കോഴിക്കടയിലെ പഞ്ചാര



അവധിദിനമാണെന്നതുകൊണ്ട് കാര്യമില്ല രാവിലെ ഭാര്യയ്ക്ക് ബൈപ്പാസ് റോഡിലുള്ള കുമരിച്ചന്തയിൽ പോകണം.. കൊണ്ടുപോകണം മനസ്സില്ലാമനസ്സോടെയാണ് തുണപോക്കെങ്കിലും അവിടുന്ന് വാങ്ങുന്ന നല്ല ഫ്രഷ് മീനും കപ്പയുമൊക്കെ അല്പം താമസിച്ചായാലും തയ്യാറായി കഴിക്കുന്നത് ഒരു സുഖപരിപാടിയാണ്. എന്നാലും ഭോജനപ്രിയനല്ലാത്തതുകൊണ്ടും വാട്സാപ്പിനകത്ത് ചുറ്റിക്കറങ്ങിനടക്കണ സമയമായതിനാലും അവൾ സഞ്ചിതൂക്കിനിന്ന് വിളിക്കുമ്പോൾ ദേഷ്യം സ്വാഭാവികം.

ചന്തയിൽ ധാരാളം കുമാരിമാർ കൂടുന്നുണ്ട് ഒരുപക്ഷേ അതുകൊണ്ടാവുമോ ഈ ചന്തയ്ക്ക് കുമരിചന്ത എന്ന പേരു വന്നത്.. അതെന്തുമാകട്ടെ മീൻ വാങ്ങൽ വീട്ടിലെ കുമരിയുടെ ചുമതലയാണ് അതുകൊണ്ട് ചന്തയ്ക്ക് സമീപത്ത് അല്പംമാറിനിന്ന് പതിവു നിരീക്ഷണം (വായനക്കാരന് വായ്നോട്ടം എന്ന് തോന്നിയാൽ അതെന്റെ കുറ്റമല്ല) ആരംഭിച്ചു.  

"സാറേ.... ഇന്നു നല്ല മീനൊന്നുമില്ല പോന്നാട്ടേ നല്ല ചിക്കൻ തരാം " നീട്ടിയ വിളികേട്ടാണ് ശ്രദ്ധിച്ചത് മുന്നിൽ എതിർവശത്തായി ഒരു കോഴിയിറച്ചിക്കട... കട എന്ന നാമകരണത്തിനുതകില്ല ഒരു കമ്പിയഴിക്കൂട്ടിൽ എട്ടുപത്തുകോഴികൾ കൂടിനുമുകളിൽ കുറച്ചു പ്ലാസ്റ്റിക് കവറുകൾ അടുക്കിയതിനു പുറത്ത്  ചതുരാകൃതിയിലൊരു തകരപ്പെട്ടി ഒരുവശത്ത് വലിയൊരു പ്ലാസ്റ്റിക് ടംബ്ലർ നിറയെ കോഴിവേസ്റ്റാകും.. ഒരലുമിനിയം പാത്രത്തിൽ (നുമ്മ സ്വന്തം കുത്തുപോണി ചരുവം) വെള്ളം..  നടുവിലായി ചെറിയൊരു പുളിമുട്ട്...* അതിനുവശം മുപ്പത്തിയഞ്ച്- നാല്പതു തോന്നുന്ന ഒരു കുമരി... ഇവയെയെല്ലാം മൂടുന്നൊരു വലിച്ചുകെട്ടിയ ടാർപോളിൻഷീറ്റും ചേർന്നാൽ കുമരിചന്തയിലെ കോഴിക്കട റെഡി... 

അവിടുത്തെ സ്ത്രീ ആരെയോ വിളിച്ച് കോഴിക്കച്ചവടത്തിലേക്കാകർഷിച്ച സ്വരംമാണ് നേരത്തെ കേട്ടത്.
ഇടയ്ക്കിടെ കോഴി കോഴീ... കോഴി കോഴീ... ന്ന് വിളിച്ച് ആ സ്ത്രീ ആളുകളെ ആകർഷിക്കുന്നു. "സാറേ ഒരു നാടനെടുക്കട്ടെ..."  നോക്കുന്നതു കണ്ടാവും  വേണ്ടെന്ന് തലയാട്ടി.  കണ്ണുകൾ ചുറ്റും പരതിവീണ്ടും അവരുടെ മുഖത്ത് തന്നെയെത്തി.. അപ്പോഴേക്കും ആ കുമരി ഒന്നു പുഞ്ചിരിച്ചു... തരക്കേടില്ലാത്ത ചിരി. പ്രത്യഭിവാദനം അനിവാര്യമാണല്ലേ... കൂടുതൽ കൊടുക്കാൻ തോന്നിയില്ല കാരണം പുളിമുട്ടിന്റെ വക്കിൽ കോഴിരക്തം പുരണ്ട സാമാന്യം നല്ലൊരു കത്തി വിശ്രമിക്കുന്നുണ്ട്. ന്നാലും നോക്കുമ്പോഴെല്ലാം പെണ്ണാള് ചിരിക്കണുണ്ടല്ലാ... ഇലയ്ക്കും മുള്ളിനും കേടില്ലാതെ നോക്കിയിരുന്നു. 
അവൾ മീൻ വാങ്ങിവരാൻ താമസിക്കും സകലമാന കൂടയും നോക്കിയ ശേഷമേ മേടിക്കൂ.. ടെക്സ്റ്റൈൽ ഷോപ്പിൽ കയറുന്നപോലെ.  എന്നാലും ഈ കോഴിക്കാരികുമരി എന്തിനാവും ഇങ്ങനെ നോക്കുന്നത്.. 
കോഴിയേ... കോഴി.. ഇപ്പോൾ എനിക്കു കേൾക്കാനാണോ ഈ സ്പെഷ്യൽ വിളി... ശ്രദ്ധിച്ചു നോക്കി... പെണ്ണാള് തകരപ്പെട്ടി തുറക്കുകയാണ് അതിൽ നിന്നും ഒരു പ്ലാസ്റ്റിക് പൊതിയഴിക്കുന്നു രക്തക്കറ പുരണ്ട കൈകൊണ്ട് അതിൽ നിന്നും എന്താണെടുക്കുന്നത്.. ഇടയ്ക്കിടെ ഇങ്ങോട്ട് നോക്കുന്നുമുണ്ട്... അപ്പോഴേക്കും അവരുടെ കൈയിൽ ഒരു സിറിഞ്ച് പ്രത്യക്ഷപ്പെട്ടു...!
ഭഗവാനേ എന്താണവരുടെ പ്ലാൻ.. ഇപ്പോഴും അവർ ഇടയ്ക്കിടെ ഇങ്ങോട്ട്  നോക്കുന്നുണ്ട്. പിന്നെ ഒരു കുപ്പിയിൽ നിന്നും സിറിഞ്ചിലേക്ക് ഒരു മരുന്ന് കുത്തിയെടുത്തു...!
"എടീ ഭയങ്കരീ... അപ്പോൾ ഇതാണ് നിന്റെ പരിപാടി അല്ലേ.. ചിക്കനിൽ മരുന്നുകുത്തിവച്ച് ഭാരം കൂട്ടാനുള്ള പരിപാടി.... ഇതങ്ങനെ വിടില്ല ഇതു ഞാൻ വീഡിയോ എടുത്ത്... സോഷ്യൽ മീഡിയ നിറയ്ക്കും... " പതിയെ അവളറിയാതെ ഫോൺ വീഡിയോ മോഡിലിട്ടു.... ആരും മനസ്സിലാക്കാത്തവിധം ഫോൺ തിരിച്ചുപിടിച്ചു വീഡിയോ റിക്കാർഡിംഗ് തുടങ്ങി.  അവൾ  ഇപ്പോഴും ചരിഞ്ഞു നോക്കുന്നുണ്ട്... ഭയങ്കരീ ഞാൻ കാണാത്ത ഭാവത്തിലിരുന്നു... ഫോണിലൂടെ കാണാമെന്നതിനാൽ ഇനി അങ്ങോട്ട് നോക്കേണ്ട... നോക്കിക്കേ ചിക്കനിൽ മായംകയറ്റുന്ന നിന്റെ പരിപാടി ഇന്നു തീരുമെടീ... എന്റെ പൗരബോധം സടകുടഞ്ഞെണീറ്റുതന്നെനിന്നു.
 നാലുപാടും ഒന്നുകൂടി അവർ നോക്കി പിന്നെല്ലാം പെട്ടെന്നായിരുന്നു.. "ഇടതുകൈകൊണ്ട് വയറിനുപുറത്തെ സാരിയല്പംമാറ്റി മാംസളമായ അവരുടെ വെളുത്ത വയറിലെ തൊലിപ്പുറത്ത് ആ മരുന്ന് കുത്തിയിറക്കി....."
ഞെട്ടലുമാറുന്നതിനുമുമ്പ് ഭാര്യ മടങ്ങിയെത്തി.. വീഡിയോ കട്ടുചെയ്തു. "സാറേ ഒരു നാടനെടുക്കട്ടെ.. പൂവനാ ബൈക്കെടുക്കുമ്പോൾ അവൾ വീണ്ടും വശ്യമായി ചിരിക്കുന്നു".
 വീഡിയോ സേവായിക്കാണും വീട്ടിലെത്തിയാൽ ആദ്യം അതു ഡിലീറ്റ് ചെയ്യണം... അവിചാരിതമായി അവളെങ്ങാൻ കണ്ടാൽ
 "ഒരു പാവം സ്ത്രീ ഇൻസുലിൻ കുത്തിവയ്ക്കുന്നതുപോലും വീഡിയോ പിടിച്ച നിങ്ങൾ ഒരു മനുഷ്യനാണോ.. മനുഷ്യൻ?" 
ഉണ്ടാകാവുന്ന ചോദ്യപേപ്പർ ഓർത്തപ്പോൾ ചെവിക്കുപിന്നിലൂടെ വിയർപ്പൊഴുകാൻ തുടങ്ങി. 


#ശ്രീ ... ഒരവധിദിനം ഉച്ചയ്ക്ക്മുമ്പ്.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്