കൊക്കുംഞണ്ടും_പിന്നെ_കുറെമീനുകളും
പരമ്പരാഗത ശൈലിയിൽ തന്നെ കഥ തുടങ്ങേണ്ടിയിരിക്കുന്നു കാരണം കഥയ്ക്ക് കടപ്പാട് ഈസോപ്പിനോടായതിനാൽ.. ( ഒരുപക്ഷേ എല്ലാ നാടൻകഥകളുടെയും റോയൽറ്റി ഈസോപ്പിന് ആരോ മുന്നേതന്നെ ചാർത്തിയിരിക്കയാണ്)
ഒരിക്കൽ ഒരിടത്ത് എന്നതിനുപകരം വർത്തമാനകാലത്തിലാണ് കഥ സംഭവിക്കുന്നതെന്ന വ്യത്യാസം ആദ്യമേ അറിയിക്കുകയാണ് അനുവാചകർ സഹകരിക്കുക.
നിറയെ മീനുകളുള്ള ഒരു കുളമുണ്ടായിരുന്നു നാട്ടിൽ.. പുള്ളിവാലനും മാനത്തുകണ്ണിയും എന്നുവേണ്ട സകലമാന മത്സ്യാവതാരങ്ങളുടെയും അംശജന്മങ്ങൾ ഏറെ സൗഹാർദ്ദത്തോടെയും സമാധാനത്തോടെയുമാണ് ആ കുളത്തിൽ കഴിഞ്ഞിരുന്നത്. പ്രകൃതി എപ്പോഴും ആ കുളത്തിന്റെ ആവാസവ്യവസ്ഥയെ തനതായി നിലനിർത്തിയിരുന്നതിനാൽ മത്സ്യങ്ങൾ ഒരിക്കൽപോലും ഭാവിയെക്കുറിച്ച് ആകുലപ്പെട്ടിരുന്നില്ല. കാലം കടന്നുപൊയ്ക്കൊണ്ടിരുന്നു കടുത്തവേനലിൽ ജലനിരപ്പ് താഴ്ന്ന് അപകടമാകുന്നവിധമാകുന്നതിനുമുമ്പ് തന്നെ വേനൽമഴകൊണ്ടും അതിവർഷത്തിന്റെ തിരതള്ളലിൽ ജീവനുകൾ കുളത്തിനു കരകവിയുന്ന ജലത്തിനൊപ്പം പുഴയിലേക്കൊഴുകിപ്പോകാതിരിക്കാൻ, ഇടനേരം മഴ അവധിയെടുത്തും ഈശ്വരൻ ആ കുളത്തിനെയും അവിടുത്തെ ജീവജാലങ്ങളെയും സംരക്ഷിച്ചുപോന്നു.
ഒരുദിവസം പുലർച്ചെ കുളത്തിലെ മത്സ്യങ്ങൾ പുതിയൊരു കാഴ്ചകണ്ടു. നീണ്ട മഞ്ഞക്കാലുകളിൽ വെളുവെളുത്ത തൂവലുകളാൽ പൊതിഞ്ഞ ഉടലും നീണ്ട കൊക്കുമുള്ള ഒരു കൊക്കായിരുന്നു അത്. കൊക്കിന്റെ സരസമായ ഇടപെടലുകൾകൊണ്ടും മത്സ്യങ്ങളുടെ ശുദ്ധമനസ്സും അദിതിദേവോഭവയെന്ന മനോഭാവത്താലും കൊക്ക് വളരെവേഗം തന്നെ കുളത്തിലെ അംഗമായിമാറി... കുളത്തിലെ തലമൂത്ത അംഗമായ ഞണ്ടും ക്രമേണ കൊക്കുമായി ലോഹ്യത്തിലായി. ക്രമേണ കൊക്ക് കുളത്തിന്റെ അഭിഭാജ്യ അംഗമായിമാറി.
ഇതിനിടയിലാണ് പെട്ടെന്ന് കൊക്കിനെ ചില ദിവസത്തേയ്ക്ക് കാണാതായത് കുളത്തിലെ മറ്റ് നിവാസികളിൽ പരിഭ്രാന്തിയുണ്ടാക്കി എന്നാൽ ഒരാഴ്ചകഴിഞ്ഞ് കൊക്ക് വീണ്ടും പ്രത്യക്ഷനായി... പക്ഷെ തിരികെ വന്ന കൊക്കിന്റെ സ്വഭാവത്തിൽ സമൂലം മാറ്റമുണ്ടായിരുന്നു.. സദാസമയം വിഷാദമൂകമായി ഒറ്റക്കാൽകുത്തി തപസ്സുചെയ്യുന്ന കൊക്കിനോട് മത്സ്യങ്ങൾ എത്രയാവർത്തി ചോദിച്ചിട്ടും കൊക്ക് വായ്തുറന്നില്ല. ഒടുവിൽ വിവരമറിഞ്ഞെത്തിയ ഞണ്ടിന്റെ നിർബന്ധത്തിലാണ് കൊക്ക് വിവരം പറഞ്ഞത്.
"ഇനി വരുന്ന നാളുകളിൽ കടുത്തമഴയും വെള്ളപ്പൊക്കവുമുണ്ടാകുമത്രെ കൊക്ക് പുറനാട്ടിൽ പോയപ്പോൾ അറിഞ്ഞതാണ്. ഏറെനാൾ നീണ്ടുനിൽക്കുന്ന മഴയിൽ പുഴയുടെയും കുളങ്ങളുടെയും എന്നുവേണ്ട കടലിന്റെ പോലും അതിരുകൾ തകരും അപ്പോൾ ദിശയും ദിക്കുമറിയാതെ മത്സ്യങ്ങൾ വാസയോഗ്യമായ സ്ഥലങ്ങൾ അതാരുടെ ആയിരുന്നതെങ്കിലും കൈയേറും.. അപ്പോൾ സമാധാനപ്രിയരായ നമ്മുടെ വാസസ്ഥലവും മറ്റുള്ളവർ കൈയേറും" കൊക്ക് ഒരു നെടുവീർപ്പോടെ പറഞ്ഞുനിർത്തിയ വാക്കുകൾകേട്ട് മത്സ്യങ്ങൾ നിശ്ശബ്ദരായി ഞണ്ടിനെ നോക്കി. ഞണ്ട് ഏറെ ആലോചനയ്ക്കുശേഷം കൊക്കിനോട് തന്നെ ചോദിച്ചു. " അല്ല ഈ അധിനിവേശം ഒഴിവാക്കാൻ എന്താണൊരു വഴി" ചോദ്യം പ്രതീക്ഷിച്ച കൊക്ക് മൊഴിഞ്ഞു. "നമ്മൾ ഒരു രജിസ്റ്റർ തയ്യാറാക്കണം നമ്മുടെ കുളത്തിലെ എല്ലാ മീനുകളെയും ആ രജിസ്റ്ററിൽ പേരുചേർക്കണം. ആ രജിസ്റ്ററിൽ പേരുചേർക്കാത്തവരെ നമുക്കീ കുളത്തിൽ നിന്നും പുറത്താക്കാം അതുമാത്രമാണ് ഞാൻ കാണുന്ന വഴി" ഞണ്ടിന്റെ ഉത്തരത്തിൽ തൂങ്ങി കുളത്തിലാകെ ചർച്ച ആരംഭിച്ചു... ആദ്യമൊക്കെ ചെറിയ വാഗ്വാദങ്ങളുമുണ്ടായി.. പോകെപ്പോകെ കുളത്തിലാകെ കലുഷിതമായ അന്തരീക്ഷമായി മത്സ്യങ്ങൾ താന്താങ്ങളുടെ വർഗ്ഗംതിരിഞ്ഞ് രജിസ്റ്ററിൽ പേരുചേർക്കുമ്പോൾ തങ്ങൾക്കുണ്ടാകേണ്ട മുൻതൂക്കവും ആധിപത്യവും ഉറപ്പിക്കാനാഞ്ഞു ശ്രമിച്ചു. ഇതിനിടെ മത്സ്യങ്ങൾ അവരവരുടെ വർഗ്ഗത്തെചേർത്ത് പ്രത്യേകം പ്രത്യേകം രജിസ്റ്ററുകൾ ഉണ്ടാക്കി. കുളത്തിൽ അന്നുവരെ ഉണ്ടായിരുന്ന സമാധാനവും സൗഹാർദതയും നഷ്ടമാകുകയും പകരം ദിനവും സംഘടനങ്ങളും പരസ്പരം കടിച്ചുകൊല്ലലും ആരംഭിച്ചു. കുളത്തിലെ ഞണ്ടുമാത്രം ഓടിനടന്ന് മത്സ്യങ്ങളെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ദിവസങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും വർഷകാലം വന്നുപോയിട്ടും കൊക്ക് പറഞ്ഞപോലെ പ്രളയമോ അതിരുകൾ തകർച്ചയോ ഉണ്ടായില്ല. ആ വർഷകാലവും തുടർന്നുള്ള വേനലും പതിവുപോലെ വന്നുപോയി. എന്നിട്ടും കുളത്തിലെ ആഭ്യന്തരകലാപം അവസാനിച്ചില്ല എന്നുമാത്രമല്ല അനുദിനം പോരടിച്ച് കുളത്തിലെ ആകെ മത്സ്യസംഖ്യ കുറഞ്ഞും ക്രിയാശേഷി നാൾക്കുനാൾ ക്ഷയിച്ചും വന്നു... അനാവശ്യമായി മത്സ്യങ്ങളെ പറഞ്ഞുപറ്റിച്ച് തമ്മിലടിപ്പിച്ച കൊക്കിനെ അന്വേഷിച്ച് ഞണ്ടും സമാധാനപ്രേമികളായ കുറച്ചുമീനുകളും കുളത്തിനോരത്തെ പാറകെട്ടിനടുത്തു ചൊല്ലുകയുണ്ടായി. കാലവർഷം വന്നുപോയിട്ടും കുഴപ്പമൊന്നുമില്ലാത്തതിനാൽ ഇനിയും ആ രജിസ്ട്രേഷൻ വേണ്ട എന്ന് കൊക്കിനെക്കൊണ്ടുതന്നെ മത്സ്യങ്ങളോട് പറയിക്കുകയായിരുന്നു ഞണ്ട് സംഘത്തിന്റെ ലക്ഷ്യം എന്നാൽ പാറക്കെട്ടുപേക്ഷിച്ചു പോയ കൊക്ക് പുതിയ ദൗത്യത്തിനായി മറ്റൊരു മത്സ്യക്കുളംനോക്കി പറന്നുപോയിരുന്നു.
[ഈ കഥയ്ക്ക് കാലികവിഷയങ്ങളുമായോ ആരെങ്കിലുമയോ സാമ്യമോ ഉണ്ടായിരിക്കുന്നതല്ല എന്ന് ഉറപ്പിച്ചിരിക്കുന്നു]
#ശ്രീകുമാർശ്രീ. 20-01-2020
Comments