂടാതൊഴുകുന്ന പഞ്ഞിക്കെട്ടുകൾ നിറഞ്ഞ ആകാശം. കാലവർഷത്തിലെ പാടശേഖരം #കുഞ്ഞിപ്പാലുവിന്റെ_അപാരതകൾ... ശ്രീ സജീവ് എരവത്തിനെ വായിച്ചിട്ടുള്ളവർക്കറിയാം ആ തൂലികയുടെ വിരുത്. എത്ര മനോഹരമായാണ് രാഷ്ട്രീയ അസംബന്ധങ്ങളുടെ അവശിഷ്ടമായ രണ്ടു ജീവിതങ്ങളുടെ ചിത്രം കഥയിൽ പകർന്നിരിക്കുന്നത്. ഓരോ പുനർവായനയിലും പുതിയ ഭാവങ്ങളാർജ്ജിക്കുന്നു കുഞ്ഞിപ്പാലുവിന്റെ അപാകതകൾ...
ഒടുവിൽ മരണമെന്ന നിത്യതയിലെത്തുമ്പോഴാണ് മനുഷ്യൻ സ്നേഹത്തിന്റെ അപരാതയിലെത്തുന്നതെന്ന് കാഥാകൃത്ത് പറയുമ്പോൾ നാം ജീവിച്ചിരിക്കുമ്പോൾ അറിയാതെപോകുന്ന സത്യങ്ങളെയോർത്തൊരു കുണ്ഠിതപ്പെടലാണത്.
വളരെ നല്ല ഒരു കഥ അതിന്റെ മുഴുവൻ ഭാവവും കൈയടക്കത്തോടെ പ്രകടമാക്കി #കഥയമമയെ മനോഹരമാക്കിയ കഥാകൃത്തിന് ആശംസകൾ അഭിനന്ദനങ്ങൾ.
20.
ഒരു സ്ഫോടനം നടത്തി ആയിരംപേരെ കൊല്ലുന്നവൻ അവനുവേണ്ടിയല്ല അതു ചെയ്യുന്നത് എന്തിനുവേണ്ടി എന്നു ചോദിച്ചാൽ അതിനുത്തരം അവനുണ്ട്. ഇല്ലാത്ത നടക്കാത്ത പൊതുധാരയിലുപയുക്തമാകാത്തൊരു പ്രത്യയശാസ്ത്രത്തിന്റെ ഉപയോക്താക്കൾ അവന്റെ ബോധമനസ്സിൽ കുത്തി നിറച്ചിട്ടുണ്ടാകും എന്തിനുവേണ്ടി എന്ന ചോദ്യത്തിനൊരു റെഡിമെയ്ഡ് ഉത്തരം. എന്നാൽ മുമ്പ് അങ്ങനെ ചെയ്തുകൂട്ടിയവർ എന്തുനേടി ഇതുവരെ എന്ന് ചോദിക്കാൻ ചിന്തിക്കാൻ തുടങ്ങിയാൽ എല്ലാ ചിവേറുകളും ആയുധമുപേക്ഷിച്ചേനെ. വാൾത്തലപ്പിലൂടെ നേടിയ സാമ്രാജ്യമൊന്നും നമ്മുടെ ടിപ്പുവിന്റേതുൾപ്പെടെ നിലനിന്നില്ല. ചാവേറാക്രമണങ്ങളുടെ അനന്തരദു:ഖത്തിന്റെ കണിക ചാവേറായവന്റെ ആത്മാവീന് കാട്ടികൊടുത്ത് ഇനി ചാവേറാകാൻ നിൽക്കുന്നവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന
വിനോദ് പറമ്പത്തേരിയുടെ ചാവേർ നന്നായിട്ടുണ്ട്. കഥ പറയാൻ കഥാകൃത്ത് കണ്ടെത്തിയ പശ്ചാത്തലവും നന്നായി. കഥാകൃത്തിന് ആശംസകൾ നേരുന്നു.
#കഥയമമ_വായിക്കുമ്പോൾ
21.
സ്കൂൾ ജീവിതകാലഘട്ടത്തിലെ ഒരു ദുരന്തം അയവിറക്കുകയാണ് ജലീൽ കല്പകഞ്ചേരിയുടെ "ഞങ്ങളുടെ നീലക്കുറിഞ്ഞികൾ" ഹൈറേഞ്ച് പരിസരത്തെ സ്കൂൾ കുട്ടികൾ സ്കൂളിൽ നിന്നും നീലക്കുറിഞ്ഞിക്കുന്നുകൾ കാണാനിറങ്ങി കുട്ടികൾ ഒഴുക്കിൽ പെട്ട് നഷ്ടമായ ദുഖസ്മരണകൾ അതിന്റെ തീവ്രതയിൽ അവതരിപ്പിക്കാനായോ എന്ന സന്ദേഹം ഇല്ലാതില്ല കഥനം കൂടുതൽ നീണ്ടുപോയതും ഒരു ചെറിയ പോരായ്മയായിത്തോന്നി. ഏറെ സംങ്കടങ്ങൾ മനസ്സിലവശേഷിപ്പിക്കാവുന്ന തരത്തിൽ പദസംയോജനപ്രക്രിയ ആകാമായിരുന്നു. രചയിതാവിന് ആശംസകൾ.
22.
ഒരുപിടി സ്വപ്നങ്ങളുടെ മഞ്ചാടിമണികൾ കുട്ടിക്കാലത്തിന്റെ ബാക്കിപത്രമായി നമ്മളെല്ലാവരും മനസ്സിൽ കുഴിച്ചിട്ടിട്ടുണ്ടാകും... അവയോരോന്നും തരാതരം നമുക്കെപ്പോഴുമോർത്തെടുക്കാനുമാകും. അവയിലേറെയും അപ്പൂപ്പനും അമ്മാമ്മയും ഓപ്പോളും കാര്യസ്ഥനും അങ്ങനെയങ്ങനെ ഏറെപ്പേർ... ബാക്കിയുള്ളവ അവരെച്ചുറ്റിയുള്ള ഗന്ധങ്ങളാണ് അമ്മമ്മയുടെ കഷായഗന്ധം, അമ്മയുടെ മുക്കൂട്ടുഗന്ധം, ഓപ്പോളുടെ കുട്ടിക്യൂറമണം, അപ്പൂപ്പന്റെ തിരുഭസ്മഗന്ധം... അച്ഛനെ കാർക്കശ്യത്തിനുമുണ്ടൊരു മണം.... അവയാകെച്ചേരുന്നതാണ് ഒരു തറവാടിന്റെ ഗന്ധം. അവസാനിക്കാൻ പോകുന്ന ആ ഗന്ധങ്ങളുടെ കഥയാണ് ശ്രീമതി ശ്രീകലാ മേനോൻ എഴുതിയ #തറവാട്. നഷ്ടപ്പെടലുകളിൽ മനസ്സുവിതുമ്പി വല്ലപ്പോഴുമൊന്ന് തൂവിപ്പോകുമ്പോൾ നിനക്ക് വട്ടായോ എന്ന് ചോദിക്കുന്നവരുടെ ഈ ലോകത്ത് തറവാടുകൾക്ക് അന്യം നിന്നുപോകാതെ വയ്യ. ഒരിക്കലും മുളയ്ക്കാതെ മണ്ണിലാണ്ടുപോയ ആ മഞ്ചാടിമണികൾ പോലുള്ള ഗതകാലസ്മരണകളെ ഉണർത്തിയ രചനയായിരുന്നു തറവാട്.. രചയിതാവിന് അഭിനന്ദനങ്ങൾ.
23.
ചിലർ അങ്ങനെയാണ്. അടുത്തുണ്ടാവും ആരുമായല്ല.. എന്നാൽ എല്ലാവരുമായി.. അവരെ അനുകരിച്ച് ആവർത്തിച്ച് അനുവർത്തിച്ച് നാമങ്ങനെ വലിയ പ്രയാസങ്ങളില്ലാതെ മുന്നോട്ടുപോകും. ആ യാത്രയിൽ അയാളുടെ വഴികാട്ടലിന്റെ മഹത്വം നമ്മൾ തിരിച്ചറിയാറേയില്ല. ഇടയ്ക്കെവിടെവച്ചെങ്കിലും നമുക്കുപിന്തുടരാനാകാത്ത അനുസരിക്കാനാവാത്ത ഊടുവഴിയിലൂടെ അയാൾ പോയ്മറയും അതുവരെ അയാളുടെ കാല്പാടുകൾ മാത്രം നോക്കി നടന്നിരുന്ന നാമപ്പോൾ ദിക്കും ദിശയുമറിയാതെ പെരുവഴിയിലാകുന്നു. അപ്പോൾ മാത്രമാണ് നാമയാളെ അറിയുന്നത് അയാളുടെ അഭാവത്തിന്റെ വലിയ കുറവുകളിൽ പകച്ചുനിൽക്കുന്നത്. ഒരാളുടെ പെട്ടെന്നുള്ള മരണം മറ്റൊരാളിൽ തീർക്കുന്ന ശൂന്യത വരച്ചുകാട്ടിയ രചനയാണ് ശ്രീ. എ കെ ശശി വെട്ടിക്കവലയുടെ #തെക്കോട്ടുള്ള_വണ്ടി. നന്നായി കഥയവതരിപ്പിച്ച കഥാകൃത്തിന് ആശംസകൾ നേരുന്നു.
24.
ഒരു ആരാച്ചാരുടെ മാനസികാവസ്ഥ നാം പലപ്പോഴും വായിച്ചിട്ടുണ്ട്. ഗവൺമെന്റ് നൽകുന്ന ശംബളം കൈപറ്റി കൊടും കുറ്റവാളികളുടെ കണ്ഠത്തിൽ കയർമുറുക്കുന്നവർ. ചെയ്യുന്നത് കൊലപാതകം ആണെങ്കിലും അതിനിരയാകുന്നവൻ നൂറുശതമാനം അതിനർഹനാണെന്ന് നിയമസംവിധാനങ്ങൾ കീറിമുറിച്ച് പരിശോധിച്ചംഗീകരിക്കുന്നതിനാൽ സ്വയം ആശ്വസിക്കാൻ ആ ആരാച്ചാർക്ക് വകയുണ്ട്.
എന്നാൽ വിധിയേകിയ ആതുരാലയത്തടവറയിൽ കിടക്കുന്ന ഹതഭാഗ്യന് ദയാവധം നൽകേണ്ടിവരുന്ന ഡോക്ടറോ... ആയിരമായിരം ജീവനുകൾ സംരക്ഷിക്കപ്പെടാൻ നിയോഗിക്കപ്പെട്ട ഒരുവനാണ് ഡോക്ടർ ദൈവത്തിന്റെ പ്രതിപുരുഷൻ. അയാൾക്ക് ഒരു ജീവനെടുക്കേണ്ടിവരുന്ന പ്രമേയമാണ് ശ്രീ സനു ഓച്ചിറയുടെ #ദയാവധം എന്ന കഥ. ദയാവധത്തിന് നിയോഗിക്കപ്പെട്ട ഒരു ഡോക്ടറുടെ മാനസികവ്യഥകൾ നന്നായി പറയുന്നതിൽ കഥാകൃത്ത് വിജയിച്ചുവോ എന്ന സന്ദേഹം നിലനിൽക്കുന്നുണ്ട്. ഡോക്ടറുടെ മാനസികാവസ്ഥയെ കഥയുടെ മുഖ്യതന്തുവായി പ്രദർശിപ്പിക്കുവാനായില്ല എങ്കിലും കഥയുടെ പ്രമേയത്തിലെ പുതുമയ്ക്ക് കഥാകൃത്ത് അഭിനന്ധനാർഹനാകുന്നു.
25.
ബന്ധസ്വന്തങ്ങൾക്ക് വിലയിടിഞ്ഞൊരു കാലഘട്ടത്തിൽ മതാപിതാക്കളുടെ ചിതയടങ്ങുംമുമ്പ് അവസാനതരിപോലും പങ്കിട്ടെടുക്കാൻ ധൃതികൂട്ടുന്ന മക്കൾ. അവരിൽനിന്ന് വിഭിന്നമായി അച്ഛനെയും അമ്മയെയും പരിപാലിച്ച് സ്വന്തം ജീവിതം നോക്കാനാകാതെ അസുഖബാധിതനുമായൊരു കഥാപാത്രം. അയാളുടെ ചെറുസ്മരണകളിൽ അനവരതം പറഞ്ഞുപോയൊരു ചെറുകഥയാണ് ശ്രീ ജോമോൻ ജോസഫ് തങ്കളത്തിന്റെ #നീലാകാശവുംറെയിൽപ്പാളവും എന്നകഥ. പ്രതീക്ഷകളുടെ നീലാകാശവും തമ്മിലൊരിക്കലുമിണങ്ങാത്ത ജന്മങ്ങളുടെ സ്വഭാവവും ആകാം ശീർഷകത്തിൽ കഥാകൃത്ത് ഉദ്ദേശിച്ചത്,ആശംസകൾ.
[ഇതെന്റെ വായനാനുഭവക്കുറിപ്പുകളാണ് ഒരുപക്ഷേ എന്റെ അനുഭവജ്ഞാനത്തിന്റെ കുറവുണ്ടാകും. ഇവയിൽ വിവരിക്കുന്ന കഥകൾ എന്റെ വായനയെക്കാൾ നന്നായി വായിച്ചുപറയുവാനാളുണ്ട് എന്ന ബോധത്തിൽതന്നെ പറയട്ടെ ഇതിൽ പരാമർശിക്കുന്ന കഥാകൃത്തുകളെ പ്രയാസപ്പെടുത്തുന്നുവെങ്കിൽ ക്ഷമ ചോദിക്കുന്നു.. തുടരണമെന്ന ആഗ്രഹത്തോടെ... ശ്രീകുമാർ ശ്രീ]
26.
നാട്ടിൻപുറത്തെ ഒരു മാതൃകാകർഷകന്റ കുടുംബജീവിതവും, ജീവിതക്കാഴ്ചകളുടെ നേർചിത്രമായാണ് സുന്ദരേശൻ പൂവത്തൂർ എഴുതിയ #നൂറുമേനി. കൃഷീവലനായ ഒരാളും അയാളുടെ കുടുംബവും കാർഷികവൃത്തിയെ ആരാധിക്കയും അനുസരിക്കയും അതിലൂടെ എല്ലാം നേടിയിട്ടും അഹങ്കരിക്കാതെ ആ വൃത്തിയിൽതന്നെ നിലനിൽക്കയും ചെയ്യുന്നതാണ് ഇതിവൃത്തം എന്നാലും. കഥാകഥനം ഒരു സെമിനാറിൽ അവതരിപ്പിക്കുന്ന പ്രചേദനപരമായ പ്രബന്ധം പോലെയായിപ്പോയത് ഒരു പോരായ്മയായി തോന്നുന്നു. കഥാകൃത്തിന് ആശംസകൾ.
27.
ഒട്ടനവധി തവണ വായിച്ചിട്ടുള്ള ഒരു കഥയുടെ തനിയാവർത്തനം മാത്രമാണ് ശ്രീ സുരേഷ് കാരാടിന്റെ നൊമ്പരക്കാറ്റ്. മുമ്പ് തമിഴ് ചെറുകഥയുടെ മൊഴിമാറ്റം ആയാണ് ഈ കഥ ആദ്യം വായിച്ചിട്ടുള്ളത്. ദത്തെടുക്കപ്പെട്ട മകൻ അതേ സ്ഥാപനത്തിൽ adoptive parents നെ ഉപേക്ഷിക്കുന്ന കഥ പലരും എഴുതിയീട്ടുണ്ട്. കഥയുടെ ഘടനയിലും സങ്കടവും.. മൗനമായി ആ രക്ഷിതാക്കൾ മകനു നൽകുന്ന ശക്തമായൊരു പ്രഹരം.. അതുവായിക്കുമ്പോൾ അനുവാചകനുണ്ടാകുന്ന ആത്മസംതൃപ്തി ഇതൊക്കെയാകും പലരും ഈ പ്രമേയത്തെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത്. പ്രമേയത്തിലെ പുതുമയില്ലായ്മ എന്ന ന്യൂനത ഒഴിവാക്കിയാൽ കഥാകഥനം നന്നായിരുന്നു. രചയിതാവിന്അഭിനന്ദനങ്ങൾ.
28.
തൊട്ടതിനും പിടിച്ചതിനും പാരമ്പര്യത്തെയും ഭർതൃമാതാവിനെയും പിതാവിനെയും എന്നുവേണ്ട ഭർത്താവിനെത്തന്നെ നിരന്തരം കുറ്റപ്പെടുത്തുന്ന നിരന്തരം നിസ്സാരകാര്യങ്ങൾക്കുകൂടി വഴക്കുകൂടുന്നൊരു ശരാശരി ഭാര്യ. പ്രായത്തിന്റെ കെട്ടുപൊട്ടിച്ച് ചാടാനൊരുമ്പെടുന്നൂരു മകൾ.. അലോസരങ്ങൾക്കിടയിൽ അമ്പരന്നുനിൽക്കുന്നൊരു ബാലൻ.. ഇവയെല്ലാം കൂട്ടിക്കൊണ്ടുപോകാനാകാതെ വിഷമതകൾ പറയാനൊരു തണലില്ലാതെയലയുന്ന ഗൃഹനാഥൻ. ഒരു മിനിമം മലയാളി കുടുംബത്തിനെ വരച്ചുകാണിക്കുകയാണ് Anilkumar SD യുടെ പഴങ്കഞ്ഞിക്കട. അമ്മയുടെ സ്നേഹം പഴങ്കഞ്ഞിക്കടയിലെ പഴംകഞ്ഞികുടിക്കുമ്പോൾ അയാളിൽ നിറയുന്നു. വിഷമതകൾ വേർപിരിഞ്ഞ മാതാവിന്റെ സ്മരണകളിൽ സമർപ്പിച്ച് ആശ്വാസം കണ്ടെത്തുന്ന കഥാനായകനെയും നന്നായി അവതരിപ്പിച്ചു കഥാകൃത്ത്. ആശംസകൾ അഭിനന്ദനങ്ങൾ.
29.
കുലവൻകുട്ടൻ... കാർത്തുപെണ്ണ്... കല്യാണിക്കുട്ടി... അമ്മു... ഒടിയൻകോർമ്മൻ.. കുമാരൻ കുട്ടാടൻപാടം,
പിന്നെ മുത്തപ്പൻമാരും കുന്നത്തെ കാവിലമ്മയും ഒരുപിടി കഥാപാത്രങ്ങൾ പാവങ്ങൾ ഒരു ജാഥപോലെ അവരവരുടെ ഭാഗം കൃത്യമായി അഭിനയിച്ച് ഒരു ഫാന്റസി പോലെ മുന്നിലൂടെ കടന്നുപോകുന്ന അത്യപൂർവ്വമായ അനുഭൂതിലഭിക്കുന്ന ഒരു രചനയായിരുന്നു ശ്രീ ടി.വി പുഷ്പാകരൻ കോട്ടത്തറ യുടെ #പാടുകൾ എന്ന രചന . തന്മയത്തത്തോടെ ഒരു കഥാതന്തുവിൽ നിന്ന് വളർന്ന് ഒരു നോവലൈറ്റിലെത്താവുമായിരുന്ന കഥയെ വളരെ കൈയൊതുക്കത്തോടെ ചെറുകഥയിലൊതുക്കിയ കഥാകൃത്തിന് അഭിനന്ദനങ്ങൾ ആശംസകൾ.
30.
ഒരു പ്രളയക്കെടുതിയുടെ നേർക്കാഴ്ചയായിരുന്നു ശ്രീ. പള്ളിച്ചൽ രാജ്മോഹൻ എഴുതിയ പ്രളയം. അവസാനനിമിഷംവരെ ആകുലതകളടക്കി തന്റെ ജീവിതസമ്പാദ്യങ്ങളെ കൈവിടാൻ മടിക്കുന്ന സാധാരണക്കാരൻ... ഉപയോഗശൂന്യമായവയ്ക്കൊപ്പം ശരീരം തളർന്നുപോ അമ്മയും ഒഴുകിപ്പോകയാണ്. മറ്റൊരമ്മ മകൻ സുരക്ഷിതമായിരിക്കുന്നതിൽ ആശ്വസിക്കുന്നു... ഒപ്പം അമ്മ നഷ്ടമായതിൽ നിസ്സംഗമായ മൗനവും. കഥാന്ത്യത്തിൽ നിറഞ്ഞുവീർത്ത അകിടുചുരത്തുവാനാകാതെ ഒഴുക്കിലടിയുന്ന മറ്റൊരു മാതൃത്വം ഒരുപാട് ചിന്തകൾ ഉണർത്തുന്നു. അവസാനമായി തന്റെ തണുത്തുമരവിച്ച്നിറഞ്ഞ അകിടുമായി ആ പശുവും പ്രളയത്തിൽ ഒടുങ്ങുമ്പോൾ പ്രളയക്കെടുതികൾ മൂന്ന് മാതൃജന്മങ്ങളിലൂടെ വരച്ചുകാണിക്കുകയാണ്. നല്ല രചന നിർവഹിച്ച കഥാകൃത്തിന് ആശംസകൾ അഭിനന്ദനങ്ങൾ.
31.
കേരളത്തിൽ എവിടെ നോക്കിയാലും അന്യസംസ്ഥാനത്തൊഴിലാളികൾ ആണ് അന്യരാജ്യക്കാരും.. അതിനിടയിലാണ് പ്രേതങ്ങളും അന്യസംസ്ഥാനക്കാരായകഥയുമായി ശ്രീമതി Preethi Renjith #പ്രളയത്തിൽപ്പെട്ട_പ്രേതങ്ങളുടെ കഥ പറഞ്ഞത്. കഥയുടെ ഉൾക്കാമ്പ് ചെറിയൊരു ഹാസരസം എന്നുള്ളതിനപ്പുറമില്ലെങ്കിലും കഥപറയുന്ന ശൈലി അതിമനോഹരമാണ്. അതിനിടയിലെ സംഭാഷണങ്ങളുടെ വാമൊഴിഭംഗി അത്രയ്ക്ക് രചനയെ മികവുറ്റതാക്കുന്നു. ഒരു കഥയില്ലായ്മയെ മനോഹരമായ ഭാഷയിലൂടെ കഥയാക്കിമാറ്റിയ കഥാകാരിക്ക് ആശംസകൾ അഭിനന്ദനങ്ങൾ.
32.
മറ്റൊരാളുടെ മുന്നിൽ വാപൊത്തി ജീവിക്കുന്നതിനെക്കാൾ ഭേദം ചെറിയസാഹചര്യങ്ങളിൽ സമരസപ്പെട്ട് ജീവിക്കുന്നതാണ് മേന്മയെന്നും #ചീരാപ്പി എന്ന കഥാപാത്രത്തിനെക്കൊണ്ട് പറയിപ്പിക്കുന്ന ശ്രീ #ചന്ദ്രമോഹന്റെ ഫ്രീഡം ഓഫ് എക്സ്പ്രഷൻ നല്ലൊരു വിഷയമാണ് പറയാതെപറയുന്നത് ആഗോളതലത്തിൽ തൊഴിൽ സമവാക്യങ്ങൾ തിരുത്തപ്പെടുകയാണ് തൊഴിലിടങ്ങളിൽ അസമത്വവും അടിച്ചമർത്തലുകളും ഏറുകയും പ്രതിരോധത്തിന്റെ സംഘടിതശ്രമങ്ങളുടെ കടയ്ക്കൽ കോടാലിവയ്ക്കുന്ന പുതിയ തൊഴിൽ നിയമങ്ങൾ പടച്ചുകൂട്ടുകയും ചെയ്യുന്ന ഇക്കാലത്ത് ഒരു കുഗ്രാമത്തിലെ കഥയെന്ന് പറഞ്ഞ് കഥാകൃത്ത് ചൂണ്ടുന്നത് നവ അടിമത്വത്തിന്റെ അടയാളങ്ങളിലേക്കാണ്. കഥാകൃത്തിന് ആശംസകൾ നേരുന്നു.
33.
പ്രദീപ് വെങ്ങരയുടെ #ബഡായിബാലൻ നാട്ടിൻപുറത്തെ പല കഥാപാത്രങ്ങളെയും ഓർമ്മപ്പെടുത്തി. അദ്ദേഹത്തിന്റെ #റൈറ്റ് പോലെ എന്റെ നാട്ടിലെ #രമേശൻ എന്നൊരാളുണ്ടായിരുന്നു reverse എടുക്കുന്ന വണ്ടിക്കുപിന്നിൽ ചെന്ന് #വരാൻവരട്ടെ എന്നുപറഞ്ഞ് സ്കൂൾ മതിലിടിച്ചിട്ടു. കഥ വായിച്ച് രമേശനെ ഓർത്തുപോയി ചില പട്ടാള ബഡായിമാമൻമാരെയും. ഏതായാലും ബിസിനസ് ചെയ്യാൻ മിടുക്കനാണ് ബാലേട്ടൻ. . കഥാകൃത്തിന് അഭിനന്ദനങ്ങൾ.
34.
ഹൃദയം നുറുങ്ങുന്ന വേദനയായി #ഭാരതി എന്ന പെൺകുട്ടി.. അല്പം അതിശയോക്തി (പ്രായത്തെക്കുറിച്ചുള്ള സൂചനകൾ) അനുഭവപ്പെടുന്നുണ്ടെങ്കിലും നല്ലൊരു കഥയാണ് രേഷ്മ അനിൽ അവതരിപ്പിച്ച ഭാരതി എന്ന മിടുക്കി. വളരെ വലിയ കാൻവാസിൽ പറഞ്ഞകഥ പലപ്പോഴും കേവലം വിവരണത്തിന്റെ തലത്തിലേയ്ക്ക് പോയത് ചെറുകഥാവായനയിൽ ചെറിയ രീതിയിൽ അലോസരമായിട്ടുണ്ട്. കഥ നീണ്ടുപോയോ എന്നും അതിലൂടെ കൈയടക്കത്തിൽനിന്ന് വഴുതിപ്പോയോ എന്നും ഒരു വായനക്കാരനെന്ന നിലയിൽ ഞാൻ സന്ദേഹപ്പെടുന്നു. കഥയിൽ സോദ്ദേശവും നന്മയും നിറഞ്ഞിരിക്കുന്നു അവസാനം ദുരന്തവും. രചയിതാവിന് ആശംസകൾ.
35.
ശിഥിലമായ കുടുംബബന്ധവും മകനുവേണ്ടി അതിന്റെ ശുഭപര്യവസാനവും വളരെ ലളിതമായഭാഷയിൽ നല്ല കൈയടക്കത്തോടെ അവതരിപ്പിച്ചു ശ്രീ പ്രേമാനന്ദ് #മകനേ_നിനക്കുവേണ്ടി എന്ന രചനയിൽ. മകന്റെ അസുഖവും അതിന്റെ പര്യവസാനവും പ്രതീക്ഷിച്ച് വായന ആരംഭിക്കുന്ന അനുവാചകനിലേക്ക് ഒരു ഡൈവോഴ്സ് കഥയുടെ പശ്ചാത്തലം മനപ്പൂർവമല്ലാതെ സന്നിവേശിപ്പിച്ചു അതിന് ശുഭാന്ത്യം നൽകി കഥ അവസാനിപ്പിച്ചത് വളരെ നന്നായി. ഒരു വായനക്കാരൻ എന്നതിലുപരി ഡൈവോഴ്സ് കേസ്സുകൾ കൈകാര്യം ചെയ്യുന്ന ഒരു കോടതിയിലെ ജീവനക്കാരനെന്ന നിലയ്ക്കും കഥാന്ത്യത്തിലെ ഒത്തുചേരലിൽ സംന്തുഷ്ടിതോന്നി. കഥാകൃത്തിന് ആശംസകൾ അഭിനന്ദനങ്ങൾ.
36.
അനാഥത്വത്തിൽ നിന്ന് ഒരമ്മയെയും കുഞ്ഞിനെയും സനാഥരാക്കിമാറ്റുന്ന ചെറുകഥ ശ്രീ. #ഫഹി ഫഹ്സലിന്റെ മണവാട്ടി നന്നായിട്ടുണ്ട്. ഒരു ജന്മത്തെ സനാഥമാക്കാനാകുക എന്നതാണ് ലോകത്തിലെ ഏറ്റവും പുണ്യകർമ്മം. എല്ലാ മനുഷ്യരും അങ്ങനെ ചിന്തിച്ച് വർത്തിച്ചിരുന്നെങ്കിൽ നമ്മുടെ നാട്ടിൽ അനാഥാലയങ്ങളും വൃദ്ധസദനങ്ങളും അമ്മത്തൊട്ടിലുമൊക്കെ പൊളിച്ചുമാറ്റാമായിരുന്നു. അനുകമ്പ സ്നേഹം ത്യാഗം ഇവയൊക്കെ പകരുന്നൊരു സന്ദേശമാണ് കഥാകൃത്ത് പങ്കുവച്ചത്. കഥാകൃത്തിന് ആശംസകൾ.
37.
ഒരു വിഭ്രമചിന്തയെ വാരിവലിച്ചു പറയാതെ രണ്ടുപേരുടെ സാന്നിദ്ധ്യത്തിനിടയിലെ സംഭാഷണങ്ങളിൽ കോർത്തിണക്കി അവതരിപ്പിച്ച ശ്രീ #മെഹബൂബ് അരമനയുടെ #മണിവണ്ണച്ചിമിഴ് തീർച്ചയായും വായനയിൽ പുതിയൊരനുഭവമാണ്. ഒന്നുമില്ലായ്മയിൽ നിന്ന് അല്ലെങ്കിൽ ഒരുവന്റെ ചിന്തയെമാത്രം ആശ്രയിച്ച് അതിനെ, അവന്റെ ലഹരിയെ കൂട്ടുപിടിച്ച് ഒരു കഥ ചമയ്ക്കുന്ന കഥാകൃത്തിന്റെ വിരുത് പറയാതെ വയ്യ. കഥാപാത്രം ദിനേശനെന്നത് കഥാകൃത്തിന്(ജോസഫിന്) തോന്നുന്നൊരു കേവലമിഥ്യയായും കഥാന്ത്യം പ്രതിഫലിക്കുന്നു. കഥാകൃത്തിന് ആശംസകൾ അഭിനന്ദനങ്ങൾ
38.
പണം പിശാചാണ് എന്ന് പറയുന്നൊരു അവധൂതൻ അവനിൽ സാക്ഷാൽ കൃഷ്ണനെ കാണുന്ന കഥാനായിക. ശ്രീ #സന്തോഷ് വർമ്മ പന്തളത്തിന്റെ മാ ഫലേഷു നല്ലൊരു ചെറുകഥയാണ് ലളിതമായതും. കേശു എന്ന കഥാപാത്രം എവിടെയോ കണ്ടു മറന്നതാണ് അല്ലെങ്കിൽ അതിനു സമാപമായൊരു കഥാപാത്രം മിക്ക നാട്ടുമ്പുറത്തുമുണ്ടാകും ഭക്ഷണം മാത്രം പ്രതിഫലമായി സ്വീകരിച്ചു ഉപകാരിയായി നടന്നൊരാൾ എന്റെ ഓർമ്മയിലുമുണ്ട്. ഒരുനാൾ പെട്ടെന്നയാൾ അപ്രത്യക്ഷമായി. ഒരുപക്ഷേ കഥാകൃത്ത് പറയുമ്പോലെ കൃഷ്ണനോ ക്രിസ്തുവോ അള്ളാഹുവോ ഒക്കെയാകാം അവർ. നമുക്കൊരു സന്ദേശം തരാൻ വരുന്നവർ. മുഷിപ്പില്ലാതെ കഥപറഞ്ഞ കഥാകൃത്തിന് ആശംസകൾ.
39.
യാന്ത്രിക ജീവിതം ഒരു കരയെത്തുമ്പോഴാണ് നാം മാതാപിതാക്കളുടെ ഓർമ്മകളിലേക്ക് മടങ്ങുന്നത് ഒരു മകന്റെ അച്ഛനോടുള്ള അടങ്ങാത്ത സ്നേഹം പ്രതിഫലിക്കുന്ന കഥയാണ് ശ്രീ. പി.പി.വിശ്വനാഥന്റെ #മാലാഖമാർ ഇറങ്ങുമ്പോൾ എന്ന ചെറുകഥ. മേമ്പൊടിയായി കുടുംബവും ഇടവകയും കുഴിവെട്ടുകാരനുമൊക്കെ കഥയിൽ അതിഥിയാകുന്നെങ്കിലും അപ്പനോടുള്ള അളവറ്റ സ്നേഹം തന്നെയാണ് കഥയിൽ മുഴച്ചു നിൽക്കുന്നത്. അപ്പനുവേണ്ടി കല്ലറയുടെ പണിചെയ്യുന്ന കഥാനായകൻ ആ മണ്ണിൽ അപ്പന്റെ ഗന്ധമറിയുന്നത് കഥയുടെ നന്മയുടെ ഗന്ധമാണ്. കഥാകൃത്തിന് ആശംസകൾ.
40
അസാമാന്യമായ ബിംബവത്ക്കരണമാണ് ശ്രീ കോയ കെ ആസാദിന്റെ #മാൻഹോൾ എന്ന രചന.. പഴയ സ്കൂൾ കോളേജ് കാലഘട്ടങ്ങളിൽ അവതരിപ്പിച്ചിരുന്ന ഏകാങ്കനാടകം ആസ്വദിക്കുംപോലെയാണ് കഥാവായന അനുഭവപ്പെട്ടത്. ഒരു ചെറുകഥയെ എങ്ങനെ സന്ദർഭങ്ങളിലൂടെ പാർശ്വവത്ക്കരിച്ച് പറയാതെ പറയാം (സാധാരണയായി പാർശ്വവിതാനങ്ങളിലൂടെ കഥപറയുന്ന രീതിക്കു വിപരീതമായി) എന്നു പഠിപ്പിക്കുന്ന നൂതനമായ രചനാ ശൈലിയാണ് #മാൻഹോളിൽ അനുവർത്തിച്ചിരിക്കുന്നത്. ചെറുകഥാരചന പഠനമാക്കുന്നവർ അത്യാവശ്യം വായിച്ചിരിക്കേണ്ടതാണ് ഈ രചനശൈലി എന്ന് ഞാൻ അഭിപ്രായപ്പെടുന്നു. നല്ലൊരു രചനയിലൂടെ #കഥയയമമയെ ധന്യമാക്കിയ കഥാകൃത്തിന് ആശംസകൾ അഭിനന്ദനങ്ങൾ.
41.
മനുഷ്യത്വം മനുഷ്യനിൽ മാത്രമില്ലാതെ പോകുന്നു. പകലും രാത്രിയും ആളൊഴിവിലും പലതരം മുഖംമൂടികളണിഞ്ഞു ജീവിക്കുന്നവരുടെ ഇടയിൽ മരവിച്ച മനസ്സുമായി നടതള്ളപ്പെട്ടവരുടെ പ്രതീകമാണ് #മുഖംമൂടി എന്ന ചെറുകഥയിലെ കഥാപാത്രം. മകന്റെ പ്രായമുളള ഒരുവന്റെ കാമഭ്രാന്തിനിരയാകുന്ന പ്രായംചെന്നൊരു സ്ത്രീയുടെ കഥ നന്നായി പറഞ്ഞ ശ്രീ. #സഹീദ് ഒ കെ കല്ലറയ്ക്ക് ആശംസകൾ.
42.
തട്ടിപ്പുകൾ രൂപവും ഭാവവും മാറിമാറി വരുന്ന കാലമാണിത്. ആഗോളതലത്തിൽ തന്നെ തട്ടിപ്പ് ഒരു വലിയ ബിസിനസ് ആയി വളരുകയാണ് . ഒരുപക്ഷേ ഒരാളുടെ പ്രഭാതം മുതൽ പ്രദോഷംവരെ അല്ലെങ്കിൽ നിദ്രയിൽപ്പോലും നാം എത്രയോപ്രാവശ്യം പറ്റിക്കപ്പെടുന്നുണ്ട് കഴിക്കുന്ന ഭക്ഷണത്തിലെ മായം മുതൽ കുടിക്കുന്ന ജലത്തിൽ ഉച്ഛോസവായുവിൽ പോലും നാം പറ്റിക്കപ്പെടുന്നുണ്ട്. ശ്രീ. ഹാഷിം മടശ്ശേരിയുടെ #മുഖംമൂടികൾ അത്തരം ഒരു കുഞ്ഞു തട്ടിപ്പിന്റെ കഥയാണ്. കഥാകൃത്ത് അനുഭവംപോലെ എഴുതിയ പ്രമേയം പലർക്കും പലരൂപത്തിലും അനുഭവപ്പെട്ടതാണ്. രചന നന്നായിട്ടുണ്ട് കഥാകൃത്തിന് ആശംസകൾ
43.
"പത്തുനൂറു രൂപയുടെ മത്തിവാങ്ങിയാ വിതംവച്ച് കഴീമ്പം രണ്ട് കഷണമാ എനിക്ക് കിട്ടുന്നത്.. ഇനിയത് വേണ്ടല്ലാ" ശ്രീ #നൂറനാട് ജയപ്രകാശിന്റെ #മുറിബീഡിയിലെ ധരൻ ഏറെ ചിന്തിപ്പിച്ചു.. നാട്ടിൻപുറത്തെവിടെയൊക്കെയോ ധരൻ-മാരും ഇച്ചായിമാരും ഇപ്പോഴും തുടരുന്നു. ഏറെ ചിന്തിപ്പിക്കുന്ന ഒരു രചനയായിരുന്നു മുറിബീഡി. ഒരു ഷോർട്ട് ഫിലിം കാണുന്നപോലെ അനുഭവപ്പെട്ടത് കഥാകൃത്തിന്റെ രചനാ വൈഭവം തന്നെയാണ്. ഒരു മുറിബീഡിയിലെ തീയണയുന്നതും കാത്തിരിക്കാൻ വായനക്കാരനെ പറഞ്ഞുവിട്ട് കഥ അവസാനിപ്പിച്ചു. കഥാകൃത്തിന് ആശംസകൾ അഭിനന്ദനങ്ങൾ.
44.
ശ്രീ T K M കാരക്കാടിന്റെ #മിന്നൽവേഗത ഒരു സദുദ്ദേശകഥയാണ് കൗമാരക്കാരുടെ അതിയായ വാഹനഭ്രമമും അതിവേഗവും അവന്റെ കുടുംബത്തിന് ഉണ്ടാക്കുന്ന കഷ്ടതകൾ വിവരിക്കുന്ന കഥ നന്നായിട്ടുണ്ട്. എന്നാൽ കഥാരചനാസവിശേഷതയില്ലായ്മ കഥയിൽ മുഴച്ചുനിന്നു. ഒരു ചെറുകഥയുടെ മട്ട് വിട്ട് ആഖ്യാനമായാണ് അനുഭവപ്പെട്ടത്. കഥ തുടങ്ങുന്നത് വിഷയം മറ്റൊരാളോട് പറയുന്ന രീതിയിലാണെങ്കിലും സംഭാഷണസാഹിത്യത്തിന്റെ സരസതയും ഒത്തുചേർന്നില്ല എന്ന പോരായ്മ അനുഭവപ്പെടുന്നുണ്ട്. ആദ്യാവസാനം ഒഴുക്കിവിടുന്ന രീതിയിലുള്ള കഥാരചനയാണ് കഥാകൃത്ത് ഉപയോഗിച്ചിരിക്കുന്നത് എന്നതിനാൽ ഒരു excitement കഥയിൽ കൊണ്ടുവരുവാനായിട്ടില്ല. കഥാകൃത്തിന് ആശംസകൾ.
45.
കഥാപശ്ചാത്തലം ഏറെ വിവരിച്ചപ്പോൾ കഥാതന്തു ചുരുങ്ങിപ്പോയി എന്ന ന്യൂനത ഒഴിവാക്കിയാൽ മികച്ച ഒരു രചനയായിരുന്നു ശ്രീ ദിനൻ രാഘവിന്റെ #യാത്ര. ഒരു യാത്രയിൽ പഴയ ഇൻസ്ട്രക്ടറെ വീണ്ടും കണ്ടുമുട്ടുന്നു കഥാനായകൻ. ഒപ്പം അയാൾ ഒരു കാൻസർ രോഗിയെന്നറിയുമ്പോൾ അതേ രോഗം ബാധിച്ചിരുന്ന തന്റെ പിതാവിനെയും സ്മരിക്കുന്നു.. ഇൻസ്ട്രക്ടറുടെ മകൾക്ക് ഒരു ജീവിതം നൽകാൻ തീരുമാനിക്കുന്നിടത്ത് കഥയവസാനിപ്പിക്കുമ്പോൾ ഊരു ശുഭപര്യവസാനവും. എന്നാലും കഥാകൃത്തിന്റെ ഈ രചന വായിക്കുമ്പോൽ സംതൃപ്തി തോന്നാത്തതിനുകാരണം അദ്ദേഹത്തിന്റെ മിക്ക രചനകളും ഒരുപാടു പ്രാവശ്യം ആസ്വാദനസംതൃപ്തി നൽകിയിട്ടുള്ളവയായിരുന്നു എന്നതിനാലാവാം. പരിമിതമായ സമയക്രമത്തിൽ രചിച്ചതിനാലാവും കൂടുതൽ ശ്രദ്ധനൽകാത്തതും. കഥാകൃത്തിന് ആശംസകൾ അഭിനന്ദനങ്ങൾ.
[ഇതെന്റെ വായനാനുഭവക്കുറിപ്പുകളാണ് ഒരുപക്ഷേ എന്റെ അനുഭവജ്ഞാനത്തിന്റെ കുറവുണ്ടാകും. ഇവയിൽ വിവരിക്കുന്ന കഥകൾ എന്റെ വായനയെക്കാൾ നന്നായി വായിച്ചുപറയുവാനാളുണ്ട് എന്ന ബോധത്തിൽതന്നെ പറയട്ടെ ഇതിൽ പരാമർശിക്കുന്ന കഥാകൃത്തുകളെ പ്രയാസപ്പെടുത്തുന്നുവെങ്കിൽ ക്ഷമ ചോദിക്കുന്നു.. തുടരണമെന്ന ആഗ്രഹത്തോടെ... ശ്രീകുമാർ ശ്രീ]
46.
ഒരായുസ്സിന്റെ നല്ലകാലം മുഴുവനും മക്കൾക്കായി മാറ്റിവയ്ക്കുന്നു.. കെട്ടകാലത്ത് മക്കൾ കണ്ണെത്താദൂരത്തും. മോഹങ്ങളടക്കി വാഴുമ്പോൾ ആരോരുമല്ലാത്തവർ സഹായികളായിവരുന്നു. ഒടുവിൽ കാലംകഴിയുമ്പോൾ സ്വത്തുഭാഗം വരുമ്പോഴേക്കും അച്ഛനുമമ്മയും തീരെ മണ്ടന്മാരല്ലായിരുന്നു എന്ന് മക്കൾക്ക് മനസ്സിലാകും . പലരും പറഞ്ഞുകഴിഞ്ഞ പ്രമേയമായിരുന്നു ശ്രീമതി Nisha sebastian എഴുതിയ #വിൽപത്രം. എന്നിരിക്കിലും കഥയിലേക്ക് പ്രളയാനന്തരചിന്തയും എല്ലാ വിൽപത്രങ്ങൾക്കും മേൽ ദൈവത്തിനൊരു അധികാരപത്രമുണ്ടെന്ന സന്ദേശം ധ്വനിപ്പിച്ചുകൊണ്ട് കഥ അവസാനിപ്പിച്ചത് നന്നായി കഥാകാരിക്ക് അഭിനന്ദനങ്ങൾ.
47.
ജോജിത വിനീഷിന്റെ #ശവഭോഗി ഒരു മാനസികരോഗിയെയാണ് വരഞ്ഞുകാട്ടുന്നത്. ജീവിതത്തിന്റെ ഓരോ ഏടിലും ഓരോമനുഷ്യനിലും ഒരു മാനസികരോഗി മറഞ്ഞിരിപ്പുണ്ട് ലൈംഗികതയിലാണ് അത് കൂടുതലും ഉണ്ടാകാറുള്ളത്. സദാചാരബോധവും മനുഷ്യന്റെ ലൈംഗികകാര്യങ്ങളിലുള്ള അതിഗൂഡതയുമാണ് ഇത്തരം മനോരോഗികളെ പുറത്തറിയാതെപോകുന്നതും ചികിത്സയില്ലാതെയാകുന്നതും.. ഉറങ്ങിക്കിടക്കുന്ന ഇണയെ (ഒരു പ്രതികരണവുമില്ലാത്ത) മാത്രം പ്രാപിക്കുന്നത് ശവഭോഗത്തിനു തുല്യമാണ്. (ക്രമേണ കഥാനായകൻ ശവഭോഗിയാകുന്നു) എന്നാൽ അതിലും പരാചയപ്പെടുകയാണയാൾ. ഉണർവ്വിലും ഒരു അവന്റെ സംഭോഗസുഖത്തിനുവേണ്ടി വേണ്ടി ഒരു ശവംപോലെ ശയിക്കേണ്ടിവരുന്ന പങ്കാളിയുടെ അവസ്ഥ അതിലേറെ ഭീകരവുമാണ്. ഒരു മാനസികരോഗത്തിന് അടിമയായ കഥാനായകനിലൂടെ ഒരുപാട് ബിംബവത്കരണങ്ങൾകൊണ്ട് കഥയെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് കഥയിൽ. കഥാകൃത്തിന് ആശംസകൾ അഭിനന്ദനങ്ങൾ.
48.
സാഹചര്യങ്ങളുടെ ഒഴുക്കിൽ ചതിക്കുഴികളിൽ പതിച്ചവൾ മറ്റൊന്നുകൂടി അതുപോലെ തകർന്നുപോകാതിരിക്കാൻ എന്തു ക്രൂരമായ കൃത്യത്തിനായാലും തയ്യാറാകുന്ന കഥയാണ് ശ്രീമതി. സന്ധ്യാ സുമോദിന്റെ #സമീറ എന്ന ചെറുകഥ. ചെറുത്തുനിൽക്കാൻ ഒരു പെണ്ണിന് ദൈവം തനിയെ ശക്തിപകരുന്നതാകാം അല്ലെങ്കിൽ മറ്റൊരുപെൺകുട്ടിയെ രക്ഷപ്പെടുത്താൻ എന്തിനും തയ്യാറാകുന്നൊരു മനസ്സും ഉടലും സ്വയം സജ്ജമാകുമായിരിക്കും. ചുരുങ്ങിയ എഴുത്തിലൂടെ നന്നായി ഒരു കഥപറഞ്ഞ കഥാകാരിക്ക് ആശംസകൾ
50.
വിവാഹജീവിതത്തിന്റെ ഊടും പാവും നെയ്യുന്നത് കിടപ്പറയിൽ വച്ചാണ് എന്നുപറഞ്ഞാൽ ഒരുപക്ഷേ യാഥാസ്ഥിതിക മനസ്സുകൾ നെറ്റിചുളിക്കാം.. അപ്പോൾ പരാഗണം കാറ്റിലൂടെ നടക്കില്ല എന്ന കഥാനായികയുടെ അഭിപ്രായം യാഥാസ്ഥിതികരുടെ മുന്നിലെ കടുത്ത അശ്ലീലം തന്നെയാണത്. ശ്രീമതി. #നിഷസുകേഷിന്റെ സേതു പുതിയകാലത്തെ പെണ്ണാണ്. അടിച്ചമർത്തലുകൾ സ്തീകൾ അടുക്കളയിൽ മാത്രമല്ല അനുഭവിക്കുന്നത് കിടപ്പറയിലും ഉണ്ടത്. പങ്കാളിയുടെ കഴിവുകേടുകൊണ്ടായാൽപ്പോലും ദാമ്പത്ത അവഗണന കടുത്ത നൈരാശ്യമോ അതിലൂടെ മാനസികരോഗമോവരെ ഉണ്ടാക്കാറുണ്ട്. അതിനൊന്നും ഇടനൽകാതെ കഥാനായിക ആ ബന്ധം അവസാനിപ്പിച്ചത് എന്തായാലും നന്നായി. നല്ലൊരു പ്രമേയത്തെയാണ് ചുരുങ്ങിയ വാക്കുകളിലൂടെ കഥാകാരി നമ്മുടെ മുന്നിലേക്ക് വച്ചുനീട്ടുന്നത്. കഥാകൃത്തിന് ആശംസകൾ അഭിനന്ദനങ്ങൾ.
51.
എന്തിനോ ഏതിനോ അല്ലെങ്കിൽ ഒന്നിനുമല്ലാതെ കൂട്ടുകാരിയെ അഗാതമായി സ്നേഹിക്കുന്നൊരു സഹപാഠി പുഷ്പത്തിന്റെ കഥ നോവൂറുന്ന ഒരനുഭവമാക്കിയാണ് കഥാകാരി ശ്രീമതി. രുഗ്മിണിയുടെ #സൗഹൃദം എന്ന കഥ പറയുന്നത് ഒരുപക്ഷേ സ്വന്തം അനുഭവകഥതന്നെയാവാം ചെറുകഥയുടെ മേമ്പൊടികൾ ചേർത്ത് കഥാകാരി അവതരിപ്പിക്കുന്നത്. അതിഭാവുകത്വമോ കൃതൃമത്വമോ ഇല്ലാതെ കഥയവതരിപ്പിച്ച കഥാകാരിയ്ക്ക് അഭിനന്ദനങ്ങൾ.
Comments