ധർമ്മസങ്കടം


ധർമ്മസങ്കടം
.

          ഇലക്ഷനൊക്കെയല്ലേ  നടവഴിയിലൂടെ പോകുമ്പോൾ  പാർട്ടിയാപ്പീസിലൊന്നു കേറിയിറങ്ങാം, വോട്ട് കൊടുക്കുന്നതിനെക്കാൾ പ്രധാനം ആ പാർട്ടിക്കുതന്നെ കൊടുത്തു  എന്ന് ബോദ്ധ്യപ്പെടുത്തലാണ്..  

തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ പോകാതിരിക്കാനുമാകില്ല... ജയിക്കുന്ന  

പാർട്ടിയെ വെറുപ്പിക്കുകയും വേണ്ട എന്നുകരുതിതന്നെയാണ് കൊച്ചൗസേപ്പ്  പാര്‍ട്ടിയാപ്പീസിന്റെ പടി കേറിയത്... 

"എന്തരച്ചായാ വിശേഷങ്ങള്.."; പുതിയ തലമുറയിലെ  നേതാവിന്റെ  ചോദ്യത്തിന് നിന്റെ കൊച്ചമ്മാവീടെ മനസ്സമ്മതം കൂടാൻ വന്നതെന്നാണ് നാവില്‍  മറുപടി  വന്നത്... അല്ല  പിന്നെ  മരണവീട്ടിലെത്തിയവനോട് മരിച്ചവന്റെ വീടർ കുശലം ചോദിക്കുമ്പോലൊരു ചോദ്യം... നാവടക്കി,...  സിംഹത്തിന്റെ മടയാണ്... സൂക്ഷിക്കണം..

അകത്ത് കസേരയില്‍  ഒരു വൃദ്ധനായ ശുഭ്രവസനധാരി  വെറ്റിലയിൽ ചുണ്ണാമ്പ് തേയ്കുന്നു... കുനിഞ്ഞു  കൂടിയുള്ള  നോട്ടത്തിൽ മനസ്സിലായി കാഴ്ച  കമ്മിയാ... കുട്ടി നേതാവ്  പരിചയപ്പെടുത്തി.. 


"ഔസേപ്പ് ചേട്ടായീ അത്തന്നെയാ.. നിങ്ങടെ  അല്ല നമ്മടെ പുതിയ  മെമ്പര്‍ സ്ഥാനാർത്ഥി".....

 പാർട്ടിയാപ്പീസായതിനാൽ നേതാവല്ലാത്തതിനാലും കൊച്ചൗസേപ്പ്  രഹസ്യമായി  ഞെട്ടൽ രേഖപ്പെടുത്തി... 

മണ്ഡലം,  "യുവനേതാവി"നായി സംവരണം ചെയതിട്ടുളളതോർമ്മ വന്നു.. നമ്മുടെ യുവജന  നേതാവേ... ധീരതയോടെ മരിച്ചോളൂ.... കൊച്ചൗസേപ്പിന് വീണ്ടും രഹസ്യമായി  നാക്കുളുക്കി....!!

തന്റെ  മൊബൈല്‍  നമ്പരും ഫേസ്ബുക്ക്  അക്കൗണ്ടും  പറഞ്ഞേ... നേരിട്ട്  വോട്ടഭ്യർത്ഥനയൊക്കെ മാറി.. പാർട്ടിയിപ്പം ഡിജിറ്റലാ... സ്ഥാനാർത്ഥി   വെളുവെളാന്ന് ചിരിച്ചു. പണ്ടെങ്ങാണ്ടോ  തുടങ്ങിയ "സുക്കറണ്ണന്റെ  പൊസ്തോത്തിൽ" തനിക്കുള്ള  പേരും  നമ്പരും  "പറഞ്ഞുകൊടുത്തപ്പോഴാ മനസ്സിലായത് സ്ഥാനാർത്ഥി  മുറുക്കാൻ വേണ്ടി  ചുണ്ണാമ്പ്  തേച്ചതല്ലാന്ന്.  അത് പുതിയ ആന്ഡ്രോയ്ഡ് ഫോണില്‍  വിരൽ തേച്ചതായിരുന്നു.." 


വീട്ടിലെത്തി  മറന്നുപോയ പാസ്സവേഡൊക്കെ തപ്പിപിടിച്ചു ഫേസ്ബുക്ക്  തുറന്നു  ദാ കിടക്കണൂ... സ്ഥാനാർത്ഥി  വക ഫ്രണ്ട്സ്  റിക്വസ്റ്റ്... അസപ്റ്റ് ചെയ്തില്ലേൽ പണി കിട്ടുമല്ലോ പുണ്യാളാ... വിറയാർന്ന  വിരലാൽ  അസപ്റ്റ്  ചെയ്തു...  അണക്കെട്ട്  പൊട്ടിയൊഴുകുംപോലെ വന്നുകേറി പ്രകടനപത്രിക മുതല്‍  വികസന നായകന്റെ വീരചരിതം വരെ... അണികളുടെ  വക ഒരായിരം പോസ്റ്റും..

എല്ലാറ്റിനും  ലൈക്  പോരാ കമന്റണം...  പുലിവാലായല്ലോ ഈ ഡിജിറ്റല്‍....

 

സ്ഥാനാർത്ഥിയുടെ  ജൈവകൃഷിത്തോട്ടത്തിലെ ചിത്രം  മാത്രമുണ്ട് മുന്നൂറോളം... ജൈവകൃഷിയും പരസ്ഥിതിയും രാഷ്ട്രീയക്കാർ  ഏറ്റെടുത്തത് നന്നായി.. പട്ടിപിടുത്തവും കൂടി  ആരേലും  ഏറ്റെടുത്തെങ്കിൽ....  ഒരുവിധം ലൈക്കിത്തീർത്ത് കൊച്ചൗസേപ്പ്  ലോഗൗട്ടായി...  


  കണാരപ്പറമ്പിലെ രാജൻമാഷ് മരിച്ചുപോയതറിഞ്ഞാണ് അവിടെത്തിയത്.. ആ വീട്ടിലിരിക്കുമ്പോഴാണ് ഹൈദരിനോട് ചോദിച്ചത്.. 

"അല്ല ഹൈദാലീ  നമ്മ  നേതാവ്  മണ്ഡലത്തിലെവിടാ ഈ ജൈവകൃഷി ചെയ്തേക്കണേ..?

.. അലിമാഷൊന്ന് ചിരിച്ചു... ഓന്  ജൈവ വെണ്ടേന്റേം ജൈവ കത്തിരീന്റേം എടേ നിക്കണ പടം ങ്ങള്  കണ്ടു ല്ലേ.... 

അത് പഴയൊരു മന്ത്രിനെ അനുകരിക്കണതാ ചങ്ങാതി, ... ഓന്  ഇക്കാട്ടിയതൊക്കെ ഇബ്ടെ വെളയിച്ചതല്ലാന്ന്;.  തമിഴ്നാട്ടിലെങ്ങാണ്ടാ.. ഓന്റെ  തോട്ടത്തില് ഫാക്ടംഫോസും യൂറിയേം എന്ഡോസൽഫാനും ചേര്‍ത്ത്  വെളയിക്കണതാന്ന്...  ങ്ങക്കുണ്ടാ ഔസേപ്പേ  പൈത്യം....."


 കൊച്ചൗസേപ്പ്  വാ പൊളിച്ചിരിക്കുമ്പൊഴാണ് മൊബീല് മണിച്ചത്.... കാളുഞെക്കി ചെവി വച്ചപ്പോ പിന്നേം  ശനി.....

" പ്രിയ സുഹൃത്തേ  ഈ കാൾ വിളിക്കുന്നത് നിങ്ങളുടെ  മണ്ഡലത്തിൽ നിങ്ങളെ  പ്രതിനിധീകരിച്ച് നിങ്ങൾക്ക്  വേണ്ടി മത്സരിക്കുന്ന.........""" കാൾ കട്ടു ചെയ്ത് കരിങ്കാലിയാകാനാകാതെ കൊച്ചൗസേപ്പ്  കേട്ടിരുന്നു...

(........... ജീവിച്ചിരിക്കുന്ന  ബന്ധുക്കളുൾപ്പെടെ ആരുമായും  ഈ കഥയ്ക് ഒരു സാമ്യവുമില്ല.. ഉണ്ടെന്ന്  പറഞ്ഞു  തലകൊടുക്കരുത് പ്ലീസ്.......) ശ്രീ.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്