തുണ്ടംമീൻ തിന്ന എലി
തുണ്ടംമീൻതിന്ന എലി.
ആകാശവാണി തിരുവനന്തപുരം ആലപ്പുഴ, പ്രിയ ശ്രോതാക്കളെ ഇനി കാഥികൻ ശ്രീ സാംബശിവൻ അവതരിപ്പിച്ച "പ്രതി" എന്ന കഥാപ്രസംഗം കേൾക്കാം പുനസംപ്രേഷണം ചെയ്യുന്നത്....
"സ്റ്റീഫാ... മോനെ റേഡിയ നിർത്തിവച്ചേടാ അമ്മ വന്നോട്ടെ അമ്മകൂടി വന്നിട്ട് ഒരുമിച്ചുകേൾക്കാം..."
തോട്ടുവക്കിൽ നിന്ന് തങ്കച്ചന്റെ നിർദ്ദേശം കേട്ടയുടൻതന്നെ റേഡിയോ നിശ്ശബ്ദമായി. അമ്മ മേരിയെന്ന സുധ അന്തിച്ചന്തയിൽ നിന്ന് കൊണ്ടുവരുന്ന അയല, കറിവച്ച് കപ്പയും കൂട്ടിക്കഴിക്കുന്ന നേരം സൗകര്യമായി ആ കഥാപ്രസംഗം കേൾക്കാനാകുമെന്ന് ആ നാട്ടുംപുറത്തുകാരൻ സാധു ചിന്തിച്ചിരിക്കണം. അത്രയ്ക്കു സ്നേഹം അദ്ദേഹത്തിന് തന്റെ പാതിയോടുണ്ടായിരുന്നിരിക്കും. ആ കഥാപ്രസംഗം രാത്രിയിൽ ശ്രവിക്കാൻ ആ കുടുംബം ശ്രമിച്ചുവോ ആവോ..?
തങ്കച്ചന് അനുസരണയും ദൈവവിളിയുമുള്ള രണ്ടാൺമക്കളാണ് സ്റ്റീഫനും റോബിൻസണും. കൂലിപ്പണിക്കാരനായ തങ്കച്ചനും സൽസ്വഭാവത്തിനു കുറവൊന്നുമില്ല. ക്രിസ്തുമതത്തിലേക്ക് പരിവർത്തനപ്പെടുന്നതിനുമുമ്പ് അല്പം "കുടി"(മദ്യപാനം)യൊക്കെയുണ്ടായിരുന്നെങ്കിലും അതൊക്കെ മതിയാക്കി തങ്കച്ചനിപ്പോഴൊരു തങ്കപ്പെട്ട മനുഷ്യനാണ്. മതപരിവർത്തനത്തിനു മുമ്പ്, ശനിയാഴ്ചയും ഞായറാഴ്ചയും ഞങ്ങളോടൊപ്പം അഞ്ചല്സാറിന്റെ തെങ്ങിൽതോട്ടത്തിൽ ഗോലികളിക്കാനും സാറ്റുകളിക്കാനും വരുമായിരുന്ന രാജുവും ബാബുമോനുമാണ് ഇപ്പോൾ സ്റ്റീഫനും റോബിൻസനുമായി മാറിയിരിക്കുന്നത്. മാത്രമല്ല ഞായറാഴ്ചയിൽ ഞങ്ങളുടെ ടീം ക്വാറം തികയാൻ രണ്ടുപേരുടെ കുറവുമുണ്ടായി. രാജുവിനും ബാബുമോനും പള്ളിയിൽ ബൈബിൾ പഠനമുണ്ടത്രെ. ഞങ്ങൾ പഴങ്കഞ്ഞി കുടിച്ച് കളിക്കിറങ്ങുമ്പോൾ അവർ വീടിനുമുന്നിലൂടൊഴുകുന്ന ചെറുതോടിൽ കുളിച്ചൊരുങ്ങി നല്ല വസ്ത്രം ധരിച്ച് മുടിയൊക്കെ ചീകിയൊതുക്കി പൗഡർപൂശി കൈയിൽ കറുത്ത പുറംചട്ടയുള്ള തടിച്ച പുസ്തകവുമായി പള്ളിയിലേക്ക് പോകുമായിരുന്നു. #(അന്നുമിന്നും ഞാനതിശയപ്പെട്ടിരുന്ന കാര്യം ആ പുസ്തകത്തിന്റെ പുറംചട്ടയുടെ നിറമായിരുന്നു. നിറയെ ദൈവവചനവും സ്നേഹവും നിറച്ച തിരുപുസ്തകത്തിന് എങ്ങിനെയാവോ കറുത്തചട്ടയായത്).
തങ്കച്ചൻ പേരുമാറ്റിയില്ലെങ്കിലും തങ്കച്ചന്റെ ഭാര്യ സുധ ഇപ്പോൾ മേരിയാണ് എന്നാലും എന്റെ അമ്മയിപ്പോഴും സുധേ.....ന്ന് നീട്ടിവിളിച്ചാൽ ഓ..... എന്ന് തന്നെ അവരെപ്പോഴും വിളികേൾക്കുമായിരുന്നു.
ഒരു കുടുംബം മതംമാറിയതുകൊണ്ടോ ഒരു മതത്തെ ഉപേക്ഷിച്ചതുകൊണ്ടോ ആർക്കുമൊരു ചുക്കും വരാനില്ലെന്ന് (ഞങ്ങൾ കുട്ടികൾക്കൊഴികെ- കാരണം ചില കളികളിൽ ഞങ്ങൾക്ക് രണ്ടുപേരുടെ കുറവനുഭവപ്പെട്ടിരുന്നു) കുഞ്ഞുനാളിലേ എന്നെ പഠിപ്പിച്ചത് തങ്കച്ചൻ കുടുംബത്തിന്റെ മതംമാറ്റമായിരുന്നു. മതം മാറിയിട്ടും തങ്കച്ചൻ കുട്ടപ്പൻ കണ്ട്രാക്കിന്റെ ചെങ്കൽചൂളയിൽ പതിവായി പണിക്കുപോയിരുന്നു. ഭാര്യ മേരി ഇടനേരങ്ങളിൽ അമ്മയുടെ തലയിലെ പേൻ നോക്കുന്നതിലോ മരച്ചീനിതണ്ടു തോടുചീകി ഉണക്കി വിറകാക്കുന്നതിലോ, പച്ച ഓലചീകി ഈർക്കിലെടുത്തു ചൂലുകെട്ടുന്നതിലോ കുടുംബത്തോടൊപ്പം രണ്ട് ആടുകളെ പരിപാലിക്കുന്നതിലോ ഒരു മുടക്കവും വരുത്തിയില്ല. ആകെയുണ്ടായ മുടക്കം, അതു ഞങ്ങളുടെ കളിക്കളത്തിൽ മാത്രമായിരുന്നതിനാൽ മുതിർന്നവരാരും അതു ശ്രദ്ധിച്ചുമില്ല.
മതംമാറലിനു ശേഷമാണ് ഒരു പുതുവർഷത്തിൽ തങ്കച്ചന്റെ കുടുംബത്തിന് ഒരു ഫിലിപ്സ് റേഡിയോ കിട്ടിയത്. പള്ളിയിലെ പുതുവർഷ നറുക്കെടുപ്പിലൂടെ. അന്ന് തങ്കച്ചന്റെ കുടുംബം ദൈവത്തോട് ചേർക്കപ്പെട്ടിരിക്കുന്നതിന്റെ ദൃഷ്ടാന്തമാണീ സമ്മാനമെന്ന് ഡൊമനിക് അച്ചൻ മൈക്കിലൂടെ വിളിച്ചുപറഞ്ഞത്രെ. അനുഗ്രഹിക്കപ്പെട്ട കുടുംബത്തിന് പുതിയ ഫിലിപ്സ് റേഡിയോയിൽ ഉപയോഗിക്കാൻ മൂന്ന് എവറഢി ബാറ്ററി ഡൊമനിക് അച്ഛനാണ് സംഭാവന ചെയ്തത്. കപ്യാരെക്കൊണ്ടത് വാങ്ങി അപ്പോൾ തന്നെ ഓണാക്കിനോക്കി ഒരു മണിയ്ക്കുള്ള മലയാളം വാർത്തയ്ക്കുശേഷം ഓഫാക്കിവച്ചു. പിന്നെ വീട്ടിലെത്തി പൊട്ടലും ചീറ്റലുമായാണ് 'ആകാശവാണി' പരിപാടികളും 'സിലോണും' 'വിവിധ്ഭാരതി' പരിപാടിയുമൊക്കെ കേട്ടത്.
പൊട്ടലും ചീറ്റലും അസഹ്യമായപ്പോഴാണ് തങ്കച്ചൻ അന്ന് ഞങ്ങളുടെ നാട്ടിലെ പ്രശസ്തനായ യന്ത്രഡോക്ടർ സരസനണ്ണനെ റേഡിയോ ഏൽപിക്കുന്നത്. വളരെ തിരക്കുപിടിച്ച സരസണ്ണൻ റേഡിയോയെ രണ്ടു ദിവസത്തേയ്ക്കായി അഡ്മിറ്റ് ചെയ്തു. മനസ്സില്ലാമനസ്സോടെയാണെങ്കിലും കൂട്ടിരിക്കാൻ ആളുവേണ്ടല്ലോ എന്ന ആശ്വാസത്തിലും പകുതി കർത്താവിലും പകുതി യന്ത്ര ഡാക്കിട്ടറിലും വിശ്വാസമർപ്പിച്ച് തങ്കച്ചനും മക്കളും മടങ്ങിയത്.
രണ്ടു ദിവസം മരണവീടിനു സമമായിരുന്നു ആ ചെറിയ മൺകുടിൽ..
അകലെയെവിടെയെങ്കിലും റേഡിയോ ശബ്ദിക്കുന്നതുകേട്ടാൽ "അയൽവീട്ടിലെ കുട്ടികൾ മാവിൻചോട്ടിൽ കളിവീടുണ്ടാക്കിക്കളിക്കുന്നതുകണ്ട്, മാമ്പഴത്തിലെ* മകനെ നഷ്ടമായ അമ്മയെപ്പോലെ അവർ നെടുവീർപ്പിടുമായിരുന്നു... "
കൃത്യം രണ്ടുദിനം കഴിഞ്ഞ് മൂന്നാം ദിവസം സരസണ്ണൻ റബ്ബർ ടാപ്പിംഗ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അതാ റെഡി "ഫിലിപ്സ്" റേഡിയോയുടെ ബന്ധുക്കൾ..!
"നിങ്ങളുടെ റേഡിയോ നന്നായി പാടുന്നുണ്ട് നിങ്ങളുടെ വീട് താഴ്ന്നിരിക്കുന്നതുകൊണ്ടാണ് പ്രശ്നം... ഞാനിതിലൊരു ഏരിയൽ(antenna) വച്ചിട്ടുണ്ട് നിങ്ങളീവയറിന്റെ മറ്റേയറ്റം വീടിന്റെ മോന്തായത്തിലെങ്ങാൻ കെട്ടിയേക്ക് റേഡിയോ നന്നായി പാടും.." തങ്കച്ചൻ പണികഴിഞ്ഞുവന്നാലുടൻ ആശുപത്രിചിലവും വയറിന്റെ കാശുമായ രൂപ ഇരുപത് എത്തിക്കുമെന്ന ഉറപ്പിന്മേൽ സരസനണ്ണൻ റേഡിയോയെ ഡിസ്ചാർജ് ചെയ്തു. കുട്ടികൾ പോയ ഉടനെതന്നെ അവയവക്കച്ചവടം തൊഴിലാക്കിയ ആ യന്ത്രഡോക്ടർ അവരുടെ റേഡിയോയിൽ നിന്ന് അടിച്ചുമാറ്റിയ പുതിയ എവറഡി ബാറ്ററിയെടുത്തു സ്വന്തം ടോർച്ചുലൈറ്റിലിട്ടു.!!.
ആശുപത്രിവാസം കഴിഞ്ഞെത്തിയ റേഡിയോ പരിക്ഷീണിതനായാണ് കാണപ്പെട്ടത്.. സരസണ്ണൻ പറഞ്ഞപോലെ വയറിന്റെ അറ്റം കമുകിന്റെ തടിയിലുള്ള ഉത്തരത്തിലേക്ക് വലിച്ചുകെട്ടിയെങ്കിലും സമയം കഴിയുന്തോറും റേഡിയോയുടെ സ്വരം താഴ്ന്ന് താഴ്ന്ന് വന്നത് തങ്കച്ചന്റെ കുടുംബത്തിന് സഹിക്കാനായില്ല... കാസരോഗിയെപ്പോലെ റേഡിയോ ശ്വാസംവലിക്കുന്നത് കേൾക്കാനാകാതെ തങ്കച്ചൻ അതിനെ ഓഫാക്കിവച്ചു. രാത്രി പലവിധ ചിന്തകളാൽ വിഷണ്ണനായ തങ്കച്ചന്റെ കുടുംബത്തിനു ഉറങ്ങാനായില്ല.
വിവരങ്ങളറിഞ്ഞ കപ്യാര് പറഞ്ഞാണ് സരസനണ്ണന്റെ അവയവ കൈമാറ്റ കൈക്രിയയെക്കുറിച്ച് തങ്കച്ചനൊരു ധാരണയുണ്ടായത്. വീട്ടിലെത്തിയതും റേഡിയോയുടെ പിൻഭാഗം തുറന്നുനോക്കി.. കുട്ടികൾ പഴുക്കാൻവച്ച് മറന്നുപോയ മാമ്പഴംപോലെ മൂന്ന് എവറഡി ബാറ്ററികൾ പഴുത്തുപാകമായി കിടക്കുന്നു...!
പിന്നെ സമയം പാഴാക്കിയില്ല പുതുപുത്തൻ മൂന്ന് ബാറ്ററികളുടെ ഉൾബലത്തിൽ റേഡിയോ സജീവമായി. കാശുപോയെങ്കിലും ആ സാധുകുടംബത്തിലെ നാലുജീവനും സമാധാനമായി... എന്നാൽ സമാധാനം നഷ്ടപ്പെട്ട സരസണ്ണൻ ഇരുപതു രൂപയ്ക്കായി മകൻ കണ്ണനെ രണ്ടുവട്ടം പറഞ്ഞയച്ചെങ്കിലും ബാറ്ററിക്കള്ളന് കാശില്ലെന്നുള്ള മറുപടിയാണ് കിട്ടിയത്.
ദക്ഷിണ കനപ്പെട്ടില്ലെങ്കിൽ ഫലവും കുറയുമെന്നൊരു പല്ലവിയുണ്ട്.. ഏതായാലും ഒരാഴ്ചയാകും മുമ്പുതന്നെ തങ്കച്ചന്റെ റേഡിയോ പൊട്ടലും ചീറ്റലും തുടങ്ങി.. സ്റ്റീഫനും റോബിൻസനും പലപണിയും നോക്കി ആന്റിനാ വയറിൽ ഒന്നുതൊടുമ്പോൾ ശബ്ദം ശരിയാകുന്നു അല്പസമയത്തേയ്ക്ക്.. ഒന്നുരണ്ടുവട്ടം ആ പ്രവൃത്തി ചെയ്തപ്പോഴാണ് സ്റ്റീഫനത് മനസ്സിലായത്...
"അപ്പച്ചോ.. അപ്പച്ചാ.. ഇപ്പം മനസ്സിലായി ഈ വയറിലപ്പടി ഉറുമ്പാ... ഞാൻ തൊട്ടപ്പോ അതെല്ലാം പോയി അതാ റേഡിയ ശര്യായെ....."
അവന്റെ കണ്ടുപിടുത്തം ഏവരും ശരിവച്ചു ശരിയാണത്. ആ മഹത്തായ കണ്ടുപിടുത്തം യുറേക്കാ... യുറേക്കാ എന്നുവിളിച്ചുകൂവി നാലുപേരെ അറിയിക്കണമെന്ന് സ്റ്റീഫനു തോന്നിയെങ്കിലും പാതിരാത്രി പുറത്തിറങ്ങാൻ ഭയമായതിനാൽ അവനാ നാലുചുവരുകൾക്കുള്ളിലിരുന്നു ഹർഷപുളകിതനായി...
"സാവ്വേച്ച്യേ... രാവിലെതന്നെ തങ്കച്ചന്റെ ഭാര്യ മേരിയുടെ വിളികേട്ടാണ് ശ്രദ്ധിച്ചത്
സാവു ചേച്ചിയെ ലോപിപ്പിച്ചാണ് ആ വിളി.
സാവ്വേച്ച്യേ.. കുറച്ചു ഡി.ഡി.റ്റി. പൊടി തരാവോ..?. റേഡിയോയുടെ ആന്റിനാവയറിലപ്പടി ഉറുമ്പാ.. അതുകാരണം റേഡിയോ മുഴുക്കെ പൊട്ടലും ചീറ്റലുമാ..."
അമ്മയുടെ പക്കൽ നിന്നും വാങ്ങിയ ഉറുമ്പുപൊടികൊണ്ട് ആ റേഡിയോ ശരിയായിട്ടുണ്ടാവുമോ ആവോ..?
ഒരു വെള്ളിയാഴ്ച വൈകുന്നേരം സഹികെട്ട സരസനണ്ണൻ രണ്ടും കല്പിച്ച് കാശിനായി തങ്കച്ചന്റെ വീടു ലക്ഷ്യമാക്കി പോകുന്നതുകണ്ടു. ഉടൻ തന്നെ ഭയന്നമട്ട് മടങ്ങുന്നതും കണ്ടാണ് ഞങ്ങൾ കളിക്കളത്തിലെ മുതിർന്നപൗരന്മാരായ മണിയും രാജുവും വാസുവുമൊക്കെച്ചേർന്നു തങ്കച്ചന്റെ കുടിലിലേക്ക് പോയിനോക്കിയത്. മുറ്റത്തൊരു വലിയ ഓലമടലുമായി സ്റ്റീഫൻ നിൽക്കുന്നു... മുഖത്ത് കോപത്തിന്റെ കനൽ .... കണ്ണുകളിൽ തീജ്വാല... പോയവർ അമ്പരന്നുനിന്നു. സരസണ്ണനെ ഇവനെന്താ ചെയ്തത്..
"" രാവിലെ പഴങ്കഞ്ഞി കുടിച്ചപ്പോഴേ അമ്മ പറഞ്ഞതാ തുണ്ടംമീനെടുക്കണ്ടാ അപ്പന് വച്ചേക്കണമെന്ന്... എന്നിട്ടെന്താ.. ദാ കണ്ടോ.. സ്കൂളുവിട്ട് വന്നപ്പഴാ കണ്ടത്.. ചട്ടിക്കുള്ളിലൊരു മുട്ടനെലി.. തുണ്ടോം തിന്ന് പള്ളവീർത്ത് കെടക്കുവാ.. ഞാൻ വിട്ടില്ല അതിനെ... ദാ.. "
സ്റ്റീഫൻ ചൂണ്ടിയിടത്തൊരു മുഴുത്ത എലി അവസാനശ്വാസമെടുത്ത് നിശ്ചലമായി...
"അപ്പനു വച്ചിരുന്ന തുണ്ടം മീൻ തിന്ന എലി അങ്ങനെ ചത്തു മല..."
സ്റ്റീഫന്റെ ദേഷ്യം വാക്കുകളായി പുറത്തുവന്നു. രാജുവും മണിയും വാസുവുമെല്ലാം എലിപുരാണമറിയാതെ സരസനണ്ണൻ പാഞ്ഞ വഴിനോക്കി... പിന്നെ അറിയാതെ പൊട്ടിച്ചിരിച്ചു.
(ഒരു കുട്ടിക്കാലത്തിന്റെ സ്മരണയ്ക്ക്- ശ്രീ)
Comments