guardians and ward Register

ഗാർഡിയൻ & വാർഡ് രജിസ്റ്റർ
``````````````````````````
"നോക്കൂ... കുട്ടികളെ ഏൽപിക്കാനും തിരികെ വിളിക്കാനുമൊക്കെയുള്ള സമയം അഞ്ചുമണിവരെയാണ് നിങ്ങളൊക്കെ വൈകിയാൽ ഞങ്ങൾക്ക് വീടുകളിലേക്ക് പോകാനാവില്ല.. ഞങ്ങൾക്കും വീട്ടിൽ കുട്ടികളുണ്ട്.. അഞ്ചുമണികഴിഞ്ഞാൽ ഞങ്ങൾ പൂട്ടിയിട്ട് പോകും കേട്ടോ...."
ഗാർഡിയൻ & വാർഡ് രജിസ്റ്ററിൽ ഒപ്പുവച്ച് മകളുമായി പുറത്തിറങ്ങാൻ നേരം കോടതിജീവനക്കാരന്റെ പതിവു നിർദ്ദേശത്തിന് ചെറിയൊരു പുഞ്ചിരിയാൽ മറുപടി നൽകിയിറങ്ങി.. ഓരോരുത്തരോടും അയാൾ അത് ആവർത്തിക്കുന്നുണ്ടാകും പാവം. ഒരുദിവസംപോലും മകളെ തിരികെ  ഏൽപിക്കേണ്ടസമയം താമസിപ്പിച്ചിട്ടില്ല എല്ലാ രണ്ടാമത്തെ വെള്ളിയാഴ്ചയും വൈകീട്ടു അഞ്ചുമണിക്കാണ് മകളുടെ കസ്റ്റഡി വിട്ടുകിട്ടുക.. ഞായറാഴ്ച 4.30 നും 5 നുമിടയിൽ മടക്കിയേൽപ്പിക്കണം മകളെ പിരിയാൻ മനസ്സനുവദിക്കില്ല എങ്കിലും കോടതിയുത്തരവ് ഇതുവരെയും കൃത്യമായി പാലിച്ചിട്ടുണ്ട് കഴിഞ്ഞനാലുവർഷമായി.....

മ്യൂസിയം കോമ്പൗണ്ടിലെ വൃക്ഷച്ചുവട്ടിലിരുന്നു മകൾ ഐസ്ക്രീം നുണയുന്നതു നോക്കിയിരിക്കെ ചിന്തകൾ കാടുകയറി... കുടുംബജീവിതത്തിന്റെ ഇഴകൾ പൊട്ടിത്തുടങ്ങിയതെപ്പോഴാണ് അവൾക്ക് ജോലി കിട്ടിയപ്പോഴോ... അതോ സിറ്റിലൈഫ് നമുക്കാവശ്യമില്ലെന്ന എന്റെ  കടുംപിടിത്തത്തിൽ നാട്ടിൽ വീടുപണി തുടങ്ങിയപ്പോഴോ.. അറിയില്ല ഏതായാലും വിവാഹത്തിന്റെ ആദ്യനാളുകളിൽത്തന്നെ അകൽച്ചകളും തുടങ്ങിയിരുന്നു... മകൾക്ക് നാലുവയസ്സുള്ളപ്പോഴാണ് നാട്ടിലുള്ള വീട്ടിൽ താമസിക്കില്ല എന്ന നിർബന്ധം വഴക്കായി, അതൊരു സമസ്യയായി പരിണമിച്ചത് പെട്ടെന്നായിരുന്നു. വാശി ഇരുഭാഗത്തും ഉണ്ടായി എന്നതു സത്യം.  ജയിക്കാൻ വേണ്ടി മാത്രമാണ് പറഞ്ഞത് "നീയിനി ജോലിക്കുപോകണ്ടാ എന്ന്" ഓഫീസ് വിട്ടുവന്നപ്പോൾ പൂട്ടിക്കിടക്കുന്ന വാതിലിന്റ താക്കോൽ അടുത്തവീട്ടിലുള്ളവർ തന്നു. അമ്പരന്നുപോയെങ്കിലും ഒരു ഫോൺകാളിൽ അവളെല്ലാം പറഞ്ഞുതീർത്തു. മടുത്തുവത്രെ ഇനിയുമാ പട്ടിക്കാട്ടിൽ വയ്യത്രെ... മകളുമായി പോകുന്നു.. തേടി വരേണ്ടതില്ല.." 
അന്വേഷിച്ചുചെന്നതിനും കിട്ടി അവളുടെ അപ്പൻവക ആട്ടും തുപ്പും.. "എന്റെ മോളെ പഠിപ്പിച്ചുവിട്ടതേ നിന്റെ പട്ടിക്കൂട്ടിലെ അടുക്കളപ്പണിക്കല്ലാന്ന്"  അവളുടെ  ഓഫീസിൽ എത്തിയിട്ടും  കാണാൻ കൂട്ടാക്കിയില്ല.  മധ്യസ്ഥശ്രമങ്ങൾക്ക് ഡിവോഴ്സ് ആവശ്യപ്പെട്ടു കോടതി നോട്ടീസായിരുന്നു മറുപടി.  പിന്നെ എല്ലാം യാന്ത്രികമായിരുന്നു.. ഡൈവോഴ്സ് വളരെവേഗംകഴിഞ്ഞെങ്കിലും കുഞ്ഞിന്റെ കാര്യത്തിൽമാത്രം ഒരുവ്യവസ്ഥയുമായില്ല. ഇല്ല ഇവളെ വിട്ടുജീവിക്കാൻ എനിക്കാവില്ല അവർക്കും അങ്ങനെയാവും അമ്മയാണ് അതംഗീകരിക്കാതെവയ്യ.. ഒരു താല്കാലിക ഉത്തരവിലാണ് എല്ലാമാസവും രണ്ടുദിവസത്തെ മകളുടെ സംരക്ഷണം വിട്ടുകിട്ടിയത്. "അച്ഛാ ഒരുപാടു ഹോംവർക്കുണ്ട്...." മകൾ അലോസരമായ ചിന്തകളുടെ ചരടുപൊട്ടിച്ചു.. "ചെയ്യാം മോളൂ... എല്ലാം ... " പതിവാണിത്.. അവൾ എന്റെ കൂടെ അധികം സമയം ചെലവഴിക്കാതിരിക്കാനുള്ള അവരുടെ തന്ത്രം.. ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും ധാരാളം ഹോംവർക്ക്  ചെയ്യാൻ കൊടുത്തുവിടും.. പാവം മകൾ. 

അത്താഴം കഴിച്ച് മകൾക്ക് കിടക്കവിരിച്ചു അതേ മുറിയിൽ തന്നെ അവളുടെ കട്ടിലിനു ചുവട്ടിൽ പായവിരിച്ചിരുന്നു. "ഗുഡ്നൈറ്റ് അച്ഛാ... " അതുപറഞ്ഞിട്ടാണ് മകൾ പെട്ടെന്ന് പറഞ്ഞത്  
" അയ്യോ അച്ഛാ.. പറയാൻ മറന്നു... പിന്നേ അമ്മേടെ ആഫീസിലെ ദിനേശൻ അങ്കിളില്ലേ കഴിഞ്ഞോസം വീട്ടിൽ വന്നാരുന്നു.. അപ്പൂപ്പനുമായി കൊറേ സംസാരിച്ചു... ഇനീം വരാന്നു പറഞ്ഞാപോയേ..." കുറച്ചു നിർത്തിയിട്ട് അവൾ വീണ്ടും തുടരുകയാണ്..." അതേ അച്ഛാ.. അമ്മമ്മ പറയാ... ദിനേശൻ അങ്കിള് ഇനി നമ്മോടൊപ്പമാ താമസിക്കാന്ന്.. അങ്കിളിനെ മോള് അച്ഛാന്ന് വിളിക്കണോന്ന്.... " നെഞ്ചിലൂടൊരു കൊള്ളിയാനൊഴിഞ്ഞുപോയി ചിലനിമിഷം വേണ്ടിവന്നു നിയന്ത്രണത്തിന്... അവൾ പുതിയൊരു ഇണയെതേടുന്നു.. ആവശ്യം... ആയ്ക്കോട്ടെ പക്ഷെ ഈ മകളെ എനിക്കു തന്നുകൂടേ... " അതേയ് അച്ഛാ എനിക്കീയച്ഛൻ മതീട്ടോ... ഞാനൊന്നും അച്ഛാന്ന് വിളിക്കില്ല ആ അങ്കിളിനെ..." മകൾ പിന്നെ സങ്കടത്തോടെ പറഞ്ഞു "അതുപറഞ്ഞപ്പോൾ അമ്മമ്മ എന്നെ  പിച്ചി കേട്ടാ... കരഞ്ഞപ്പോൾ അമ്മയും വഴക്കുപറഞ്ഞു..." അവളുടെ ശബ്ദം ചിലമ്പിക്കുന്നുണ്ട്...

 "മോളിപ്പോ അമ്മമ്മയോടൊപ്പമാണ് ഉറങ്ങുന്നത്.. അമ്മ അടുത്ത് കിടത്തണില്ലച്ഛാ... മോള് വല്യകുട്ടിയാണെന്ന്..."
എന്തു പറയണം... കണ്ണുകൾ നിറഞ്ഞൊഴുകിയത് ഇരുട്ടിൽ മകൾ കാണില്ല... എണീറ്റിരുന്നു മകളുടെ നെറുകയിൽ അമർത്തി ഉമ്മവച്ചു.. പിന്നെ  ആ നെറ്റി തടവിത്തടവിയിരുന്നു അവളുറങ്ങുംവരെ...  നെഞ്ചു പിടയുകയാണ്... ഒരു പെൺകുട്ടി  അവളുടെ അമ്മയുടെ കൂടെ വളരുന്നതാണ് യുക്തി.. ആ അഭിപ്രായമാണ് കോടതിയും പറഞ്ഞത്, അംഗീകരിക്കാം അത് . പക്ഷെ  ഈ പൊന്നുമോളെ അകറ്റിനിർത്തി എങ്ങനെയാണ് അവൾക്ക് പുതിയൊരു ജീവിതം തുടങ്ങാനാകുന്നത്. "എനിക്കൊരു മകളെ വേണം.. ഞാനൊരു പെൺകുട്ടിയെ പ്രസവിക്കും.. എനിക്ക് കൂട്ടിന്. ഒരു പെണ്ണിന് മറ്റൊരു പെണ്ണേ കാണൂ.. ഒരു അമ്മയെ അറിയുന്നത് ഒരു പെൺകുട്ടിപോലെ ആൺകുട്ടിക്കാകില്ല..."  മകളെ ഉദരത്തിൽ ചുമന്നിരുന്നകാലം അവൾ പറഞ്ഞതാണത്. ഇന്നിതാ ആ കുഞ്ഞിനെ അകറ്റിനിർത്തുന്നു. ഒരു പുതുജീവിതത്തിനുവേണ്ടി. 

ദിനേശനെ അറിയും ആദ്യഭാര്യയെ അയാളും ഉപേക്ഷിച്ചതാണ്.. അതിലുള്ള രണ്ടു ചെറിയ കുട്ടികൾക്ക് ചെലവിനുകിട്ടാൻ കോടതി കയറിയിറങ്ങുകയാണാ പാവം സ്ത്രീ.  സ്വന്തം മക്കളെ നോക്കാത്തവനാണ് എന്റെ  ഈ മകളെ.... 
തുടർന്നുള്ള ദിവസങ്ങളിൽ മുഴുവൻ ശ്രമവും സ്ഥിരമായി മകളുടെ സംരക്ഷണം തേടിയായിരുന്നു. അഡ്വക്കേറ്റുമാർ മുഖേനെയും ബന്ധുക്കൾ മുഖേനെയും നേരിട്ട് ചെന്നും പറഞ്ഞുനോക്കി. ഒരയവുമില്ലാതെയാണ് അവൾ നിന്നത്.. തന്നെ ഭ്രാന്തനാക്കുന്നതിൽ ഒരുതരം ഹരമാണവൾക്കെന്ന് മനസ്സിലായി. ഗത്യന്തരമില്ലാതെയാണ് ദിനേശനെ കാണാൻ പോയത്. "നോക്കൂ മിസ്റ്റർ.. നിങ്ങളുടെ എക്സ് ഭാര്യയും നിങ്ങളും തമ്മിലുള്ള വിഷയമാണത്.. അതിൽ എനിക്ക് അവരുടെ കൂടെ നിൽക്കാനേ കഴിയൂ..  കാരണം ഇനി ഞങ്ങൾക്ക് ഒന്നിച്ച് ജീവിക്കാനുള്ളതാണ്.. "  അയാളുടെ എങ്ങുംതൊടാതെയുള്ള മറുപടി കുറച്ചുകൂടി ഭ്രാന്ത് കൂട്ടി. എന്റെ മകൾ... എന്റെ മകൾ... ഊണിലും ഉറക്കത്തിലും അതുമാത്രമായി ചിന്ത.. ഉറക്കം നഷ്ടമായി.  ജോലിയിൽ ശ്രദ്ധപതിപ്പിക്കാനാകാതെ ജോലിയിൽ നിന്നും തത്കാലം അവധിവാങ്ങി.. അറിവുള്ള ദൈവങ്ങളെ മുഴുവൻ വിളിച്ചുകേണു. ഒരു പരിസമാപ്തിയ്ക്കായി അവളോട് മാപ്പുപറഞ്ഞ് വീണ്ടും ഒരു കുടുംബജീവിതം ആരംഭിക്കാമെന്നുവരെ അഭ്യർഥിച്ചു.  ദിനേശൻ വിരലിലിട്ട മോതിരം കീഴ്ചുണ്ടിലുരസി പുച്ഛരസത്തിന്റെ സമസ്തഭാവങ്ങളും മുഖത്തണിഞ്ഞ് അവളൊന്നു ചിരിച്ചു. പിടിവിട്ട പട്ടംപോലെ പറന്ന മനസ്സിനെ തളച്ചിടാനൊരു വഴിതേടി അയാൾ എല്ലാ ശ്രമങ്ങളുമുപേക്ഷിച്ചു... മനസ്സിനെ ഭ്രാന്തൻ കാമനകൾക്ക്  വിട്ടുകൊടുത്തുകൊണ്ട്. 
 
"അച്ഛാ.. അമ്മ ഇപ്പോൾ വീട്ടിലില്ല കേട്ടോ.. അതാ അമ്മമ്മ എന്നെ കോടതിയിൽ കൊണ്ടുവന്നത്.. അമ്മയും ആ ദിനേശനങ്കിളും കൂടി ദൂരെ പോയിരിക്യാ... അതേ അച്ഛാ അമ്മേടെ കല്യാണത്തിന് എന്നെ  കൂട്ടീല്ല കേട്ടോ... എനിക്കാകെ വെഷമായീ..." മറ്റൊരു വെള്ളിയാഴ്ച മകൾ അമ്മയുടെ വിവാഹവിവരം പറയുകയാണ്. അറിഞ്ഞിരുന്നതാണ്..  "അമ്മമ്മ കഴിഞ്ഞോസോം ന്നെ പിച്ചി കേട്ടാ അച്ഛാ.... അങ്കിളിനെ അച്ഛാന്ന് വിളിക്കാത്തോണ്ടാ... " മകൾ വീണ്ടും  അവളുടെ വലിയ നൊമ്പരം ഇറക്കിവയ്ക്കുകയാണ് അവളുടെ നെറുക തഴുകിയിരുന്നപ്പോൾ കണ്ണുനീർ അണപൊട്ടി.... " അച്ഛൻ കരയുവാണോ... വേണ്ടാച്ഛാ.. അച്ഛൻ  കരയണ്ടാ.. മോളിനി ഒന്നും പറയുന്നില്ല... അച്ഛൻ  കരയണ്ട കേട്ടോ.." അതുപറഞ്ഞ് അവൾ അവളുടെ  തലയെടുത്തു മടിയിൽ ചേർത്തുവച്ചു... " അച്ഛാ... എന്നെ ഇനി ആ അമ്മയ്ക്ക് കൊടുക്കല്ലേ അച്ഛാ... എനിക്കീ അച്ഛൻ മതി.. ഞാനിവിടെ നിന്നോളാം..." പാതിമയക്കത്തിലാണ് മകളത് പറഞ്ഞത് ആ അക്ഷരങ്ങൾ ഓരോന്നോരോന്നായി നെഞ്ചിലാഞ്ഞു തറയ്ക്കുകയായിരുന്നു. ഉറങ്ങാനായില്ല ഒരു പദപ്രശ്നപൂരണത്തിനാകാത്തവനെപ്പോലെ ഉഴറിയ മനസ്സുമായി നേരം വെളുപ്പിച്ചു.  
പതിവുപോലെ ശനിയാഴ്ച മകളുടെ ഇഷ്ടങ്ങൾക്കനുസരിച്ചാണ് ചിട്ടകൾ,  അവൾക്കിഷ്ടം ഉച്ചഭക്ഷണം അച്ഛൻ വയ്ക്കുന്ന ചോറും കറിയുമാണ്. വൈകുന്നേരം പുറത്തുനിന്ന്.. ചിലപ്പോൾ നഗരത്തിലെ തീയറ്ററുകളിലേതിലെങ്കിലും കുട്ടികളുടെ  പടമോടുന്നെങ്കിൽ മകളുമൊത്തൊരു സിനിമ. അവളോടൊപ്പമുള്ള ഓരോ നിമിഷവും അവസാനിക്കാതിരുന്നെങ്കിലെന്നാശിച്ചു. സമയമാപിനികളെ ഒഴുകാനനുവദിക്കാതെ പൊത്തിപ്പിടിക്കാനായെങ്കിൽ.. നാളെ വൈകുന്നേരം മകളെ തിരികെ ഏൽപിക്കണം. കോടതിജീവനക്കാരൻ അക്ഷമനായി കാത്തുനിൽക്കും അഞ്ചു മണിക്കുമുമ്പ് എല്ലാവരും പരസ്പരം കൈമാറാൻ. ഓരോ ഞായറാഴ്ചയും ഓരോ സമരദിനങ്ങളാണ് മനസ്സിന്റെ വിങ്ങലും കോടതി ഉത്തരവും തമ്മിലൊരു സമരം. 
ഇപ്രാവശ്യം മകൾ പലവട്ടം പറഞ്ഞു തിരികെപ്പോകണ്ടാന്ന്

 "അച്ഛാ എന്നെ വിടല്ലേ അച്ഛാന്ന്... ". നെരിപ്പോടുപോലെയായി മനസ്സ് അനുനയത്തിന്റെ അവസാനവാതിലും കൊട്ടിയടച്ചിരിക്കയാണവർ മകളുടെ ഇഷ്ടം നിറവേറ്റാൻ എങ്ങനെയാണ് കഴിയുക. മകളുടെ ഇഷ്ടത്തെക്കാൾ തന്നെ തോല്പിക്കാനാണവർക്കു വ്യഗ്രത..  മറന്നുപോകുന്നത് കുറെ കുഞ്ഞിഷ്ടങ്ങൾ, നൊമ്പരരങ്ങൾ.  

"ഉത്തരവനുസരിച്ച് മകളെ തിരികെ ഏല്പിക്കുന്നു..." എഴുതി ഒപ്പിട്ടു.. നിറകണ്ണുകളുമായി അവൾ അമ്മമ്മയുടെ കൈപിടിച്ചു പതിയെ നടന്നു.. കോടതി വരാന്തയിലെത്തി ഏറെ പ്രതീക്ഷയോടെ അവളൊന്നു തിരിഞ്ഞുനോക്കി പതിവു പുഞ്ചിരിക്കു വിപരീതമായി ആ കുഞ്ഞുകണ്ണുകൾ നിറഞ്ഞിരുന്നു ആ ചെറുചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു. ദൈന്യതമുറ്റിയൊരു നോട്ടംപകർന്ന് അവൾ അവർക്കൊപ്പം നടന്നകന്നു. കോടതികോമ്പൗണ്ടിലെ വൃക്ഷത്തലപ്പുകൾക്കിടയിലൂടെ ഓട്ടയുണ്ടാക്കിവീണ അന്തിവെയിൽ അവളുടെ കുഞ്ഞുപാവാടയിൽ ഞെറിയുതിർത്തുകൊണ്ടിരുന്നു.. അവൾ മറയുംവരെ.

#ശ്രീ.  17/2/2020.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്