നിങ്ങളിതെന്തൊരു പ്രണയം
നിങ്ങളിതെന്തൊരു_പ്രണയം?"
കൂട്ടിമുട്ടാത്ത
തീവണ്ടിപാളങ്ങൾ പോലെ
രണ്ട് ഹൃദയങ്ങൾ...
സമാന്തരമെന്നെഴുതപ്പെട്ട,
മുന്നും പിന്നുമില്ലാതെ
ഒരേ ദിശ താണ്ടുന്നവർ...
ഇടയിലീ പാളങ്ങൾ
അകന്നു മറഞ്ഞാലും,
വഴികൾ തെറ്റാറില്ല...
ചിന്തകൾ വഴിപിഴയ്ക്കാതെ
നീണ്ടുനീണ്ടുപോകുന്നു...
ഒരിക്കലുമിടചേർന്നില്ലെങ്കിലും
ഓർമ്മപകർന്ന കണ്ണീരിന്റെ
ഉപ്പുപടരാത്ത പാഥേയമുണ്ട്
അവരിരുവരിലും..
ഒരേ പാട്ടിന്റെ താളംപിടിച്ച്
മനസ്സിലെ എഴുത്താണിയാൽ
പരസ്പരം പേരെഴുതുന്നവർ,
വഴിക്കല്ലുകളുടെ നെറുകയിൽ
വേർപാടിന്റെ ഭയമില്ലാതെ,
സമീപ്യത്തിലെ ഉപചാരമില്ലാതെ
ഇനിയിതെത്രകാതം...
"നിങ്ങളിതെന്തൊരു പ്രണയം?"
സഹയാത്രികരുടെ ചോദ്യങ്ങളിൽ
അവർക്കൊരേ മൗനം...
എങ്കിലും.. ഉത്തരങ്ങൾ കെട്ടുപിണഞ്ഞിരിക്കുന്നു
തമ്മിലെ പ്രണയത്തിന്റെ
വേരുകളാൽ.
Reserved©️Sreekumar Sree
Comments