സംഘഗാനം
_വിത്തും കൈകോട്ടും_
കൊയ്ത്തുകഴിഞ്ഞൊരു പാടത്ത്
ആറ്റക്കിളികൾ പാറുന്നു..
ഞാറ്റടി നടുവാൻ നേരത്താ
ഞാറപ്പക്ഷി ചിലയ്ക്കുന്നു.....
"വിത്തും കൈകോട്ടും...
വിത്തും കൈകോട്ടും.."
(കൊയ്ത്തുകഴിഞ്ഞൊരു.....
വിത്തുവിതയ്ക്കാനച്ഛൻ കരുതിയ
വിത്തുകളെല്ലാം വിറ്റുണ്ടു ..
പട്ടിണിമൂത്തൊരു പത്തായപ്പുര,
പുത്തൻനെല്ലു കിനാക്കണ്ടു..
"പാടത്തെന്തുണ്ട്
മുണ്ടകനെവിടുണ്ട്..."
(കൊയ്ത്തുകഴിഞ്ഞൊരു.....
കൈകുഴയൊട്ടിയ
കൈകോട്ടവിടെ
ചേറിൽപുതയാൻ കനവുണ്ടൂ
മുണ്ടകവിത്തിനു പാടമൊരുക്കാൻ
ഇടവംമാറാൻ കൊതിപൂണ്ടു...
"കർക്കിടമഴയുണ്ടേ ഇനി
മടവയടയ്ക്കണ്ടേ.."
(കൊയ്ത്തുകഴിഞ്ഞൊരു.....
കാണംവിറ്റുമൊരോണംകൂടിയ,
കഥയറിയാത്തവരെന്തറിയാൻ
പാടംവറ്റിയകഥയറിതൊരു
മേടവിഷുക്കിളി പാടുന്നു...
"വിത്തും കൈകോട്ടും...
വിത്തും കൈകോട്ടും.."
(കൊയ്ത്തുകഴിഞ്ഞൊരു.....
Comments