കാരയ്ക്കാമണ്ഡപം സദാശിവനും കുടുംബകോടതിയും
സദാശിവൻ, കേവലം സദാശിവനല്ല... "നോവലിസ്റ്റ് കാരയ്ക്കാമണ്ഡപം സദാശിവനാണ്"... കേരളത്തിലെ മുഖ്യധാരാ ആനുകാലികങ്ങൾക്കുവേണ്ടിയും തൊട്ടയൽ സംസ്ഥാനമായ തമിഴ്നാടിനുവേണ്ടിയുമൊക്കെ അദ്ദേഹം എഴുതിക്കൂട്ടിയ നോവലിന്റെ എണ്ണത്തിന് കൈയും കണക്കുമില്ല... ഒരേസമയം മലയാളത്തിലും തമിഴിലും ഒന്നിലധികം നോവലുകൾവരെ എഴുതുന്ന കാരയ്ക്കാമണ്ഡപം സദാശിവനെപ്പോലെ മറ്റൊരു നോവലിസ്റ്റ് ഇരു സംസ്ഥാനങ്ങളിലും ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. എന്നിരുന്നാലും വായനക്കാരന്റെ ഭാഗ്യംകൊണ്ടാണോ മൂരാച്ചി മാധ്യമവ്യാപാരികളുടെ പിന്തിരിപ്പൻ നയംകൊണ്ടോ ആകണം അയച്ചുകൊടുത്ത ഒരു നോവൽ പോലും മുഖ്യധാര എന്നല്ല ഒരു മഞ്ഞപ്പത്രത്തിൽപോലും പ്രസിദ്ധീകരിച്ചിട്ടില്ല എന്നത് ഒരു വിരോധാഭാസം തന്നെയാണ്.
ആദ്യമൊക്കെ 50-60 രൂപയുടെ തപാൽ സ്റ്റാമ്പ് ഒട്ടിച്ച് കട്ടിക്കവറുകളിൽ കൃതികൾ അയച്ചുകൊടുക്കുമായിരുന്നത് പോസ്റ്റ്മാന്റെ മൂരാച്ചിസ്വഭാവം കാരണം പത്രമാപ്പീസുകളിൽ എത്തിയില്ലെന്ന് തോന്നിയതിനാലാണ് സിറ്റിബസ് പിടിച്ച് അതിരാവിലെ തന്നെ "കാരയ്ക്കാമണ്ഡപം സദാശിവൻ" പത്രമാഫീസുകൾ കയറിയിറങ്ങിയത്. പവപ്രാവശ്യം കയറിയിറങ്ങി കാരയ്ക്കാമണ്ഡപം സദാശിവന്റെ രചനൾ വെളിച്ചം കണ്ടില്ലെങ്കിലും "കാരയ്ക്കാമണ്ഡപം സദാശിവൻ" മേൽപടി ആഫീസുകളിൽ സുപരിചിതനായി... അയാളെ കണ്ടിലുടൻ "ഹ ഇദാര് നോവലിസ്റ്റ് കാരയ്ക്കാമണ്ഡപം സദാശിവനല്ലേ..." എന്ന അഭിസംബോധന ആഫീസിലെ സെക്യുരിറ്റി മുതൽ എഡിറ്റോറിയൽ ഡെസ്കും പ്രൂഫ്റീഡറിൽ നിന്നുപോലും ഉണ്ടാകുന്നതിൽ ശ്രീമാൻ ഹർഷപുളകിതഗാത്രനാകാറുണ്ട്.
നിത്യവൃത്തിയ്ക്ക് വകകൊടുക്കാത്തതിന്റെ പേരിൽ ഭാര്യ അരുമസന്താനത്തെയുമെടുത്ത് പിരിഞ്ഞുപോയതിൽ ലവലേശം പ്രയാസമില്ലെങ്കിലും തന്റെ രചനകളുടെ ഗതി 'ഗണപതിക്കല്യാണംപോലെ' നീണ്ടുപോകുന്നതിൽ ശ്രീമാൻ "കാരയ്ക്കാമണ്ഡപം സദാശിവൻ" ഏറെ കുണ്ഡിതമാനസനുമാണ്.
എന്തുകാര്യം പറയുമ്പോഴും ഒരു നോവലിസ്റ്റിനെപ്പോലെ "വളച്ചുകെട്ടി മൂക്കിൽതൊടുന്ന" രീതിയിലാണ് സദാശിവൻ സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ നാലുപേർ കൂടുന്നിടത്ത് സദാശിവനെ സഹിക്കവയ്യാതെ ജനം പിരിയാറുണ്ട്... അത്രയ്ക്കുണ്ട് സദാശിവന്റെ വാക്പീരങ്കിയുടെ ശക്തി.
അങ്ങനെയിരിക്കെയാണ് സദാശിവനെത്തിരക്കി ആദ്യമായി കാരയ്ക്കാമണ്ഡപത്തെ അഞ്ചലോട്ടക്കാരൻ പത്മനാഭൻ വന്നത്... മണി പതിനൊന്നായെങ്കിലും കട്ടൻചായയിട്ടുതരാൻ പത്നീരത്നമില്ലാത്തതിനാലും പുറത്തിറങ്ങിക്കുടിക്കാൻ പരഗതിയില്ലാതെയും സദാശിവൻ പായവിടാതെകിടക്കെയാണ് പത്മനാഭന്റെ "പോ......സ്റ്റ്" വിളി.
ഞെട്ടിപ്പോയെതിലും തന്റെ രചന സ്വീകരിച്ചവകയിലുള്ള ചെക്കെങ്ങാനുമാകുമെന്ന് കരതി കാരയ്ക്കാമണ്ഡപം സദാശിവൻ പുറത്തിറങ്ങി രജിസ്ട്രേഡ് കവർ ഒപ്പിട്ടുവാങ്ങിയത്.
അഞ്ചെട്ട് പേജിൽ ആംഗലേയത്തിൽ കുറെ പാരഗ്രാഫുകൾ... പത്താംതരം തുല്യത പാസ്സായ സദാശിവന് മുക്കിമൂളിവായിച്ച് കാര്യം പുരിഞ്ചു.... കുടുംബകോടതിയിൽ പത്നി കേസ്സുകൊടുത്തിരിക്കുന്നു... ബന്ധരഹിതജീവിതവും കുട്ടികൾക്ക് ജീവനാംശവും ആവശ്യം. ആദ്യംപറഞ്ഞതിന് സദാശിവനും തർക്കമില്ല രണ്ടാമത്തെ വകയ്ക്കെവിടെ സ്കോപ്പ്...
നോവലച്ചടിച്ച് വന്ന് പ്രതിഫലംകിട്ടുംവരെ, "മേരാ ഘർ വാസിയോം... മുണ്ടു മുറുക്കിയുടുത്ത് പട്ടിണികെടക്കണം ഹേം..!" എന്ന് പറഞ്ഞതിനാണ് അവൾ പിള്ളാരേക്കൂട്ടി അവളുടെ വീട്ടിൽ പോയത്.. അങ്ങനാണേൽ ഇന്ത്യാക്കാർ എന്നേ ചൈനയിൽ പോകേണ്ടതാ...?
"നിങ്ങളൊരു നോവലിസ്റ്റ് ആണ് നിങ്ങളുടെ സർഗ്ഗവാസനകളെ തിരിച്ചറിയാതെ നിങ്ങളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഭാര്യയ്ക്ക് ജീവനാംശം ചോദിക്കാൻ എന്താണ് യോഗ്യത...?" എന്നൊക്കെപ്പറഞ്ഞ് എരികേറ്റി വക്കാലത്ത് ഒപ്പിടുവിച്ച "സുന്ദരൻ" വക്കീലിന്റെ ആവേശമൊക്കെ ഫീസുതരാൻ തന്റെ കൈയിൽ നോവലിന്റെ ഒരുകോപ്പിയേ ഉള്ളൂ എന്നറിഞ്ഞനിമിഷം ആറിത്തണുത്തു. ഒപ്പിടുവിച്ച വക്കാലത്ത് ഫാറം നുരുനുരെ ചീന്തുന്നനേരം വക്കീൽ "സൗജന്യ നിയമസഹായകേന്ദ്രത്തിന്റെ" സേവനത്തെപ്പറ്റി വാതോരാതെ സംസാരിച്ചു.
കൗൺസിലിംഗ് മീഡിയേഷൻ അദാലത്ത് ചേമ്പർടോക്കിംഗ് എന്നിങ്ങനെ സകലനിയമസംവിധാനങ്ങളിലൂടെയും കടന്നുപോയിട്ടും കാരയ്ക്കാമണ്ഡപം സദാശിവന്റെ കേസ്സ് രാജിയായില്ല..
" വക്കീലും ഭൂവുടമയുമായ തകഴിക്ക് മാത്രമേ എഴുതാവൂ എന്നുണ്ടോ...?. ഡോക്ടർ ആയ കുഞ്ഞബ്ദുള്ളയ്ക്കും ധനികരായവർക്കും മാത്രം എഴുതിയാൽ മതിയോ..?.
സയന്റിസ്റ്റും സർക്കാർ സെക്രട്ടറിയും എഴുതിയാലേ നോവലാകൂ എന്നുണ്ടോ..? എന്നെപ്പോലെ പട്ടിണികിടക്കുന്നവനും എഴുതും... ഉദാത്തമായ രചനകൾ... അവയെ നിരുത്സാഹപ്പെടുത്തി ഇവിടെ പാവപ്പെട്ടവന്റെ സർഗ്ഗശേഷിയെ കരിയിച്ചുകളയാമെന്ന് ആരും വ്യാമോഹിക്കണ്ടാ.." എന്നിങ്ങനെ സഹദേവൻ തന്റെ വാദം നിരത്തിക്കൊണ്ടിരുന്നു..
സൗജന്യനിയമസഹായ അതോറിറ്റി ചുമതലപ്പെടുത്തിയ വക്കീലിനുപോലും സദാശിവനെക്കൊണ്ട് ഒരു ഒത്തുതീർപ്പ് സന്ധിയിലെത്തിക്കാനായില്ല കാരണം "സദാശിവൻ ജോലിക്കുപോയി കുടുംബം പുലർത്തണം" എന്ന സാഹിത്യബോധമില്ലാത്ത ഭാര്യയുടെയും ഭാര്യാവീട്ടുകാരുടെയും "മൂരാച്ചി" ആവശ്യമായിരുന്നു തടസ്സം.
രണ്ടുവർഷം കഴിഞ്ഞുപോയി ഒടുവിലാണ് കോടതി തെളിവെടുപ്പിനായി കേസ്സ് പരിഗണിക്കുന്നത്. വാദിഭാഗത്തിന്റെ തെളിവെടുപ്പിലും സദാശിവൻ ജോലിക്കുപോകുകിൽ ഒരുമിച്ചു പോകാമെന്ന് പറഞ്ഞുവച്ചു. ഒടുവിൽ സദാശിവന്റെ ഊഴമായി... നീട്ടിവളർത്തിയ താടിമീശയും കഷണ്ടിത്തലയും കുളിക്കാത്ത ശരീരവുമുള്ള സദാശിവൻ തന്നെക്കൂടാതെ മറ്റാർക്കോ സ്ഥലം ഒഴിച്ചിട്ടമാതിരി വലിയൊരു ജുബ്ബയും ജലസ്പർശമേൽക്കാൻ തപംചെയ്തപോലൊരു ജീൻസുമണിഞ്ഞ് സാക്ഷിക്കൂട്ടിൽ സമാഗതനായി. സത്യം ചെയ്യിക്കാൻ കോടതിക്ലാർക്ക് ഹിന്ദുമതഗ്രന്ധവുമെടുത്ത് അതിൽ കൈവച്ച് സത്യം ചെയ്യാനാവശ്യപ്പെട്ടു...
"കാരയ്ക്കാമണ്ഡപം സദാശിവൻ ഈശ്വരവിശ്വാസിയല്ല... അതിനാൽ ഈശ്വരൻസത്യം എന്ന് പറയാനാവില്ല എന്ന് മറുപടി" എങ്കിൽ അങ്ങനെയാകട്ടെ എന്ന് കരുതി ക്ലാർക്ക് തടിച്ചൊരു നിയമപുസ്തകമെടുത്തു... " ഈ നിയമസംവിധാനങ്ങളിൽ എഴുത്തുകാരന്റെ സത്ത സംരക്ഷിക്കുന്നുണ്ടോ...?, ഇല്ല..! എനിക്കിതിൽ തീരെ വിശ്വാസമില്ല..."
എങ്കിൽ നിങ്ങൾ നിങ്ങളെപ്രതി സത്യം ചെയ്യൂ..." ജഡ്ജി ആവശ്യപ്പെട്ടു...
" ഞാനോ... ആരാണീ ഞാൻ ആത്മാവ് കടംകൊണ്ട വെറും ദേഹി... ഈ ആത്മാവ് പോയാൽ പിന്നെ ഞാനില്ല വെറും ശവം..."
കാരയ്ക്കാമണ്ഡപം നല്ല പെർഫോമിംഗിലേക്കുയരാൻ തുടങ്ങി വാദിഭാഗം വക്കീലിനും ജഡ്ജിയ്ക്കും ക്ഷമകെടാൻ തുടങ്ങിയെങ്കിലും കോടതിഹാൾ രംഗം ആസ്വദിക്കുകയായിരുന്നു.
"നിങ്ങൾക്ക് വിശ്വാസമുള്ളത് എന്താണോ അതുപറഞ്ഞ് സത്യം ചെയ്യൂ..." ജഡ്ജി ആവശ്യപ്പെട്ടു.
"എനിക്ക് എന്നും വിശ്വാസം എന്റെ അക്ഷരങ്ങളെയാണ് ഞാനില്ലയെങ്കിലും എന്റെ അക്ഷരങ്ങൾ ഉണ്ടാകും.. എന്റെ ഏറ്റവും പുതിയ നോവലാണിത് ഇതിൽ തൊട്ട് ഞാൻ സത്യം ചെയ്യാം..."
അതുപറഞ്ഞ് കാരയ്ക്കാമണ്ഡപം തന്റെ കുപ്പായത്തിന്റെ ഗർത്തത്തിൽനിന്ന് കോർത്തുകൊട്ടിയ ഒരുകെട്ട് മുഷിഞ്ഞ കടലാസ്സുകൾ പുറത്തെടുത്തു.. ഗത്യന്തരമില്ലാതെ കോടതി അതംഗീകരിച്ചു. എന്നാൽ വാദിഭാഗം വക്കീൽ ഒബ്ജക്ഷനുമായി രംഗത്തുവന്നു.. യുവറോണർ ഇതെന്താണ് പ്രതിയുടെ കൈയിലെ പേപ്പറിൽ എന്താണെന്ന്പോലും അറിയാതെ ഈ ആവശ്യം അംഗീകരിച്ചുകൊടുക്കുന്നത് ശെരിയല്ല. അതെന്താണെന്ന് പരിശോധിക്കണമെന്നാണ് കോടതിയോട് എന്റെ അപേക്ഷ''.
ധാരാളം കേസ്സുകൾ തുടർന്നും പരിഗണിക്കാനിരിക്കെയാണ് ഈ അനാവശ്യ തർക്കവിതർക്കങ്ങൾ എന്നഭാവത്തോടെ ജഡ്ജി കാരയ്ക്കാമണ്ഡപത്തെ നോക്കി,
ബഹുമാനപ്പെട്ടകോടതി ഇതെന്റെ നോവലാണ് എന്റെ ആത്മാവാണ്, ആത്മരോദനമാണ്.. കോടതി പറഞ്ഞാൽ ഞാനിതു വായിക്കാം. ജഡ്ജി ഇന്നത്തെ ദിവസം പോയല്ലോ എന്നഭാവത്തിൽ പുഞ്ചിരിയോടെ ഇരുഭാഗം വക്കീലന്മാരയും നോക്കി. ആ ഇടവേളയിൽതന്നെ "കാരയ്ക്കാമണ്ഡപം" തന്റെ ആത്മരോദനമായ നോവൽ വായനയും തുടങ്ങി...
""അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു, ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു... സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദുര്യോധനൻ, ഗുരുവായൂരപ്പന് ജലദോഷമായിരുന്നു അന്ന്. അമ്പലത്തിന്റെ കൽവിളക്കുകൾ തെളിയുന്ന സന്ധ്യയിൽ അവൾ അവനോട് അന്നും ചോദിച്ചു:
“ഇനിയും നീ ഇതുവഴി വരില്ലേ, ആനകളേയും തെളിച്ച് കൊണ്ട്?"" എന്ന ലോകപ്രശസ്തമായ നോവൽപോലെ അല്ലെങ്കിൽ ഏതാണ്ടിതുപോലെയോ ഇതിനേക്കാൾ കേമമായോ കാരയ്ക്കാമണ്ഡപം സദാശിവൻ രാമായണത്തിലെ കഥാപാത്രമായ 'ഭീമസേനന്റെ' ആത്മരോദനം ശാകുന്തളത്തിലെ ബലരാമന്റെ കാഴ്ചപ്പാടിലൂടെ കെട്ടഴിച്ചുവിടാൻ തുടങ്ങിയതും ക്ഷമയുടെ നെല്ലിപ്പലകയും തകർത്ത് പാതാളത്തിൽപോയ ജഡ്ജിയുടെ രോക്ഷം സടകുടഞ്ഞെണീറ്റു...
" മിസ്റ്റർ സദാശിവൻ താങ്കൾ എവിടെയാണ് നിൽക്കുന്നതെന്നറിയാമോ...? എന്താ ഞാൻ വെറും മണ്ടനെന്നാണോ താങ്കൾ കരുതിയിരിക്കുന്നത്....?" രോഷാകുലനായ ജഡ്ജിയദ്ദേഹത്തിന്റെ ചോദ്യം കേട്ട് കോടതി ഒന്നാകെ നിശ്ശബ്ദതയിലായി... സദാശിവന്റെ മറുപടി അമാന്തിച്ചില്ല....
" ബഹുമാനപ്പെട്ട കോടതീ... അങ്ങയുടെ ചോദ്യത്തിന് അതേ എന്ന് ഞാനുത്തരം പറഞ്ഞാൽ കോടതിയലക്ഷ്യമാകും അല്ല എന്നുപറഞ്ഞാൽ സത്യവിരുദ്ധവുമാകും".
നിശ്ശബ്ദതയിൽ നിന്ന് പൊട്ടിച്ചിരിയിലേക്ക് കോടതിഹാൾ പരിവർത്തനം ചെയ്യപ്പെട്ടു.
ശേഷം:- സദാശിവന്റെ കുടുംബവിഷയത്തിന് ഒരു തീരുമാനം ആയില്ലെങ്കിലും സദാശിവന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടായി. കോടതിയെ അവഹേളിച്ചതിന് അയാളെ ആറുമാസത്തെ വെറും തടവിനുശിക്ഷിച്ചു. ആ കാലയളവിൽ ഒരു വരി എഴുതാൻ പേനയോ കടലാസോ എന്നല്ല ചുമരിലെഴുതാൻ കരിക്കട്ടപോലും നൽകരുതെന്ന് ജയിൽസൂപ്രണ്ടിനും ഉത്തരവുകൊടുത്തത്രെ ആ ജഡ്ജി.
#ശ്രീ
[കഥ ജീവിച്ചിരിക്കുന്ന ആരുമായും ഒരു ബന്ധവുമില്ലെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നു]
Comments