പരൽപ്പേരു
പരൽപ്പേരു..
ഭാരതീയശാസ്ത്രഗ്രന്ഥങ്ങളിൽ സംഖ്യകളെ സൂചിപ്പിക്കാൻ വാക്കുകൾ ഉപയോഗിച്ചിരുന്ന ഒരു രീതിയാണ് പരൽപ്പേരു്.
#ഭൂതസംഖ്യ, #ആര്യഭടീയരീതി എന്നിവയാണു അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന മറ്റു രീതികൾ. ദക്ഷിണഭാരതത്തിൽ, പ്രത്യേകിച്ചു കേരളത്തിലായിരുന്നു പരൽപ്പേര് കൂടുതൽ പ്രചാരത്തിലുണ്ടായിരുന്നതു്. ക, ട, പ, യ എന്നീ അക്ഷരങ്ങൾ ഒന്നു് എന്ന അക്കത്തെ സൂചിപ്പിക്കുന്നതുകൊണ്ടു് #കടപയാദി എന്നും #അക്ഷരസംഖ്യ എന്നും ഈ സമ്പ്രദായത്തിനു പേരുണ്ടു്.
ഐതിഹ്യവും ചരിത്രവും നോക്കാം.
കേരളത്തിൽ പ്രചരിക്കുന്ന ഐതിഹ്യമനുസരിച്ചു് വരരുചിയാണു് പരൽപ്പേരിന്റെ ഉപജ്ഞാതാവു്. എന്നാൽ വരരുചിയുടെ കാലത്തെപ്പറ്റി ചരിത്രകാരന്മാർക്കു് ഏകാഭിപ്രായമില്ല. മഹാകവി ഉള്ളൂർ, "കടപയാദി സംഖ്യാക്രമത്തിലുള്ള കലിവാക്യഗണന കൊല്ലവർഷത്തിനു മുൻപ് അത്യന്തം വിരളമായിരുന്നു" എന്നു് കേരളസാഹിത്യചരിത്രത്തിൽ പ്രസ്താവിക്കുന്നു. ഇതിൽനിന്നു് ക്രിസ്തുവിനുശേഷം ഒൻപതാം ശതകത്തിനു മുമ്പു് (കൊല്ലവർഷം തുടങ്ങുന്നതു് ക്രി. പി. 825-ൽ ആണു്) പരൽപ്പേരും കലിദിനസംഖ്യയും പ്രചാരത്തിലുണ്ടായിരുന്നു എന്ന് അനുമാനിക്കുന്നു.
ഓരോ അക്ഷരവും 0 മുതൽ 9 വരെയുള്ള ഏതെങ്കിലും അക്കത്തെ സൂചിപ്പിക്കുന്നു. താഴെക്കൊടുത്തിരിക്കുന്ന പട്ടിക നോക്കുക.
1234567890കഖഗഘങചഛജഝഞടഠഡഢണതഥദധനപഫബഭമയരലവശഷസഹളഴ, റ
അ മുതൽ ഔ വരെയുള്ള സ്വരങ്ങൾ തനിയേ നിന്നാൽ പൂജ്യത്തെ സൂചിപ്പിക്കുന്നു. വ്യഞ്ജനങ്ങൾക്കു സ്വരത്തോടു ചേർന്നാലേ വിലയുള്ളൂ. ഏതു സ്വരത്തോടു ചേർന്നാലും ഒരേ വിലയാണു്. എന്നാൽ അർദ്ധാക്ഷരങ്ങൾക്കും ചില്ലുകൾക്കും അനുസ്വാരത്തിനും വിസർഗ്ഗത്തിനും വിലയില്ല. അതിനാൽതന്നെ കൂട്ടക്ഷരങ്ങളിലെ അവസാനത്തെ വ്യഞ്ജനം മാത്രമേ നോക്കേണ്ടതുള്ളൂ. വാക്കുകളെ സംഖ്യകളാക്കുമ്പോൾ പ്രതിലോമമായിവേണം ഉപയോഗിക്കേണ്ടത്. അതായതു്, ഇടത്തു നിന്നു വലത്തോട്ടുള്ള അക്ഷരങ്ങൾ വലത്തു നിന്നു് ഇടത്തോട്ടുള്ള അക്കങ്ങളെ സൂചിപ്പിക്കുന്നു. ഉദാഹരണമായി,
ക = 1 മ = 5 ഇ = 0 ക്ഷ = ഷ = 6 ശ്രീ = ര = 2 മ്യോ = യ = 1
വാക്കുകൾ വലത്തുനിന്നു് ഇടത്തോട്ടു് അക്കങ്ങളാക്കണം.
കമല = 351 (ക = 1, മ = 5, ല = 3)
സ്വച്ഛന്ദം = 874 (വ = 4, ഛ = 7, ദ = 8 )
ചണ്ഡാംശു = 536 (ച = 6, ഡ = 3, ശ = 5)
ഗണിതം, ജ്യോതിശ്ശാസ്ത്രം എന്നിവ പ്രതിപാദിച്ചിരുന്ന ഗ്രന്ഥങ്ങളിലാണു് പരൽപ്പേരിന്റെ പ്രധാന ഉപയോഗം കാണുന്നതു്. ക്രി. പി. 15-ാം ശതകത്തിൽ വിരചിതമായ #കരണപദ്ധതി എന്ന ഗണിതശാസ്ത്രഗ്രന്ഥത്തിൽ ഒരു വൃത്തത്തിന്റെ പരിധി കണ്ടുപിടിക്കാൻ ഈ സൂത്രവാക്യം കൊടുത്തിരിക്കുന്നു:
“അനൂനനൂന്നാനനനുന്നനിത്യൈ-
സ്സമാഹതാശ്ചക്രകലാവിഭക്താഃ
ചണ്ഡാംശുചന്ദ്രാധമകുംഭിപാലൈർ-
വ്യാസസ്തദർദ്ധം ത്രിഭമൗർവിക സ്യാത്”
അതായതു്, അനൂനനൂന്നാനനനുന്നനിത്യം (1000000000000000) വ്യാസമുള്ള ഒരു വൃത്തത്തിന്റെ പരിധി ചണ്ഡാംശുചന്ദ്രാധമകുംഭിപാല (31415926536) ആയിരിക്കും എന്നു്. മറ്റൊരു ഗണിതശാസ്ത്രഗ്രന്ഥമായ സദ്രത്നമാലയിൽ
“ഏവം ചാത്ര പരാർദ്ധവിസ്തൃതിമഹാവൃത്തസ്യ നാഹോക്ഷരൈഃ
സ്യാദ്ഭദ്രാംബുധിസിദ്ധജന്മഗണിതശ്രദ്ധാസ്മയൻ ഭൂപഗിഃ”
എന്നും കൊടുത്തിരിക്കുന്നു., .
കർണ്ണാടകസംഗീതത്തിൽ 72 മേളകർത്താരാഗങ്ങൾക്കു പേരു കൊടുത്തിരിക്കുന്നതു് അവയുടെ ആദ്യത്തെ രണ്ടക്ഷരങ്ങൾ രാഗത്തിന്റെ ക്രമസംഖ്യ സൂചിപ്പിക്കത്തക്കവിധമാണു്. ഉദാഹരണമായി,
ധീരശങ്കരാഭരണം : ധീര = 29, 29-ആം രാഗം
കനകാംഗി : കന = 01 = 1, 1-ആം രാഗം
ഖരഹരപ്രിയ : ഖര = 22, 22-ആം രാഗം
#കലിദിനസംഖ്യ
ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളിൽ കലിദിനസംഖ്യ സൂചിപ്പിക്കാൻ പരൽപ്പേരു് ഉപയോഗിച്ചിരുന്നു. കൂടാതെ, സാഹിത്യകൃതികളുടെ രചന തുടങ്ങിയതും പൂർത്തിയാക്കിയതുമായ ദിവസങ്ങൾ, ചരിത്രസംഭവങ്ങൾ തുടങ്ങിയവ കലിദിനസംഖ്യയായി സൂചിപ്പിക്കാനും ഇതു് ഉപയോഗിക്കാറുണ്ടായിരുന്നു. മേൽപ്പത്തൂരിന്റെ ഭക്തികാവ്യമായ നാരായണീയം അവസാനിക്കുന്നതു് ആയുരാരോഗ്യസൗഖ്യം എന്ന വാക്കോടു കൂടിയാണു്. ഇതു് ആ പുസ്തകം എഴുതിത്തീർന്ന ദിവസത്തെ കലിദിനസംഖ്യയെ (1712210) സൂചിപ്പിക്കുന്നു.
#സൂത്രവാക്യങ്ങൾ.
നിത്യവ്യവഹാരത്തിനുള്ള പല സൂത്രങ്ങളും പരൽപ്പേരു വഴി സാധിച്ചിരുന്നു. ജനുവരി തുടങ്ങിയ ഇംഗ്ലീഷ് മാസങ്ങളിലെ ദിവസങ്ങൾ കണ്ടുപിടിക്കാൻ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ എഴുതിയ ഒരു ശ്ലോകം:
“പലഹാരേ പാലു നല്ലൂ, പുലർന്നാലോ കലക്കിലാം
ഇല്ലാ പാലെന്നു ഗോപാലൻ - ആംഗ്ലമാസദിനം ക്രമാൽ”
ഇവിടെ പല = 31, ഹാരേ = 28, പാലു = 31, നല്ലൂ = 30, പുലർ = 31, ന്നാലോ = 30, കല = 31, ക്കിലാം = 31, ഇല്ലാ = 30, പാലെ = 31, ന്നു ഗോ = 30, പാലൻ = 31
എന്നിങ്ങനെ ജനുവരി മുതൽ ഡിസംബർ വരെയുള്ള മാസങ്ങളുടെ ദിവസങ്ങൾ കിട്ടും.
പരൽപ്പേരു് അനുലോമരീതിയിൽ
സാധാരണയായി, പ്രതിലോമരീതിയിലാണു്, അതായതു് വലത്തുനിന്നു് ഇടത്തോട്ടാണു് (അങ്കാനാം വാമതോ ഗതിഃ) അക്കങ്ങൾ എഴുതുന്നതു്. ഇങ്ങനെയല്ലാതെ വാക്കിന്റെ ദിശയിൽത്തന്നെ (ഇടത്തുനിന്നും വലത്തോട്ടു്) അക്കങ്ങൾ എഴുതുന്നതു് പിൽക്കാലത്തു് അപൂർവ്വമായി കാണുന്നുണ്ടു്. ഉദാഹരണമായി, ഒരു ശ്രീകൃഷ്ണസ്തുതിയായ ശ്ലോകത്തിൽ അക്കങ്ങൾക്കു (30 ദശാംശസ്ഥാനങ്ങൾക്കു) ശരിയായി കൊടുത്തിരിക്കുന്നു.
“ഗോപീഭാഗ്യമധുവ്രാതശൃംഗീശോദധിസന്ധിഗ
ഖലജീവിതഖാതാവഗലഹാലാരസന്ധര”
ഇതു് 31415926 53589793 23846264 33832795 എന്ന സംഖ്യയെ സൂചിപ്പിക്കുന്നു.
പരൽപ്പേരു് വിപരീതരീതിയിൽ.
കൊച്ചുനമ്പൂതിരി എഴുതിയ ഒരു സരസശ്ലോകത്തിൽ പരൽപ്പേരിന്റെ വിപരീതരൂപം ഉപയോഗിച്ചിട്ടുണ്ടു്. അതായതു്, സംഖ്യ തന്നിട്ടു് വാക്കു കണ്ടുപിടിക്കേണ്ട പ്രശ്നം:
“എൺപത്തൊന്നതു ദൂരെ വിട്ടു പതിനേഴൻപോടു കൈക്കൊണ്ടുതാ-
ന്നൻപത്തൊന്നവതാരബാലകനെഴും മുപ്പത്തിമൂന്നെപ്പൊഴും
സമ്പത്തെന്നു ദൃഢീകരിച്ചതെഴുനൂറ്റഞ്ചിൽ സ്മരിച്ചീടിലി-
ങ്ങൻപത്തൊന്നതു ദൂരെയാക്കിയറുപത്തഞ്ചിൽ സുഖിക്കാമെടോ!”
81 = വ്യാജം, 17 = സത്യം, 51 = കൃഷ്ണ, 33 = ലീല, 705 = മനസ്സു്, 51 = കാമം, 65 = മോക്ഷം എന്നു വിശദീകരിച്ചെങ്കിലേ അർത്ഥം മനസ്സിലാവുകയുള്ളൂ...
Comments