ക്ഷേത്രങ്ങളെ അറിയുക Article

പുഴവാത് ശ്രീ വൈകുണ്ഠേശ്വര സന്താനഗോപാലമൂർത്തി ക്ഷേത്രം
"""""""""""""""""""""""""""""""""""""""""""""""""""""  
കോട്ടയം ജില്ലയിലെ  ചങ്ങനാശ്ശേരി നഗരത്തിൽ പുഴവാതിൽ എന്ന സ്ഥലത്ത്  സ്ഥിതിചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് "പുഴവാത് ശ്രീ വൈകുണ്ഠേശ്വര സന്താനഗോപാലമൂർത്തി ക്ഷേത്രം"  ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ബായി തിരുവിതാംകൂറിന്റെ മഹാറാണിയായിരിക്കുന്ന കാലത്ത് (ഭരണകാലം 1811-1815)  എ. ഡി 1812ൽ ആണ് ക്ഷേത്രനിർമ്മാണം നടത്തിയത്‌. മഹാറാണി ആയില്യം തിരുനാൾ ഗൌരി ലക്ഷ്മി ബായി ഒരു ആൺകുഞ്ഞിനു ജന്മം നൽകാനായി ഭർത്താവ്,  രാജരാജ വർമ്മ വലിയ കോയിത്തമ്പുരാൻ ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തിന്റെ അടുത്ത് പണിത ക്ഷേത്രമാണിത്. അതിനെ തുടർന്ന് ജനിച്ച പുത്രനാണ് വിശ്വപ്രസിദ്ധനായ തിരുവിതാംകൂർ മഹാരാജാവ്‌ ശ്രീ.സ്വാതിതിരുനാൾ. 
ഇതര ക്ഷേത്രങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ പ്രതിഷ്ഠയാണ് ഇവിടുത്തേത്. കൈകളിൽ കുഞ്ഞിനെയെടുത്ത്  ശംഖുചക്രധാരിയായ  മഹാവിഷ്ണുവിനെ സന്താനഗോപാലമൂർത്തി സങ്കല്പത്തിൽ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു.  കുട്ടികളില്ലാത്ത ദമ്പതികൾ ഇവിടെ വന്നു പ്രാർത്ഥിച്ചാൽ സന്താന സൌഭാഗ്യം ലഭിക്കും എന്നാണ് വിശ്വാസം.

ശ്രീ ധർമ്മരാജായ്ക്കുശേഷം 1798 മുതൽ തിരുവിതാംകൂറിന്റെ രാജാവായ അവിട്ടം തിരുനാൾ ബാലരാമവർമ്മ 1810-ൽ അന്തരിച്ചു. അദ്ദേഹം അന്തരിക്കുമ്പോൾ തിരുവിതാംകൂറിൽ അനന്തരവകാശികളായി പുരുഷന്മാർ ആരും ഇല്ലായിരുന്നു. കോലത്തുനാട്ടിൽ നിന്നും ദത്തെടുത്ത കേരളവർമ്മയെ രാജാവാക്കുന്നതിനോട് ബ്രിട്ടീഷ് റസിഡന്റ് "മൺറോ"യ്ക്കു താൽപര്യവും  ഇല്ലായിരുന്നു. ബ്രിട്ടീഷുകാർ രാജ്യം കൈവശപ്പെടുത്തുമെന്നുള്ള ആശങ്കയുണ്ടായിരുന്ന ആ അവസരത്തിലാണ് ആറ്റിങ്ങൽ റാണി ആയിരുന്ന "ലക്ഷ്മി ബായി" തിരുവിതാംകൂർ ഭരണാധികാരിയായത്. അന്ന് മഹാറാണിക്ക് ഒരു പുത്രി (ഗൗരി രുഗ്മിണി ബായി) മാത്രമെ ഉണ്ടായിരുന്നുള്ളു. മഹാറാണി വീണ്ടും ഗർഭം ധരിക്കുന്നതിനും, ഒരു പുത്രനുണ്ടായി തിരുവിതാംകൂർ രാജാവാകുന്നതിനും രാജ്യം മുഴുവനും പ്രാർത്ഥനകളും വഴിപാടുകളും നടന്നു. മഹാറാണിയുടെ ഭർത്താവ് രാജ രാജവർമ്മ വലിയ കോയിത്തമ്പുരാൻ ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിലെയായിരുന്നതിനാൽ, അദ്ദേഹം ലക്ഷ്മീപുരം കൊട്ടാരത്തിനടുത്തായി പുത്രലാഭാർത്ഥം സന്താനഗോപാലമൂർത്തിക്ക് ക്ഷേത്രം നിർമ്മിച്ചു പൂജ നടത്തി. അതിനെ തുടർന്ന് 1813 ഏപ്രിൽ മാസം 16-ന് ലക്ഷ്മി ബായിക്ക് രാജ രാജ വർമ്മയിൽ സ്വാതിതിരുനാളും, 1814-ൽ ഉത്രം തിരുനാളും ജനിച്ചു. ഇരുവരും തിരുവിതാംകൂറിന്റെ മഹാരാജാക്കന്മാരായിരുന്നു.

ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിനോട് ചേർന്ന് പുഴവാതിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർ രാജവംശത്തിന്റെ സംഭാവനയാണ് പുഴവാത് ശ്രീ വൈകുണ്ഠേശ്വര സന്താനഗോപാലമൂർത്തി ക്ഷേത്രം. ലക്ഷ്മീപുരം കൊട്ടാരം നേരിട്ട് ക്ഷേത്രഭരണം നടത്തിയിരുന്നതിനാലും കൊട്ടാരത്തിലെ പരദേവതാമൂർത്തി കുടികൊള്ളുന്നതിനാലും പുഴവാത് കൊട്ടാരം ക്ഷേത്രം എന്നറിയപ്പെടുന്നു. ലക്ഷ്മീപുരം കൊട്ടാരത്തിന്റെ പ്രശസ്തിക്ക് ഉതകുന്നവണ്ണമുള്ള നിർമ്മാണ ശൈലി ക്ഷേത്ര നിർമ്മിതിയിൽ കാണാം. ക്ഷേത്ര മതിലകം  വിശാലമാണ്. സമചതുരാകൃതിയിലാണ് ഇവിടുത്തെ ശ്രീകോവിൽ നിർമ്മിച്ചിരിക്കുന്നത്. മൂന്നടി പൊക്കമുള്ള സിംഹാസനസ്ഥനായി കിഴക്കു ദർശനത്തോടെ മഹാവിഷ്ണു പ്രതിഷ്ഠ. രണ്ടു കൈകളിൽ ശംഖും സുദർശനചക്രവും, മറ്റു രണ്ടു കൈകളിൽ കിടക്കുന്ന ഒരു കുഞ്ഞുമായി സന്താനഗോപാലമൂർത്തി സങ്കല്പത്തിൽ പ്രതിഷ്ഠ നടത്തിയിരിക്കുന്നു. ഭാരതത്തിൽതന്നെ അപൂർവ്വമാണ് ഈ പ്രതിഷ്ഠ.

ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിൽ കിഴക്കേ സോപാനത്തിനു കിഴക്കു വശത്തായി നമസ്കാര മണ്ഡപം നിലകൊള്ളുന്നു. ചതുരാകൃതിയിൽ പണിതീർത്തിരിക്കുന്ന നമസ്കാര മണ്ഡപം തനതു കേരളാ ദ്രാവിഡശൈലിക്ക് ഉത്തമ ഉദാഹരണമാണ്. അടിത്തറയും തൂണുകളും കരിങ്കല്ലിൽ നിർമ്മിച്ചിരിക്കുന്ന മണ്ഡപത്തിന്റെ മുകൾഭാഗം ഓട് മേഞ്ഞിട്ടുണ്ട്.

വെട്ടുകല്ലിൽ പടുത്തുയർത്തിയ ഇവിടുത്തെ നാലമ്പലം വിസ്താരമേറിയതാണ്.  നാലമ്പലത്തിന്റെ കിഴക്കുവശത്ത് നമസ്കാരമണ്ഡപവും വടക്കു കിഴക്കേ മൂലയിൽ കിണറും പണിതീർത്തിരിക്കുന്നു. വലിയബലിക്കല്ല് നാലമ്പലത്തിനു ഉള്ളിലായി കിഴക്കുവശത്തു സ്ഥിതിചെയ്യുന്നു. അതിനു തൊട്ടു മുൻപിലായി കൊടിമരവും ആനക്കൊട്ടിലും സ്ഥിതിചെയ്യുന്നു. ക്ഷേത്ര മതിലകം ചുറ്റുമതിലിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. കിഴക്കുവശത്തുമാത്രമെ ഗോപുരം നിർമ്മിച്ചിട്ടുള്ളു.....
വിവരങ്ങൾക്ക് കടപ്പാട്....  ശ്രീ.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്