Poem Malayalam
● ഒട്ടകപ്പക്ഷി●
▪▪▪▪▪▪▪▪▪▪▪▪▪▪▪▪
നീരുവറ്റിയ നിളപോലെ
വറ്റിവരണ്ടെന്റെ മനം.
നിത്യനിദ്ര വരംതീണ്ടി,
ഉറങ്ങുകയാണു ഞാൻ.
ഒരു മിന്നൽപ്പിണർ
ഒരു മേഘഗർജ്ജനം
വിണ്ടുകീറിയ ചിന്താ-
മണ്ഡലങ്ങളിലെ,
വിടവുകളിലൂടൂറിയെത്തി
കർണ്ണപുടങ്ങളിലമരുന്നു.
മേഘങ്ങളിൽ നീ തീർത്ത
ശീൽക്കാരത്തിന്റെ നിറം
മിന്നലൊളിയുടെ
പ്രഭ മായ്ക്കുന്നു.
കരിമേഘങ്ങളിലൂടൂളിയിട്ട്
നീ തിമിർക്കുന്ന ഹുങ്കാരങ്ങൾ,
മേഘഗർജ്ജനങ്ങളെ
നിശ്ശബ്ദതയ്ക്കു കൂട്ടുവിടുന്നു.
മഴമേഘങ്ങളിൽ നീ ഘടിപ്പിച്ച
ശബ്ദരഹിതയാനങ്ങൾ,
തുലാമഴകളെയപഹരിക്കുമ്പോൾ
ഞാനെന്തിനുണരണം.?
ഇരുദലപുടങ്ങളെ
ആകാശത്തിലേക്കുയർത്തി
ആശ്ളേഷമാരിയാഗ്രഹിക്കെ,
കരിമേഘങ്ങൾക്കിനി
കുളിരുപെയ്യാനാവില്ലെങ്കിൽ
ഞാനെന്തിനിനി
മഴപ്പാട്ടുകൾ പാടണം
ഞാനെന്തിനുണരണം....
ഓട്ടംപിഴച്ചുതളർന്നപ്പോൾ
മണൽക്കൂനയിൽ കുഴികുത്തി
തലമണ്ണിലുറപ്പിച്ചമർന്ന്
നിത്യനിദ്ര വരംതീണ്ടി,
വീണ്ടുമുറങ്ങുകയാണ് ഞാൻ.
ശ്രീ.28/03/2017
Comments