Posts

നിന്നെക്കുറിച്ചോർക്കുമ്പോൾ

കളിപ്പാവകൾ

Image
നിഴൽപൊത്തുകളിൽ ഞാനൊളിപ്പിച്ചുവച്ച മയിൽപ്പീലിത്തുണ്ടുകൾ, മഞ്ചാടിമണികൾ, വളപ്പൊട്ടുകൾ, വർണ്ണത്തുണ്ടുകൾ... എല്ലാം തേടിവന്നതാണ്  നീയെന്ന്, നിനക്കൊപ്പമവ  എന്നെവിട്ട് പതിയെ   നിൻ കളിവണ്ടിയിലേറിയപ്പോഴാണ് ഞാനറിഞ്ഞത്...!! എന്നാൽ.......  വിരൽത്തുമ്പിൽ വിടർന്നുവളരുന്ന വിസ്മയക്കാഴ്ചപ്പെട്ടി, നിന്റെ കളിക്കോപ്പായനാൾ എന്റെ മയിൽപ്പീലികൾ മഞ്ചാടിമണികളെ ഭയന്നു, മച്ചിങ്ങവണ്ടിയേറിമരിച്ച കളിപ്പാവകൾ തുറിച്ച കണ്ണുകളും ചിതലരിച്ച ശിരസ്സുമായി പെരുവഴിത്തൊട്ടിയിൽ മാനംനോക്കി കിടക്കുന്നു മയക്കമെന്ന മട്ടിൽ.  #ശ്രീ

ഷാപ്പിലെ_പാട്ട്

Image
തട്ടിപ്പൊളിക്കണ് തട്ടുപൊളിക്കണ് ഞെട്ടിത്തെറിക്കണ് ചാളക്കറി... ചട്ടിയിൽ തുള്ളണ് ചട്ടുകവട്ടത്തിൽ ചട്ടംമറന്നൊരു വട്ടംകണ്ണി*.... അന്തിവിളക്കിലെ* കള്ളുകുടത്തില് കണ്ണുമുടക്കണ് കണ്ണപ്പന്... മൂത്തത് ചാമിക്ക് പൂത്തത് ചിണ്ടന് ഷാപ്പിലെ കള്ളിനും ജാതിക്കളി.....   #sree ..... *അന്തിവിളക്ക്- തിരുവനന്തപുരം വെള്ളായണി-പുഞ്ചക്കരിഭാഗത്തെ കിരീടം പാലത്തിനടുത്തുള്ള ഒരുസ്ഥലം. (രാജഭരണകാലത്ത് അന്തിവിളക്ക്തെളിക്കുമായിരുന്ന പുഞ്ചക്കരി-നിലമങ്കരിപാടശേഖരത്തിനടുത്തെ സ്ഥലം) ചിത്രം. പുഞ്ചക്കരി ഷാപ്പ്.  

മത്സ്യവിപണി_അഥവാ_വിക്രമാദിത്യനും_വേതാളവും

Image
.. ഒരുഗ്രാമത്തിന്റെ ഒത്തനടുക്ക് ഒരു മത്സ്യമാർക്കറ്റ് ഉണ്ടായിരുന്നു. അവിടെ പതിവായി മത്സ്യമെത്തിച്ചിരുന്നത് ഗ്രാമീണരായ നാലഞ്ചാളുകളായിരുന്നു. ഭക്ഷണത്തിൽ ധാരാളം മത്സ്യവിഭവങ്ങൾ ഉൾപ്പെടുത്തിയിരുന്ന ഗ്രാമവാസികളെല്ലാം മത്സ്യം വാങ്ങിയിരുന്നത് ഈ മാർക്കറ്റിൽ നിന്നായിരുന്നു. മത്സ്യസ്രോതസ്സായ കടൽ ആ ഗ്രാമത്തിന് വളരെ അകലെയായിരുന്നതിനാൽ സാധാരണക്കാരായ ഗ്രാമീണർ കടൽത്തീരത്തിലേക്ക് പോകാറേയില്ലായിരുന്നു. ദിവസങ്ങൾ കഴിയവെ ഒരുനാൾ പെട്ടെന്ന് ആ മാർക്കറ്റിൽ പുതിയ ഒരു ബോർഡ് സ്ഥാപിക്കപ്പെട്ടു... മത്സ്യം ആവശ്യമുള്ളവർ ആ ബോർഡിന് താഴെയുള്ള ഫോൺ നമ്പരിൽ ബന്ധപ്പെട്ടാൽ നല്ല പെടയ്ക്കണമീൻ വീട്ടിലെത്തുമെന്നും ആയതിന്റെ തുക പുതിയ paperless വിനിമയ സംവേദനിയായ സംവിധാനത്തിലൂടെ വായുമാർഗ്ഗം ഒടുക്കാമെന്നുമായിരുന്നു ആ ബോർഡ് ഉദ്ഘോഷിച്ചത്. ആയതിന് ഗ്രാമമുഖ്യന്റെ ആശംസാക്കുറിപ്പും മേമ്പൊടിയായി ചേർത്തിരുന്നു.  യാഥാസ്ഥിതികരായ ഗ്രാമീണർ ആ ബോർഡ് അത്രകാര്യമാക്കിയില്ല എന്നാൽ നാട്ടിലെ പരിഷ്കാരികളായ ചെറുപ്പക്കാർ ആ പുതിയ വിദ്യ പരീക്ഷിക്കാൻതന്നെ തീരുമാനിച്ചു. പൊതുവെ എന്തും ആദ്യം പരീക്ഷിക്കുന്ന ഗ്രാമത്തിലെ യുവജനത ആദ്യമേ തങ്ങളുടെ ഫോണിൽ പേപ്പർരഹിത പ...

സംഘഗാനം

_വിത്തും കൈകോട്ടും_ കൊയ്ത്തുകഴിഞ്ഞൊരു പാടത്ത് ആറ്റക്കിളികൾ പാറുന്നു.. ഞാറ്റടി നടുവാൻ നേരത്താ ഞാറപ്പക്ഷി ചിലയ്ക്കുന്നു..... "വിത്തും കൈകോട്ടും... വിത്തും കൈകോട്ടും.."       (കൊയ്ത്തുകഴിഞ്ഞൊരു..... വിത്തുവിതയ്ക്കാനച്ഛൻ കരുതിയ വിത്തുകളെല്ലാം വിറ്റുണ്ടു ..  പട്ടിണിമൂത്തൊരു പത്തായപ്പുര, പുത്തൻനെല്ലു കിനാക്കണ്ടു..  "പാടത്തെന്തുണ്ട് മുണ്ടകനെവിടുണ്ട്..."          (കൊയ്ത്തുകഴിഞ്ഞൊരു..... കൈകുഴയൊട്ടിയ കൈകോട്ടവിടെ ചേറിൽപുതയാൻ കനവുണ്ടൂ മുണ്ടകവിത്തിനു പാടമൊരുക്കാൻ ഇടവംമാറാൻ കൊതിപൂണ്ടു... "കർക്കിടമഴയുണ്ടേ ഇനി മടവയടയ്ക്കണ്ടേ.."         (കൊയ്ത്തുകഴിഞ്ഞൊരു..... കാണംവിറ്റുമൊരോണംകൂടിയ,  കഥയറിയാത്തവരെന്തറിയാൻ പാടംവറ്റിയകഥയറിതൊരു മേടവിഷുക്കിളി പാടുന്നു... "വിത്തും കൈകോട്ടും... വിത്തും കൈകോട്ടും.."        (കൊയ്ത്തുകഴിഞ്ഞൊരു.....

കൃഷ്ണഭക്തിഗാനം

പൂവായെനിക്കൊരു പുനർജന്മമെങ്കിലോ തുളസിതൻ കതിരാകണം നറുമഞ്ഞണിഞ്ഞൊരു പൊൻപ്രഭാതത്തിലാ തിരുമാറിലഭയമാകേണം ഒരുഗോപിക ക്കുളിരായിടേണം... അതിവേഗമോടുമൊരശ്വജന്മം വേണ്ട അതിലോലമാം മയിലായിടേണ്ട.... മൃദുകൂജനക്കുയിൽ സ്വരവുമുതിർക്കേണ്ട, ഒരുപൈക്കിടാ ജന്മമാകേണം നിന്റെ നറുപാദമെന്നും നുകരേണം... ഹരിനാമകീർത്തനം നിത്യംമുഴങ്ങുന്ന ഗുരുവായൂർനടയിലെ തരുവാകണം കണിനാളുനോക്കാതെ നിത്യം പൊഴിക്കണം കടുപീതവർണ്ണത്തിൽ നറുപൂവുകൾ.. ഒരുജന്മമിനിയും ബാക്കിയെങ്കിൽ.... 11.07.22 @sree.
നിറയെ യാത്രക്കാരുള്ള ബസ്റ്റോപ്പാണിവിടം.. ചിലർക്ക് വേഗം ബസ്സ് കിട്ടി സ്ഥലമൊഴിയുന്നു... ഓരോ യാത്രക്കാരനുമുള്ള ബസ്സ് അയാളെയുംകൊണ്ട് പോകുമ്പോൾ അവശേഷിക്കുന്നവർ പ്രത്യാശയോടെ ആ യാത്രാവഴിയിലേക്ക്  കണ്ണുകൾ പായിക്കുന്നു നെടുവീർപ്പുകളോടെ.. യാത്രപോയവനൊരിക്കലും പിൻനോട്ടമെറിയാറില്ല കാത്തുനിൽക്കുന്നവന് കണ്ണുകഴയ്ക്കുന്നത് മിച്ചം തനിക്കായുള്ള വണ്ടി വന്നണയുംവരെ സഹയാത്രാകാംക്ഷികളുമായാണ്  ബന്ധങ്ങൾ(ബന്ധനങ്ങൾ) പോയവരുടെവിശേഷം പങ്കുവയ്ക്കലാണ് മുഖ്യം പോകേണ്ടവനാരാദ്യ- മെന്നറിവില്ലാത്തവർ വരേണ്ടവരാദ്യമാരെന്നും. വരുംവണ്ടിയാരുടേതെന്നും നിശ്ചയമില്ലാത്തവർ പോയവന്റെ ചർച്ചമാത്രം കേമം