നമുക്കിനി ചിത്രശലഭങ്ങളെക്കുറിച്ച് സംസാരിക്കാം
1.
ഇനി നമുക്കാ ശലഭങ്ങളെക്കുറിച്ച്
സംസാരിച്ചിരിക്കാം...
ഇലക്കുടകൾക്കുള്ളിലമരാം
മഴക്കുളിരിലൊരു പാട്ടുപാടാം..
.............
ആകാശം നിറയെ അമ്ലമേഘങ്ങളെ,
തിരുകിക്കയറ്റിയ പുകക്കുഴലുകൾ
പൊള്ളിയടർത്തിപ്പെയ്തൊഴിയാൻ
തിടുക്കം കൂട്ടുന്ന പകലുകൾ.....
2.
"നോക്കൂ പ്രിയനേ..
അരളിയിലയിലെ സ്വർണ്ണത്തിളക്കം..!
ചിറകുകൾ മുളച്ചുണരുന്നുണ്ടൊരു ശലഭം...
ഇനി നമുക്കാ ശലഭങ്ങളെക്കുറിച്ചെഴുതാം"
..............
ആഴങ്ങളിൽനിന്നൂറ്റിപ്പിഴിഞ്ഞ്
ചണ്ടിയായൊരമ്മഭൂവിൻമാറിൽ
ആകാശം നോക്കി കിടക്കുന്നു
സ്വാർത്ഥചിഹ്നമായ് ഒഴിഞ്ഞ
കുപ്പിവെള്ളം വിറ്റ ചിന്തകൾ...
3.
"നീ കാണുന്നില്ല കൂട്ടേ..
നീലച്ചിറകുകൾ വീശി
ഇണയെത്തേടുന്ന ശലഭഭംഗിയെ..?
പൂവിൽനിന്നു പൂവിലൂടെ
പരാഗരേണുക്കളുടെ സഞ്ചലനം.."
................
വൃക്ഷച്ചുവട്ടിൽ
ചത്തുമലച്ചൊരു മഞ്ഞക്കിളിയുടെ
മേലേക്കുയർന്ന നോട്ടം
കൂടിനിടമില്ലാത്ത തരുവിലേക്കോ
കുളിരു തരാത്ത ആകാശത്തിലോ..?
4.
" നീയറിഞ്ഞുവോ കൂട്ടുകാരാ..
ഇലച്ചാർത്തിനുള്ളിലൊരു ശലഭമേള
ഇമയനക്കാതെ പൂക്കളും..
ഋതുമതിയായ പ്രകൃതിപോൽ
മധുവിധുഘോഷങ്ങൾ കാണുക.. "
...............
വഴിമറന്നുപോയൊരു പുഴ
മണൽകടഞ്ഞ ഗർത്തത്തിലവസാനിച്ചു
അവളണയുന്നനേരം
ഇറുകെപുണരുവാൻ വെമ്പുന്ന
കടലറിഞ്ഞില്ലപോൽ തടയണകൾ..
..........................
'"നിദ്രവിട്ടിന്നുണരുകയാണ് ഞാൻ
ഉച്ചവെയിലിലേക്കിപ്രഭാതത്തിലും.
കണ്ടതേതാണ് കനവേതു സത്യവും
ചൊല്ലുവാനേതു കൂട്ടുമില്ലരികിലായ്
എങ്കിലും മനം ചൊല്ലുന്നിതാശയാൽ
ചൊല്ലിടാം നമുക്കാ ശലഭസംഗമം
കുഞ്ഞുകൂട്ടിലെ പൊൻപുഴുചിറകുകൾ
മെല്ലെ വീശിപ്പറക്കും വിശേഷങ്ങൾ...'"
ശ്രീകുമാർശ്രീ.
Comments