നഷ്ടബിന്ദുക്കൾ
നഷ്ടബിന്ദുക്കൾ
ജന്മാന്തരങ്ങളുടെ തപസ്സൊടുങ്ങിയനാളിലാണ്
നിമ്നോന്നതങ്ങളുടെ
അഹങ്കാരത്തള്ളലിൽ
മലനിരകൾതാണ്ടി
ഇരുൾഗർത്തച്ചുഴികളിലിടറാതെ
നീയെന്നരികിലണഞ്ഞത്..
കർമ്മസുകൃതം;
നിന്നെയെന്റെ മാറോടടക്കുവാൻ
ഒഴുക്കുനിർത്തി ഞാൻ നിശ്ചലമായപ്പോൾ,
ആകാശനീലിമ
വിശ്വാസനിറംപകർന്നനാൾ
ആഴക്കടലെന്നെന്നെയേവരും
പേരുവിളിച്ചു.
കാറ്റിന്റെ ആശയങ്ങൾ
തിരമാലകളായെന്നെ ഉണർത്തവേ,
ജലബിന്ദുവൊന്നുപോലുമടരാതെ
തിരികെ വിളിച്ചെന്റെ മാറിലേക്ക്
വീണ്ടും വീണ്ടും...
മണൽത്തരികളിലൂടൂർന്ന്
തെരഞ്ഞുതെരഞ്ഞുവന്നുനീ...
നെടുംതാപമേറ്റെന്റെ
നെറുകയിൽ നിന്ന്
നിശ്വാസനീരാവിയായി
പോകതെങ്ങാണ് നീ..?
പോകുവതെങ്ങനെയാണ്..!
കൊടുങ്കാറ്റുകൾ
നിലതെറ്റിവീഴുമ്പോൾ...
ഉയരങ്ങളിലെ മഴമേഘങ്ങൾ
നിന്റെ കിന്നരികളിലേവ-
മംഗുലീലാളനമാകുമ്പോൾ..
പെരുമഴയായ് പൊഴിയുകനീ
ഇരുൾ വനാന്തരങ്ങളിലല്ല
നിത്യവേനലിൻ മരുഭൂവിലുമല്ല..
മഞ്ഞുമൂടി മരവിച്ച
ചേതനകൾ പൂക്കാൻമറന്ന
മലനിരകളിലുമല്ല.....
എന്റെ ജലബിന്ദുക്കളേ,
ഇവിടെ...
ആകാശനീലിമയേറ്റ്
കൊടുംതപം ചെയ്യുന്ന
എന്റെ വിരിമാറിലേക്ക്
പൊഴിയണം വീണ്ടും..
ഗദ്ഗദങ്ങളടക്കിവച്ചൊരു വാക്ക്
പതിയെ പറയണമന്നുനീ...
ചെവിയോർത്തിരിക്കുമിവിടെ
ഒഴുക്കുനിർത്തി ശാന്തമായ്
നിന്നെയിനിയും
സ്നേഹഗർഭത്തിൽ പേറാൻ.
Comments