Posts

Showing posts from August, 2025

കൃഷ്ണപക്ഷം 5

Image
#കൃഷ്ണപക്ഷം സർഗ്ഗം 5 #കൃഷ്ണലീലകൾ (കാളിയമർദ്ദനം) യമുനയുടെ കരയിൽ ഗോകുലവാസികൾ വിറങ്ങലിച്ചു നിന്നു. നദിയാകെ നീല തരംഗങ്ങൾ യമുന ഇനി ജീവന്റെ ഉറവയല്ല, വിഷത്തിന്റെ കടലായിരുന്നു. കാളിയൻ എന്ന സർപ്പരൂപംപൂണ്ട അസുരൻ ആയിരം ഫണങ്ങളാൽ യമുനയിലെത്തി നദീജലത്തെ വിഷപൂർണ്ണമാക്കിയിരിക്കുന്നു..  മത്സ്യങ്ങൾ മരിച്ചു, നദീതീരങ്ങളിലെ സസ്യലതാതികൾ പോലും കരിഞ്ഞുപോയി.. ഗോകുലത്തിലെ പൈക്കൾ ദാഹനീരീനായി ഉഴറി.. യമുനയിലെ ജലം നുകർന്നപാടെ അവ ചത്തുവീണു ഗോപാലകർ നിലവിളിച്ചുകരഞ്ഞനേരം കൃഷ്ണൻ ഒന്നുമറിയാത്തവനെപ്പോലെ യമുനാതടത്തിലേക്ക് തിരിച്ചു. ഗ്രാമീണർ ഒന്നടങ്കം തങ്ങളുടെ പ്രിയൻ കണ്ണനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യദുകുലനാഥൻ ഒരു പുഞ്ചിരിയാൽ അവർക്കു നൈര്യം പകർന്നു.. കൃഷ്ണന്റെ കണ്ണുകളിൽ ഭയത്തിന്റെ അടയാളമില്ലായിരുന്നു നിത്യാനന്ദം പകരുന്ന മന്ദഹാസം മാത്രം. കൃഷ്ണൻ കടമ്പുമരത്തിലേറിചിരിച്ചുകൊണ്ട് യമുനയിലേക്കു ചാടി. തരംഗങ്ങൾ പൊട്ടിത്തെറിച്ചു. കാളിയൻ ഉഗ്രമായി പൊങ്ങി, ഫണങ്ങളിൽ നിന്നും വിഷക്കാറ്റ് വീശി. കുഞ്ഞിനെ ചുറ്റി വളയം മുറുകി.ഗോപികൾ കരഞ്ഞു, ഗോപാലർ വിറച്ചു, യശോദ ഹൃദയം സ്തംഭിച്ചു വീണു. പക്ഷേ കാളിയന്റെ ഫണത്തിന്മീതെ കാൽ വെച്ച്, കുട്ടിച്...

മരിച്ചവന്റെ_ഉടയാടകൾ

Image
അവന്റെ സ്വേദമൊപ്പിയൊരു കീറത്തോർത്തുണ്ട് പ്രധാനം..! നിത്യം അവനോടു ചേര്‍ന്നത്,  ഓട്ടയെണ്ണിയാൽ അംഗുലീയങ്ങളെ കൂട്ടിയെണ്ണണമത്രയും നിശ്ചയം.. കരപ്പൻകറ ചിത്രപ്പണിചെയ്തൊരു കൈയില്ലാ ബനിയനാണ് പറമ്പുചെത്തുമ്പോൾ ദേഹംമറച്ചിരുന്നതിൽ, മുതുകിലൊരു കീറലുണ്ട് ഭാരതത്തിനോരത്തെ ശ്രീലങ്കപോലെ ആകൃതി.. കള്ളിമുണ്ടിന് നിറമേറെ കുറുകെയും നെടുകയും നേർരേഖകൾ തീർത്തത്.. പലപിഴിയലിലഗ്രം പിന്നിയ നിറമകന്നൊരു പഴന്തുണി. പുരാരേഖകളിലെ പല ലിപികളാലലംകൃതം. മരിച്ചവന്റെ ഉടുതുണികൾക്ക് പതിനാറിനുമുമ്പേ പറമ്പിൻമൂലയിൽ പട്ടട..!! പനമ്പായമുതൽ തലയണവരെ.. അസ്ഥികളില്ലാത്തവ. തമസ്കരിക്കാനെന്തെളുപ്പം. ©️Sreekumar Sree 

കൃഷ്ണപക്ഷം സർഗ്ഗം 4

Image
സർഗ്ഗം. 4 ബാലലീലകളും അസുരവധങ്ങളും കംസന്റെ ചാരന്മാർ ഇടയ്ക്കിടെ ഗോകുലത്തിലെ “വിശിഷ്ടമായ ഒരു കുട്ടിയുടെ പ്രവർത്തികൾ” അവനോട് റിപ്പോർട്ട് ചെയ്തു..കുഞ്ഞായിട്ടും അത്ഭുതശക്തി കാണിക്കുന്നുവെന്ന വാർത്തകൾ കേട്ടപ്പോൾ, ആ കുട്ടി ദേവകിയുടെ പുത്രനാണെന്ന് കംസൻ മനസ്സിലാക്കുന്നു. തുടർന്ന് ഏതുവിധേനയും ആ കുഞ്ഞിനെ വധിക്കാൻ കംസൻ തന്റെ സഹചാരികളായ അസുരന്മാരെ നിയോഗിക്കുന്നു.. ഗോകുലത്തിന്റെ വീഥികളിൽ ഉണ്ണിക്കണ്ണന്റെ ചിരിമുഴക്കം നിറഞ്ഞുനിന്നു.. പക്ഷേ— കംസന്റെ ഭയത്താൽ വിറച്ച ഹൃദയം നിരന്തരം അസുരശക്തികളെ അയച്ചു. ഭീകരരൂപിണിയായ അസുരസ്ത്രീയായ പൂതന മോഹിനിയായി മാറി ഗോകുലത്തിലേക്ക് കയറി. സ്നേഹമുള്ള അമ്മയുടെ നടനവുമായി അവൾ  കണ്ണനെ വാരിയെടുത്തു. മുലകളിൽ വിഷം പുരട്ടി കൃഷ്ണനെ മുലയൂട്ടി കൊല്ലാനായിരുന്നു അവളുടെ തന്ത്രം. പക്ഷേ മുലകുടിക്കാനാഞ്ഞ കൃഷ്ണൻ പൂതനയുടെ ജീവന്റെ ജ്വാല മുലകണ്ണുകളിലൂടെ വലിച്ചെടുത്തു.. പൂതന, സ്വരൂപം പൂണ്ട് ഒരു പർവ്വതം വീഴുന്നതുപോലെ വീണു.. ഗ്രാമം വിറച്ചു. പക്ഷേ ഗോകുലവാസികൾ കണ്ടത് മൃതദേഹത്തിന്മീതെ കളിക്കുന്ന ഉണ്ണിക്കൃഷ്ണനെയായിരുന്നു. ശകടാസുരവധം ഒരു ദിവസം കുഞ്ഞിനെ ഉറക്കാൻ യശോദ കൂട്ടുകാരോടൊപ്പം അവനെ ഒരു ഒരു ചക...

കൃഷ്ണപക്ഷം

Image
സർഗ്ഗം. 3 അർദ്ധരാത്രി — മേഘങ്ങൾ നിറഞ്ഞു നിൽക്കുന്ന ആകാശം, വെയിൽ കണ്ടിട്ടില്ലാത്ത കാർഗൃഹത്തിന്റെ വാതിൽപ്പടികൾ സ്വയം തുറന്നു നിന്നു. വസുദേവൻ ചങ്ങലകളിൽ നിന്നു മോചിതനായ്, ദിവ്യശിശുവിനെ മൃദുലമായി കരകളിൽ ചേർത്ത് പുറപ്പെട്ടു. കൈയിൽ കൃഷ്ണനെ എടുത്തപ്പോൾ ശിശുവിന്റെ മുഖത്ത് ചന്ദ്രപ്രകാശം തെളിഞ്ഞു, തുടിച്ചുപോകുന്ന ഹൃദയത്തിൽ ധൈര്യത്തിന്റെ സംഗീതം മുഴങ്ങിത്തുടങ്ങി. വസുദേവന്റെ ചിന്തകൾ അല്പനാഴികകൾക്കു പിന്നിലേക്ക് പറന്നു..  അന്നും പതിവുപോലെ ദേവകി തന്റെ മടിയിൽ തലവച്ചുറങ്ങി.. അവൾ പൂർണ്ണഗർഭിണി ആയശേഷം തന്റെ വിലങ്ങുകൾ കൂട്ടുകയായിരുന്നു.. പതിവായുള്ള പാദബന്ധനത്തിനു പുറമെ ഇരുകരങ്ങളും ചങ്ങലകളാൽ ബന്ധിച്ച് മുകളിലേക്ക് കെട്ടി... വേദനയാൽ പുളയുന്നവളെ ഒന്നു തലോടാൻ പോലുമാകാതെ... ഇടയ്ക്കിടെ കാരാഗ്രഹപാലകർ ഊഴംവച്ച് വന്നുനോക്കുന്നുണ്ടായിരുന്നു.. അവൾ കുഞ്ഞിന് ജന്മം നൽകിയോ എന്ന്..   മഥുരയിലെ ഇരുണ്ട കാർഗൃഹം ഇരുളിലമർന്നുകിടന്നു..  കല്ലുകൊണ്ടു മൂടിയ മതിലുകൾ, കടുത്ത കൊടുംചൂടും തണുപ്പും, ചങ്ങലകളുടെ ശബ്ദം മാത്രം നിശ്ശബ്ദതയെ തുളച്ചുകയറുന്ന ഒരു മരണഗൃഹം.പെട്ടെന്ന് എവിടെനിന്നോ നൂഴ്ന്നുകയറിയൊരു കാറ്റ് കാരാഗൃഹത്തിന്റ...

കൃഷ്ണപക്ഷം സർഗ്ഗം - 2

Image
സർഗ്ഗം -2 ദേവകീ-വസുദേവം ഇതാ മഥുരാപുരിയിലൊരു മാംഗല്യം.. വരൻ.. മഥുരയുടെ രാജധാനിയിൽ ശോഭയാർന്നവൻ വസുദേവൻ, സത്യവും ധർമ്മവും കൈകൊണ്ട യദുകുലത്തിന്റെ അഭിമാനഗണം. വധു.. രൂപഭാരതി നിറഞ്ഞു വന്ന മഥുരരാജാവായ ഉഗ്രസേനന്റെ പുത്രി, ദേവകി.. ഗുണനിധിയും സൗമ്യതയുടെ ആരൂഢവുമായവൾ.. വസുദേവന്റെയും ദേവകിയുടെയും വിവാഹമാണിന്ന്.. മഥുരാപുരി ആനന്ദസാഗരമായിരിക്കുന്നു.. വീഥികളിൽ പൂക്കൾ മഴയായിപൊഴിക്കുന്നു.. ശംഖഘോഷം മുഴങ്ങി, നാനാവിധ മേളഘോഷങ്ങളാലും നയനാമൃതമായ കാഴ്ചകളിലും കലാരൂപങ്ങളിലും കണ്ണുടക്കി ആബാലവൃന്ദം ജനങ്ങളും മധുരാപുരിയുടെ രാജാങ്കണത്തിലേക്ക്..  നഗരം ഉത്സവവേദിയായിരിക്കുന്നു.. ഋഷിവര്യന്മാരുടെ കാർമ്മികത്വത്തിൽ പഞ്ചാഗ്നിസാക്ഷിയായി ദേവകി വസുദേവന്റെ പ്രിയപത്നിയായി.. ഇനി ഏഴശ്വങ്ങളെ പൂട്ടിയ രാജരഥത്തിൽ നഗരപ്രഥക്ഷണം.. സുസ്മേര വദനയായി ദേവകി വസുദേവന്റെ കരംപിടിച്ച് രഥത്തിലേറി.. ഏതിനും പരികർമ്മിയെപ്പോലെ രഥത്തിനരികിൽ ആ ആനന്ദത്തിൽ മിന്നൽപോലെ ജ്വലിച്ചുനിന്നു കംസൻ, ഉഗ്രസേനന്റെ സ്വന്തം പുത്രൻ.. രഥചക്രങ്ങളുരുവാനാരംഭിച്ചതേയുള്ളൂ... ആകാശസീമയിൽ നിന്നൊരു വെള്ളിടി.. ഒരു മേഘഗർജ്ജനം.. ഒരശരീരീ..  "" കിരാതഹൃദയമുള്ള ക്രൂരാധിപനായ കംസാ.. ...

പൂക്കളുടെ സന്ദേശം

Image
പൂക്കൾ… അവ വിരിയുന്നത് കാലത്തിന്റെ ചെറിയൊരു ഇടവേളയിലാണ്.., പക്ഷേ,  അവയുടെ സൗന്ദര്യം നമ്മുടെ ഹൃദയത്തിൽ അനന്തകാലം നിറഞ്ഞുനിൽക്കുന്നു. വാസ്തവത്തിൽ അത് ജീവിതത്തിന്റെ തന്നെ ഒരു പ്രതീകമാണല്ലോ.. മനുഷ്യജീവിതവും ഒരു ചുരുങ്ങിയ യാത്ര മാത്രമല്ലേ? വസന്തകാലത്തിലെ പൂക്കളെപ്പോലെ, നമ്മൾക്കു കിട്ടിയിരിക്കുന്ന ഓരോ നിമിഷവും പ്രഭയോടെ, നിറങ്ങളോടെ, സുഗന്ധത്തോടെ മറ്റുള്ളവർക്ക് സമ്മാനിക്കാനാണ്. ചിലപ്പോൾ ഒരു പൂവിന്റെ ഭംഗി ഒരു മനുഷ്യന്റെ മനസ്സു മാറ്റാൻ കഴിയും, ദുഃഖത്തിൽ നിന്നും പ്രതീക്ഷയിലേക്ക്, ശൂന്യതയിൽ നിന്നും അർത്ഥത്തിലേക്ക്. അതുകൊണ്ടുതന്നെ, ആ ചെറിയ "മണിക്കൂറുകൾക്കായുള്ള ജനനം" അനന്തമായൊരു സന്ദേശമാണ്— "ജീവിതത്തിന്റെ സൗന്ദര്യം, അതിന്റെ ദൈർഘ്യത്തിലല്ല, അതിന്റെ ദാനത്തിൽ തന്നെയാണ്..."

കൃഷ്ണപക്ഷം

Image
  സർഗ്ഗം 1 :  ഭൂമിയുടെഭാരഹരണം അവസാനമില്ലാത്ത ദുർബലതയുടെ ഓളങ്ങൾകൊണ്ടു നടുങ്ങി ഭൂമി, ധർമ്മം ചോരുന്നു, അധർമ്മം വളർന്നു, രക്തംകുടിച്ചു വളർന്ന കിരാതാധിപന്മാരുടെ കൊടുംക്രൂരത കാറ്റുപോലെ പടർന്നു. ഭൂമി ഗൗരവഭാരങ്ങൾ സഹിക്കാനാകാതെ ഗോവത്സവേഷം കെട്ടി ദേവന്മാരുടെ ലോകത്തേക്ക് കരഞ്ഞുയർന്നു. “ദേവാദിദേവകളെ! ജന്മാവസാനം മറന്നുപോയ ധർമ്മത്തിന്റെ തീർത്ഥം— പാതാളത്തിലേക്കൊഴുകുന്നു അധർമ്മത്തിന്റെ കരിമേഘങ്ങൾ അഴുകാത്ത ഇരുട്ടായ് മനുഷ്യഹൃദയങ്ങളെ വിഴുങ്ങുന്നു. എനിക്കിതു താങ്ങാനാവുന്നില്ല ഈ കനത്ത ഭാരം!” ദൈവ സിംഹാസനങ്ങൾക്കു മുമ്പിൽ ഭൂമി കരഞ്ഞു വീണപ്പോൾ ബ്രഹ്മനും ശിവനും തലകുനിച്ചു. ആകാശപഥങ്ങളിൽ നിന്നും ദേവഗണങ്ങളുമായി ബ്രഹ്മയും ശിവനും വിഷ്ണുപാദത്തിൽ എത്തി. ഗംഭീരമായ ശബ്ദത്തിൽ ദേവന്മാരുടെ സ്വരങ്ങൾ ഒരു തിരയായ് പൊങ്ങി: **“ഭഗവാൻ! അസുരവംശം ഭൂമിയെ പീഡിപ്പിക്കുന്നു. നീതിയുടെ പാത മൂടി നിരീശ്വരമായ അന്ധകാരം എവിടെയും പടർന്നിരിക്കുന്നു. നിന്റെ കരുണാകിരണങ്ങൾ മാത്രം ധർമത്തിന് ജീവൻ നൽകും. ദേവതകൾ പോലും ശക്തിവിഹീനരാണ്. നിന്റെ അവതാരമേ ലോകത്തിന് രക്ഷ.”** ബ്രഹ്മൻ കൈകൂപ്പി ശിരസ്സുനമിച്ചുനിന്നു: “ജഗന്നാഥാ! നീ തന്നെയാണ് സൃഷ്ടിയുടെയും ...

നിങ്ങളിതെന്തൊരു പ്രണയം

Image
നിങ്ങളിതെന്തൊരു_പ്രണയം?" കൂട്ടിമുട്ടാത്ത  തീവണ്ടിപാളങ്ങൾ പോലെ രണ്ട് ഹൃദയങ്ങൾ... സമാന്തരമെന്നെഴുതപ്പെട്ട, മുന്നും പിന്നുമില്ലാതെ ഒരേ ദിശ താണ്ടുന്നവർ... ഇടയിലീ പാളങ്ങൾ  അകന്നു മറഞ്ഞാലും, വഴികൾ തെറ്റാറില്ല... ചിന്തകൾ വഴിപിഴയ്ക്കാതെ നീണ്ടുനീണ്ടുപോകുന്നു... ഒരിക്കലുമിടചേർന്നില്ലെങ്കിലും ഓർമ്മപകർന്ന കണ്ണീരിന്റെ ഉപ്പുപടരാത്ത പാഥേയമുണ്ട് അവരിരുവരിലും.. ഒരേ പാട്ടിന്റെ താളംപിടിച്ച് മനസ്സിലെ എഴുത്താണിയാൽ പരസ്പരം പേരെഴുതുന്നവർ, വഴിക്കല്ലുകളുടെ നെറുകയിൽ വേർപാടിന്റെ ഭയമില്ലാതെ, സമീപ്യത്തിലെ ഉപചാരമില്ലാതെ ഇനിയിതെത്രകാതം... "നിങ്ങളിതെന്തൊരു പ്രണയം?"  സഹയാത്രികരുടെ ചോദ്യങ്ങളിൽ അവർക്കൊരേ മൗനം... എങ്കിലും.. ഉത്തരങ്ങൾ കെട്ടുപിണഞ്ഞിരിക്കുന്നു തമ്മിലെ പ്രണയത്തിന്റെ വേരുകളാൽ. Reserved©️Sreekumar Sree

അഹല്യ

Image
അഹല്യ... ശിലയാകേണ്ടി വന്നത്, നിന്റെ കപടധർമ്മത്തിന് ഞാൻ നീതിയാകാതിരുന്നത് കൊണ്ടാണ്. ഞാനറിയാതെ സംഭവിച്ചത് എന്റെ ദോഷമാക്കി ചതിയനൊഴിയുമ്പോൾ, ശാപഭാരം ചുമക്കുന്നവൾ നിന്റെ നീതി? നീയേർപ്പെടുത്തിയ ശിക്ഷയുടെ ഭാഷ സ്ത്രീശരീരത്തെ മാത്രം മനസ്സിലാക്കുന്നു, പുരുഷന്റെ പാപം വായുവിൽ കലർന്നുപോകുന്നു, ഞാൻ മാത്രമൊരു തപശില.! നീയാണ് ശിലയാക്കിയതെങ്കിലും, ഇന്നറിയുക — നിന്റെ നിയമവും നീതിയും ഞാൻ ചോദ്യംചെയ്യുന്നു! രാമപാദസ്പർശം എനിക്കു നീതി അല്ല, വിളംബരമായ മോചനമാണ്! എന്റെ ദേഹത്തെ ശിക്ഷിച്ചു, എന്റെ ആത്മാവിനെ അടച്ചുവച്ചു, പക്ഷേ ഞാൻ തീർത്തുമില്ലാതെ പോയപ്പോൾ ആത്മാവിനെ പുനർജ്ജീവിപ്പിച്ചു നിന്റെ നീതിയ്ക്ക് നേരെ ഒരു പ്രതീക്ഷയായി! ഞാനൊരു കല്ലല്ല, നിന്റെ വ്യവസ്ഥയ്ക്ക് എതിരായ അണയാത്ത തീയാണ്! ഞാൻ ഉയരുന്നത്, ചതിക്കപ്പെട്ടവരുടെ പേരിൽ പുനർജന്മം കാണാൻ! പെരുവിരൽ സ്പർശം എന്റെ മോക്ഷമല്ല സ്ത്രീക്കുള്ള ജിഹ്വയാണത്. Sreekumar Sree

ഇദം ന മമ...

Image
ഇദം ന മമ... അരുണോദയത്തിന്റെ രക്തവേദിയിലേയ്ക്ക് ഞാൻ വിതച്ച പൂക്കളും പകലിന്റെ പകലിരുളിലേയ്ക്ക് വാരിയൊഴുക്കിവിട്ട കിനാവുകളും — ഇവയൊന്നും എന്റെതല്ല… ഇദം ന മമ… മഞ്ഞും മഴയും പിന്നിലാകുന്നു വാക്കുകളുടെ മരണ ശേഷം ഹൃദയത്തിൽ പാടിയൊരു രാഗവും പ്രണയത്തിന്റെ പടർച്ചയും — ഇതും എന്റെതല്ല… ഇദം ന മമ… കുടഞ്ഞെറിഞ്ഞ സ്വപ്നങ്ങൾ, കരുത്താലടക്കിയ പതിരുകൾ വേരുറച്ച് നിലനിന്ന ഓർമകൾ തണലായ മൗനത്തിന്റെ മറപുറം പക്ഷേ ഇവയും എന്റെതല്ല… ഇദം ന മമ… ഈ ശ്വാസവും നിശ്വാസവും, അക്ഷരങ്ങളിലൊളിച്ച ആത്മാവും, ജീവിതമെന്ന ചലിക്കുന്ന താളവും — സകലവും അർപ്പിതം പരമത്തെത്തേ, ദിവ്യതയെ… ഇതും എന്റെതല്ല… ഇദം ന മമ… ജീവൻ പകുത്തുതന്ന  ജന്മകാരണികൾക്കും ചൂടും ചൂരും തന്ന പരമാത്മാവിനും പഞ്ചഭൂതങ്ങൾക്കും എന്റെതല്ലാത്തവയുടെ ഇനിയെന്റെ സമർപ്പം ("ഇദം ന മമ" (Idam Na Mama) എന്നത് സംസ്കൃതത്തിൽ ഒരു മഹത്തായ തത്ത്വചിന്താ വാചകമാണ്. അതിന്റെ അർത്ഥം: 🔹 "ഇത് എന്റെതല്ല")