കൃഷ്ണപക്ഷം 5

#കൃഷ്ണപക്ഷം
സർഗ്ഗം 5
#കൃഷ്ണലീലകൾ
(കാളിയമർദ്ദനം)

യമുനയുടെ കരയിൽ
ഗോകുലവാസികൾ വിറങ്ങലിച്ചു നിന്നു.
നദിയാകെ നീല തരംഗങ്ങൾ
യമുന ഇനി ജീവന്റെ ഉറവയല്ല,
വിഷത്തിന്റെ കടലായിരുന്നു.

കാളിയൻ എന്ന സർപ്പരൂപംപൂണ്ട അസുരൻ
ആയിരം ഫണങ്ങളാൽ
യമുനയിലെത്തി നദീജലത്തെ വിഷപൂർണ്ണമാക്കിയിരിക്കുന്നു.. 
മത്സ്യങ്ങൾ മരിച്ചു,
നദീതീരങ്ങളിലെ സസ്യലതാതികൾ പോലും കരിഞ്ഞുപോയി.. ഗോകുലത്തിലെ പൈക്കൾ ദാഹനീരീനായി ഉഴറി.. യമുനയിലെ ജലം നുകർന്നപാടെ അവ ചത്തുവീണു

ഗോപാലകർ നിലവിളിച്ചുകരഞ്ഞനേരം കൃഷ്ണൻ ഒന്നുമറിയാത്തവനെപ്പോലെ യമുനാതടത്തിലേക്ക് തിരിച്ചു. ഗ്രാമീണർ ഒന്നടങ്കം തങ്ങളുടെ പ്രിയൻ കണ്ണനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യദുകുലനാഥൻ ഒരു പുഞ്ചിരിയാൽ അവർക്കു നൈര്യം പകർന്നു..
കൃഷ്ണന്റെ കണ്ണുകളിൽ
ഭയത്തിന്റെ അടയാളമില്ലായിരുന്നു നിത്യാനന്ദം പകരുന്ന
മന്ദഹാസം മാത്രം.

കൃഷ്ണൻ കടമ്പുമരത്തിലേറിചിരിച്ചുകൊണ്ട്
യമുനയിലേക്കു ചാടി.
തരംഗങ്ങൾ പൊട്ടിത്തെറിച്ചു.
കാളിയൻ
ഉഗ്രമായി പൊങ്ങി,
ഫണങ്ങളിൽ നിന്നും
വിഷക്കാറ്റ് വീശി.
കുഞ്ഞിനെ ചുറ്റി വളയം മുറുകി.ഗോപികൾ കരഞ്ഞു,
ഗോപാലർ വിറച്ചു,
യശോദ ഹൃദയം സ്തംഭിച്ചു വീണു. പക്ഷേ കാളിയന്റെ ഫണത്തിന്മീതെ
കാൽ വെച്ച്,
കുട്ടിച്ചിരിയോടെ
നൃത്തം തുടങ്ങി.. ആ നൃത്തം കാളിയന് മർദ്ദനമാകാനധികനേരം വേണ്ടിവന്നില്ല 

ആയിരം ഫണങ്ങളിൽ
ചന്ദ്രന്റെ പ്രകാശം പോലെ
കുഞ്ഞിന്റെ കാലുകൾ വിസ്മയം വിതറി.
ഓരോ ചുവടിലും
കാളിയന്റെ ഉഗ്രത അലിഞ്ഞു,
ഓരോ താളത്തിലും
വിഷം കരിഞ്ഞു. നാഗകുമാരികൾ
വന്നെത്തി,
കണ്ണുനീരോടെ പ്രാർത്ഥിച്ചു:

“ദേവാ!
ദയാപരൻ!
ഇവനെ കൊല്ലരുത്.
നമ്മുടെ ഭർത്താവിന്റെ
അഹങ്കാരം നീ തീർത്തു.
ജീവൻ ദാനമരുളുക.”

കാളിയൻ
തളർന്ന കണ്ണുകളാൽ
കൃഷ്ണന്റെ ദിവ്യരൂപം കണ്ടു,
അവനിലെ അഹങ്കാരം അസ്തമിച്ചു...
ഫണങ്ങൾ താഴ്ത്തി
പാദങ്ങളിൽ വീണു.

കൃഷ്ണൻ,
സ്നേഹത്തിന്റെ കരുണനോട്ടത്തോടെ
അവനെ മോചിപ്പിച്ചു: കാളിയൻ വിട്ടൊഴിഞ്ഞ
യമുന വീണ്ടും
സുഗന്ധജലമായി ഒഴുകി.

ഗോകുലവാസികൾ
കണ്ണനെ ചേർത്തുപിടിച്ചു.
യശോദ കണ്ണുനീരോടെ
അവനെ കെട്ടിപ്പിടിച്ചു.
നന്ദൻ വിസ്മയത്തോടെ
പുത്രനെ നോക്കി.
ആകാശത്തു ദേവതകൾ
പുതുമഴ പൊഴിയിച്ചു... 
ഗോവർദ്ധനപർവ്വതം വരെ
കൃഷ്ണന്റെ കീർത്തി മുഴങ്ങി.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
യമുനാനദി ജീവന്റെ ഉറവിടം. പക്ഷേ കാളിയൻ അതിനെ വിഷപൂരിതമാക്കി. ഇതു മനുഷ്യജീവിതത്തിലെ അവിദ്യ, ക്രോധം, അസൂയ, അഹങ്കാരം തുടങ്ങിയ അന്തര്വിഷങ്ങൾക്കുള്ള പ്രതീകമാണ്
ജീവിതധാരയെ മലിനപ്പെടുത്തുന്ന ഇവയെ നേരിടാതെ പോകുമ്പോൾ മനസ്സിലെ മത്സ്യങ്ങൾ (ചിന്തകൾ) മരിക്കുന്നു,

കാളിയമർദ്ദനം നമ്മോട് പറയുന്നത് –

ജീവിതത്തിലെ ദോഷങ്ങളെ നേരിടുക, അവയെ മറക്കരുത്. ഭയം ഇല്ലാതെ സത്യത്തിൽ ഉറച്ച് നില്ക്കുക. അഹങ്കാരത്തെയും വിഷത്തെയും ആനന്ദത്തിന്റെ നൃത്തത്താൽ ജയിക്കാം. കരുണയാണ് യഥാർത്ഥ ദൈവസ്വഭാവം. ഗോകുലവാസികൾ കൃഷ്ണനെ ചേർത്തുപിടിച്ചതുപോലെ,
വിഷരഹിതമായ മനസ്സ് ദൈവത്തെ വീണ്ടും അനുഭവിക്കുന്നു.
അതുകൊണ്ട് ഈ ലീല നമ്മെ പഠിപ്പിക്കുന്നത്:
ജീവിതത്തിന്റെ യമുനയെ ശുദ്ധമാക്കുന്നവൻ
അവസാനം നമ്മളിൽ തന്നെ ഉള്ള ദൈവികശക്തിയാണ്.


Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം