നാടകമേ ഉലകം
രംഗം ഒന്ന്...
സ്ഥലം ആസ്ത്രേലിയയിലെ പ്രശസ്തനായൊരു ഡോക്ടറുടെ വീട്....
എക്സ്പീരിയൻസായൊരു പ്ലംബർ, ഡോക്ടറുടെ കിച്ചണിൽ കേടായ പ്ലംബിംഗ് വർക്ക് ചെയ്തു തീർക്കുകയാണ്.. കേവലം പത്തുമിനിറ്റിനകം അയാൾ പണി പൂർത്തിയാക്കി, ഡോക്ടർക്ക് തന്റെ ബിൽ നൽകി..
വെറും 350 ഡോളർ...!!
ചെറുതായി ബോധക്കേട് അഭിനയിച്ച
ഡോക്ടർ..
"ജന്റിൽമാൻ... ഞാൻ ഒരു പ്രശസ്തനായ ഡോക്ടറാണ് പക്ഷെ എനിക്കുപോലും ഇന്നുവരെ വെറും പത്തുമിനിറ്റിന്റെ ജോലിക്ക് 350 ഡോളർ കൂലികിട്ടിയിട്ടില്ല...?!!."
പ്ലംബർ-
" ക്ഷമിക്കണം മിസ്റ്റർ ഞാൻ മുമ്പ് ഡോക്ടറുടെ ജോലി ചെയ്തിരുന്നപ്പോൾ എനിക്കും അത്രയും തുക കിട്ടിയിരുന്നില്ല....!!!"
ഡോക്ടർ സ്തംഭിച്ചു നിൽക്കുന്നു കാശുവാങ്ങി റിട്ടയേർഡ് ഡോക്ടറായ പ്ലംബർ രംഗമൊഴിയുന്നു... അരങ്ങിലെ വെളിച്ചം നേർത്തുവരുന്നു..
(കർട്ടൺ...)
രംഗം രണ്ട്.
സ്ഥലം കേരളത്തിലെ പ്രശസ്തനായ ഒരു ഭിഷ്വഗ്വരന്റെ വീട്...
രംഗത്ത് മധ്യവയസ്സ് കഴിഞ്ഞൊരു ഡോക്ടറും ബംഗാളിയായൊരു പ്ലംബറും..
ഡോക്ടർ...
"അരേ ഭായ് മൈ കിച്ചൺ വേസ്റ്റ് വാട്ടർ നോട്ട് ഫ്ലോയിംഗ്.. ആന്റ് ശുദ്ധ് പാനീ നഹീം..."
ബംഗാളിപ്ലംബർ...
"ഡാട്ടർ നീങ്കൽ മല്യാളത്തിൽ പരയൂ എനിക്കു മനസ്സിലാകും ഹൈ..."
ഡോക്ടർ.. (ഭാഗ്യം)
ഡേയ് ബംഗാളീ.. ഇവിടെ വേസ്റ്റ് വാട്ടർ ഒഴുകിപ്പോകുന്നില്ല പിന്നെ ശുദ്ധജലം കിട്ടുന്നുമില്ല... "
(ബംഗാളി കൃത്യം പത്തുമിനിറ്റിനകം തകരാർ കണ്ടെത്തുകയും ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റു കുറിച്ച് ഡോക്ടർക്കു നൽകുകയും ചെയ്യുന്നു)
ഡോക്ടർ ലിസ്റ്റ് വായിക്കുന്നു...
രണ്ടിഞ്ച് പൈപ്പ് 4 മീറ്റർ..
എൽബോ 4...
T രണ്ടിഞ്ച് 3...
etc.. etc...
ഒടുവിലായി പരിശോധിച്ചതിനും കുറിപ്പടിക്കും ചാർജ്ജ് Rs. 1500/- എന്ന് വായിച്ച ഡോക്ടർക്ക് വിയർക്കുന്നു...
ഡോക്ടർ ബംഗാളിയുടെ മുഖത്തുനോക്കുന്നു ശേഷം ഡയലോഗ്....
" പ്രശ്നം പരിഹരിക്കുന്നതിനു മുമ്പ് എന്തിനാണ് ചാർജ്ജ് പണിചെയ്തു തീർന്നിട്ടല്ലേ കാശ് ???"
ബംഗാളി പുഞ്ചിരിക്കുന്നു..
" സാർ നിങ്ങൾ മരുന്നു കുറിക്കുമ്പോൾ തന്നെ ഫീസ് വാങ്ങുകയല്ലേ... ആ മരുന്ന് കഴിച്ചശേഷം രോഗിക്ക് രോഗം ഭേദമായിട്ടല്ലല്ലോ കൂലി വാങ്ങുന്നത് രോഗം ഭേദമായില്ലെങ്കിലും നിങ്ങൾ പരിശോധിക്കാനും കുറിപ്പടി എഴുതുന്നതിനും കൂലി മേടിക്കുകയല്ലേ..? ഞാനും അതേ ചെയ്തുള്ളൂ...."
മറുപടികേട്ട ഡോക്ടറുടെ മുഖത്തെ വികാരവിചാരങ്ങൾ പ്രേക്ഷകർക്ക് കാണാനാകുന്നതിനുമുമ്പ് കറന്റു പോകുന്നു...
(കൂക്കിവിളികളോടെ) കർട്ടൺ വീഴുന്നു
ശുഭം.
ഏതു തൊഴിലിനും അതിന്റേതായ മഹത്വമുണ്ട് എന്നാൽ തൊഴിൽ സംസ്കാരം എന്നതുകൂടി നാം തൊഴിലിടങ്ങളിൽ ശ്രദ്ധയിൽ വയ്ക്കണം. തൊഴിലാളി നാടിന്റെ മരാമത്തുകാരനാണ് നാടിന്റെ പുരോഗതിയുടെ ചാലകമാണവർ എന്നാലും അവർ അവരുടെ തൊഴിൽ സംസ്കാരം പുലർത്തുന്നു എന്നുകൂടി സ്വയം തീരുമാനിക്കയും പ്രാവർത്തികമാക്കയും വേണം.. ഇല്ലാതെ വരുമ്പോഴാണ് തൊഴിലിനാസ്പദമാക്കി വിവേചനങ്ങളുമുണ്ടാകുക. ഡോക്ടറായാലും ഇഞ്ചിനീയറായാലും മരാശാരിയായാലും കൽപണിക്കാരനായാലും ഉദ്യോഗസ്ഥനായാലും തൊഴിലാളികളാണ്... ആരും മോശക്കാരല്ല, എന്നാൽ എല്ലാവരിലും ചെറിയൊരുപക്ഷം ഭൂരിപക്ഷത്തിനുകൂടി പേരുദോഷം പറയിപ്പിക്കുന്നുണ്ട്....
#വാൽ-
ടിന്റുമോൻ അമ്മയോട്
അമ്മേ.. ഡോക്ടർക്കു എന്നെ നോക്കിയതിനു കാശുകൊടുക്കുന്നതിനെയാണോ അമ്മേ #നോക്കുകൂലി എന്നു പറയുന്നത്..
(ഒന്നാം രംഗം ഒരു ആസ്ത്രേലിയൻ പത്രം പ്രസിദ്ധീകരിച്ച തമാശക്കഥയിൽനിന്നും കടംകൊണ്ട ആശയമാണ്)
#ശ്രീ
Comments