ഗോപിയണ്ണന്റെ ശുഷ്കാന്തി
Once upon a time അതായത് പണ്ടേതാണ്ടൊരു കാലം.. മരച്ചീനിക്കാടുകൾ റബ്ബർ മരങ്ങൾക്ക് വഴിമാറിത്തുടങ്ങിയ സമയം.. നാടായനാടെല്ലാം മണ്ണിൽ മരച്ചീനിയും തെങ്ങും വാഴയുമെല്ലാം പിഴുതെറിഞ്ഞ് പണംചുരത്തുന്ന റബ്ബർ മരം നടാനായി ചതുരക്കുഴികൾ തീർക്കുന്നു... പുരയിടത്തിലെ സകല ഗ്രാമ്പും ജാതിയും വെട്ടിമാറ്റി ജോസഫ് ചേട്ടനും തന്റെ പതിനാറേക്കറിൽ റബ്ബർ നടാൻ തീരുമാനിച്ചു. റബ്ബർമരം നടുന്നത് അന്നൊക്കെ കൃത്യമായ അകലത്തിൽ ചതുരാകൃതിയിൽ നിശ്ചിത വലുപ്പത്തിന് ആദ്യം കുഴികുത്തും അതിൽ വലിയ കല്ലുകൾ മാറ്റിയ മണ്ണുനിറച്ചശേഷം റബ്ബർ നഴ്സറികളിൽ അരുമയായി ബഡ്ഡിംഗ് നടത്തി കറുത്ത പോളിത്തീൻ ബാഗുകളിൽ മണ്ണുനിറച്ച് വളർത്തിയ തൈകൾ വാങ്ങിക്കൊണ്ടുവന്ന് പോളിത്തീൻ ബാഗ് കീറിമാറ്റി ടി മണ്ണിലേക്ക് കുഴികുത്തി ശ്രദ്ധയോടെ നട്ടുപരിപാലിച്ചാണ് റബ്ബർതോട്ടം നിർമ്മിക്കുക... പ്രാരംഭമായി കാടുതെളിച്ചശേഷം ചതുരക്കുഴികൾ തീർക്കുന്ന ജോലിയായിരുന്നു മുഖ്യം. അന്ന് JCBയുടെ യന്ത്രകൈകൾ പ്രചുരപ്രചാരം നേടിയില്ല എന്ന് മാത്രമല്ല വയലുകളിലെ ട്രാക്ടറുകൾക്കുപരി അന്നൊന്നും കൃഷിയിടങ്ങൾ യന്ത്രവല്കൃതമായിട്ടില്ലാത്തതിനാൽ ചതുരക്കുഴി നിർമ്മാണത്തിന് ധാരാളം പണിക്കാരെ ആവശ്യമായിരുന്നു. ഏറെ പണിപ്പെട്ടാണ് ജോസഫ് മുതലാളികക് പത്തുപന്ത്രണ്ട് പണിക്കാരെ കിട്ടിയത്. അവരിലൊരാളായിരുന്നു കഥാനായകൻ " ഗോപി " എന്ന അൻപതുകാരൻ.
ഇടതുകാലിൽ ചെറിയ മുടന്തുള്ള ഗോപിയെ നാട്ടുകാരും പരിചയക്കാരും ഗോപിയണ്ണനെന്നാണ് വിളിച്ചിരുന്നത്.. വീട്ടിലെ പരിതസ്ഥിതി പ്രയാസമായതിനാലാണ് മുടന്തനായ ഗോപിയും കൂലിവേല ചെയ്തുപോന്നത്..
എന്നാൽ മുടന്തനായ ഗോപിയെ വലിയ കായികാധ്വാനം വേണ്ടിവരുന്ന പണിക്കുകൂട്ടാൻ ആരും തയ്യാറുമല്ലായിയുന്നു. നിലവിലെ സാഹചര്യത്തിൽ പണിക്കാളെകിട്ടാൻ പ്രയാസമായതിനാലും ഗോപിയെ കണ്ട മുതലാളിച്ചി അയ്യോപാവം പെഴച്ചോട്ടെ എന്ന ശുപാർശ പുറപ്പെടുവിച്ചതിനാലുമാണ് ഗോപിയെക്കൂടി ഉൾപ്പെടുത്താൻ ജോസഫ് നിർബന്ധിതനായത്..
പണി പുരോഗമിക്കുകയാണ്.. പ്രതിദിനം ചിലവുകാശും ആഴ്ചാവസാനം പണിനോക്കി കണക്കുതീർത്തുള്ള തുകയുമാണ് നാട്ടുനടപ്പ്..
അങ്ങനെ ആഴാചാവസാനമായി ജോസഫ് മുതലാളി ആദ്യം നോക്കിയത് ഗോപിയണ്ണൻ പണിതകുഴികളാണ്.. വയ്യായ്മക്കാരനായ ഗോപിയുടെ കുഴികളും അയാളെപ്പോലെ വൃത്തിയും നിരപ്പുമില്ലാതെയായിരുന്നെങ്കിലും ഭാര്യയുടെ ഉപദേശമോർമ്മിച്ച് ഒന്നും പറയാതെ ജോസഫ് കുഴിയെണ്ണി തിട്ടപ്പെടുത്തി. തുടർന്ന് അടുത്ത ആളിന്റെ കുഴികൾ നോക്കവെ ചിലത് ശെരിയാംവണ്ണം തീർത്തിട്ടില്ലായിരുന്നു.. (ചിലദിവസം മറ്റുള്ളവർക്കൊപ്പം ജോലി അവസാനിപ്പിക്കുമ്പോൾ പൂർത്തിയാവാതെ വരുന്നവയായിരുന്നു അവ).. "ഇതെന്താ ഗോപിയണ്ണന്റെ കുഴിപോലുണ്ടല്ലോ ഇത്.. ഒരു ചൊവ്വുംനിരപ്പുമില്ലാതെ...?" എന്ന ജോസഫ് മുതലാളിയുടെ ചോദ്യത്തിനു " ഇതു ഗോപിയണ്ണൻ കുഴിച്ചതു തന്നെയാ..." എന്ന് അയാൾ മറുപടി പറഞ്ഞു.. (ഒന്നോ രണ്ടോ കുഴിയുടെപേരിൽ വഴക്കു കേൾക്കേണ്ടിവരുന്നതിനെക്കാൾ ഭേദം ഇങ്ങനെ പറയുന്നതാണ് നല്ലതെന്ന് അയാൾ കരുതി). ഒരോരുത്തരുടെയടുത്തും എത്തി ജോസഫ് മുതലാളി കുഴിയെണ്ണുകയും ചൊവ്വല്ലാത്തത്.. " ഇതും ഗോപിയണ്ണൻ കുഴിച്ചതാണോ" എന്ന് ചോദിക്കയും എല്ലാവരും വഴക്കു ഭയന്ന് അതേ എന്ന് പറഞ്ഞൊഴിയുകയും ചെയ്തു.
സന്ധ്യയ്ക്ക് മുതലാളിയുടെ വീട്ടുമുറ്റത്തെത്തി പണം പറ്റിയപ്പോഴാണ് എല്ലാവരും അക്കിടിപറ്റിയതറിഞ്ഞത്..
ഒരോരുത്തരും പറഞ്ഞൊഴിഞ്ഞ കുഴികളുടെ എണ്ണവും കൂടി കൂട്ടിയപ്പോൾ മുടന്തൻ ഗോപിയണ്ണന് കുഴികളുടെ എണ്ണം മറ്റുള്ളവർക്കുള്ളതിനെക്കാൾ ഇരട്ടി..!!! അതുകൊണ്ട് കൂലിയും ഇരട്ടി.!!
തീർന്നില്ല.. മുതലാളിച്ചിയുടെ സഹതാപവും ഗോപിയണ്ണന്റെ ശുഷ്കാന്തിയും പരിഗണിച്ച് പിറ്റേന്നുമുതൽ ഗോപിയണ്ണൻ കുഴിവെട്ടേണ്ട എന്നും മേൽനോട്ടം വഹിച്ചാൽ മതിയെന്നും ഉത്തരവായി ദിവസശംബളത്തിന്..!!
വിവരമറിഞ്ഞ് ഗോപിയണ്ണന്റെ ഭാര്യ ഒറ്റക്കണ്ണി സുലോചന പറഞ്ഞത്രെ "പൊട്ടനെ ചെട്ടി ചതിച്ചാൽ..... ചെട്ടിയെ മൊതലാളി ചതിക്കും"
#sree.
Comments