Malayalam short story

പത്മിനിയും പ്രഷർകുക്കറും.

" അഞ്ചുമണിക്കു തുടങ്ങിയ നില്പാണ്.. ഒന്ന് സഹായിക്കാനൊരുകൈ... ആരുമില്ല.  രണ്ടുകൈയാലെ തീരുന്നതല്ല... "
പ്രഭാതത്തിലെ മുഖപുസ്തകപാരായണത്തിന് വിരാമമിടാനായി അടുക്കളയിൽനിന്നൊരു സൈറൻ മുഴങ്ങി.  അത് ഉച്ചത്തിലെത്തുന്നതിനുമുമ്പ് ലാപ്ടോപ്പുപേക്ഷിച്ച് ഒഴിഞ്ഞ ചായക്കപ്പുമായി അടുക്കളയിലെത്തി..  ശ്രീമതി മുഖമുയർത്താതെ മുരിങ്ങക്കായ് വൃത്തിയാക്കി മുറിയ്ക്കുകയാണ്. പതിവുപോലെ ചിരവയ്ക്കു സമീപമിരിക്കുന്ന തേങ്ങ അതിന്റെ മുക്കണ്ണുതുറന്ന് ദയനീയമായെന്നെ നോക്കി. ഭാര്യയുടെ അടുക്കളയിലെ ഏറ്റവും വലിയ ശത്രുവാണവൻ.. ആ രസംകൊല്ലിയെ ഞാനുമിപ്പോൾ വെറുത്തുതുടങ്ങി ഒരുപക്ഷേ ഈ തേങ്ങാമുട്ടിയില്ലായിരുന്നെങ്കിൽ  ഒമ്പതുമണിവരെയെങ്കിലും  ഓൺലൈനിൽ അഭിരമിക്കാമായിരുന്നു. മൂലയ്ക്ക് അക്ഷമനായിരിക്കുന്ന വെട്ടുകത്തി വലംകൈയിലേന്തി തേങ്ങ ഇടംകൈയിലെടുത്തു. "അരുതുകാട്ടാളാ...." എന്ന വിളിയും ഇടംകൈയ്ക്കുള്ളിലെ  പെടപ്പുമൊന്നും വകവയ്ക്കാതൊരുവെട്ട്.
അരിശം തീരുവോളം ചിരവയിലിട്ട് കശക്കിയെടുത്തു.
"മീൻ വിളിക്കുന്നു...  ദോശനോക്കണേ....."
അടുത്ത കമാന്റ് പാസ്സാക്കി ഭാര്യ കവറുമായി മീൻകാരിയെ നോക്കിയിറങ്ങി.

മീനേ.....,  മീ......നേ.........!!
മീനിനെ പേരെടുത്തു വിളിക്കുമ്പോലാണ് മീൻകാരിയുടെ  രോദനം !. മീൻകാരനാണെങ്കിൽ ഇരുമ്പോടക്കുഴലിൽ പ്ലാസ്റ്റിക്ബോൾ കെട്ടിവച്ച് തുടരെത്തുടരെ ഞെക്കിവിട്ട്  ശബ്ദമുണ്ടാക്കും. ഇവരണ്ടുമാണ് ഭാര്യയുടെ ഭാഷയിലെ "മീൻവിളി.!!".

ശരിക്കും മീനിന്റെ വിളി എങ്ങനായിരിക്കും. ചൂളംവിളിക്കുന്ന മീനുണ്ടെന്ന് വായിച്ചിട്ടുണ്ട് അതുകൊണ്ടാവും എല്ലാ മീൻവില്പനക്കാരും  ചൂളംവിളിയോ സമാനശബ്ദങ്ങളോ  പുറപ്പെടുവിക്കുന്നത്. ചിന്തകൾ പ്രഷർകുക്കറിൽ വേവിക്കാൻവച്ച കടലപോലെ ചൂടേറവേ, ദോശ മറിച്ചിടാൻ മറന്നെന്ന് മൂക്ക് ഓർമ്മിപ്പിച്ചു. 
അടുത്തദോശയൊഴിച്ച് ഇടവേളസമയം ജനാലവഴി പുറത്തേയ്ക്ക് നോക്കവേ കണ്ടത് അടുത്തഫ്ലാറ്റിലെ  പത്മിനിയുടെ അന്നനടയാണ്. ഓഫീസിലേക്ക് പോകാനായി ബസ്റ്റോപ്പിലെത്താൻ പത്തുനാല്പത് മീറ്റർ ദൂരമേയുള്ളൂ എന്നാലും ശിവക്ഷേത്രത്തിലെ പാദാനുപാദപ്രദക്ഷിണംപോലെ പത്മിനി ബസ്റ്റോപ്പെത്താൻ മുപ്പതു മിനിട്ടെങ്കിലുമെടുക്കും. അത്യാവശ്യം സുന്ദരിയായതിനാലാണോ ആവോ പുരുഷകേസരികളെ സദാകുറ്റംപറയുന്ന പത്മിനിയെ എനിക്കുമൊട്ട് പഥ്യമല്ല. എന്നാലും പത്മിനിയുടെ അന്നനടകാണാൻ നല്ല ചേലാണ്. സദാ നമ്രമുഖിയാണെന്നതിനാൽ  നോക്കിനിൽക്കാൻ പതിമൂന്ന് സെക്കന്റെന്ന സീമയുമില്ല. ചിന്തിച്ചുനിൽക്കേ പത്മിനി ജനാലയ്ക്കടുത്തെത്തി. ആളനക്കം ശ്രദ്ധിച്ചാവും തിരിഞ്ഞുനോക്കിയത് ഈയുള്ളവന്റെ തിരുമുഖം കണ്ടമാത്രയിൽ മുഖംകുനിച്ച് നടക്കാനാഞ്ഞതും കാലക്കേട് പ്രഷർകുക്കറിലൂടവതരിച്ചതും ഒരേ സമയത്തായിരുന്നു...!
" ശ്ശൂ...... " ഞെട്ടിയതുപോലെ പത്മിനിയൊന്നു തിരിഞ്ഞു.. പിന്നെ  സ്ഥിരം ശല്യക്കാരനായ പൂവാലനെ നോക്കുന്നപോലെ  ദേഷ്യവും അവഗണനയും പുച്ഛവുമെല്ലാം ചേർന്നൊരുഭാവം..  മുഖഭാവംകണ്ടാലറിയാം മനസ്സിലായിരം മ്ലേച്ഛമായ പദങ്ങൾ തികട്ടിവരുന്നുണ്ടെന്ന്.  ചതിയനായ എന്റെ പ്രഷർകുക്കർ ഒരു ശൂ..... വിൽ കാര്യം നിറുത്തി, ചെറുതായി ചിരിക്കുകയാണ് ശവം.  അതിനിടയിൽ രണ്ടാമത്തെ ദോശയും കരിഞ്ഞ് തന്റെ ചരമഗന്ധമറിയിച്ചു. പത്മിനിപോയവഴിയിലേക്ക് കണ്ണോടിച്ചപ്പോഴാണ് ശരിക്കും ഞെട്ടിയത്.  മീൻ വാങ്ങി വരുന്ന ഭാര്യയെ തടഞ്ഞുനിറുത്തി പത്മിനി..... ഇടയ്ക്കിടെ ഇങ്ങോട്ട്  വിരൽചൂണ്ടുന്നുണ്ട്. ഭാര്യയുടെ മുഖഭാവമൊട്ട് ഗോചരവുമല്ല. പ്രഭാതം മാത്രമല്ല ചുരുങ്ങിയത് ഒരാഴ്‌ചത്തേയ്ക്കുള്ള കലാപം ഉറപ്പ്.  ഏതുസമയവും ദാരികനിഗ്രഹത്തിനായി ഭദ്രകാളിയെത്തുന്നപോലെ ഉറഞ്ഞുതുള്ളി അവളെത്തും അതിനുമുമ്പ് ജഗ്ഗിലെ ജലംമുഴുവനും തൊണ്ടയിലൊഴിച്ച് നിവർന്നു... "ശ്ശൂ .........ശ്...." ഞെട്ടിയാണ് നോക്കിയത് ചെറിയൊരിടവേളയ്ക്ക് ശേഷം പ്രഷർകുക്കർ വീണ്ടുമൊന്ന് കൂകി. പിന്നെ ഇനിവരാനുളള ആഭ്യന്തരകലാപമോർത്താവും  വീണ്ടുമത്  ചിരിയ്ക്കാൻ തുടങ്ങി.
       ശ്രീ. - ഇന്ന് പ്രഭാതം.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്