കിംഗ്ഫിഷർ കലണ്ടർ




അമ്മമ്മയുടെ വീട്ടിലായിരുന്ന കുട്ടികാലം,  ബാർബർ ഷാപ്പിൽ പോയിട്ടേയില്ല. അമ്മമ്മയുടെ രാജകല്പന ഗോപിനാടാരെന്ന ദൂതൻവശമറിയുമ്പോൾ അമ്പിട്ടൻ കൊച്ചുശങ്കരൻ തെക്കേമുറ്റത്ത് ഹാജർ.... തുകലുകൊണ്ടുണ്ടാക്കിയ ചരിത്രവസ്തുവോളം പഴക്കമുള്ള ഒരു ചെറിയ സഞ്ചിയുമായി. അതിനകത്തെ അസംസ്കൃത വസ്തുക്കൾ ഏവയെന്ന് നന്നായറിയാം.. പ്ലാസ്റ്റിക് കടലാസിൽ പൊതിഞ്ഞ ഒരു ചീനക്കല്ല്.. പല വലിപ്പത്തിൽ  മൂന്ന് കത്രികകൾ ബെൽറ്റ്പോലെ നീളമുള്ള ഒരു സംഗതി. അതു മരക്കൊമ്പിൽ തൂക്കിയിട്ട് കത്തി അങ്ങോട്ടുമിങ്ങോട്ടും തേയ്ക്കുമ്പോൾ ശൂ...ശൂ... എന്ന ശബ്ദമുണ്ടാകുമെങ്കിലും അതുപോരാഞ്ഞ്  കൊച്ചുശങ്കരനും സമാനമായ ഒരു ശബ്ദം പുറപ്പെടുവിക്കും. മുറ്റത്തിനരികിലെ ചാമ്പമരത്തിന്റെ ചുവട്ടിൽ ഒരു പഴയ പനമ്പായ വിരിക്കും അതിനുമേൽ സ്റ്റൂളിൽ ഇരിക്കണം. മുടി നിലത്തുവീഴാൻ പാടില്ല ഭൂമീദേവി കോപിക്കും. മുടിമുറിച്ചശേഷം പനമ്പായയിലെ മുടിയും കൊച്ചുശങ്കരൻതന്നെ കൊണ്ടുപോകും.  ഉച്ചഭക്ഷണത്തിനുമുമ്പാണ് ശങ്കരൻ വരിക അതിനാൽ ജോലികഴിഞ്ഞ് ഇളയമ്മയ്ക്കൊപ്പം ഞാൻ  കുളിക്കാൻ കുളത്തിലേക്ക് പോകുമ്പോഴേക്കും അമ്മമ്മ കുട്ടിശങ്കരന് അടുക്കളതിണ്ണയിൽ ഭക്ഷണം നൽകുന്ന തിരക്കാകും. അതിനുശേഷമാണ് കൂലി,   ഒന്നര രൂപ. !  വന്നു മുടി മുറിക്കുന്നതുകൊണ്ടാണ്, ബാർബർ ഷോപ്പിൽ പോയാൽ കുറയും പതിനാറണ(ഒരു രൂപ). പോകാൻ നേരം പറമ്പിൽ വീണ തേങ്ങയോ.. അടുക്കള ആവശ്യം കഴിഞ്ഞ ചക്കയോ ചേനയോ വല്ലതും മുറ്റത്തുണ്ടായാൽ കൊച്ചുശങ്കരൻ അമ്മമ്മയെ നോക്കും. അമ്മമ്മയുടെ ചിരികണ്ടാൽ അവ കൊച്ചുശങ്കരനു സ്വന്തം.   

അച്ഛന്റെ നാട്ടിലായപ്പോഴേക്കും ഈ സമ്പ്രദായം(ഇടതുഭാഷയിൽ ബൂർഷ്വാസി) ഉണ്ടായില്ല. മുടിമുറിക്കൽ അച്ഛനൊപ്പം ബാബുവണ്ണന്റെ ബാർബർ ഷാപ്പിൽ.  അവിടെ ജാതിയോ തൊഴിലോ ചേർത്ത് വിളിയില്ല അമ്പട്ടൻ ബാബുവിനെ മറ്റുള്ളവർ എങ്ങനെ വിളിച്ചാലും ഞങ്ങൾ "ബാബുവണ്ണൻ" എന്ന് പറയണമെന്ന് അച്ഛൻ നിർബന്ധിച്ചു. ഇതുപോലെ പല ചെറിയ ചെറിയ കാര്യങ്ങളിലൂടെയും മനസ്സിൽ ആദ്യമായി കമ്മ്യൂണിസം നിറച്ചത് അച്ഛനായിരുന്നു. അതുകൊണ്ടാണ് ഞാൻ കണ്ട ഏറ്റവും നല്ല കമ്മ്യൂണിസ്റ്റ് എന്റെ അച്ഛനായിരുന്നു എന്ന് ഞാൻ കരുതുന്നത്. സഖാവ് പങ്കജാക്ഷനുശേഷം (മുൻ തൊഴിൽ മന്ത്രി) എന്തുകൊണ്ടോ അച്ഛനിൽ രാഷ്ട്രീയം കണ്ടില്ല ( ജി.കാർത്തികേയനുമായി സൗഹൃദമുണ്ടായിരുന്നു, എന്നാലും ഇടതുപക്ഷത്തിനുതന്നെ വോട്ടുചെയ്തു) പക്ഷെ കമ്മ്യൂണിസത്തിന്റെ മാനുഷികമുഖം അവസാനംവരെയും  കൂടെ ഉണ്ടായിരുന്നു.  
കൊച്ചുശങ്കരനെക്കാൾ ബാബുവണ്ണൻ പരിഷ്കാരി ആയിരുന്നു. ബാബുവണ്ണൻ കത്രിക ശ്ശൂ... ശ്ശൂ.. എന്ന് രാകിയിരുന്നില്ല. ആരുടെയും (അവശരോഗികളൊഴികെ) വീട്ടിൽ പോയി മുടിമുറിച്ചില്ല.  മുടിമുറിക്കാൻ വരുന്നവർക്ക് "കുങ്കുമം, നാന, കുട്ടികൾക്ക് അമ്പിളി അമ്മാവൻ " എന്നിങ്ങനെയുള്ള മുക്കുംമൂലയുംപോയ (വിശേഷിച്ചും "നാന"യുടെ മധ്യപേജ് കാണില്ല പിന്നീട് നാന സിനിമാ വാരിക പുതിയത് ആദ്യമായി കണ്ടപ്പോഴാണ് ആ മധ്യപേജ് എന്താണെന്ന് മനസ്സിലായത് അന്ന് ആ പേജ് അശ്ലീലം ആയിരുന്നു. പിന്നീട് അശ്ലീലത്തിന്റെ അതിരുകൾ നമ്മൾ മാറ്റിവരച്ചു, അന്നത്തെ രീതി വച്ച് കൂട്ടിയാൽ ഇന്ന് എല്ലാം അശ്ലീലമാണ്) പുസ്തകങ്ങൾ വായിക്കാൻ ഉണ്ടായിരുന്നു. പുറംതല കാണാൻതക്കവിധത്തിൽ കണ്ണാടിയും ചുവർനിറയെ വർണ്ണചിത്ര കലണ്ടറുകളു നിറഞ്ഞ ബാർബർഷോപ്പ്, ചുരുക്കത്തിൽ ബാബുവണ്ണനെപ്പോലെ പച്ചപ്പരിഷ്കാരിയായിരുന്നു. 

പത്താംതരം പാസ്സായി വിജയശ്രീലാളിതനായി നിൽക്കുമ്പോഴാണ് ഒറ്റയ്ക്കുപോയി മുടിമുറിക്കാൻ അവസരം വന്നത്.  ബാബുവണ്ണന് നല്ല തിരക്കായിരുന്നു.. കാത്തിരിക്കുന്നവരിൽ അവസാന ഊഴം. പുസ്തകങ്ങൾ നോക്കിതീർന്നപ്പോഴാണ് ഊഴമെത്തിയത്. "... ഒരു ചായകുടിച്ചിട്ട് ഇപ്പോൾ വരാം.." എന്ന് പറഞ്ഞ് ബാബുവണ്ണൻ പുറത്തിറങ്ങി..  വീണ്ടും കാത്തിരിപ്പ്.. അങ്ങനെയാണ് ചുവരുകളിലെ വർണ്ണക്കലണ്ടറുകൾ ശ്രദ്ധിച്ചത്.  പലയിടത്തായി ആറു കലണ്ടറുകൾ ഓരോന്നിലും രണ്ടുമാസംവീതം ഒരുവർഷത്തിലെ മുഴുവൻ ദിവസവും കാണാം.  എല്ലാത്തിലും കിംഗ്ഫിഷർ എന്ന എഴുത്തുമുണ്ട്. വെറുതെയാണ് ഒരെണ്ണം മറിച്ചുനോക്കിയത്... ഞെട്ടിപ്പോയി... പൂർണ്ണനഗ്നയായ ഒയു സ്ത്രീയുടെ പടം അവിടെയും കിംഗ്ഫിഷർ എന്നുണ്ട്. ജിഞ്ജാസ അടങ്ങിയിരിക്കാനനുവദിച്ചില്ല... എല്ലാ കലണ്ടറുകളും മറിച്ചുനോക്കി, എല്ലാത്തിലും തുണിയില്ലാത്ത പെണ്ണുങ്ങൾ..(കിംഗ്ഫിഷർ കലണ്ടറുകളെപറ്റി കൂടുതൽ അറിയാൻ പിന്നെയും കാലമെടുത്തു)
"നീയെല്ലാം കണ്ടാടേയ്....?" ബാബുവണ്ണൻ ഒന്നും സംഭവിക്കാത്തപോലെ ചോദിച്ചുകൊണ്ട് കയറിവന്നതും കലണ്ടറിലെ പിടിവിട്ടു.. ചൂളിപ്പോയി... പിന്നീടൊരിക്കൽ മുടിമുറിക്കാൻനേരം ഞാൻ ബാബുവണ്ണനോട് ആ കലണ്ടറുകൾ എന്തിനാണെന്ന് ചോദിച്ചു.  "അതേയ് ചില ആളുകളുവരും..തല ചെരിച്ചുവയ്ക്കാൻ എത്ര പറഞ്ഞാലും വച്ചുതരില്ല അപ്പോൾ ഞാൻ ആ വശത്തെ കലണ്ടർ മറിച്ചിട്ടുകൊടുക്കും അവരപ്പോൾ അതുംനോക്കി അനങ്ങാതിരിക്കും എനിക്കപ്പോൾ നേരെചൊവ്വേ മുടീം മുറിക്കാം അതിനാ ഈ കലണ്ടറുകൾ ". ബാബുവണ്ണന്റെ മറുപടികേട്ട് ചിരിച്ചുപോയി. ഒരുകാര്യം അന്ന് മനസ്സിലായി ബാബുവണ്ണൻ പരിഷ്കാരി മാത്രമായിരുന്നില്ല ഒടുക്കത്തെ ബുദ്ധിമാനുമായിരുന്നു.
#ശ്രീ. 1/5/2020.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്