ഗാന്ധിജയന്തിക്കഞ്ഞി



           കണാരൻ മാഷ് തികഞ്ഞ ഗാന്ധിയനാണ്. തികഞ്ഞത് എന്നാൽ മൂപ്പെത്തിയ ഗാന്ധിയൻ..  സ്വാതന്ത്ര്യസമരത്തിലൊന്നും പങ്കെടുത്തിട്ടില്ലെങ്കിലും ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം മാത്രമല്ല  ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിലെ ഓരോ ദിനത്തിലുണ്ടായ സംഭവവികാസങ്ങൾവരെ മന:പാഠമാണ്. കണക്കുമാഷായ കണാരൻ മാഷ് പൂജ്യം എഴുതുന്നതുപോലും ഗാന്ധിജിയുടെ തലപൊലെയാണ്... അത്രയ്ക്ക് ഗാന്ധിഭക്തൻ. 
പുഴയിൽ പോയി കുളിച്ചാലും ഇരുമ്പുതൊട്ടിയിൽ  വെള്ളം കോരിവച്ച് കുളിക്കും തുണിയലക്കുന്നതും പുഴ മലിനമാക്കാതെയാണ്.. ജലം വായു മണ്ണ് അന്തരീക്ഷം എന്നില മലിനമാകാതെ ഗാന്ധിയുടെ ആഹ്വാനങ്ങളനുസരിച്ച് ജീവിക്കുന്നയാളാണ്. എന്തിനേറെ തികഞ്ഞ ഒരു ഗാന്ധിഭക്തയെ കണ്ടെത്താനാകാത്തതിനാൽ വിവാഹം പോലും വേണ്ടെന്നുവച്ചു ശ്രീമാൻ.. മൂവർണ്ണപതാക കണ്ടാൽ (അതിനകത്ത് അശോകചക്രമാണോ കൈപ്പത്തിയാണോ എന്നെന്നും നോക്കാതെ) സല്യൂട്ടടിച്ച് നിൽക്കും പരിസരം നന്നെങ്കിൽ ദേശഭക്തിഗാനവും പാടുമായിരുന്ന സാധ്വികനായ ഈ കണക്കുസാറിനെ ഞങ്ങളുടെ നാട്ടിലെ സ്കൂളിലേക്ക് സ്ഥലംമാറ്റുകയായിരുന്നത്രെ... 
അതിനുപിന്നിലും രസകരമായ ഒരു കഥയുണ്ടത്രെ.. വടക്കൻമലബാറിലെ ഒരു ഗ്രാമത്തിൽ വാദ്ധ്യാരായിരുന്ന കണാരൻ മാഷിന്റെ അതികലശലായ ഗാന്ധിഭക്തിയെ കോൺഗ്രസ് ഭക്തിയാണെന്ന് തെറ്റിദ്ധരിച്ച് സഹ ഇടതുചിന്താഗതിക്കാർ ചേർന്ന് കേരളത്തിലെ രണ്ടാമത്തെ ഇടതുപക്ഷസർക്കാരിൽ സമ്മർദ്ദം ചെലുത്തിയാണത്രെ കണാരൻമാഷിനെ ഞങ്ങൾക്ക് സംഭാവന ചെയ്തത്. ഏതായാലും അദ്ദേഹം ആ സ്കൂളിൽ വന്നതുകൊണ്ട് കുട്ടികൾക്ക് ഒരനുഗ്രഹമായി എന്നുമാത്രമല്ല രാഷ്ട്രീയ അമിതാവേശമൊന്നുമില്ലാതിരുന്ന സഹാദ്ധ്യാപർക്കും കണാരൻമാഷിനെ ഇഷ്ടമായി. 
അന്യനാട്ടുകാരനായ മാഷിന് താമസിക്കാനിടംകൊടുത്തത് അഞ്ചലാപ്പീസിലെ ഗോവിന്ദപിള്ളയായിരുന്നു അദ്ദേഹത്തിന്റെ ഒഴിഞ്ഞുകിടന്ന ഒരുവീടിന്റെ പകുതിമുക്കാലും വൃത്തിയാക്കി കണാരൻമാഷ്  താമസമായി.. സ്കൂളിലേക്ക് മാഷിന് നടന്നുപോകാവുന്ന ദൂരത്തിലായിരുന്നു പ്രസ്തുത വീട്. 
അങ്ങനെയിരിക്കെയാണ് അക്കൊല്ലത്തെ "ഗാന്ധിജയന്തി" ദിനമടുത്തത്.. ഗാന്ധിയനായ കണാരൻമാഷിന്റെ ഉത്സാഹം പറയേണ്ടതുണ്ടോ..  അന്നൊക്കെ ഓരോ മുട്ടായിയും വായിലിട്ട് കുട്ടികൾ  "ഭാരത്മാതാകീ ജയ് .. മഹാത്മാഗാന്ധികീ ജയ് .." എന്നൊക്കെ വിളിച്ചുകൂവിക്കഴിയുമ്പോഴേയ്ക്കും ഗാന്ധിജയന്തി അവസാനിക്കുമായിരുന്നു. എന്നാൽ കണാരൻമാഷിന്റെ ഉത്സാഹത്തിൽ അക്കൊല്ലം ഗാന്ധിജയന്തി വിപുലമായി ആഘോഷിക്കാൻതന്നെ തീരുമാനിച്ചു.. മാത്രമല്ല സഹപ്രവർത്തകർ ഗാന്ധിയനായ കണാരൻമാഷിനെത്തന്നെ ഉത്സവക്കമ്മറ്റി ചെയർമാനുമാക്കി.. മാഷിനും ബഹുസന്തോഷം.. 
ഗാന്ധിജയന്തി സേവനദിനമാക്കി ആഘോഷിക്കാൻ മാഷും കൂട്ടരും തീരുമാനിച്ചു അതിനായാണ് മുഴുവൻ രക്ഷകർത്താക്കളെയും ക്ഷണിച്ചത്.. കാര്യങ്ങൾ ഭംഗിയായി, സമീപത്തെ രക്ഷിതാക്കളും കൂടി.. രാവിലെ തന്നെ ഗാന്ധിജിയുടെ ഒരു വർണ്ണചിത്രം ഹാരമണിയിച്ച് ഒരുക്കി മുന്നിൽ ഒരു ദീപവും കത്തിച്ച് അഞ്ചുമിനിറ്റ് പ്രാർത്ഥന.. പിന്നീട്  കുട്ടികളും അദ്ധ്യാപകരും, രക്ഷിതാക്കളും ചേർന്ന് സ്കൂളാകെ വൃത്തിയാക്കിത്തുടങ്ങി.. സരളടീച്ചറും മാലതിടീച്ചറും ചേർന്ന് വലിയ അണ്ടാവ്* അടുപ്പത്തുകേറ്റി കഞ്ഞിയും പുഴുക്കും തയ്യാറാക്കിക്കൊണ്ടിരുന്നു.. 
സമയം ഉച്ചയോടടുത്തു കഞ്ഞിയും പുഴുക്കും റെഡിയായി.. അടുപ്പിൽനിന്ന് വലിയ അണ്ടാവിലുള്ള കഞ്ഞി താഴെയിറക്കാനാണ് രക്ഷിതാക്കളിൽ ചിലരെ കണാരൻമാഷ് വിളിച്ചത്.. സമീപവാസികളായവർ അണ്ടാവിനടുത്തെത്തി.. അണ്ടാവുകണ്ട അവർ പരസ്പരം നോക്കി എവിടെയോ കണ്ടുമറന്ന അണ്ടാവുപോലെ  സംശയനിവർത്തിയ്ക്കായി കണാരൻമാഷിനെനോക്കി... നോട്ടത്തിന്റെ അർത്ഥം മനസ്സിലായ കണാരൻമാഷ് തന്റെ ശുഷ്കാന്തി വെളിപ്പെടുത്തി... 
"അതേയ് സംശയിക്കേണ്ടതില്ല കേട്ടോ.. നമ്മുടെ കുട്ടുവത്തിൽ വച്ചാൽ തെകയത്തില്ല അതുകൊണ്ട് അപ്രത്തെ വറീത് മാപ്ലേടവിടുത്തെ അണ്ടാവ് ഞാൻ  കടമെടുത്തതാ.."
പറഞ്ഞുതീർത്ത് നെളിഞ്ഞതും അടി വീണതും ഒന്നിച്ചായിരുന്നു.. കണാരൻമാഷിന്റെ അഹിംസാവാദമൊന്നും പരിഗണിക്കാതെ  " നീ ഞങ്ങ പിള്ളാരെ കണ്ടോന്റെ തീട്ടം തിന്നിക്കും ല്ലേടാ പന്നീ.." ന്നുള്ള അലറൽ മാത്രമാണ് കണാരൻമാഷ് കേട്ടത്... ഏതായാലും അടികൊണ്ടുവീണ മാഷ് ബോധം പോകാൻനേരവും "ഹേ റാം..." എന്ന് ദയനീയമായി കരഞ്ഞ് തന്റെ ഗാന്ധിയൻ നീതിബോധം ഉയർത്തിപ്പിടിച്ചു. 
പ്രധാന അദ്ധ്യാപകന്റെ മുന്നിലെ ബഞ്ചിൽവച്ചാണ് കണാരൻമാഷിന് ബോധം തിരികെ കിട്ടിയത്.. " ന്റെ മാഷേ ങ്ങള് ആ വറീതുമാപ്ലേടെ അണ്ടാവാണ് കൊണ്ടുവന്നതെന്ന് ഒരുവാക്ക് പറയാഞ്ഞതെന്താ.." എന്ന പ്രധാന അദ്ധ്യാപകന്റെ ചോദ്യത്തിന് മറുപടി സരളടീച്ചറുടെ വലിയൊരു ഓക്കാനമായിരുന്നു.. 
കണാരൻ മാഷ്  നാട്ടുകാരുടെ തല്ലുകൊള്ളാനുള്ള കാരണം മാഷ് മനസ്സാവാചാ അറിയാത്തൊരു കാര്യത്തിനായിരുന്നു... 
വറീതുമാപ്ല കലഷലായ അർശ്ശസ് രോഗിയായിരുന്നു അതിനാൽ വൈദ്യനിർദ്ദേശാനുസരണം മാപ്ല എന്നും വെളുപ്പിന് അഞ്ചുമണിക്കെണീറ്റ് വീടിനുപുറത്ത് വെള്ളം നിറച്ച വലിയ അണ്ടാവിൽ കയറി കാലെല്ലാം പുറത്തേക്കിട്ട് കുണ്ടി വെള്ളത്തിൽ മുക്കി ഒരുമണിക്കൂർനേരമെങ്കിലും ഇരിക്കുമ്പോഴാണ് മാപ്ലയുടെ പ്രഭാതത്തിലെ രണ്ടാം ദിനകൃത്യം കഴിയുന്നത്. ശോധനാശേഷം അണ്ടാവു മറിച്ചൊഴിച്ച് മണ്ണിട്ടുമൂടും.. ശേഷം അതു കഴുകി കിണറ്റുവക്കിൽ ചാരിവയ്ക്കും.. പതിവായി സ്കൂളിലേക്ക് വരുന്ന കണാരൻമാഷ് കണ്ടത് ഈ അണ്ടാവായിരുന്നു.. അതിന്റെ പിന്നാമ്പുറചരിതം നാട്ടുകാർക്ക് അറിയാമായിരുന്നെങ്കിലും മാഷിന് അറിവില്ലായിരുന്നു. മാഷ് വറീതുമാപ്ലയോട് അണ്ടാവ് ചോദിച്ചനേരം ആദ്യം വിസമ്മതിച്ചെങ്കിലും മാഷിന്റെ നിബന്ധവും തന്റെ വിഷയം പറയാനുള്ള ജാള്യതകൊണ്ടുമാണ് മാപ്ല അണ്ടാവ് കടംകൊടുത്തത്. അതും വൈകീട്ട് തിരികെതരണമെന്ന് നിബന്ധനയിൽ...  
   കഥ മനസ്സിലായ കണാരൻമാഷ് ഉടൻ തന്നെ ഒരുകീറുപേപ്പറിൽ ഒരു നീണ്ട അവധി അപേക്ഷയും മറ്റൊരു മുഴുപേപ്പറിൽ ഒരു സ്ഥലംമാറ്റത്തിനുള്ള അപേക്ഷയും കൊടുത്തിട്ട് അന്നുതന്നെ വണ്ടിവിട്ടു.  
ഏതായാലും വറീതുമാപ്ലേടെ കാലംകഴിഞ്ഞ് വീട്ടുകാർ ആ അണ്ടാവ് വർക്കിയുടെ കാളവണ്ടിയിൽ ഒരുവണ്ടി തേങ്ങായ്ക്കൊപ്പം ചാലക്കമ്പോളത്തിലെത്തിച്ച് വിറ്റ്,  പുതിയതൊരെണ്ണം മേടിച്ച് അകത്തുവയ്ക്കുംവരെ നാട്ടുകാർ ഈ കഥയോർത്ത് ചിരിക്കുമായിരുന്നു.
(*അണ്ടാവ്-കുട്ടുകംപോലെ വായ് വിസ്താരമുള്ള വലിയ പാത്രം)..

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്