അമ്മിണിസാമി


4. അമ്മിണിസാമി
`````````````````````````
ഒത്തിരി വർഷങ്ങൾക്കു മുമ്പുനടന്ന കഥയാണ് കേട്ടുകേൾവിയിൽ നിന്നാണ് ഈ   വരമൊഴി.. കഥാപാത്രം ഒരു പരമശിവഭക്തനായ സർക്കാർ ഗുമസ്തനാണ്.. പേര് രാമലിംഗസാമി.. കച്ചേരിയാപ്പീസിലെ ജൂനിയർ ക്ലാർക്ക്.. തികച്ചും ബാച്ചിലർ. അതിരാവിലെ എണീറ്റ് അത്യാവശ്യം കസർത്തും മറ്റും ചെയ്ത് ഒരു ഗ്ലാസ് പഞ്ചസാര ചേർക്കാത്ത പാൽകുടിക്കും  സ്നാനം സമീപത്തെ ശിവക്ഷേത്രം വക വിശാലമായ  പച്ചക്കുളത്തിലാണ് (നിറയെ കല്ലുപാകിയ ക്ഷേത്രക്കുളം പായൽപിടിച്ച് എപ്പോഴും പച്ചനിറം തോന്നിക്കുമായിരുന്നു) സ്നാനാനന്തരം അമ്മ വിളമ്പുന്ന ഒരുപാത്രം പുന്നെല്ലരികഞ്ഞി നെയ്യൊഴിച്ചത് അകത്താക്കി കൗപീനം മുറുക്കി വീതിക്കരയുള്ള ഇരട്ടമുണ്ടും ചുറ്റി ആളിറങ്ങും രസികൻ കൈത്തറിക്കുപ്പായം ഒരുകൈത്തണ്ടയിൽ രണ്ടായി മടക്കിയിട്ട് പിടിവളഞ്ഞൊരു കുടയുമായാണ് യാത്ര.. വീട്ടിൽ നിന്നും കച്ചേരിവരെ സുമാർ ഒന്നരകിലോമീറ്റർ നടത്തം. കച്ചേരിപ്പടിയിലെ പാതയ്ക്കുവശം ഒരു ശിവപാർവ്വതീ ക്ഷേത്രമുണ്ട് അതിനിടതുവശത്താണ് അയ്യപ്പൻ മണ്ണാന്റെ വീട്... സാമി അമ്പലനടയിലെത്തുമ്പോഴേക്കും മണ്ണാനയ്യപ്പനവിടെ ഹാജർ..
ഒരു വിശിഷ്ട വസ്തുപോലെ മേൽക്കുപ്പായം മണ്ണാൻ സ്വീകരിച്ചും സാമി അമ്പലത്തിൽ തൊഴുത്  വെളുത്തു തുടുത്ത് രോമരഹിതമായ മേലാകെ ഭസ്മംപൂശി ഭണ്ഡാരപ്പെട്ടിയും തൊട്ടുതൊഴുതിറങ്ങുമ്പോഴേക്കും അയ്യപ്പൻ വീണ്ടും ഹാജർ.. അതിനിടയിൽ മേൽക്കുപ്പായം ചിരട്ടക്കരിക്കനലൂതി ചൂടേറ്റിയ ഇസ്തിരിയിട്ട് വടിപോലാക്കിയിരിക്കും മൂന്നുദിവസത്തേയ്ക്ക് ഒരണ.. തേയ്പ്പ്കൂലി കൂട്ടിവാങ്ങുന്നതിനെക്കുറിച്ച് മണ്ണാനയ്യപ്പനും വിവാഹം കഴിച്ചാൽ പുറത്തുകൊടുത്തുള്ള ഈ തേയ്പ്പ് പരിപാടി നിർത്തലാക്കാമെന്ന് സാമിയും മനനംചെയ്തുപോന്നു..
മേൽക്കുപ്പായം ധരിച്ച് കച്ചേരിയാപ്പീസ് കേറുമ്പോഴേയ്ക്കും സമയം കൃത്യം ഒൻപത്. ഇങ്ങനെയൊക്കെയാണ്
കാര്യങ്ങൾ വളരെ കണിശവും സുഗമവുമായി നീങ്ങിയിരുന്നത്..

അന്ന് തിങ്കളാഴ്ചയായതിനാൽ പതിവിലധികനേരം  പൂജാദികളിൽ പങ്കെടുത്ത് സമയമല്പം താമസിച്ചതിൽ തിടുക്കപ്പെട്ട് അമ്പലത്തിൽ നിന്നും പുറത്തിറങ്ങിയ സാമി കണ്ടത് ഏറെ വിഷാദഭാവത്തിൽ നിൽക്കുന്ന മണ്ണാനയ്യപ്പനെയാണ്... ഇന്നും കൂലിവർദ്ധന പറയാനാവുമെന്നാണ് കരുതിയതെങ്കിലും അയ്യപ്പൻ അല്പനേരം മിണ്ടാതെനിന്നു.. മേലുടുപ്പ് കൈമാറാതെ തന്നെ മുരടനക്കി.. "അങ്ങുന്നേ ക്ഷമിക്കണം.. പെട്ടീടെ പരുവം മാറിപ്പോയി.. പറ്റിപ്പോയി.. അങ്ങുന്ന് കോവിലി ഇരുന്നാമതി ഞാൻ അവിടുത്തെ വീട്ടിപ്പോയി വേറൊരു കുപ്പായം കൊണ്ടൊന്ന് വെടിപ്പാക്കിത്തരാം".. അയ്യപ്പൻ തുറന്നുകാണിച്ച് മേലുടുപ്പുകണ്ട് സാമി ഞെട്ടി ഇടതുനെഞ്ചിന്റെ ഭാഗത്ത് അയ്യപ്പന്റെ തേപ്പ് പെട്ടിയുടെ അളവിന് കരിഞ്ഞുപോയിരിക്കുന്നൂ...!!!
ദേഷ്യം കൊണ്ട് തുടുത്ത സാമിയെ നോക്കാനുള്ള ശക്തി പോരാഞ്ഞ് അയ്യപ്പൻ തലകുനിച്ചുനിന്നു...     വീട്ടിൽ നിന്നും മറ്റൊരു കുപ്പായം തേച്ച് എടുക്കാൻ ചുരുങ്ങിയത് അരമുക്കാൽ മണിക്കൂർ വേണം  അപ്പോഴേക്കും അപ്പീസ് സമയം കടക്കും..   
"താൻ ന്റെ വീട്ടീന്ന് ഒരു കുപ്പായം വാങ്ങി ഇസ്തിരിയിട്ട് കച്ചേരീലെത്തിക്കണം ഇനി മൂന്ന്മാസം തേപ്പ് കൂലി തരില്ലാ  ന്റെ ഉടുപ്പിന്റെ വെലയായിട്ട്..." ഗത്യന്തരമില്ലാതെ സാമി മുന്നോട്ടുവച്ച ആവശ്യം സ്വീകരിച്ച് അയ്യപ്പൻ സാമിമഠം നോക്കി ഓടി.. കരിഞ്ഞ ഷർട്ട് ധരിച്ച് കുടകൊണ്ട് വലതുനെഞ്ച് മറച്ച്  സാമി കച്ചേരിപ്പടിയേറി.  
"കഷ്ടകാലം കടംകൊണ്ടവൻ തലമൊട്ടയടിച്ചാൽ കല്ലുമഴപെയ്യു"മെന്നപോലെയാണ് മേലാപ്പീസിൽ നിന്ന് അപ്രതീക്ഷിതമായി പരിശോധനയ്ക്ക് ആളെത്തിയത്.. അതും  സുന്ദരിയായൊരു ചെറുപ്പക്കാരി.   ഝടുതി ഓരോ സീറ്റും പരിശേധിച്ച് സാമിയ്ക്കടുത്തെത്തി.. പുതിയകുപ്പായമെത്താത്ത മനോവേദന കടിച്ചമർത്തി ഒരു കടലാസിനാൽ വിഷയഭാഗം മറച്ചാണ് സാമി എണീറ്റത്..  what's the matter ചോദ്യത്തിനൊപ്പം സാമിയുടെ വിറയ്ക്കുന്ന കൈയിലെ കടലാസുമവർ കൈക്കലാക്കി..!  
സാമിയെക്കാൾ നാണിച്ച് സാമിയുടെ ചുവന്നുതുടുത്ത ഇടതുമുല വിറകൊണ്ട് നിന്നു... ആദ്യദർശനത്തിന്റെ ഞെട്ടൽ മാറിയതും കടലാസ് സാമിയുടെ മുഖത്തേയ്ക്കെറിഞ്ഞ് ചവിട്ടിക്കുലുക്കി മേലാപ്പീസർ തിരിഞ്ഞതും മണ്ണാനയ്യപ്പൻ പുതിയ കുപ്പായവുമായി ഹാജർ..!
സാമിക്ക് കടലാസ്സുവന്നു മേലാപ്പീസിൽ ഹാജരാകാൻ within seven days.. സസ്പെൻഷൻ നേരിട്ട് തരാനാകും സഹജീവനസഹായികൾ സാമിയെ പ്രോത്സാഹിപ്പിച്ചു. രണ്ടും കല്പിച്ച് സാമി തെരോന്തരത്തേയ്ക്ക് വണ്ടിപിടിച്ചു....
   ഒരു മാസം കഴിഞ്ഞാണ് സാമി ഏവരെയും ഞെട്ടിച്ചത് മേലാപ്പീസറുമായുള്ള തന്റെ വിവാഹക്കുറി സാമി ആദ്യം നൽകി ക്ഷണിച്ചത്  മണ്ണാൻ അയ്യപ്പനെയായിരുന്നു.... സഹജീവനഅസൂയക്കാർ സാമിയ്ക്ക്  അമ്മിണിസാമി എന്നൊരുപേര് രഹസ്യമായി ചാർത്തിപോലും...
.......

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്