മരിച്ചവന്റെ_ഉടയാടകൾ
അവന്റെ സ്വേദമൊപ്പിയൊരു
കീറത്തോർത്തുണ്ട് പ്രധാനം..!
നിത്യം അവനോടു ചേര്‍ന്നത്,
ഓട്ടയെണ്ണിയാൽ അംഗുലീയങ്ങളെ
കൂട്ടിയെണ്ണണമത്രയും നിശ്ചയം..
കരപ്പൻകറ ചിത്രപ്പണിചെയ്തൊരു
കൈയില്ലാ ബനിയനാണ്
പറമ്പുചെത്തുമ്പോൾ
ദേഹംമറച്ചിരുന്നതിൽ,
മുതുകിലൊരു കീറലുണ്ട്
ഭാരതത്തിനോരത്തെ
ശ്രീലങ്കപോലെ ആകൃതി..
കള്ളിമുണ്ടിന് നിറമേറെ
കുറുകെയും നെടുകയും
നേർരേഖകൾ തീർത്തത്..
പലപിഴിയലിലഗ്രം പിന്നിയ
നിറമകന്നൊരു പഴന്തുണി.
പുരാരേഖകളിലെ
പല ലിപികളാലലംകൃതം.
മരിച്ചവന്റെ ഉടുതുണികൾക്ക്
പതിനാറിനുമുമ്പേ
പറമ്പിൻമൂലയിൽ പട്ടട..!!
പനമ്പായമുതൽ
തലയണവരെ..
അസ്ഥികളില്ലാത്തവ.
തമസ്കരിക്കാനെന്തെളുപ്പം.
©️Sreekumar Sree
Comments