മത്സ്യവിപണി_അഥവാ_വിക്രമാദിത്യനും_വേതാളവും

..
ഒരുഗ്രാമത്തിന്റെ ഒത്തനടുക്ക് ഒരു മത്സ്യമാർക്കറ്റ് ഉണ്ടായിരുന്നു. അവിടെ പതിവായി മത്സ്യമെത്തിച്ചിരുന്നത് ഗ്രാമീണരായ നാലഞ്ചാളുകളായിരുന്നു. ഭക്ഷണത്തിൽ ധാരാളം മത്സ്യവിഭവങ്ങൾ ഉൾപ്പെടുത്തിയിരുന്ന ഗ്രാമവാസികളെല്ലാം മത്സ്യം വാങ്ങിയിരുന്നത് ഈ മാർക്കറ്റിൽ നിന്നായിരുന്നു. മത്സ്യസ്രോതസ്സായ കടൽ ആ ഗ്രാമത്തിന് വളരെ അകലെയായിരുന്നതിനാൽ സാധാരണക്കാരായ ഗ്രാമീണർ കടൽത്തീരത്തിലേക്ക് പോകാറേയില്ലായിരുന്നു. ദിവസങ്ങൾ കഴിയവെ ഒരുനാൾ പെട്ടെന്ന് ആ മാർക്കറ്റിൽ പുതിയ ഒരു ബോർഡ് സ്ഥാപിക്കപ്പെട്ടു... മത്സ്യം ആവശ്യമുള്ളവർ ആ ബോർഡിന് താഴെയുള്ള ഫോൺ നമ്പരിൽ ബന്ധപ്പെട്ടാൽ നല്ല പെടയ്ക്കണമീൻ വീട്ടിലെത്തുമെന്നും ആയതിന്റെ തുക പുതിയ paperless വിനിമയ സംവേദനിയായ സംവിധാനത്തിലൂടെ വായുമാർഗ്ഗം ഒടുക്കാമെന്നുമായിരുന്നു ആ ബോർഡ് ഉദ്ഘോഷിച്ചത്. ആയതിന് ഗ്രാമമുഖ്യന്റെ ആശംസാക്കുറിപ്പും മേമ്പൊടിയായി ചേർത്തിരുന്നു.
 യാഥാസ്ഥിതികരായ ഗ്രാമീണർ ആ ബോർഡ് അത്രകാര്യമാക്കിയില്ല എന്നാൽ നാട്ടിലെ പരിഷ്കാരികളായ ചെറുപ്പക്കാർ ആ പുതിയ വിദ്യ പരീക്ഷിക്കാൻതന്നെ തീരുമാനിച്ചു. പൊതുവെ എന്തും ആദ്യം പരീക്ഷിക്കുന്ന ഗ്രാമത്തിലെ യുവജനത ആദ്യമേ തങ്ങളുടെ ഫോണിൽ പേപ്പർരഹിത പണവിനിയോപാദിസംവിധാനം ചിട്ടപ്പെടുത്തിയിരുന്നു. അത്ഭുതമെന്ന് പറയട്ടെ പുതിയ സംവിധാനം പരീക്ഷിച്ചവർ മൂക്കത്ത് വിരൽവച്ചുപോയി ചന്തയിലെത്തുന്ന തലേന്നത്തെ ഒന്നോരണ്ടോ ഇനം മത്സ്യത്തിനെക്കാൾ ഒരുപാടിനം മത്സ്യങ്ങൾ ഓൺലൈനായി കണ്ട് തൃപ്തിപ്പെട്ടശേഷം ബുക്കുചെയ്താൽ അടുത്ത അരമണിക്കൂറിനകം വീട്ടിനുമുന്നിൽ സാധനം എത്തും.. അതും വില തുച്ഛം ഗുണം മെച്ചം. വാര്‍ത്ത വ്യാപിച്ചതോടെ ഗ്രാമീണർ ഒന്നൊന്നായി ഈ പുതിയ സംവിധാനത്തിലേക്ക് മാറുകയും വളരെക്കുറച്ചുപേർമാത്രം ചന്തയിലെത്തി മീൻ വാങ്ങുന്ന പതിവുതുടർന്നുപോരുകയും ചെയ്തു. എന്നാൽ ക്രമേണ ചന്തയിലെ മീൻകച്ചവടക്കാർ കച്ചവടം നഷ്ടമായതിനാൽ പണിമതിയാക്കിപ്പോകുകയും അങ്ങനെ മത്സ്യം ലഭ്യമല്ലാതായ അവസ്ഥയിൽ അവശേഷിച്ച ഗ്രാമീണരും പുതിയ ഫോൺവാങ്ങി ഈ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുകയും തഥൈവ ഗ്രാമംമുഴുവൻ ഡിജിറ്റലൈസ് മത്സ്യമാർക്കറ്റ് നിലവിൽ വരുകയും ചെയ്തു. ഒപ്പം ധാരാളം ഡിജിറ്റലൈസ് വ്യാപാരികളും വന്നുവെങ്കിലും മത്സ്യമാർക്കറ്റിന്റെ കുത്തക ഒരു പ്രമുഖകമ്പനിയിൽ നിക്ഷിപ്തമാകുകയും ചെയ്തു. ഗ്രാമംമുഴുവൻ ആ കമ്പനിയുടെ ഡെലിവറി പയ്യന്മാർ ഓടിനടന്നു. കാര്യങ്ങൾ ഇങ്ങനെ നീങ്ങവെയാണ് മത്സ്യത്തിന്റെ വില കുത്തനെ കൂടിയത് ഒപ്പം ഗുണമേന്മയും കുറഞ്ഞുതുടങ്ങി.. മാത്രമല്ല ഓരോദിവസവും എതു മത്സ്യമാണ് കഴിക്കേണ്ടതെന്നും കമ്പനി തീരുമാനിക്കാൻ തുടങ്ങി. ഗ്രാമചന്തയിലെ പല വ്യാപാരികളുടെ പല കൂടയിലെ മീനുകളിൽനിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് വിലപേശിവാങ്ങിയിരുന്ന ഗ്രാമവാസികൾ അന്തംവിട്ടുപോയി. അപ്പോഴേക്കും ഇനിയൊരു തിരിച്ചുപോക്കിന് ആകാത്തവിധം കാര്യങ്ങൾ മാറിമറിഞ്ഞിരുന്നു. ചില്ലറ അലോസരങ്ങൾ ഉണ്ടായെങ്കിലും ഗ്രാമീണർ ക്രമേണ ആ വിലക്കൂടുതലുമായി പൊരുത്തപ്പെടുകയും ചെയ്തു.. എന്നാൽ തുടർന്നും വിലകൂടുകയും വിലകൂട്ടിവാങ്ങുന്നതിനുള്ള സകല സ്വാതന്ത്ര്യവും മത്സ്യക്കമ്പനിക്കുതന്നെ ഗ്രാമമുഖ്യൻവഴി ചാർത്തപ്പെട്ടുകിട്ടുകയും ചെയ്തതോടെ ജനം ആകെ വലഞ്ഞ് പഴയ മീൻകാരെ തേടാൻ തുടങ്ങി.. എന്നാൽ അപ്പോഴേക്കും സർവ്വവിജ്ഞാനകോശത്തിൽ ബിരുദാനന്തര ബിരുദധാരികളായ അവരെല്ലാം ആ തൊഴിലുപേക്ഷിച്ചുകഴിഞ്ഞിരുന്നു... ഗ്രാമം സമരങ്ങൾക്കിറങ്ങി. എന്നാൽ സമരം ചെയ്യുന്നതിനുള്ള അവകാശവും കമ്പനിക്ക് മാത്രമായി നിജപ്പെടുത്തി ഗ്രാമമുഖ്യന്റെ ഉത്തരവു വന്നിരുന്നു. എന്നാൽ തുടർന്ന് മത്സ്യം ഉപയോഗിക്കുന്നില്ല എന്ന സമീപനത്തിലെത്തിച്ചേരാൻ ഗ്രാമീണർ യോഗംവിളിച്ചുകൂട്ടി, അപ്പോഴേക്കും മത്സ്യം ഉപയോഗിക്കാത്തവരെ രാജ്യദ്രോഹികളായികണ്ട് തടവിലിടുന്നതാണെന്ന് ഗ്രാമമുഖ്യനും ഗ്രാമസഭയും നിയമം പാസ്സാക്കുയുണ്ടായി. തങ്ങളുടെ ഗ്രാമം ഡിജിറ്റലൈസ് ആയി ലോകത്തിന്റെ നെറുകയിലാണെന്നും ലോകം നമ്മുടെ ഗ്രാമത്തെ നമിക്കയാണെന്നും ഗ്രാമുഖ്യൻ തന്റെ പ്രതിമാസ ഗിരിപ്രഭാഷണത്തിലൂടെ വിളംബരം ചെയ്തുകൊണ്ടിരുന്നു. ഗതിമുട്ടിയ ഗ്രാമീണർ തങ്ങളുടെ കൈതോടിലെ ചെറുമത്സ്യങ്ങളെ ചൂണ്ടയിട്ടുപിടിക്കാമെന്ന വ്യാമോഹത്തോടെ അങ്ങാടിയിൽപോയി ചൂണ്ടകൾ വാങ്ങി പുഴക്കരയിലെത്തി.. പക്ഷെ ഗ്രാമത്തിൽ ആകെയുള്ള ആ പുഴ, "വലിയ മീൻകമ്പനിവക" ആണെന്ന ബോർഡ് കണ്ടജനം അന്തംവിട്ടുനിന്നു... തങ്ങളാണ് ഇപ്പോൾ ചൂണ്ടക്കെളുത്തുകളിലെ ഇരകളെന്നറിയാത്ത ഹതഭാഗ്യരായ ജനം തിരികെനടന്നു. അപ്പോഴേക്കും തങ്ങളുടെ മൊബൈൽഫോണുകളിൽ ഒരു സന്ദേശം വന്നു ശബ്ദിച്ചു.. "ആ മാസത്തെ ഗ്രാമമുഖ്യന്റെ ഗിരിപ്രഭാഷണത്തിന്റെ ദിവസമോർമ്മിപ്പിക്കുന്നതായിരുന്നു ആ സന്ദേശം" സ്വാഭാവികമായും അമർഷംതോന്നിയ ജനം തങ്ങളുടെ മൊബൈൽഫോണുകൾ ദൂരേക്ക് വലിച്ചെറിയാൻ ശ്രമിച്ചു. എന്നാൽ തങ്ങളുടെ പഞ്ചേന്ദ്രിയങ്ങളുടെയും നാഡിഞരമ്പുകളാൽ ബന്ധിതമായി, തങ്ങളുടെ ഓർമ്മശക്തിയെമുഴുവൻ കൈക്കലാക്കിയ ആ ആറിഞ്ചുവലിപ്പമുള്ള അണുവായുധം അവരുടെ ശരീരംവിട്ടുപോകാതെ നിലകൊണ്ടു... വേതാളത്തെ ഒഴിച്ചുവിടാനുതകുന്ന ഉത്തരമറിയാത്ത വിക്രമാദിത്യന്മാരായ ജനം വീണ്ടും അടിമത്തത്തിന്റ ചങ്ങലകളുടെ ബന്ധനം ആസ്വദിക്കാൻശീലിച്ച് തിരികെനടന്നു. 
(കാലികമായി ഒരു ബന്ധവുമില്ല, ഉണ്ടെന്ന് തോന്നിയാൾ ചിന്താശേഷിക്കുറവായിരിക്കാം)
02.07.2023

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്