നൂറ്റിനാല്പത്തിനാല്_അഥവാ_വൺ_ഫോർട്ടിഫോർ (144)

നൂറ്റിനാല്പത്തിനാല്_അഥവാ_വൺ_ഫോർട്ടിഫോർ (144)


ഓണംകേറാമൂല റസിഡന്റ് അസ്സോസിയേഷന്റെ ഗാന്ധിജയന്തി ഈ വർഷവും "ഒരുമാതിരി" ഗാന്ധിസ്മൃതിയൊക്കെ നടത്തിയെന്ന് വരുത്തി.. ഓണംകേറാമൂലയാണെങ്കിലും #കൊറോണ വളരെ ആവേശത്തിൽ കയറിയതിനാൽ  പതിവുള്ള കഞ്ഞിവീഴ്ത്ത് ഒഴിവാക്കിയതുകൊണ്ട് പരിസരശുചീകരണവും(പഴയ സേവനദിനം) നടത്താനാളില്ലാതായി. എന്നാലും ഉണ്ടായിരുന്ന അഞ്ചെട്ട് വയോജനമിത്രങ്ങൾ മമ്മതിന്റെയും കൃഷ്ണേട്ടന്റെയും നേതൃത്ത്വത്തിൽ അസോസിയേഷൻ ഓഫീസ് പരിസരം ശുചീകരിച്ചു... ശേഷം ഗാന്ധിപടത്തിൽ ചുറ്റിയ അരളിമാല മാറ്റി രാഷ്ട്രപിതാവിനെ യഥാസ്ഥാനമായ അസോസിയേഷൻ ഹാളിലെ ചുവരിലടിച്ച ആണിയിൽ തൂക്കി.. സ്വസ്ഥി.. ഇനി അടുത്ത ഒക്ടോബർ രണ്ടിന് വീണ്ടും മഹാത്മാവിന് താഴെയിറങ്ങാം.. രാമചന്ദ്രൻവക നിലവിളക്കും ബാക്കി എണ്ണയും വിളക്കുതിരിയും  കൊടുത്തുവിട്ട് ആഫീസുപൂട്ടി കൃഷ്ണേട്ടനും മമ്മതും പുറത്തിറങ്ങി.  കൃഷ്ണൻമാഷേ.. "നമ്മ ജോസഫ്മാഷ് വന്നീലല്ലോ ഇന്ന് ?. " മമ്മതിന്റെ ചോദ്യം വളരെ അനുചിതമെന്ന് കൃഷ്ണേട്ടനും തോന്നി കാരണം മഹാത്മാഗാന്ധിയെ ഇത്രയധികം ആരാധിക്കുന്ന ഒരാൾ ഈ ഓണംകേറാമൂലയിലില്ല.. എന്നിട്ടും പുള്ളിക്കിതെന്തുപറ്റി.. "രണ്ടീസംമുമ്പ് ഞാൻ കണ്ടാരുന്നു..  ഏതായാലും നമുക്കതുവഴിയൊന്നുപോകാം... " കൃഷ്ണേട്ടന്റെ അഭിപ്രായം മമ്മതും ശെരിവച്ചു എന്നാലും മമ്മതിനൊരു ശങ്ക.. " അല്ല കൃഷ്ണമാഷേ.. ഇനി വല്ല പനിയോ മറ്റോ... അതൂല്ല അങ്ങേരു വല്ല ക്വാറന്റൈനൊ വല്ലതുമായെങ്കിലോ.. അങ്ങനെയെങ്കിൽ വയ്യാവേലി വേണോ....?"  മമ്മത് കൃഷ്ണേട്ടനെ ചിന്തിപ്പിച്ചു.. എന്നാലും സ്വതേ അല്പം ധൈര്യം കൂടുതലാണെന്ന ബോധം സ്വന്തമായുള്ള കൃഷ്ണൻ പിന്മാറിയില്ല.. 
"മമ്മേ... നമുക്ക് അയാൾടെ വീടിന്റെ പരിസരത്ത് ചെല്ലാം.. അയാളവിടെ ക്വാറന്റേനാണെങ്കി ഗേറ്റില് ആരോഗ്യപ്രവർത്തകര് ബോർഡ് വച്ചിട്ടൊണ്ടാകും അങ്ങനാണേൽ ഇങ്ങ് പോരാം..." അഭിപ്രായം മമ്മതിനും ബോധിച്ചു പിന്നെ സമയം കളയാതെ താടി പൊഴിഞ്ഞുപോകാതിരിക്കാനെന്നോണം തൂക്കികെട്ടിയ മാസ്ക് വലിച്ച് മുകളിലേക്കിട്ട് രണ്ടുപേരും ജോസഫിന്റെ വീട് ലക്ഷ്യമിട്ടു....

ആർക്കും വരാം കൊറോണയായാൽപ്പോലും എന്ന ഭാവത്തിൽ ജോസഫേട്ടന്റെ ഗേറ്റ് മലർക്കെ തുറന്നുകിടക്കുന്നു.. പുറത്തെങ്ങും ആരെയും കാണാനുമില്ല.. എന്നിട്ടും മമ്മതും കൃഷ്ണനും ഗേറ്റിന്റെ ഇരുപുറവും പരതിനോക്കി.. ആരോഗ്യവകുപ്പിന്റെ ബോർഡൊന്നുമില്ല ഗേറ്റ്കടന്ന് മുൻചുവരും പരതിയതിൽ "യേശു ഈ വീടിന്റെ രക്ഷകൻ" എന്ന ബോർഡുമാത്രം. പകുതി ശ്വാസംവീണ ഇരുവരും മുഖത്തോടുമുഖം നോക്കിയപ്പോഴേയ്ക്കും വീടിനകത്തുനിന്നും ഏലിയാമ്മയും പേരമകനും പുഞ്ചിരിച്ചുകൊണ്ട് പുറത്തുവന്നു... ഒപ്പം പേരക്കുട്ടി ആഗതർക്ക് രണ്ടുപേർക്കും സാനിറ്റൈസർ പ്രസാദം നൽകിയശേഷം അകത്തേയ്ക്ക് പോയി.. കൈയിലെ പ്രസാദം കൈപ്പത്തിയിലും വിരലിലുമൊക്കെ തേച്ചുപിടിപ്പിച്ചുകൊണ്ട്തന്നെ ഏലിയാമ്മയോട് ആഗമനോദ്ദേശം വിവരിച്ചത് കൃഷ്ണനായിരുന്നു. 
ഓ.. അതോ പുള്ളിക്കാരനിവിടുണ്ട്.. നാളെമുതല് എന്തോ "നൂറ്റിനാല്പത്തിനാലോ നാല്പത്തഞ്ചോ എന്നൊക്കെപ്പറഞ്ഞ് തെക്കേപ്പുറത്തെ ചായ്പ് വൃത്തിയാക്കുകയാ... അവിടുണ്ട്..." 
ഏലിയാമ്മ ചൂണ്ടിയ തെക്കേപ്പുറത്ത് ജോസഫ് എബ്രഹാം അഥവാ ഓണാകേറാക്കരയുടെ ജോസഫേട്ടൻ വിയർത്തുകുളിച്ചു പണിയാണ്.. ചായ്പ്പ് അടിച്ചുവാരി കട്ടിലിട്ട് ചാരുകസേരയിട്ട്... ആകെയൊരു സെറ്റപ്പ്... മുമ്പ് തേങ്ങാപ്പുരയായിരുന്ന ചായ്പ് ഒന്നാന്തരം ഔട്ട്ഹൗസാക്കി ജോസഫേട്ടൻ.. 

പുഞ്ചിരിയെ മാസ്കും ഹസ്തദാനത്തെ കൊറോണയും വിലക്കിയതിനാൽ പരസ്പരം കൂപ്പുകൈകളാൽ തൃശ്ശൂർപൂരത്തിന് ഉപചാരം പോലെ ഉപചാരപ്രക്രിയ കഴിഞ്ഞ് കൃഷ്ണേട്ടൻ തന്നെ വിഷയമവതരിപ്പിച്ചു... 
" നെനക്ക് വല്ല സൂക്കേടോ മറ്റോന്ന് സംഭ്രമിച്ചു.. നീയിതെന്താ കാന്തിജയന്തി മറന്നോ..." ഗാന്ധിജയന്തിചടങ്ങിൽ പങ്കെടുക്കാനാകാത്ത വ്യസനം ജോസഫേട്ടന്റെ മാസ്ക് മറയ്ക്കാത്ത പകുതിമുഖത്ത് നിറഞ്ഞു..
" കൃഷ്ണാ മമ്മുവേ... വരണോന്ന്തന്നെ നെനച്ചിരുന്നതാ.... അതിനൊരു പ്രസംഗോം എഴുതിപഠിച്ചതാ... പക്ഷേ അപ്പോഴല്ലെ ഇന്നലെ മുഖ്യോന്ത്രീടെ പ്രസ്താവന.. നാളെ മൊതല് നൂറ്റിനാല്പത്തിനാലാന്ന്.. പിന്നെയീ ചായ്പൊന്നു ശെര്യാക്കാന്ന് വച്ച് അതോണ്ടാ വരാഞ്ഞത്.. 
പോട്ട് ഇനി നമക്ക് റിപ്പബ്ലിക്കിന് ആ പ്രസംഗം കാച്ചാം..." കാര്യത്തിന്റെ ഗൗരവം മണ്ടയിൽ കേറാത്ത മമ്മതും കൃഷ്ണനും പരസ്പരം നോക്കി വാപൊളിച്ചത് കാരണം അവരവരുടെ വായ്നാറ്റം മാസ്കിനുപുറത്തുപോകാതെ സ്വയം നാറ്റി... " അല്ല ജോസഫ്മാഷേ ഈ സർക്കാര് 144 പ്രഖ്യാപിച്ചതും നിങ്ങ ചായ്പ് വൃത്തിയാക്കലും തമ്മിൽ എന്നതാ ബന്ധം..?" മമ്മതിന്റെ ചോദ്യം ന്യായമെന്ന് കൃഷ്ണനും തോന്നി.. മൂക്കിനുമുകളിൽനിന്ന് ജോസഫേട്ടൻ മാസ്ക് വലിച്ച് താടിക്ക് തടുപ്പ് വച്ചു. പിന്നെ ഇരുവരെയും നോക്കി ചിരിച്ചു.. " അല്ല എന്താ ഈ നൂറ്റിനാല്പത്തിനാല്... ?" 
"ഒന്നും നാലും നാലും പെട്ടന്ന് തന്നെ ജോസഫിന്റെ ചോദ്യത്തിന് മമ്മത് ഉത്തരം നൽകി... "  അതുതന്നെ അതായത് കൂട്ടം കൂടരുത് എന്നാണ് ഉത്തരവ്,   ഒന്നും നാലും പിന്നൊന്നുകൂടി ചേരരുത്, എന്നുവച്ചാൽ ആറുപേർ ഒരിടത്ത് കൂടരുത് എന്ന്, കൂടിയാൽ പോലീസിന് വെടിവയ്ക്കാൻവരെ അധികാരമുണ്ട്..." ഇപ്പോഴും ചായ്പ് വൃത്തിയാക്കലിലെത്തിയില്ല വിഷയം, എന്നതിനാൽ കൃഷ്ണനും മമ്മതും ജോസസേട്ടനെത്തന്നെ നോക്കി...
" അതേ ചങ്ങാതിമാരേ.. ന്റെ വീട്ടിലിപ്പോ ഞാനുണ്ട് ഏലിയാമ്മയുണ്ട് എളേ മോനുണ്ട് അവന്റെ കെട്ട്യോള് ട്രീസയൊണ്ട് അവക്കടെ രണ്ട്  മക്കളൊണ്ട് ആകെ മൊത്തം ടോട്ടലെത്രയാ.. ആറുപേർ"  ഒരു നിമിഷം കണക്കു ശെരിയല്ലേ എന്ന ഭാവത്തിൽ ജോസഫേട്ടൻ ഫുൾസ്റ്റോപ്പിട്ടു എന്നിട്ടു തുടർന്നു.. " അപ്പോൾ ഞങ്ങ ആറുപേർ ഒരിടത്തായാൽ നൂറ്റിനാല്പത്തി നാലിനകത്തല്ലേ... അതോണ്ടാ ഞാനീ ചായ്പൊന്നു വൃത്തിയാക്കിയത് ഇനി ഒക്ടോബർ 30 കഴിയും വരെ ഞാനും ഏലിയാമ്മേം ഇവിടാ പൊറുതി.. നമ്മളായിട്ട് സർക്കാരിനു പേരുദോഷം വരുത്തരുതല്ലോ... " ബുദ്ധിമാനായ ജോസഫിന്റെ പ്രവൃത്തിയിൽ മക്കളൊന്നുമില്ലാതെ ഭാര്യയുമായി ജീവിക്കുന്ന കൃഷ്ണേട്ടന്  മതിപ്പുതോന്നി.. എന്നാലും മടക്കയാത്രയിൽ രണ്ടു ബീവിമാരും അതിലുള്ള ഏഴുമക്കളുമായി ഒരു കുടിയിൽ താമസിക്കുന്ന മമ്മത് ചായ്പ് കെട്ടാനിടമില്ലാത്തതിൽ ഏറെ കുണ്ഠിതപ്പെട്ടു.
#Sreekumarsree


Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്