എന്തിനു മിണ്ടാതിരിക്കണം

#മിണ്ടാത്തവരുടെപേര്_എങ്ങും_രേഖപ്പെടുത്തിയിട്ടില്ല

എന്തിനു നാം മിണ്ടാതിരിക്കണം.. നാലാം ക്ലാസ്സിൽ തുടങ്ങിയ വീർപ്പുമുട്ടലാണീ ചിന്ത.. അതും പത്തുനാല്പതു മിനിറ്റുസമയം ഒരു ബാലൻ/ബാലിക ഇത്രയും സമയം നിശ്ശബ്ദതപേറുക എന്നത് ഒരു വൈകൃതമായ അച്ചടക്കനടപടിയായേ കൂടുതൽ ചിന്തിക്കുമ്പോൾ ഇന്നെനിക്കു തോന്നിയിട്ടുള്ളൂ... അദ്ധ്യാപകർ ക്ലാസ്സ് നയിക്കുമ്പോൾ പോലും അവർ ബോർഡിലേക്ക് തിരിയുന്ന ഞൊടിയിടകളിൽ അടുത്തിരിക്കുവളോട് ഒരു കുശുകുശുപ്പ്... അടുത്തിരിക്കുന്നവനോടൊരു കുസൃതി... ബാക്കിയുള്ള പകുതിമിഠായി പതിയെ വായിലേക്ക്, പെൻസിലും മഷിത്തണ്ടുംകൊണ്ടൊരു ബാർട്ടർ സിസ്റ്റം, ഇങ്ങനെയൊക്കെയുള്ള ക്ലാസ്സ്മുറികളിലാണ് അദ്ധ്യാപകരുടെ അഭാവത്തിലോ അവരുടെ മറ്റേതെങ്കിലും ആവശ്യങ്ങൾക്കോ ഒരു പീരിയേഡ് സമയം പത്തുമുപ്പതിലധികം ബാല്യങ്ങൾ നിശ്ശബ്ദരായിരിക്കുക എന്നത്. തൊട്ടടുത്ത ക്ലാസ്സുകളുടെ നടത്തിപ്പിനായാൽപ്പോലും എത്ര അപരിഷ്കൃതമാണ്... അങ്ങനെയൊരു സാഹചര്യമുണ്ടായാൽ വിവേകമുള്ള അധ്യാപകസമൂഹം അവരെ സ്കൂൾവളപ്പിലെ വൃക്ഷച്ചുവട്ടിലോ ആഡിറ്റോറിയത്തിലോ യഥേഷ്ടം വിഹരിക്കാനാണ് പറഞ്ഞുവിടേണ്ടത്... 1,2,3,4 പറഞ്ഞ് കൈയുയർത്തുകയും താഴ്ത്തുകയും  ചെയ്യുന്ന ഒരു ഡ്രിൽ പീരീയേഡ് കാലത്തിനപ്പുറത്തേയ്ക്ക് നമ്മുടെ വിദ്യാഭ്യാസമുറ്റങ്ങൾ മാറിയെന്നതു സത്യമാണെങ്കിലും ഇന്നും ചിലർ ഈ "നിശ്ശബ്ദഅച്ചടക്കം" കുട്ടികളിൽ അടിച്ചേല്പിക്കപ്പെടുന്നുണ്ട് അഞ്ചുവയസ്സുമുതൽ പതിനഞ്ചുവയസ്സുവരെ പ്രായമുള്ളവർ നിശ്ശബ്ദത പേറി ഗഗനമായി ആലോചിച്ച് ഐന്സ്റ്റീനും അബ്ദുൾക്കലാമുമായതായി കേട്ടിട്ടില്ല... ആ പ്രായം സംസാരിക്കാൻ പഠിക്കേണ്ട പ്രായമാണ്... ധാരാളം സംസാരിക്കേണ്ട പ്രായമാണ് അതിലൂടെ പരസ്പരമിണങ്ങിയും പിണങ്ങിയും പ്രതിരോധവും സഹകരണമനോഭാവവും സ്വയമാർജ്ജിക്കേണ്ട പ്രായമാണ്.. ആ ഘട്ടത്തിലാണ് അദ്ധ്യാപകരിൽ ചിലരെങ്കിലും കുട്ടികളോട് നിശ്ശബ്ദനായിരിക്കാൻ ആജ്ഞാപിക്കുന്നത്.. കൂട്ടത്തിൽ നല്ല നിശ്ശബ്ദതക്കാരനെ ചോക്കുകഷ്ണമേൽപ്പിച്ച് മിണ്ടുന്നവന്റെ പേരെഴുതിവയ്പിച്ച് പ്രാകൃത ശിക്ഷണങ്ങൾ നടത്തുന്നത്...  ഇവർക്കാർക്കെങ്കിലും സ്വന്തംകുട്ടിയെ വീടിനകത്ത്  കേവലം അഞ്ചുമിനിറ്റുസമയം നിശ്ശബ്ദമായി ഒരു കസേരയിലിരുത്താനാകുമോ..? അപ്രാപ്യമാണത് അപ്പോൾ കുട്ടികൾ ഭയംകൊണ്ടാണ് ഈ നിശ്ശബ്ദതപേറുന്നതെന്ന സത്യം മനസ്സിലാക്കണം എന്തിന്റെ ഭയം അദ്ധ്യാപകരുടെ ചൂരൽ/കിഴുക്ക്/തിരുമ്മ്/കളിയാക്കൽ ഇത്യാദി ശിക്ഷണനടപടികളോടുള്ള ഭയം... "നിങ്ങളുടെ കുട്ടി ക്ലാസ്സിൽ വലിയ ബഹളമാണ് എന്ന് അദ്ധ്യാപകസുഹൃത്ത് പറഞ്ഞാൽ ഓർക്കുക നിങ്ങളുടെ കുട്ടി ചിന്തിക്കുന്ന ക്രിയത്മക സടംവേദനക്ഷമതയുമുള്ള കുട്ടിയാണെന്ന്" മറിച്ച് നിങ്ങളുടെ കുട്ടി എത്രമിടുക്കനായ പഠിതാവായാലും റാങ്കുവാങ്ങിയാലും അവൻ/അവൾ ക്ലാസ്സിൽ സ്ഥിരനിശ്ശബ്ദയാണെങ്കിൽ അദ്ധ്യാപകർ ഒരുപക്ഷെ അവന്/അവൾക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയേക്കാം എന്നാലും ഓർക്കുക നിങ്ങൾ നിങ്ങളുടെ കുട്ടിയെ നല്ല ഒരു സൈക്കോളജിസ്റ്റിനെ കാണിക്കേണ്ടിയിരിക്കുന്നു എന്ന്. ആയതിനാൽ കുട്ടികൾ സംസാരിക്കുന്നതിനെ എപ്പോഴും തടയാതിരിക്കുക.. അവരുടെ പ്രധാന സംവേദനോപാധിയാണ് സംസാരം.. കുട്ടികൾ why why girl/boy ആകുന്നതിൽ അസഹിഷ്ണുത കാട്ടാതിരിക്കുക അതവരുടെ ശരിയായ മാനസിക വളര്‍ച്ചയുടെ അടയാളങ്ങളാണ്. ക്ലാസ്സിൽ സംസാരിച്ചതിന് വഴക്കുമേടിച്ചകുട്ടിയെ വീട്ടിൽ വഴക്കുപറയാതെയുമിരിക്കുക. കഴിയുമെങ്കിൽ ഈ പരമ്പരാഗത രീതി തുടരുന്ന ചുരുക്കം ചില അദ്ധ്യാപക സുഹൃത്തുക്കളെ പറഞ്ഞുമനസ്സിലാക്കിക്കുക.. 

വാൽ- 
സംസാരിക്കാത്തവന്റെയും പ്രതികരിക്കാത്തവന്റെയും നാമം ചരിത്രത്തിലെങ്ങും രേഖപ്പെടുത്തിയിട്ടില്ല ഇന്നുവരെയും 
#Sreekumarsree.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്