Posts

Showing posts from February, 2020

സരസമ്മയുടെ മകൾ

Image
#കഥയമമ... യിൽ പ്രസിദ്ധീകരിച്ച എന്റെ ചെറുകഥ.   #സരസമ്മയുടെ_മകൾ         "പിന്നൊരു വിശേഷം. മോനേ...,  പറയാൻ വിട്ടുപോയീ..  നമ്മുടെ തെക്കേപ്പുറത്തെ  സരസമ്മ മരിച്ചു,  കഴിഞ്ഞമാസം.. നിനക്കോർമ്മയുണ്ടാവുമല്ലോ.. ആ ചെക്കൻ നാടുവിട്ടുപോയിട്ട് ഏതാണ്ട് അഞ്ചുകൊല്ലമാവും... ഇനീപ്പോ ആ പെണ്ണിനൊരു കൂട്ടിനാരുമില്ലാണ്ടായി... കഷ്ടം. "   അമ്മ അവസാനമെഴുതിയ കത്ത്. പെട്ടന്ന്  നാട്ടിലേക്ക് തിരിക്കുമ്പോൾ എന്തിനോ അറിയാതെ പെട്ടിയിലേക്കത് എത്തിപ്പെടുകയായിരുന്നു.. യാത്രയുടെ വിരസതയിൽ അമ്മയിലേക്കൊരഭയത്തിന് വീണ്ടുമെടുത്തു വായിച്ചുനോക്കി..  കത്തിനിടയിലെ കുറച്ചു വാചകങ്ങൾ... അവയിലൂടെ മനസ്സ് വീണ്ടുമോടിപ്പാഞ്ഞ് ബാല്യത്തിന്റെ കൈവരമ്പിലേക്കണഞ്ഞു...  തെക്കേപ്പുറത്തെ സരസമ്മയും മക്കളും.. ഓർമ്മകൾ പ്രായംമറന്നോടാൻ തുടങ്ങുന്നു.. തീവണ്ടിയുടെ അപസ്വരം ചെവികളിൽനിന്നൊഴിയുന്നു കണ്ണുകൾപൂട്ടി തല പിന്നിലേയ്ക്ക് ചായ്ച്ചിരുന്നു.. തീവണ്ടി ഒരു ആട്ടുതൊട്ടിൽ പോലെ ആടിക്കുതിച്ചുകൊണ്ടിരുന്നു.. മനസ്സ് അതേവേഗത്തിൽ പിന്നിലേക്കും..           *******************         അഗസ്ത്യപർവ്വതത്തിന്റെ പാർശ്വനിരകളെ തലോടിയൊഴുകുന്നൊരു കാറ്റ് അശ്വഗന്ധംപേറി മനസ്സില

guardians and ward Register

Image
ഗാർഡിയൻ & വാർഡ് രജിസ്റ്റർ `````````````````````````` "നോക്കൂ... കുട്ടികളെ ഏൽപിക്കാനും തിരികെ വിളിക്കാനുമൊക്കെയുള്ള സമയം അഞ്ചുമണിവരെയാണ് നിങ്ങളൊക്കെ വൈകിയാൽ ഞങ്ങൾക്ക് വീടുകളിലേക്ക് പോകാനാവില്ല.. ഞങ്ങൾക്കും വീട്ടിൽ കുട്ടികളുണ്ട്.. അഞ്ചുമണികഴിഞ്ഞാൽ ഞങ്ങൾ പൂട്ടിയിട്ട് പോകും കേട്ടോ...." ഗാർഡിയൻ & വാർഡ് രജിസ്റ്ററിൽ ഒപ്പുവച്ച് മകളുമായി പുറത്തിറങ്ങാൻ നേരം കോടതിജീവനക്കാരന്റെ പതിവു നിർദ്ദേശത്തിന് ചെറിയൊരു പുഞ്ചിരിയാൽ മറുപടി നൽകിയിറങ്ങി.. ഓരോരുത്തരോടും അയാൾ അത് ആവർത്തിക്കുന്നുണ്ടാകും പാവം. ഒരുദിവസംപോലും മകളെ തിരികെ  ഏൽപിക്കേണ്ടസമയം താമസിപ്പിച്ചിട്ടില്ല എല്ലാ രണ്ടാമത്തെ വെള്ളിയാഴ്ചയും വൈകീട്ടു അഞ്ചുമണിക്കാണ് മകളുടെ കസ്റ്റഡി വിട്ടുകിട്ടുക.. ഞായറാഴ്ച 4.30 നും 5 നുമിടയിൽ മടക്കിയേൽപ്പിക്കണം മകളെ പിരിയാൻ മനസ്സനുവദിക്കില്ല എങ്കിലും കോടതിയുത്തരവ് ഇതുവരെയും കൃത്യമായി പാലിച്ചിട്ടുണ്ട് കഴിഞ്ഞനാലുവർഷമായി..... മ്യൂസിയം കോമ്പൗണ്ടിലെ വൃക്ഷച്ചുവട്ടിലിരുന്നു മകൾ ഐസ്ക്രീം നുണയുന്നതു നോക്കിയിരിക്കെ ചിന്തകൾ കാടുകയറി... കുടുംബജീവിതത്തിന്റെ ഇഴകൾ പൊട്ടിത്തുടങ്ങിയതെപ്പോഴാണ് അവൾക്ക് ജോലി കിട്ടിയപ്പോഴോ..

ഭാവികാലം

Image
*ഭാവികാലം*   കാലത്തിന്റെ കല്പനകളിൽ സ്വപ്നങ്ങൾ മെതിക്കപ്പെടാം വാക്കുകളുടഞ്ഞേയ്ക്കാം ചേർത്തുവച്ചവയെല്ലാം ചോർന്നൊലിച്ചുപോകാം... എന്നിരിക്കലും പ്രതീക്ഷകളെ താലോലിക്കണം ത്രികാലങ്ങളിലൊന്ന്, ഭാവികാലമിനിയും നമ്മെ കാത്തിരിക്കുന്നുണ്ട്. ഓരോരുത്തരുടെയും  ആത്മവിശ്വാസങ്ങളുടെ  സത്താണത്...  ഭാവികാലം അനുദിനമടുക്കുകയും അടുക്കുന്തോറും സ്വയം മരിക്കുകയും,  മറുകരയിൽ  പുതിയത് മുളയ്ക്കുകയും  ചെയ്യുന്ന ഭാവികാലം,  നിത്യമരീചികപോലെ പ്രതീക്ഷകളുടെ കാലം........     #ശ്രീ.

ഭ്രാന്താലയം

Image
മതിലിനപ്പുറം ഉടയാടമാറ്റിനാം രജസ്വലയായതാരെന്നു നോക്കണം.  മതിലിനിപ്പുറം മതമൊന്നുമില്ലാതെ വയറെരിയുന്ന കാഴ്ച മറയ്ക്കണം.. പത്തടികൊണ്ട് മറയ്ക്കാവതേയുള്ളൂ എന്റെ രാജ്യ-  കൊടിയദാരിദ്ര്യങ്ങൾ ഒരാർത്തവത്തിന് തച്ചുടയ്ക്കുവാനേയുള്ളൂ എന്റെ രാജ്യത്തിന്റെ  ആർഷ സംസ്കാരങ്ങളും, അടുക്കള വിശുദ്ധിയും. അടിവസ്ത്രത്തിൻ ചോര മണത്തുനോക്കും ക്ലാസ്സ്റൂം, മതവൈരത്തെക്കാളു- മെത്രയോ പൈശാചികം കേരളമല്ല സ്വാമീയറിക- യങ്ങു പെറ്റുവീണിടമാണല്ലോ ഭ്രാന്താലയം നിത്യം. ....... ശ്രീ.....

പ്രണയലേഖനം

Image
#പ്രണയലേഖനം കണ്ടുമുട്ടലിൽ ആഹ്ളാദം.. ഒന്നിക്കുമ്പോൾ, ഉത്സാഹത്തിന്റെ മന്ദഹാസം.  വേദനകളിൽ പരസ്പര പരിചരണം സുഖത്തിലും ദുഃഖത്തിലും  നിന്റെ കൈകൾ ഞാൻ  സ്വീകരിക്കുന്നു.... മഴനനഞ്ഞ പകലിലേക്കെത്തുന്ന സൂര്യകിരണങ്ങളെപ്പോലെ ആദ്യചുംബനനിറങ്ങളിലൂടെ മനസ്സിന്റെ വർണ്ണച്ചെപ്പിൽ  സൂക്ഷിക്കാൻ  നിനക്കൊരു പൂക്കാലം ഞാൻ തരുന്നു..... പ്രണയിക്കുവാൻ പ്രത്യേകദിനങ്ങളില്ലാതെ നിത്യം പ്രണയപ്പൂമഴയൊഴുകുന്ന വാസന്തൠതുവിലേക്ക് നിന്നെ ഞാനാനയിക്കുന്നു..  #ശ്രീ

ചാട്ടവാറുകൾ

ചാട്ടവാറുകൾ വണ്ടിക്കാരന്റെ ചാട്ട എത്രവട്ടം പുളഞ്ഞുവീണിട്ടും ചാവാലിക്കുതിരയുടെ പുറംപൊളിഞ്ഞ് രക്തനൂലുകൾ തെളിഞ്ഞിട്ടും അവ ലാടമുറപ്പിച്ച കുളമ്പുകൾ നീട്ടിവച്ച് വേഗം കൂട്ടാത്തതെന്താവും.. ഒരുപക്ഷേ "നിസ്സഹായതയുടെ ധീരതകൊണ്ടുതന്നെയാകണം." അടിച്ചേല്പിക്കപ്പെടുന്ന നിയമങ്ങൾ, ചാവാലിക്കുതിരപ്പുറത്തുവീഴുന്ന ചാട്ടയടികൾപോലാണ്.. ഉച്ഛോസവായുവിനുപോലും ശേഷിയില്ലാത്തവന്റെമേലേക്കു-  പതിക്കുന്ന ചാട്ടയടികൾ. #ശ്രീ

കഥയമമ വായിക്കുമ്പോൽ

Image
#കഥയമമവായിക്കുമ്പോൾ.. 1. സ്കൂൾ അവധി മിക്ക ഇടത്തട്ടുകാരായ ഗൃഹനാഥന്മാർക്കുമൊരു പേടിസ്വപ്നമാണ്.. കുട്ടികളെ കൂട്ടുപിടിച്ച് കുട്ടികളുടെ അമ്മ അച്ഛനെതിരെ  നടത്തുന്ന ചില ആഭിചാരപ്രക്രിയയുടെ ഫലംകൂടിയാണ് അപ്പോൾ ഉണ്ടാകുന്ന ടൂർ പ്രോഗ്രാം... "കുളു മനാലിയിൽ" തുടങ്ങുന്ന ചർച്ച ഒടുവിൽ സ്കൂൾ  തുറക്കുംമുമ്പ് നഗരത്തിലെ മ്യൂസിയത്തിൽ എങ്കിലും പോയാൽ കുട്ടികളുടെ  ഭാഗ്യമായി എന്നതാണ് സത്യം. അങ്ങനെ ഓരോ സ്കൂളവധിയും തള്ളിമാറ്റുന്ന ഗൃഹനാഥന്റെ ബുദ്ധിമുട്ട് അറിയാൻ... "കഥയമമയിലെ" ആദ്യകഥ തന്നെ ആ ഇമ്മിണി-ബല്യ-ചെറിയ-കാര്യം സരസമായി പറയുന്നു... ഒടുവിൽ മലപ്പുറം കാരുടെ ഭാഷയിലെ എനിക്കുവേണ്ട "അനക്കോണ്ടാ" ആയി കഥ പര്യവസാനിക്കുമ്പോൾ വിദ്വേഷങ്ങളെ വിഷമതകളോ ഇല്ലാത്ത ഒരു ചെറുകഥ വായിച്ചവസാനിപ്പിക്കാൻ അനുവാചകനാവുന്നു. ഒരു ചെറിയ കഥയില്ലായ്മയെ കഥയാക്കിയ "ആനകോണ്ടയും അശരീരീകളുടെയും"  രചയിതാവ്  ശ്രീ. #jojo_thomas ന് അഭിനന്ദനങ്ങൾ.   2. സമകാലിക രോഗങ്ങളിൽ ഏറ്റവും പ്രയാസകരമാണിപ്പോഴും ക്യാൻസർ.  പണ്ടുമുതലേ ഈ രോഗം ഉണ്ടായിരുന്നു എന്നോർമ്മിപ്പിക്കുന്നുണ്ട് രണ്ടാമത്തെ കഥ ശ്രീമതി. #Aswathy K G യുടെ അമ്മിണിയമ്മയുട

*പത്തുമണിപ്പൂവുകൾ*

Image
പത്തുമണിപ്പൂവുകൾ "മണി എത്രയായിട്ടുണ്ടാവും...? ഓ അറിയില്ല... എത്രയായാലെന്താ... ആരുമിതുവരെ വിളിച്ചില്ലല്ലോ എണീക്കാൻ..." കരുണൻ കിടന്ന കിടപ്പിൽനിന്ന് ഒന്നു തിരിഞ്ഞ്, മറുവശത്തേയ്ക്ക്, ഓലച്ചുവരിനുനേരെ തിരിഞ്ഞുകിടന്നു.. ഇപ്പോൾ ഓലക്കീറിനിടയിലെ ദ്വാരങ്ങളിലൂടെ നേർരേഖയിൽ പതിക്കുന്ന പ്രകാശവീചികളെ കാണാനാകുന്നുണ്ട്.. അവയിലൊന്ന് കണ്ണിനെ പൂട്ടിയടപ്പിച്ചു. അതിന്റെ വാൾത്തലപ്പിൽ നിന്ന് രക്ഷനേടാൻ കരുണൻ താഴേയ്ക്ക് അല്പംകൂടി ഊർന്നുകിടന്നു. അപ്പോഴാണതുകണ്ടത് ഓലപ്പൊളി ഇളകിയ വിടവിലൂടെ പുറത്ത് വാഴയുടെ ചുവടുമാറി കുറെ പത്തുമണിപ്പൂവുകൾ വിടർന്നു നിൽക്കുന്നു.. പത്തുമണി കഴിഞ്ഞിരിക്കുന്നു..!! എന്നിട്ടും എന്നെ ആരും വിളിച്ചില്ലല്ലോ... ?!" ആരു വിളിക്കാൻ....? അപ്പൻ പൊലർച്ചെ പോയിട്ടുണ്ടാവും, രാത്രീല് കള്ളിന്റെ പരാക്രമം കഴിഞ്ഞാൽ പൊലരുംമുമ്പ് പമ്പകടക്കും ആരുടേം മൊഖത്ത് നോക്കാണ്ടൊരു പോക്ക് പിന്നെ രാത്രീല് വരും, വരാതിരിക്കും വന്നാൽ പൂരപ്പാട്ടും തെറിയഭിഷേകവുമാണ് അമ്മയ്ക്ക് മുതുകിന് രണ്ടിടിയും കഞ്ഞിക്കലമുൾപ്പെടെ ചവിട്ടിമെതിപ്പുമാണ് അപ്പനുള്ളപ്പോൾ കുടിലിലെ ഒരു രാത്രി.." പഴങ്കഞ്ഞി ഉണ്ടാവില്ല തീർച്ച, എങ്