Posts

Showing posts from June, 2026

നനഞ്ഞ താളുകൾ

Image
നനഞ്ഞ താളുകൾ ``````````````````````````````` പുറത്ത് കനത്തുപെയ്യുന്നു... പെരുമഴയെ കീറിമുറിച്ച് ആ തീവണ്ടി കുതിച്ചുപായുമ്പോൾ, കമ്പാർട്ടുമെന്റിനുള്ളിൽ തളംകെട്ടിനിന്ന ഇരുമ്പു ഉരസുന്നതിന്റെ തീക്ഷ്ണഗന്ധം അയാളെ ശ്വാസംമുട്ടിച്ചുകൊണ്ടിരുന്നു. തോളിൽ തൂക്കിയ പഴയ ബാഗിൽ നിറയെ പുസ്തകങ്ങൾ... പതിവു ദിവസം പോലെ അന്നും ഓരോ കമ്പാർട്ടുമെന്റിലൂടെയും നടന്നുകൊണ്ട് അയാൾ വിളിച്ചു ചോദിച്ചു.. "പുസ്തകങ്ങൾ ... നോവൽ, കഥ, കവിത, ബാലസാഹിത്യം..." പലരും കേട്ടതേയില്ലെന്ന ഭാവത്തിൽ മൊബൈൽ സ്ക്രീനുകളിലേക്ക് കണ്ണൂന്നിയിരുന്നു. ചിലർ പുഞ്ചിരിച്ചു. ചിലർ കൈവീശി വേണ്ടെന്ന് പറഞ്ഞു. അപൂർവമായി ആരെങ്കിലും ഒരു പുസ്തകം വാങ്ങും. കുറച്ച് വർഷങ്ങളമായി അയാളുടെ ജീവിതം ഇങ്ങനെയായിരുന്നു. ഒരുകാലത്ത് ഒരു ചെറിയ പുസ്തകശാലയുടെ ഉടമയായിരുന്നു. പുസ്തകങ്ങളെ സ്നേഹിച്ചതുകൊണ്ട് തുടങ്ങിയ കട. എന്നാൽ കാലം മാറി. വായനക്കാരെക്കാൾ സ്ക്രീനുകൾ പെരുകി. കട പൂട്ടേണ്ടിവന്നു. ജീവിക്കാൻ മറ്റൊന്നും അറിയില്ലായിരുന്നു. അങ്ങനെയാണ് തീവണ്ടികളിൽ പുസ്തകം വിൽക്കാൻ തുടങ്ങിയത്. ആദ്യം അതൊരു തൊഴിലായിരുന്നു. പിന്നീട് അതുതന്നെ ജീവിതമായി. എന്നാൽ കുറച്ചുനാളുകളായി ഒരു ചോദ്യം അയാള...

ചരിത്രത്തിലില്ലാത്ത കഴുത

Image
മണലാരണ്യ ചൂടിൽ ഉരുകി, പരിണാമ വഴികൾ ഒതുക്കി, മൗനമായ് നീങ്ങിയ കാലമേറെ, മർത്യഭാരങ്ങൾ പേറിയ ജന്മം. ബുദ്ധിശൂന്യനെന്നു പേരുറച്ചു... ചേർത്തുവെച്ചതത്രയും  പരിഹാസപ്പേരുകൾ. എങ്കിലും നിൻ ശാന്തമാം കണ്ണുകളിൽ, എഴുതപ്പെടാത്തൊരു  ബുദ്ധിയുണ്ടായിരുന്നു. യന്ത്രക്കരുത്തിന്റെ  വേഗതയാർന്നീ ലോകം, നിന്നെ മറന്നു  കുതിച്ചു പായുമ്പോൾ, ഇന്നിന്റെ അവിഭാജ്യക്കൂട്ടിൽ  ഇടമില്ലാതെ, അതിജീവനത്തിനായ്  നീ അലയുന്നു. വംശനാശത്തിൻ നിഴലുകൾ  വീഴുന്നീ വഴിയിൽ, ചോദ്യചിഹ്നമായ് മാറുന്നു  നിന്റെ നാളെകൾ. എങ്കിലും  വികസന ചരിത്ര താളുകളിൽ, നിന്റെ കാൽപ്പാടുകൾ മായാതെ കിടപ്പുണ്ട്.. കാണാത്തതാണേവരും.

കർക്കിടകപൗർണ്ണമി

Image
നിറദീപസന്ധ്യയകന്നുപോയ് ജീവനിൽ,  ഇടനേരമില്ലാതിരുളു വന്നു...  മഴപെയ്തൊഴിഞ്ഞിട്ടും  തരുപെയ്തു, തീരാത്തൊരിരവുപോൽ  മനമിന്നു വിങ്ങിനിൽപ്പൂ... ജാലകപ്പുറമില്ല തരിവെട്ടവും,  വാനിലൊരു ചെറുതാരകം പോലുമില്ല... അകലെയേതോ തരുബിലമതിൽ നിന്നാകാം ഒരു ഖഗരോദനം വിങ്ങിവന്നു.... ശശിലേഖയെവിടെയോ കരിനീരദത്തിന്റെ തടവറ തന്നിൽ വിതുമ്പി നിൽപ്പൂ, അലറിപ്പതഞ്ഞലിഞ്ഞുലയേണ്ട കാർമുകിൽ 'ഉഡുരാജ'തടവറ തീർത്തുടുമ്പോൾ... വികലമാണീരാത്രി എന്നറിയുന്നു ഞാൻ  എഴുതുവതെങ്ങനെ മൃദുഗീതികൾ.. പുലരുവാൻ നാഴികയെത്രയതറിയില്ല പുലരിയിലിവനൊരു  കാര്യവുമില്ലപോൽ. ©️sree.

ഹൃദയരാഗം

Image
പവിഴമല്ലിതൻ ചോട്ടിൽ വിരിയുന്ന നറുമലർ പനീർപ്പൂവായിരുന്നവൾ.. പതിവുതെറ്റാതെ ശീവേലിനേരത്ത് കസവുടയാത്ത പൂഞ്ചേല ചുറ്റിയോൾ... പകലുമാഞ്ഞിട്ടുമന്തിക്കുപൂക്കുന്ന മഞ്ഞമന്ദാര മലരായിരുന്നവൾ, പതിതമാനസനെങ്കിലുമതുകാണാൻ പതിവുതെറ്റാതെയെത്തിഞാനങ്കണേ... പവിഴമലർതോൽക്കുമാചെഞ്ചൊടികളാൽ പതിവുകിന്നാരമവളോതി ദേവനായ് ഇടയിലൊരുകൂർത്തമിഴിയമ്പു കൊള്ളുവാൻ പലവുരുപ്രാർത്ഥനാപൂർവ്വമന്നുഞാൻ. തിരിയെ നടകടന്നവൾപോയവഴികളിൽ ഇരുളുവീഴുന്ന വ്യഥപൂണ്ടിരുന്നനാൾ പതിയെയായിരുൾ കാഴ്ചമറച്ചന്റെ ഹൃദയവാടിയിൽ പൂക്കൾ കരിഞ്ഞതും. "ഒരുകിനാവായിരുന്നതു നിശ്ചയം ഹൃദയതന്ത്രിയിൽ മീട്ടാതൊരു സ്വരം" പതിയെമൂളുവാനന്നേ മറന്നൊരു പഴയഗാനം സ്മരിക്കിലുമതുസുഖം. Sreekumar Sree 

വേരുകൾ പൂക്കുമ്പോൾ

Image
വേരുകൾ പൂക്കുമെന്ന് ആരും പറഞ്ഞില്ല,   മണ്ണിനടിയിലെ ഇരുട്ടിൽ അവർ   ക്ഷമയുടെ ജപമാല തിരിക്കുകയായിരുന്നു.   കാറ്റിനെ തൊടാതെ, വെയിലിനെ കാണാതെ,   തങ്ങളെത്തന്നെ ആഴത്തിലേക്ക് കുഴിച്ചിട്ട്,   മരത്തിനു തണലാകാൻ മാത്രം ജീവിച്ചവർ.   ഒരു നാൾ മഴ പെയ്തപ്പോൾ   മണ്ണിന്റെ മാറു പിളർന്നുപോയി. അന്നാണ് കണ്ടത്, വേരിലും പൂക്കളുണ്ടെന്ന്,..!   വെളിച്ചം തേടിയല്ല,   ഇരുട്ടിനെ പൂവാക്കിയതാണവ.   കാണുന്ന കൊമ്പിലെ പൂക്കൾ   വേരിന്റെ സ്വപ്നത്തിന്റെ നിഴലാണ്.   ഉയരങ്ങളിലെ ഓരോ ഇലയും   താഴേക്കു വളഞ്ഞ ഒരു പ്രാർത്ഥനയുടെ   മറുപടിയാണ്.   വേരുകൾ പൂക്കുമ്പോൾ   മരങ്ങൾ മാത്രമല്ല,   മണ്ണും ആകാശമാകും.   നമ്മിലെവിടെയോ കുഴിച്ചിട്ട   മൗനങ്ങൾക്കും അന്നു   സുഗന്ധം വരും.  Sreekumar Sree  ©️ reserved