Short story- Malayalam
മാന്ത്രികയേലസ്സ്...
.................................
ഏതോ കലഹപ്രിയരല്ലാത്ത അഭ്യുദയകാംക്ഷി അവളുടെ വാട്സാപ്പിലേക്കയച്ച ചിത്രം കണ്ട് അവൾ ഞെട്ടി..... ഒരു പുരുഷനും സ്ത്രീയും പൂർണ്ണനഗ്നരായി നിൽക്കുന്ന ചിത്രം... പുരുഷന്റെ മുഖംതിരിഞ്ഞുനിൽക്കുന്ന ചിത്രം ... പുരുഷന്റെ അരയിലെ ചുവന്നചരടിൽ ഒരേലസ്സുകണ്ടപ്പോഴാണ് delete ബട്ടണിൽനിന്ന് വിരൽമാറ്റിയത്.. ചിത്രം സൂംചെയ്തുനോക്കിയപ്പോൾ ഞെഞ്ചിടിപ്പിന്റെ വേഗമേറി.. ചുവന്നചരടിന് മുകളിലായി വലതുവശം ഇടുപ്പെല്ലിന് കൃത്യംതാഴെയുള്ള വലിയ ബ്രൗൺനിറത്തിലെ മറുകുകണ്ടപ്പോഴേക്കും അവളുടെ നാവിലെ ജലാംശം മുഴുവനുമുണങ്ങി.. ഭദ്രാനന്ദൻതിരുമേനി ജപിച്ചുനൽകിയ ചിത്രത്തിലെ സ്വർണ്ണഏലസ്സ് തന്നെനോക്കി പല്ലിളിക്കുന്നപോലെ തോന്നിയവൾക്ക്.. ജഗ്ഗിലെ ജലംമുഴുവൻ വലിച്ചുകുടിച്ച് തികട്ടിവന്ന മനസ്തോഭമകറ്റാനായി കണ്ണടച്ചിരുന്നു.
മുപ്പതുനാളായിട്ടുണ്ടാവില്ല പൊതുവെ അല്പം കൃഷ്ണാവതാരം കൈക്കെണ്ട ഭർത്താവിന് പരസ്ത്രീബന്ധമൊന്നുമുണ്ടാകാതിരിക്കാനായാണ് ഭദ്രാനന്ദസ്വാമികളിൽനിന്ന് ഏലസ്സ് ജപിച്ചുവാങ്ങിയത്. ആയുരാരോഗ്യത്തിനെന്ന് പറഞ്ഞ് ഭർത്താവിന്റെ അരയിലതൊന്ന് പിടിപ്പിക്കാൻ മണിച്ചിത്രത്താഴിലെ KPAC ലളിതച്ചേച്ചിയെക്കാലും ശ്രമപ്പെട്ടു...
ഇനിയെന്ത്.. ഉള്ളിലുയരുന്ന കോപതാപമകറ്റാൻ സീലിംഗ്ഫാനിനാകുന്നില്ല. ചിന്തിച്ചിരിക്കേയാണ് ഭദ്രാനന്ദസ്വാമിയുടെ നമ്പറിലേക്ക് വിളിക്കാൻ തോന്നിയത് രൂപ രണ്ടായിരത്തഞ്ഞൂറാ പാഴായത്. വിളിച്ചേക്കാം.
" സഹോദരീ നാമിത് പ്രതീക്ഷിച്ചിരുന്നു. നാം പറഞ്ഞില്ലേ അങ്ങനെന്തേലുമുണ്ടെങ്കിൽ കണ്ണാലെ കാണിക്കുമെന്ന്.. ഇപ്പോൾ ഭക്തയ്ക്ക് വിശ്വാസമായില്ലേ, നമ്മുടെ രക്ഷാമന്ത്രത്തിന്റെ ശക്തി.. കണ്ടുപിടിക്കാനായില്ലേ ആ ദേഹത്തിന്റെ ഒളിസേവ... പരിഹാരവുമുണ്ടാക്കാം.. ഭക്ത വിഷമിക്കേണ്ടയില്ല എല്ലാത്തിനും പരിഹാരമുണ്ട്. ഭക്തയുടെ പതിയെ നമുക്ക് നേരെയാക്കാം ഭക്ത ആ ചിത്രം എന്റെ വാട്സാപ്പിലേക്കയക്കൂ.. നാമൊന്ന് നോക്കട്ടെ. പരിഹാരമുണ്ടാക്കാം.."
സ്വാമിജിയുടെ സാന്ത്വനം കേട്ടപ്പോഴാണ് മനസ്സുശാന്തമായത് ശരിയാണ് അദ്ദേഹത്തിന്റെ ഏലസ്സിന്റെ ശക്തി അപാരംതന്നെ. അതില്ലാതിരുന്നെങ്കിൽ
ഇതെങ്ങനെ അറിയുമായിരുന്നു... വിശ്വസിക്കാതെ തരമില്ല.. സ്വാമിജിതന്നെ പരിഹാരവും തരുമായിരിക്കും...
സ്വാമിജിയുടെ നമ്പരിലേക്ക് ആ ചിത്രം ഭവ്യതയോടെ അയച്ചുകൊടുത്തപ്പോഴേക്കും കുറച്ചുകൂടെ സമാധാനംതോന്നി..
.... ചിത്രം ഡൗൺലോഡായിവന്നതുകണ്ട ഭഗവൽ ഭദ്രാനന്ദയുടെ ചുണ്ടിലൊരു പുഞ്ചിരിവിടർന്നു. തന്റെ ഏലസ്സിനെക്കുറിച്ച് സദാ പുച്ഛിക്കുന്ന സഹധർമ്മിണിക്കിതുകാട്ടിക്കൊടുക്കണം. ഈ ലോകത്ത് അവൾക്കുമാത്രമാണ് തന്റെ "കഴിവിൽ" ഒരുവിശ്വാസമില്ലാത്തത്....
ചിത്രം സൂംചെയ്യുന്തോറും ഭദ്രാനന്ദയുടെ ചുണ്ടിലെ ചിരി ഒരുകോണിലേക്ക് വക്രിച്ച് വികൃതമായി... കൈയിലെ മൊബൈൽഫോൺ വൃദ്ധതാപസന്റെ കൈയിലെ കമണ്ഡലുപോലെ വിറയ്ക്കുന്നു. കണ്ണിലിരുട്ടുകയറി,
തന്റെ ഏലസ്സിന്റെ അപാരസിദ്ധിയോർത്ത് ഭഗവൽ ഭദ്രാനന്ദ ഒരുവശത്തേയ്ക്ക് ചായവേ.. ഉള്ളിൽ തെളിഞ്ഞുതെളിഞ്ഞുവന്നു ആ ചിത്രത്തിലെ പുരുഷനൊപ്പം നിൽക്കുന്ന തന്റെ ഭാര്യയുടെ നഗ്നചിത്രവും അവളുടെ അരയിൽ താൻ നിർബന്ധിച്ചുകെട്ടിയ ഏലസ്സും..... .
ശ്രീ.
Comments