അഹല്യ
അഹല്യ...
ശിലയാകേണ്ടി വന്നത്,
നിന്റെ കപടധർമ്മത്തിന്
ഞാൻ നീതിയാകാതിരുന്നത് കൊണ്ടാണ്.
ഞാനറിയാതെ സംഭവിച്ചത്
എന്റെ ദോഷമാക്കി
ചതിയനൊഴിയുമ്പോൾ,
ശാപഭാരം ചുമക്കുന്നവൾ
നിന്റെ നീതി?
നീയേർപ്പെടുത്തിയ
ശിക്ഷയുടെ ഭാഷ
സ്ത്രീശരീരത്തെ മാത്രം മനസ്സിലാക്കുന്നു,
പുരുഷന്റെ പാപം
വായുവിൽ കലർന്നുപോകുന്നു,
ഞാൻ മാത്രമൊരു തപശില.!
നീയാണ് ശിലയാക്കിയതെങ്കിലും,
ഇന്നറിയുക —
നിന്റെ നിയമവും നീതിയും
ഞാൻ ചോദ്യംചെയ്യുന്നു!
രാമപാദസ്പർശം
എനിക്കു നീതി അല്ല,
വിളംബരമായ മോചനമാണ്!
എന്റെ ദേഹത്തെ ശിക്ഷിച്ചു,
എന്റെ ആത്മാവിനെ അടച്ചുവച്ചു,
പക്ഷേ ഞാൻ
തീർത്തുമില്ലാതെ പോയപ്പോൾ
ആത്മാവിനെ പുനർജ്ജീവിപ്പിച്ചു
നിന്റെ നീതിയ്ക്ക് നേരെ
ഒരു പ്രതീക്ഷയായി!
ഞാനൊരു കല്ലല്ല,
നിന്റെ വ്യവസ്ഥയ്ക്ക് എതിരായ
അണയാത്ത തീയാണ്!
ഞാൻ ഉയരുന്നത്,
ചതിക്കപ്പെട്ടവരുടെ പേരിൽ
പുനർജന്മം കാണാൻ!
പെരുവിരൽ സ്പർശം
എന്റെ മോക്ഷമല്ല
സ്ത്രീക്കുള്ള ജിഹ്വയാണത്.
Sreekumar Sree
Comments