*പത്തുമണിപ്പൂവുകൾ*
"മണി എത്രയായിട്ടുണ്ടാവും...? ഓ അറിയില്ല... എത്രയായാലെന്താ... ആരുമിതുവരെ വിളിച്ചില്ലല്ലോ എണീക്കാൻ..." കരുണൻ കിടന്ന കിടപ്പിൽനിന്ന് ഒന്നു തിരിഞ്ഞ്, മറുവശത്തേയ്ക്ക്, ഓലച്ചുവരിനുനേരെ തിരിഞ്ഞുകിടന്നു.. ഇപ്പോൾ ഓലക്കീറിനിടയിലെ ദ്വാരങ്ങളിലൂടെ നേർരേഖയിൽ പതിക്കുന്ന പ്രകാശവീചികളെ കാണാനാകുന്നുണ്ട്.. അവയിലൊന്ന് കണ്ണിനെ പൂട്ടിയടപ്പിച്ചു. അതിന്റെ വാൾത്തലപ്പിൽ നിന്ന് രക്ഷനേടാൻ കരുണൻ താഴേയ്ക്ക് അല്പംകൂടി ഊർന്നുകിടന്നു. അപ്പോഴാണതുകണ്ടത് ഓലപ്പൊളി ഇളകിയ വിടവിലൂടെ പുറത്ത് വാഴയുടെ ചുവടുമാറി കുറെ പത്തുമണിപ്പൂവുകൾ വിടർന്നു നിൽക്കുന്നു.. പത്തുമണി കഴിഞ്ഞിരിക്കുന്നു..!! എന്നിട്ടും എന്നെ ആരും വിളിച്ചില്ലല്ലോ... ?!" ആരു വിളിക്കാൻ....? അപ്പൻ പൊലർച്ചെ പോയിട്ടുണ്ടാവും, രാത്രീല് കള്ളിന്റെ പരാക്രമം കഴിഞ്ഞാൽ പൊലരുംമുമ്പ് പമ്പകടക്കും ആരുടേം മൊഖത്ത് നോക്കാണ്ടൊരു പോക്ക് പിന്നെ രാത്രീല് വരും, വരാതിരിക്കും വന്നാൽ പൂരപ്പാട്ടും തെറിയഭിഷേകവുമാണ് അമ്മയ്ക്ക് മുതുകിന് രണ്ടിടിയും കഞ്ഞിക്കലമുൾപ്പെടെ ചവിട്ടിമെതിപ്പുമാണ് അപ്പനുള്ളപ്പോൾ കുടിലിലെ ഒരു രാത്രി.."
പഴങ്കഞ്ഞി ഉണ്ടാവില്ല തീർച്ച, എങ്കിൽ അമ്മ വിളിക്കുമായിരുന്നു...
" കരുണേ എണിക്കെടാ ... കഞ്ഞീം കുടി.. ഇന്നി, ന്റെ കൂടെ വാടാ... പത്തുനൂറെണ്ണം പെറുക്കിയാ അരയണകൂടി കിട്ടില്ലേ... വന്നേടാ... നെനക്കൊരു സുഖിയൻ* വാങ്ങിത്തരാം.." അമ്മയുടെ പ്രലോഭനമാണത് പഴങ്കഞ്ഞിയും കാന്താരിമുളകും ഉപ്പും ചേർത്ത് വാരിക്കുടിച്ചാൽ പിന്നെ പ്ലാസ്റ്റിക്ക് ചാക്കുമായി അമ്മയ്ക്കൊപ്പം കൂടും അക്കരക്കുന്നിലെ റബ്ബർപുരയിടമാണ് പകൽനേരത്തെ വിഹാരകേന്ദ്രം വേറെയും കുട്ടികൾ ഉണ്ടാകും ആണും പെണ്ണുമായി ഒത്തിരി... കടുംചൂടേറ്റ് പൊട്ടിത്തകർന്നുവീഴുന്ന റബ്ബർക്കായകൾ ഓടിനടന്ന് പെറുക്കികൂട്ടി കുരുവിന്റെ തോടുകളഞ്ഞ് അങ്ങാടിയിൽ മജീദ്സായ്പിന്റെ കടയിലെ കഴുക്കോലിൽ കെട്ടിത്തൂക്കിയ നെടുങ്കൻ ത്രാസിലേയ്ക്ക് തട്ടും.. കണക്കുനോക്കി സായ്പ് കാശുനൽകും പോരുമ്പോൾ അരിയും മുളകും ഒരുതുടം വെളിച്ചെണ്ണയും ഒപ്പം ദിവാകരൻ ചേട്ടന്റെ ചായക്കടയിലെ ഒരു സുഖിയനും.. അത് അമ്മയുടെ രാവിലെയുള്ള വാഗ്ദത്തപാലനം...
"അമ്മ അക്കരക്കുന്നിൽ പോയിട്ടുണ്ടാവും... പോയാലോ...? ഓ വേണ്ട, വിശന്നിട്ട് എണീക്കാൻ തോന്നുന്നില്ല. അമ്മ വരട്ടെ...
സ്കൂൾ തുറന്നാൽ നന്നായിരുന്നു.. ഉച്ചയ്ക്ക് എന്നും ഉപ്പുമാവ് കിട്ടും. ചിലപ്പോൾ അപ്പടി പുഴുവൊണ്ടാകും ന്നാലും സാരല്യ നല്ല രുചിയുണ്ടതിന്.. സ്കൂളിൽ പോകുന്നവഴി കാരപ്പറമ്പിൽനിന്ന് വലിയ രണ്ട് പൊതിയനില പൊട്ടിച്ചെടുത്ത് ചുരുട്ടിവയ്ക്കും ഉപ്പുമാവ് വാങ്ങാൻ. ഉപ്പുമാവ് ഇല്ലാത്തദിവസം തലേന്ന്തന്നെ രാവുണ്ണിമാഷ് വിളംബരം ചെയ്യും അപ്പോൾപിന്നെ സ്കൂളിൽ മിക്ക കുട്ടികളും കാണില്ല..."
കരുണന്റെ ചിന്തകൾ കാടുകയറി.. അവന്റെ തലയ്ക്കുപുറകിൽ അയയിൽ തൂക്കിയ മുഷിഞ്ഞ ലുങ്കിയിൽ വട്ടംവരച്ച സൂര്യവട്ടങ്ങൾ താഴ്ന്ന് വന്ന് അവന്റെ മുഖത്തിനുമുന്നിൽ തറയിൽ ചില ദീർഘവൃത്തങ്ങൾ തീർത്തു. ഒന്നുരണ്ടെണ്ണം മുഖത്ത് വീണ്ടും അലോസരമുണ്ടാക്കി... അലനല്പംകൂടി മുകളിലേയ്ക്ക് വലിഞ്ഞുകിടന്ന് പുറത്തേക്ക് നോക്കി... പത്തുമണിപ്പൂവുകൾ വെയിലേറ്റ് വാടാനൊരുങ്ങുന്നു..., ഏറെ ദുർബലമായ ഇതളുകളുമായി ഈ പാവം പൂവുകൾ എന്തിനാണിങ്ങനെ ദിവസവും വിരിയുന്നത്.. അതോർത്തപ്പോൾ എന്തിനോ അവന് വീണ്ടും അവന്റെ അമ്മയെ ഓർമ്മവന്നു. എണീറ്റാലോ... പാവം പത്തുമണിപ്പൂവുകൾ..., അവയ്ക്കല്പം വെള്ളം ഒഴിക്കാം..
ഒട്ടും താല്പര്യമില്ലാതെ കരുണൻ ആയാസപ്പെട്ട് എണീറ്റ് പുറത്തിറങ്ങി, പിന്നെ വാഴച്ചോട്ടിലേക്ക് നീട്ടി മൂത്രമൊഴിച്ചു.. അരയിൽനിന്നൂർന്ന നിക്കറിനെ അതിന്റെ പിന്നുകൊണ്ട് ഉറപ്പിച്ചു.
ഇടിഞ്ഞ മൺതിട്ടയുള്ള കിണറ്റിന്റെ വക്കിൽ പാളത്തൊട്ടിയിൽ തന്നെ വെള്ളമുണ്ട്.. അമ്മ കോരിവച്ചതിന്റെ ബാക്കിയാവും. രണ്ടുകൈയ്യാലെ പാളത്തൊട്ടിയെടുത്ത് അതിന്റെ വിളുമ്പിൽ നിന്നും ഒരുകവിൾ വെള്ളമെടുത്ത് വായ കുലുക്കി പത്തുമണിപ്പൂവുകളുടെ മേലേക്ക് ആഞ്ഞുതുപ്പി... പിന്നെ മതിയാവോളം കുടിച്ചിറക്കി.. ഒരു തൊട്ടികൂടി കോരി അതു പലപ്രാവശ്യം വായിലെടുത്ത് പത്തുമണിപ്പൂവുകൾക്കുമേൽ വീണ്ടും വീണ്ടും ആഞ്ഞുതുപ്പി.. ആദ്യമൊക്കെ തുപ്പലേറ്റ ചെടി ചായുകയും വീണ്ടും നിവരുകയും ചെയ്തു. പിന്നെ പരിഭവംപോലെ തല മണ്ണിൽചായ്ച്ചു കിടന്നു. തുപ്പൽജലസേചനം മതിയാക്കിയ കരുണൻ ബാക്കി വെള്ളത്തോടെ പാളത്തൊട്ടി കിണർവക്കിൽ വച്ച് വാതിൽപ്പടിയിൽ വന്ന് അക്കരക്കുന്നിലേക്ക് കണ്ണുനട്ട് കുത്തിയിരുന്നു.
"കാ... ക്രാ..... നിശ്ശബ്ദതയെ ഭേദിച്ചെത്തിയ അലോസരംകേട്ടാണ് കരുണൻ ചിന്തയിൽ നിന്നുണർന്നത്.. എവിടെനിന്നോ പറന്നുവന്നൊരുകാക്ക കിണറ്റുവക്കിൽ പാളത്തൊട്ടിയുടെ വക്കിലിരിപ്പുണ്ട് അതിന്റെ ചുണ്ടിലപ്പടി അതു കൊത്തിത്തിന്ന മലം പുരണ്ടിരിക്കുന്നു... ആ ചുണ്ടുമുക്കി അതു പാളത്തൊട്ടിയിൽ നിന്ന് വെള്ളം കുടിക്കാൻ തുടങ്ങി. അതിനെ ആട്ടിയോടിക്കാൻപോലുമാകാതെ കരുണൻ നോക്കിയിരുന്നു. പെട്ടെന്ന് അവന് മനംപുരട്ടി... ഉള്ളിലെ കായലും മുന്നിലെ കാഴ്ചയും ചേർന്നപ്പോൾ അവന്റെ അന്നനാളത്തിൽനിന്നൊരു കുതിപ്പുണർന്നുയർന്നുവന്നു വായിലേക്ക്... ആഞ്ഞുലഞ്ഞവൻ ശക്തമായി ഓക്കാനിച്ചു, ഇരുന്ന ഇരുപ്പിൽതന്നെ മുന്നിലേക്ക് കുറച്ച് മഞ്ഞവെള്ളം ശർദ്ദിച്ചു... പിന്നെ അതിലേക്കുതന്നെയവൻ ഉറ്റുനോക്കിയിരുന്നു... ആ പീതജലാശയത്തിനുചുറ്റും വലംവച്ച് രണ്ട് കടിയുറുമ്പുകൾ തലയുയർത്തി അവനെ ശ്രദ്ധിക്കുന്നപോലെ, പിന്നെ പിന്തിരിഞ്ഞു...
ഉച്ചവെയിലപ്പോഴും അക്കരക്കുന്നിലെ ഉണങ്ങിയ റബ്ബർക്കായകളിലേക്ക് ശക്തമായ വെയിൽപ്പെയ്ത്തു തുടങ്ങിയിരുന്നു അവന്റെ അമ്മയ്ക്കുവേണ്ടി.
sree.
*സുഖിയൻ- ഒരുതരം പലഹാരം
*വാൽ- റബ്ബർ കുരു ഒരു വാണിജ്യവിളയാണ് അതു പ്രോസസ്സ് ചെയ്യുന്ന എണ്ണ പെയിന്റ് നിർമ്മാണത്തിനും മറ്റും ഉപയോഗിക്കുന്നു. പണ്ട് ദരിദ്രനാരായണൻമാർ റബ്ബർകുരുപെറുക്കി തല്ലിയുടച്ച് വിറ്റ് ഉപജീവനമാർഗം നേടിയിരുന്നു.
[ചിത്രം വരച്ചത് മകൾ നിധികാർത്തിക]
Comments