School

പുത്തനുടുപ്പും
ചട്ട കീറാത്ത
പുസ്തകവും,
കൊച്ചുകണ്ണിണകളി-
ലൊടുങ്ങാ വിസ്മയവും
ഒത്തുചേർത്തെത്തുംനിന്നെ
സ്വാഗതം ചെയ്തും വിദ്യ-
കൂട്ടുമീ വിദ്യാലയ
മുറ്റമെന്നെന്നും നിനക്കു-
റ്റതാകട്ടെ  കുഞ്ഞേ
ഒത്തിരിയാശംസകൾ.

ഒരു പുതിയ അധ്യയന വർഷം ആരംഭിക്കുന്നു. പുതിയ കുട്ടികൾ  അക്ഷരാമൃതഭോജനത്തിന് വിസ്മയവും സംഭ്രമവുമിടചേർന്നെത്തുകയാണ്. മറ്റുള്ളവർ  ഇടവേളകഴിഞ്ഞെത്തി പഴയ  അരുമസഹൃദങ്ങളെ തേടുന്നു.
മനസ്സ് പതിയ പിന്നിലേക്ക് പിന്നിലേക്കോടുന്നു.. സ്കൂൾ തുറന്നെന്നറിയിക്കാൻ അതിരാവിലെയെത്തുന്ന ഇടവപ്പാതിമഴ..  ചേമ്പിലക്കുടയ്ക്കു തടുക്കാനാകാതെ പുത്തനുടുപ്പിനെ നനച്ച മഴ, കവിളിൽ മണിമുത്തുകൾ പതിച്ചുതരുന്നു. കടലാസ്സുതോണിയൊഴുക്കി ചെറുതോടിനോരത്തുകൂടി ഒപ്പമോടിയും നടന്നുമൊരുകാലം. നാലാം പീരിയേഡിൽ വായുവിൽ പരക്കുന്ന ഉപ്പുമാവിന്റെ മണം.. പോക്കറ്റിൽ കരുതിയ പൊതിയനില നിവർത്തി  ഗോതമ്പാലുണ്ടാക്കിയ ഉപ്പുമാവുവാങ്ങി നീണ്ട വരാന്തയിലിരുന്നുള്ള പന്തിഭോജനം...
ഇരുപത്തഞ്ചു പൈസയുടെ പലതുള്ളിയിൽ നിന്നൊരു മൺകുടം ക്ലാസ്സ്മൂലയിൽ... കരുണാകരൻ മാഷിന്റെ സംഭാവനയായ സ്റ്റീൽഗ്ലാസ്  മുപ്പത്തഞ്ചുപേരുടെയും ചുണ്ടിലെത്ര മുത്തിയിട്ടുണ്ടാവും..!

ചന്നംപിന്നം മഴയാരവത്തിനിടയിലൂടെ ചെമ്പരുന്തിനൊപ്പം രാകിപ്പറന്നു.. കോഴിയമ്മയ്ക്കൊപ്പം നെയ്യപ്പം ചുട്ട്,  മടിയന്മാരായ എലികൾക്കു കൊടുക്കാതെ കഴിച്ചു... അരളിച്ചെടിയുടെ ഇലയ്ക്കടിയിലെ ചിത്രശലഭത്തിന്റെ കൂടുതൊട്ടു... എഴുത്താണി കളഞ്ഞ കുഞ്ഞിനെയോർത്ത് പരിഭ്രമിച്ചു.. മരക്കൊമ്പിന് മേൽ  കോലോളം ദൂരത്തിലെ അമ്പിളിയെ തൊടാനാഞ്ഞു..

എത്രയെത്ര നന്മയുടെ പാഠങ്ങളെ  കണ്ടും തൊട്ടുമറിഞ്ഞു..  കൂട്ടമണിക്കുമുന്നേ പിന്നുടുപ്പിനുള്ളിൽ തിരുകിസൂക്ഷിച്ച പുസ്തകങ്ങളുമായി മഴയുമൊത്തൊരു ട്രെയിനോട്ടം... തുവർത്തലും ശകാരത്തിനുമൊപ്പം അമ്മവയറിൽ മുഖമമർത്തിയൊരുമ്മയിലലിയുന്ന മാതൃഹൃദയം. വിരസതകളില്ലാത്ത പ്രഭാതങ്ങൾ.. ഗൃഹപാഠശിക്ഷകളില്ലാതെ ട്യൂഷൻ മാസ്റ്ററില്ലാതൊരു ശൈശവം.
ഓർമ്മകൾക്ക് സുഗന്ധമല്ല.. ഓർമ്മകൾ സുഗന്ധപ്രസരണികളാണിന്നും. മഴക്കാലഭംഗിയാണിന്നും പഴയ ശൈശവത്തിന്.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്