സത്ക്കാരപ്രിയം
ഒരുപക്ഷെ ശിലായുഗകാലം മുതൽ മനുഷ്യൻ സത്കാരശീലമാരംഭിച്ചതായി മനസ്സിലാകും.. പങ്കിട്ടുകഴിക്കുന്ന ശീലം സകല ചരാചരങ്ങളിലും നിലനിൽക്കുന്നുണ്ടെങ്കിലും അതിജീവനത്തിനായി പരിശ്രമിക്കേണ്ടിവരുമ്പോൾ ആ ശീലം പാടെ ഉപേക്ഷിക്കപ്പെടാം. എന്നാൽ സകലജീവികളും ഈ പങ്കിട്ടുകഴിക്കൽ സ്വജനുസ്സിലുള്ളതുമായി ആകുമ്പോൾ മനുഷ്യൻ മാത്രമാണ് തന്റെ വർഗ്ഗമല്ലാത്ത പക്ഷിമൃഗാദികളുമായും പങ്കിട്ടുശീലിച്ചത് .സ്വന്തം സ്വാർത്ഥതയ്ക്കുവേണ്ടിയാണ് ആ പങ്കിടൽ എന്ന സത്യവും ഇവിടെ വിസ്മരിക്കുന്നില്ല.. ശിലായുഗത്തിൽ വേട്ടയാടിപ്പിടിച്ച ഭക്ഷണാവശിഷ്ടം വലിച്ചെറിയപ്പെടുമ്പോൾ വേട്ടയാടലിനശക്തമായ ജന്തുവർഗ്ഗം അതു ഭക്ഷിക്കാനെത്തിയിരുന്നു. എന്നാൽ അഗ്നിയുടെ ഉപയോഗം കണ്ടെടുത്ത മനുഷ്യൻ ചുട്ടെടുത്ത, മാംസഭക്ഷണത്തിന്റെ സ്വാദ് തിരിച്ചറിഞ്ഞ നായ്ക്കളാണ് മനുഷ്യനുമായി ആദ്യമായി ഒരു അലിഖിത കരാറടിസ്ഥാന പങ്കിടലിലേർപ്പെട്ടതെന്ന് കാണാൻ കഴിയും. തുടർന്ന് തന്റെ വാസസ്ഥലത്തുതന്നെ ചുറ്റിത്തിരിയുന്ന നായ ശത്രുമൃഗങ്ങൾ, ഇഴജന്തുക്കൾ, ഇത്യാദികളുടെ സാമീപ്യം മനുഷ്യനെ അറിയിക്കുകയും അവയെ അകറ്റുവാൻ മനുഷ്യനെ സഹായിക്കുകയും ചെയ്തു.. തുടർന്ന് അവ ഇരതേടലിലും(വേട്ടയാടിപ്പിടിക്കാൻ) ശിലായുഗമനുഷ്യനെ സഹായിക്കാൻ തുടങ്ങിയതോടെ അവ മനുഷ്യന്റെ സന്തത സഹചാരിയാവുകയും അതിലൂടെ പങ്കിട്ടുകഴിക്കൽ എന്ന പ്രകൃയ ശക്തമാകുകയും ചെയ്തു. തുടർന്നും മനുഷ്യൻ ശക്തരും അശക്തരുമായ ധാരാളം ജന്തുജാലങ്ങളെ കൂട്ടി ഭക്ഷണം പകുത്തുവെങ്കിലും അവയൊന്നും നായയോടുള്ള സഹവർത്തിത്വത്തിനോളം പോരുന്നവയല്ലായിരുന്നു. മാത്രമല്ല അവയെല്ലാം കേവലം ഉപഭോഗാവശ്യത്തിനായുള്ള പരിപാലനം മാത്രമായിരുന്നുതാനും. എന്തുതന്നെയായാലും മനുഷ്യന്റെ മാനസികസാമൂഹികപരിണാമഘട്ടങ്ങളിലൊന്നുംതന്നെ ഈ പങ്കിടൽ മനോഭാവവും സത്ക്കാരശീലവും കൈവിട്ടില്ല എന്നതാണ് സത്യം. പുരോഗതിയുടെ ഉന്നതിയിലെത്തിയിട്ടും ഇന്നും അത് അതിന്റെ അന്തസത്തയിൽ പരിപാലിച്ച് ശീലിക്കുന്നത് ഭാരതീയരും പ്രത്യകിച്ച് മലയാളിയുമാണെന്നതിൽ (അതിനു ഭാരതം വലിയ വിലകൊടുക്കേണ്ടിവന്നെങ്കിലും) നമുക്കഭിമാനിക്കാം. എത്ര ചെറിയവനാണെങ്കിലും ഒരു സ്വപ്നഭവനം നിർമ്മിക്കുമ്പോൾ അടുക്കളയും കിടപ്പുമുറിയുംപോലെതന്നെ ഒരു സ്വീകരണമുറിയുമൊരുക്കാൻ ശ്രദ്ധിക്കുന്നത് ഈ സത്ക്കാരപ്രിയമായ മനസ്സുകൊണ്ടുതന്നെയാണെന്നതിൽ എന്താണ് സംശയം.
സ്വഭവനത്തിലേക്ക് കയറിവരുന്നവനെ സന്ദർഭോചിതം സത്കരിക്കാൻ മലയാളിക്കുള്ളത്ര സന്തോഷം മറ്റാർക്കെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. പ്രഭാതത്തിലെങ്കിൽ "ചായകുടിച്ചോ/കാപ്പികഴിച്ചോ" എന്ന ചോദ്യത്തിൽ നിങ്ങൾക്കതായില്ലെങ്കിൽ ഞങ്ങൾ തരട്ടേ എന്ന് തന്നെയാണ് വ്യംഗ്യം. ഉച്ചസമയത്ത് പരസ്പരം കാണുമ്പോൾ "ഊണ് കഴിച്ചോ?" എന്ന് ചോദിക്കാത്ത മലയാളിയുണ്ടാകുമോ.. ഇല്ലയെന്ന് തീർച്ചയായും പറയാം. കേവലാന്വോഷണത്തിലുപരി നിങ്ങൾ ഭക്ഷണം കഴിച്ചില്ലയെങ്കിൽ നിങ്ങൾക്കതു നൽകുവാൻ ഞാൻ തയ്യാറാണ്.. അല്ലെങ്കിൽ എന്റെ വിഹിതത്തിൽ നിന്നും ഒരുഭാഗം നിങ്ങൾക്കായി പങ്കുവയ്ക്കാൻ ഞാൻ ബാധ്യസ്ഥനാണ് അതെന്റെ കടമയാണ് എന്ന് തന്നെയാണ് ഈവക ചോദ്യങ്ങളുടെയും ക്ഷണങ്ങളുടെയും അർത്ഥം. ഒരുപക്ഷേ "അദിതി ദേവോ ഭവ:" എന്ന ഭാരതീയ ആപ്തവാക്യത്തിന്റെ അനുസരണമാണിവ. എത്ര പരിമിതമായ അവസ്ഥയിലും അപരന്റെകൂടി വിശപ്പടക്കാൻ മലയാളിയോളം മനസ്ഥിതി മറ്റാർക്കാണുള്ളത്.. അന്ധമായ പ്രാദേശികവാദമുന്നയിക്കാത്ത ഏക സംസ്ഥാനവും ഈ മലയാളനാടുതന്നെയാണ് അതിനാലാവണം മറ്റേതൊരു അന്യസംസ്ഥാന തൊഴിലാളിക്കും മറ്റെവിടെത്തെക്കാളും സമാധാനമായും ഭയരഹിതമായും ഇവിടെ വസിക്കാനാവുന്നത്.
നിന്നെപ്പോലെ നിന്റെ അയല്ക്കാരനെയും സ്നേഹിക്കുന്ന ആ നീ മലയാളിതന്നെയാണ്... തീർച്ച
Comments