തിരുവയറൊഴിയൽ
1940 മുതല്‍ 46 വരെയുള്ള ഒളിവുജീവിതത്തിനുശേഷം പുറത്തുവന്നപ്പോള്‍ നായനാരോട് 'ദേശാഭിമാനിയില്‍' ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി ആവശ്യപ്പെട്ടത്. അങ്ങനെ അദ്ദേഹം പത്രപ്രവര്‍ത്തകനായി.
ആദ്യം പ്രൂഫ് റീഡറായിരുന്നു. പിന്നീട് റിപ്പോര്‍ട്ടറായി. ഒന്നരമാസം മദിരാശി നിയമസഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്തു. 1946 മുതല്‍ 48 ഏപ്രില്‍ വരെ പത്രാധിപസമിതിയംഗമായി പ്രവര്‍ത്തിച്ചു. അപ്പോഴേക്കും പാര്‍ട്ടിയെ നിരോധിച്ചു. തുടര്‍ന്ന് 1951 വരെ ഒളിവുജീവിതം. പുറത്തുവന്നപ്പോള്‍ വീണ്ടും 'ദേശാഭിമാനി'യില്‍ ചേര്‍ന്നു. പക്ഷേ, ജീവനക്കാരനായി തുടര്‍ന്നില്ല. എങ്കിലും മരിക്കുംവരെ അദ്ദേഹം 'ദേശാഭിമാനി'യുമായുള്ള ബന്ധം തുടര്‍ന്നു.
'ദേശാഭിമാനി'യില്‍ എത്തുന്നതിന് ഒരു ദശാബ്ദം മുമ്പ് നായനാര്‍ പത്തുമാസം തിരുവനന്തപുരത്ത് 'കേരള കൌമുദിയിലായിരുന്നു. 1935ല്‍ മൊറാഴ സംഭവത്തോടെ നായനാര്‍ ഒളിവില്‍പോയി. പി. കൃഷ്ണപിള്ളയുടെ നിര്‍ദേശ പ്രകാരം നായനാര്‍ തിരുവനന്തപുരത്തെത്തി. ഒരു സുരക്ഷിതമായ സ്ഥലം കണ്ടെത്താന്‍ കെ.സി. ജോര്‍ജിനെ കണ്ടു. അതിനു പറ്റിയ സ്ഥലം 'കേരള കൌമുദി'യാണെന്നു കെ.സിക്കു തോന്നി. അദ്ദേഹത്തിന്റെ ശിപാര്‍ശ പ്രകാരം 'കേരള കൌമുദി'യില്‍ സബ് എഡിറ്ററായി ജോലി കിട്ടി. കൊച്ചിക്കാരന്‍ മേനോന്‍ എന്ന പേരിലാണു ജോലിക്കു കയറിപ്പറ്റിയത്. മാസം നൂറു രൂപ ശമ്പളം. ഐജി ഓഫീസിലെ ക്ളര്‍ക്കിനൊപ്പം നന്ദന്‍കോട്ട് താമസം. ആര്‍ക്കും സംശയമില്ല.
ഒരു ദിവസം മുഴുവന്‍ ജോലി കഴിഞ്ഞാല്‍-രാത്രിയും പകലും-അടുത്ത ദിവസം ഒഴിവ്. ആ ദിവസം പാര്‍ട്ടിയുമായി ബന്ധപ്പെടും. അതിന് പേട്ട കരുണാകരനായിരുന്നു പാലം. അക്കാലത്ത് സന്ധ്യ കഴിഞ്ഞാല്‍ സി. കേശവന്‍, കെ. ബാലകൃഷ്ണന്‍, കെ. ദാമോദരന്‍ തുടങ്ങിയവര്‍ പത്രഓഫീസിലെത്തും. പിന്നെ രാഷ്ട്രീയ ചര്‍ച്ചയായി. നായനാരും ചര്‍ച്ചകളില്‍ പങ്കെടുക്കുമായിരുന്നു. പക്ഷേ, മൂപ്പരെ അവര്‍ തിരിച്ചറിഞ്ഞില്ല.
ഒരു ദിവസം അദ്ദേഹം പതിവുപോലെ ഡസ്കില്‍ ജോലി ചെയ്യുകയായിരുന്നു. രാത്രി ഒന്നാം എഡീഷന്റെ ഫോറം പ്രസിലേക്കു പോയിക്കഴിഞ്ഞു. ഓഫീസില്‍ നായനാരും ഒരു പ്രൂഫ് റീഡറും മാത്രം. ജോലിത്തിരക്കു കഴിഞ്ഞ് അല്പം ആശ്വസിച്ചിരിക്കുമ്പോള്‍ ടെലിഫോണ്‍ ബെല്‍ മുഴങ്ങുന്നു. അല്പം നീരസത്തോടെ മടിച്ചുമടിച്ചാണു ഫോണ്‍ എടുത്തത്.
ഫോണിന്റെ മറ്റേ തല ശബ്ദിച്ചു.
“”"ഹലോ.. ഇത് പാലസ് ഓഫീസില്‍ നിന്നാണ്. കാര്‍ത്തിക തിരുനാള്‍ തമ്പുരാട്ടി തിരുവയറൊഴിഞ്ഞു. അതു പറയാനാണു വിളിച്ചത്.''’’
നായനാര്‍ക്കു ദേഷ്യം ഇരച്ചുകയറി.
“'പാതിരാത്രിക്ക് ഒരു വിളി... തിരുവയറൊഴിഞ്ഞാല്‍ എനക്കെന്നാ വേണം... ഡോക്റെ കാണിക്ക്... പത്രഓഫീസിലേക്കല്ല വിളിക്കണ്ടത്...'’ എന്നൊക്കെ പിറുപിറുത്തു.
ഇതെങ്ങനെ വാര്‍ത്തയാകുമെന്ന് അദ്ദേഹത്തിനു പിടികിട്ടിയില്ല. രാജവാഴ്ചയല്ലേ. കൊട്ടാരത്തില്‍നിന്നു വിളിച്ചുപറഞ്ഞതാണ്. കൊടുക്കാതിരിക്കാനും പറ്റില്ല. ഇതെങ്ങനെ വാര്‍ത്തയാക്കാം എന്നായി നായനാരുടെ അടുത്ത ആലോചന.
അദ്ദേഹം പല രീതിയില്‍ വാര്‍ത്ത എഴുതിനോക്കി.
കാര്‍ത്തിക തിരുനാള്‍ തമ്പുരാട്ടിക്ക് വയറിളക്കം എന്നായാലോ? അതിലെന്താ വാര്‍ത്തയിരിക്കുന്നത്.
നായനാര്‍ അല്പം എരിവുകൂട്ടി. ചെറിയൊരു പഞ്ച്.
ഇന്നലെ രാത്രി പെട്ടെന്നു വയറിളക്കം ബാധിച്ച് കാര്‍ത്തിക തിരുനാള്‍ തമ്പുരാട്ടി അവശനിലയിലായി എന്നായാലോ?
സംഭവം കൊള്ളാം. പക്ഷേ, അങ്ങനെ കൊട്ടാരത്തില്‍ നിന്നു പറഞ്ഞിട്ടുമില്ല.
പല രീതിയില്‍ എഴുതിനോക്കി. ഒടുക്കം പ്രൂഫ് റീഡറുടെ സഹായം തേടി.
“”"തമ്പുരാട്ടിക്കു തിരുവയറൊഴിഞ്ഞു എന്നു കൊട്ടാരത്തില്‍ നിന്നു വിളിച്ചുപറഞ്ഞു. ഈ വാര്‍ത്ത എങ്ങനെയാണ് എഴുതേണ്ടത്? ഞാനൊരെണ്ണം എഴുതിയിട്ടുണ്ട്. ഇതു മതിയാകുമോ?''’’
പ്രൂഫ് റീഡര്‍ വാര്‍ത്തവായിച്ച് പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.
"തമ്പുരാട്ടിക്കു തിരുവയറൊഴിഞ്ഞു എന്നു പറഞ്ഞാല്‍ തമ്പുരാട്ടി പ്രസവിച്ചു എന്നാണര്‍ത്ഥം. അതായത് തിരുവിതാംകൂറിന് അടുത്ത കിരീടാവകാശി ജനിച്ചു എന്ന്.'' അയാള്‍ വിശദീകരിച്ചു.
ഇതു വളരെ പ്രധാനപ്പെട്ട വാര്‍ത്തയാണ് എന്നു പറഞ്ഞ് പ്രൂഫ് റീഡര്‍ നായനാരെ സഹായിച്ചു. പിറ്റേദിവസം വലിയ തലക്കെട്ടോടെ പത്രത്തില്‍ വാര്‍ത്ത വരുകയും ചെയ്തു.
വടക്കേ മലബാറില്‍ ജനിച്ചുവളര്‍ന്ന നായനാര്‍ക്ക് തിരുവനന്തപുരത്തെ കൊട്ടാരഭാഷ മനസിലാക്കാന്‍ കഴിഞ്ഞില്ല എന്നതായിരുന്നു വിഷയം
(കടപ്പാട്)
Comments